എത്തിച്ചുകൊടുക്കുക

അബൂബക്കർ (റ) പറയുന്നു : ഒരു ബരിപെരുന്നാൾ ദിവസം പ്രസംഗിക്കവേ റസൂൽ (സ) പറഞ്ഞു :

"തീർച്ചയായും നിങ്ങളുടെ രക്തം, സമ്പത്ത്‌ എന്നിവയെല്ലാം ഈ നാട്ടിലെ ഈ മാസത്തെ ഈ ദിവസത്തോളം പവിത്രത കൽപ്പിക്കപ്പെടേണ്ടതാണ്. നിങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതുവരേക്കും അങ്ങനെത്തന്നെ. ഇവിടെ വന്നു ചേർന്നവർ വന്നിട്ടില്ലാത്തവർക്ക്‌ എത്തിച്ചു കൊടുക്കണം. നേരിട്ടു കേൾക്കുന്നവരേക്കാൾ സൂക്ഷമായി പഠിക്കുന്നവരായി വിവരം നൽകപ്പെടുന്ന എത്രയോ ആളുകളുണ്ട്‌. എന്റെ കാലശേഷം പരസ്പരം കഴുത്ത്‌ വെട്ടുന്ന സത്യനിഷേധികളായി നിങ്ങൾ മാറരുത്‌." [ബുഖാരി, മുസ്‌ലിം, ഇബ്നുമാജ]

അബ്ദുല്ലാഹിബ്നു മസ്‌ ഈദ്‌ (റ) പറയുന്നു : പ്രവാചകൻ (സ) ഇപ്രകാരം പറയുന്നത്‌ ഞാൻ കേട്ടു :

"നമ്മുടെ പക്കൽനിന്ന് വല്ലതും ഗ്രഹിച്ചിട്ടുള്ള മനുഷ്യന് അല്ലാഹുവിന്റെ അനുഗ്രഹാശിസ്സുകളുണ്ടാവട്ടെ. എന്നിട്ടയാൾ അത്‌ താൻ ഗ്രഹിച്ച പോലെത്തന്നെ മറ്റുള്ളവർക്ക്‌ കൈമാറി. പിന്നീട്‌ വിവരമറിയിക്കുന്ന എത്രയോ ആളുകൾ നേരിൽ കേട്ടവനേക്കാൾ സൂക്ഷമായി കാര്യം ഗ്രഹിച്ചേക്കാം." [തുർമുദി, ഇബ്നുമാജ]

അല്ലാഹുവിനെ മനസ്സിലാക്കേണ്ടത്‌

ഒരു വക്കിലിരുന്നുകൊണ്ട് അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്‌. അവന്ന് വല്ല ഗുണവും വന്നെത്തുന്ന പക്ഷം അതില്‍ അവന്‍ സമാധാനമടഞ്ഞു കൊള്ളും. അവന്ന് വല്ല പരീക്ഷണവും നേരിട്ടാലോ, അവന്‍ അവന്‍റെ പാട്ടിലേക്കുതന്നെ മറിഞ്ഞു കളയുന്നതാണ്‌. ഇഹലോകവും പരലോകവും അവന്ന് നഷ്ടപ്പെട്ടു. അതു തന്നെയാണ് വ്യക്തമായ നഷ്ടം.

 There are some who worship God half-heartedly, then, if some good befalls them, they are content with it, but if an ordeal befalls them, they revert to their former ways. They lose in this world as well in the Hereafter. That is a clear loss. [അദ്ധ്യായം 22 ഹജ്ജ്‌ 11]

⏩ഒരാൾ മുസ്‌ലിമായപ്പോൾ അയാളുടെ കണ്ണിന്റെ കാഴ്ചയും സമ്പത്തും നശിച്ചു. ഈ സന്ദർഭത്തിൽ അയാൾ റസൂൽ (സ)യുടെ അടുത്ത്‌ വന്ന് ഇസ്‌ലാമിനെ വിമർശിച്ചപ്പോൾ ഇറങ്ങിയ സൂക്തമാണിത്‌.

ഇത്തരക്കാരെ ലോകത്ത്‌ എന്നും ഏത്‌ സമൂഹത്തിലും കാണാം. ഭൗതിക അനുഗ്രഹങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ അവർ മതത്തിലെ ആരാധനാ കർമ്മങ്ങൾ നിർവ്വഹിച്ചു കൊണ്ടിരിക്കുന്നതാണ്. എന്നാൽ നമസ്കാരം, നോമ്പ്‌, സകാത്ത്‌, ഹജ്ജ്‌ മുതലായവ കണിശമായി നിർവ്വഹിച്ചിട്ടും ഭൗതിക പുരോഗതി കാണുന്നില്ലെങ്കിൽ അവർ ഇവയെല്ലാം ഉപേക്ഷിക്കുന്നതാണ്.

അല്ലാഹുവിനെ നാം മനസ്സിലാക്കേണ്ടത്‌ നമ്മുടെ പ്രാർത്ഥനക്ക്‌ ഉത്തരം ലഭിച്ചുവോ എന്നതിനെ പരിഗണിച്ചുകൊണ്ടും നമ്മുടെ ഭൗതിക പുരോഗതിയെ അടിസ്ഥാനമാക്കിക്കൊണ്ടും ആയിരിക്കരുത്‌. പ്രത്യുത, പ്രകൃതിയിലെ സൃഷ്ടിപ്പിലെ അൽഭുതങ്ങളിൽ നിന്നും വേദഗ്രന്ഥങ്ങളിൽ നിന്നുമായിരിക്കണം.

By അബ്ദുസ്സലാം സുല്ലമി

അല്ലാഹുവിന്റെ മാർഗത്തിൽ സ്വദേശം വെടിയൽ

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞതിന് ശേഷം കൊല്ലപ്പെടുകയോ, മരിക്കുകയോ ചെയ്തവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു ഉത്തമമായ ഉപജീവനം നല്‍കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമന്‍. 

As for those who left their homes for the cause of God and then were slain or died, God will give them a generous provision. Surely God is the Best of Providers. [അദ്ധ്യായം 22 ഹജ്ജ്‌ 58]

അല്ലാഹുവിന്റെ മാർഗത്തിൽ സ്വദേശം വെടിയുക എന്നതു തന്നെ മഹത്തായ ഒരു ത്യാഗമാണ്. പിന്നീട്‌ അവർ കൊല്ലപ്പെടുകയാണെങ്കിലും സാധാരണ നിലക്ക്‌ മരിക്കുകയാണെങ്കിലും അല്ലാഹു അവർക്ക്‌ മഹത്തായ പ്രതിഫലം നൽകുന്നതാണ്. നഷ്ടപ്പെട്ട സുഖങ്ങളെ സംബന്ധിച്ച്‌ അവർ നിരാശപ്പെടേണ്ടതില്ല.

By അബ്ദുസ്സലാം സുല്ലമി

ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക്

മനുഷ്യരെ അവന്‍റെ രക്ഷിതാവിന്‍റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്‌. അതായത്‌, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്‍റെ മാര്‍ഗത്തിലേക്ക്‌. ആകാശങ്ങളിലുള്ളതിന്‍റെയും ഭൂമിയിലുള്ളതിന്‍റെയും ഉടമയായ അല്ലാഹുവിന്‍റെ (മാര്‍ഗത്തിലേക്ക് അവരെ കൊണ്ട് വരുവാന്‍ വേണ്ടി).

We have revealed to you this Book so that, by their Lord's command, you may lead men from darkness to the light: to the path of the Mighty, the Praiseworthy One, to God, who possesses whatever is in the heavens and whatever is on earth.

അദ്ധ്യായം 14 ഇബ്രാഹിം 1,2

കേൾക്കുന്നതെല്ലാം പറയാമോ?

നബി (സ) പറഞ്ഞു : "കേള്‍ക്കുന്നതെല്ലാം പറയുക എന്നത്‌ തന്നെ മതിയാകുന്നതാണ്‌ ഒരാള്‍ കളവ്‌ പറയുന്നവനായിത്തീരാന്‍."
(മുസ്‌ലിം)

പരദൂഷണവും ഊഹാപോഹങ്ങളും കൊണ്ട്‌ നാവും കാതും മനസ്സും മലിനമാക്കിയവര്‍ ഇഹത്തിലും പരത്തിലും നഷ്‌ടക്കാരായിരിക്കുമെന്നാണ്‌ മതപ്രമാണങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഇത്തരക്കാര്‍ ഇഹലോകത്ത്‌ ചെയ്‌ത സല്‍കര്‍മങ്ങള്‍ പരലോകത്ത്‌ വെച്ച്‌ തന്റെ പ്രതിയോഗികള്‍ക്ക്‌ വീതിച്ചുകൊടുത്ത്‌ പാപ്പരായിത്തീരുന്ന ദയനീയാവസ്ഥയെപ്പറ്റി നബിവചനങ്ങളിലുണ്ട്‌.

കടപ്പാട്‌ : ശബാബ്‌ വാരിക

പ്രാർഥന : നമസ്കാര ശേഷം

മുആദി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി(സ) എന്റെ കൈപിടിച്ച് പറഞ്ഞു:

"മുആദേ! അല്ലാഹുവാണെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. മുആദേ, ഞാന്‍ നിന്നെ ഉപദേശിക്കുന്നു; എല്ലാ നമസ്കാരങ്ങള്‍ക്കുശേഷവും വിട്ടുകളയാതെ നീ ഇങ്ങനെ പറയണം :

للَّهُمَّ أعِنِّي على ذِكْرِكَ ، وشُكْرِكَ ، وَحُسنِ عِبادتِكَ

(അല്ലാഹുവേ, നിന്നെ സ്മരിക്കുന്നതിനും നിന്നോട്  നന്ദി ചെയ്യുന്നതിനും നല്ലവണ്ണം ഇബാദത്ത് ചെയ്യുന്നതിനും എന്നെ നീ സഹായിക്കണം)".

[അബൂദാവൂദ്]

ധൃതി കാണിക്കൽ

"മനുഷ്യന്‍ ഗുണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് പോലെ തന്നെ ദോഷത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. മനുഷ്യന്‍ ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു." [അദ്ധ്യായം 17 ഇസ്‌റാഅ് 11]

നന്മ ലഭിക്കുവാൻ ധൃതി കാണിച്ച്‌ പ്രാർത്ഥിക്കുന്നത്‌ പോലെ തിന്മ ലഭിക്കുവാൻ ധൃതിപ്പെട്ട്‌ പ്രാർത്ഥിക്കരുതെന്ന് അല്ലാഹു ഉണർത്തുന്നു. മനുഷ്യർ അവരുടെ ശരീരത്തിലോ സമ്പത്തിലോ രോഗം, ദാരിദ്ര്യം തുടങ്ങിയ പരീക്ഷണങ്ങൾ ബാധിക്കുമ്പോൾ 'ഞാൻ മരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ' 'നശിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ' എന്നൊക്കെ പറയും. ഇവയെല്ലാം അല്ലാഹു വിരോധിക്കുകയാണു ഈ ആയത്തിലൂടെ.

അതുപോലെ മക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ വല്ല അനിഷ്ടകരമായ കാര്യങ്ങൾ അനുഭവപ്പെട്ടാൽ ആ മക്കൾ അല്ലെങ്കിൽ ബന്ധുക്കൾ വരെ ഒന്നു ചത്തു കിട്ടിയാൽ നന്നായിരുന്നെന്ന് മനുഷ്യൻ പറയും. അത്തരം മനുഷ്യന്റെ അവിവേക പ്രാർത്ഥനകൾ പാടുള്ളതല്ല. ആ പ്രാർത്ഥനകൾ അല്ലാഹു സ്വീകരിക്കുകയുമില്ല.

ധൃതി കാണിക്കൽ ഇസ്‌ലാം ഇഷ്ടപ്പെടുന്നില്ല. സൗമ്യതയും സാവകാശവുമാണ് ഇസ്‌ലാം പ്രേരിപ്പിക്കുന്നത്‌. നന്മ ചെയ്യാൻ അവസരം കിട്ടിയാൽ അത്‌ പിന്നെ ആവാം എന്ന് കരുതി പിന്തിപ്പിക്കുന്നതിനെയാണ് ഇസ്‌ലാം വിരോധിക്കുന്നത്‌.

By അബ്ദുസ്സലാം സുല്ലമി

നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു?

"നിങ്ങള്‍ ജനങ്ങളോട് നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്‌) മറന്നുകളയുകയുമാണോ ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്?" [അദ്ധ്യായം 2 ബഖറ 44]

സമൂഹം നന്നാവണമെങ്കില്‍ വ്യക്തികളില്‍ നിന്ന് തുടക്കം കുറിക്കണം. സ്വന്തം ജീവിതത്തില്‍ നന്മ ഉള്‍ക്കൊണ്ടവന് മാത്രമേ അത് വേണ്ടവിധം പ്രതിഫലിക്കാന്‍ കഴിയൂ. സ്വയം നന്നാവുക എന്നതാണ് നന്മയുടെ ആദ്യ പാഠം. സ്വയം മാറാത്തവനു മറ്റാരെയും മാറ്റിയെടുക്കാനാവില്ല. തിന്മകളിലൂടെ നടന്നു നീങ്ങുകയും മറ്റുള്ളവരോട് നന്മകളെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തുകയും ചെയ്യുന്നത് തികഞ്ഞ കാപട്യമാണ്. അതിനൊരിക്കലും ഫലപ്രാപ്തി ലഭിക്കുകയില്ല.

 സ്വന്തം ജീവിതത്തില്‍ നന്മകള്‍ ഉള്‍ക്കൊള്ളാതെ ജനങ്ങളോട് സാരോപദേശം നടത്തുന്നത് മഹാപാപമായാണ് ഖുര്‍ആന്‍ കാണുന്നത്. "സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു" [അദ്ധ്യായം 61 സ്വഫ്ഫ്‌ 2,3].

വേദഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നവര്‍ നന്മതിന്മകളെക്കുറിച്ചും അവയുടെ ഗുണ ദോഷങ്ങളെക്കുറിച്ചും വേണ്ടത്ര മനസ്സിലാക്കിയവരാണ്. എന്നിട്ടും സ്വന്തം ജീവിതത്തില്‍ നന്മകളില്ലാതെപ്പോകുന്നത് പരലോകചിന്ത ഒട്ടും ഉള്ളിലില്ലാത്തത് കൊണ്ടാണല്ലോ. ചിന്തിച്ചു കാര്യങ്ങള്‍ ഗ്രഹിക്കുന്നവര്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ്‌ നടത്തുക. അതിന്‍റെ നേട്ടം വലുതാണ്‌. മറിച്ചാണെങ്കില്‍ ലഭിക്കുന്ന ശിക്ഷ അതികഠിനവും. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ... [ആമീന്‍] 

By അബ്ദു സലഫി

മതത്തിൽ അതിരുകവിയരുത്‌

നബി (സ) പറഞ്ഞു : "മര്‍യമിന്റെ മകന്‍ ഈസായെക്കുറിച്ച് ക്രിസ്ത്യാനികള്‍ അധികപ്രശംസ നടത്തിയത്പോലെ നിങ്ങള്‍ എന്നെക്കുറിച്ച് അധികപ്രശംസ നടത്തരുത്. നിശ്ചയമായും ഞാന്‍ ഒരു അടിയാന്‍ (അബ്ദ്) മാത്രമാകുന്നു. അതുകൊണ്ട് എന്നെപ്പറ്റി അല്ലാഹുവിന്‍റെ അടിയാനും അവന്‍റെ റസൂലും എന്നുമാത്രം പറഞ്ഞുകൊള്ളുവിന്‍." [ബുഖാരി, അഹമദ്]

മതകാര്യത്തിലുള്ള ക്രിസ്ത്യാനികളുടെ അതിര്കവിയല്‍ അനാചാരങ്ങളിലേക്ക് മാത്രമല്ല, ഈസാനബിയെ കര്‍ത്താവാക്കുന്ന തനി ശിര്‍ക്കിലേക്ക് എത്തിച്ചത് പോലെ മുസ്ലിം സമുദായത്തെയും മതത്തിലെ അതിര് വിടല്‍ ശിര്‍ക്ക്പരമായ അനേകം വിശ്വാസങ്ങളിലേക്കും ബിദ്അത്തിലേക്കും എത്തിക്കുകയുണ്ടായി എന്നത് യഥാര്‍ത്ഥത്തില്‍ വിശദീകരിക്കേണ്ടതില്ലാത്ത വസ്തുതയത്രെ.

ഏറ്റക്കുറച്ചിലില്ലാതെ മിതത്വത്തോടെ നിലകൊള്ളുക എന്നതാണ് യഥാര്‍ത്ഥത്തില്‍ മുസ്ലിം ഉമ്മത്തിന്റെ മുഖമുദ്ര. പ്രയോഗവല്‍കരണം ഏറെ പ്രയാസകരമായിട്ടുള്ള നിലപാടും അതാണ്‌. വിശ്വാസങ്ങളും കര്‍മ്മങ്ങളുമില്ലാതെ താന്തോന്നികളും അനുഷ്ഠാനങ്ങള്‍ പുലര്‍ത്താത്തവരുമായി ജീവിക്കുക എന്നതും, നേര്‍വിപരീതം വികാരാവേശത്തോടെ വിശ്വാസകാര്യങ്ങളില്‍ അതിര് വിട്ടു ജീവിക്കുക എന്നതും ഒരുനിലക്ക് എളുപ്പമുള്ള കാര്യമാണ്. പ്രയാസകരമായിട്ടുള്ളത്, ഏറ്റക്കുറവില്ലാതെ എങ്ങനെയാണോ ആയിരിക്കേണ്ടത് അതേവിധം സൂക്ഷ്മതയോടെ ജീവിക്കുന്നതാണ്.

ആത്മീയതയുടെപേരില്‍ ഐഹികമായ ഉത്തരവാദിത്തങ്ങളെ ഒരു സത്യവിശ്വാസി ഇട്ടെറിയുകയില്ല. ദുന്യാവില്‍മുഴുകി പരലോകത്തെ അവഗണിക്കുകയുമില്ല. ഒന്നിന് മറ്റേതു താങ്ങാവുംവിധം രണ്ടും, ഖുര്‍ആനിന്റെയും നബിചര്യയുടെയും താല്പര്യങ്ങള്‍ക്കൊത്തു പാലിച്ചുപോരുകയാകും അവന്‍ ചെയ്യുക. കൂടിയാല്‍ ശിര്‍ക്കിലേക്കും ബിദ്അത്തിലേക്കും, കുറഞ്ഞാല്‍ ഹറാമിലേക്കും അനുസരണക്കേടിലെക്കും- ഇതാണ് സംഭവിക്കുകയെന്ന വസ്തുത നാം മനസ്സിലാക്കുന്നുവെങ്കില്‍ അതായിരിക്കും യഥാര്‍ത്ഥ സൂക്ഷ്മതയും [തഖ്'വ] ഈമാനും.

By ചെറിയമുണ്ടം അബ്ദുര്‍റസാഖ്

ഇടുങ്ങിയ ജീവിതം

"ഇവര്‍ക്കു മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌! അവര്‍ ഇവരെക്കാള്‍ കടുത്ത കൈയ്യൂക്കുള്ളവരായിരുന്നു. എന്നിട്ടവര്‍ നാടുകളിലാകെ ചികഞ്ഞു നോക്കി; രക്ഷപ്രാപിക്കാന്‍ വല്ല ഇടവുമുണ്ടോ എന്ന്‌. ഹൃദയമുള്ളവനായിരിക്കുകയോ, മനസ്സാന്നിധ്യത്തോടെ ചെവികൊടുത്ത് കേള്‍ക്കുകയോ ചെയ്തവന്ന് തീര്‍ച്ചയായും അതില്‍ ഒരു ഉല്‍ബോധനമുണ്ട്‌." [അദ്ധ്യായം 50 ഖാഫ്‌ 36,37]

മനുഷ്യന്‌ മാത്രമാണ്‌ ധിഷണാശേഷിയുള്ളത്‌. ആന്തരികമായി വസ്‌തുതകള്‍ വിലയിരുത്താനും വ്യവച്ഛേദിച്ചറിയാനും ലോകത്ത്‌ മനുഷ്യന്‌ മാത്രമേ കഴിയൂ. എന്നാല്‍ ഈ കഴിവിനെ തിരിച്ചറിഞ്ഞവര്‍ വളരെ കുറച്ചാണ്‌. ഞാന്‍ ചിന്തിക്കുന്നുവെന്ന്‌ തിരിച്ചറിയാന്‍ പോലും സാധിക്കാതെ ജീവിച്ചുതീര്‍ക്കുന്നവരാണ്‌ ഏറിയ പങ്കും. ഈ ലോകത്തെ മാറ്റിത്തീര്‍ക്കാനും, പുരോഗതിയുടെ പുതിയ ഭൂമിക സ്ഥാപിക്കാനും മനുഷ്യന്‌ ഊര്‍ജമേകിയ `ചിന്താശേഷി' തങ്ങളുടെ ജീവിതത്തിന്റെ നവീകരണത്തിനും പുനര്‍നിര്‍മിതിക്കും ഉപയോഗപ്പെടുത്താന്‍ മനുഷ്യരില്‍ അധികപേരും ശ്രദ്ധിക്കാതെ പോകുന്നു. ഉപയോഗിക്കപ്പെടാതെ പോവുന്ന മനുഷ്യചിന്ത ചിതലരിച്ചുപോവും. വിശ്വാസത്തിന്റെയും ചിന്തയുടെയും മൂര്‍ച്ചകൂട്ടാനും ജീവിതത്തെ സംസ്‌കരിച്ചെടുക്കാനും മനുഷ്യന്‌ സാധിക്കണം. തുറന്ന മനസ്സോടെ ചിന്തയുടെ വാതായനങ്ങള്‍ തുറന്നിടാന്‍ തയ്യാറാവുന്നവര്‍ക്ക്‌ സത്യത്തിന്റെ ആകാശം അകലെയല്ല എന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

നമ്മുടെ ചിന്തകളെ നമുക്ക്‌ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ജീവിതത്തെ രക്ഷിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. മനുഷ്യന്റെ വ്യവഹാരങ്ങളും, സമീപനങ്ങളുമെല്ലാം അവന്റെ ചിന്തയെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ചിന്തകളെ നാം തേച്ചുമിനുക്കുകയും അത്‌ നമ്മുടെ വിശ്വാസത്തോട്‌ യോജിച്ചുപോവുന്നുവെന്ന്‌ ഉറപ്പുവരുത്തുകയും വേണം. നമ്മുടെ വിചാരങ്ങള്‍ വിശ്വാസവുമായി കോര്‍ത്തുകെട്ടണം.

"എന്റെ ഉല്‍ബോധനത്തെ വിട്ട്‌ വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്‌ ഇടുങ്ങിയ ഒരു ജീവിതമാണുണ്ടാവുക. ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‌പിച്ചുകൊണ്ടുവരുന്നതുമാണ്‌." [അദ്ധ്യായം 20 ത്വാഹ 124]

കടപ്പാട്‌ : ശബാബ്‌ വാരിക

സുഖങ്ങള്‍ പെരുകിയാല്‍

ഒരു ദിവസം ഉമര്‍(റ) തിരുനബി (സ)യുടെ വീട്ടിലെത്തി. നബി (സ) ഈത്തപ്പനയോലയില്‍ വിശ്രമിക്കുകയായിരുന്നു. ഉമറിനെ കണ്ടപ്പോള്‍ തിരുനബി എഴുന്നേറ്റു. ഉമര്‍, നബി (സ)യുടെ അരികത്തിരുന്നു. തിരുനബി(സ)യുടെ പുറത്ത്‌ പനയോലപ്പാടുകള്‍ തെളിഞ്ഞു കാണാമായിരുന്നു. നബി (സ) എന്തോ ചോദിച്ചു. പക്ഷേ, ഉമര്‍ മുറിയുടെ ചുറ്റും നോക്കുകയായിരുന്നു. സ്‌നേഹറസൂല്‍ കൂട്ടുകാരനെ നോക്കി. ഉമര്‍ കരയുകയായിരുന്നു! കൊച്ചുകുഞ്ഞിനെപ്പോലെ അദ്ദേഹം വിതുമ്പി. അദ്ദേഹത്തെ തലോടിക്കൊണ്ട്‌ നബി (സ) ചോദിച്ചു:

"ഉമര്‍, എന്തിനാണ്‌ കരയുന്നത്‌?"

ആ പാടുകളാണ്‌ ഉമറിനെ കരയിച്ചത്‌. സത്യവിശ്വാസികളുടെ നേതാവ്‌. ഒരു സാമ്രാജ്യത്തിന്റെ അധിപന്‍! ഇതാ, ഈ ചൂടിക്കട്ടിലും വെള്ളപ്പാത്രവും ഒരു പിടി ധാന്യവും മാത്രം സ്വന്തമുള്ള ചക്രവര്‍ത്തി!! ഇതിനേക്കാള്‍ ദാരിദ്ര്യം ആ രാജ്യത്ത്‌ മറ്റാരും അനുഭവിക്കുന്നുണ്ടാവില്ല. ഉമറിന്റെ മനസ്സ്‌ വേദനകൊണ്ടു വെന്തു. നിയന്ത്രിച്ചിട്ടും നില്‌ക്കാതെ അദ്ദേഹം കരഞ്ഞു.

എളിമയുടെ ആ മഹാപ്രവാഹം ഇത്രമാത്രം പറഞ്ഞു:

"ഉമര്‍, സുഖങ്ങള്‍ പെരുകിയാല്‍ സ്വര്‍ഗം നേടാനാവില്ല. രസങ്ങള്‍ കുറച്ചു മതി. എന്റെ മനസ്സ്‌ ശാന്തമാണ്‌. എനിക്കു പരാതികളില്ല; ഞാന്‍ കരയുന്നില്ല. ഉമര്‍, താങ്കളും കരയരുത്‌!"

ചെറിയ ജീവിതവും വലിയ ചിന്തകളുമാണ്‌ മഹത്വത്തിന്റെ മാര്‍ഗം. ഇങ്ങനെ മാതൃകയാകേണ്ടവര്‍ തന്നെ ഇതിനു വിപരീതമാകുന്ന സങ്കടകരമായ അനുഭവങ്ങള്‍ നമ്മുടെ കാലത്തും സുലഭമാണല്ലോ! തിരുനബി (സ) പറഞ്ഞപോലെ നമുക്കും കുറച്ചുമതി; കൊതി തീരുവോളം ഒന്നും കിട്ടരുത്‌. സ്വര്‍ഗത്തില്‍ വിശ്വാസമുണ്ടെങ്കില്‍ ആ സ്വര്‍ഗത്തിനാവട്ടെ നമ്മുടെ കൊതി!

By പി എം എ ഗഫൂർ

എന്താണ്‌ മദ്‌ഹുര്‍റസൂല്‍

നബിചര്യയില്‍ യാതൊരു സ്ഥാനവുമില്ലാത്ത റബീഉല്‍അവ്വല്‍ ആഘോഷത്തിന്‌ ന്യായീകരണമായി ചിലയാളുകള്‍ സാധാരണ പറഞ്ഞുവരാറുള്ള ഒരു കാര്യമാണ്‌, തങ്ങള്‍ നടത്തുന്നത്‌ മദ്‌ഹൂര്‍റസൂല്‍ ആണെന്ന്‌. എന്താണ്‌ മദ്‌ഹുര്‍റസൂല്‍? പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്‌ത്തിപ്പറയുക എന്നര്‍ഥം. തന്നെ പുകഴ്‌ത്തിപ്പറയുന്നത്‌ നബി(സ) ഇഷ്‌ടപ്പെട്ടിരുന്നില്ല. മുഖസ്‌തുതിക്കാരെ അദ്ദേഹം ആക്ഷേപിച്ചിട്ടുണ്ട്‌. എന്നാല്‍ സന്ദര്‍ഭത്തിന്റെ ആവശ്യം കണക്കിലെടുത്ത്‌ തന്നെ പ്രകീര്‍ത്തിച്ച്‌ ഗാനമാലപിച്ചതു പോലും നബി(സ) അംഗീകരിക്കുകയും ചെയ്‌തു. ത്വലഅല്‍ ബദ്‌റു, ബാനത്‌ സൂആദ്‌, ഹസ്സാന്‍(റ) കവിതകള്‍ തുടങ്ങിയവ ഉദാഹരണമാണ്‌. വസ്‌തുതകള്‍ക്കപ്പുറം പുകഴ്‌ത്തിയപ്പോള്‍ തത്സമയം തിരുത്തിയതും (വഫീനാ നബിയ്യുന്‍ യഅ്‌ലമു മാഫീ ഗദി) നാം കാണുകയുണ്ടായി.

പ്രവാചകനെ ഒരിക്കലും നിന്ദിക്കാനോ ഇകഴ്‌ത്താനോ പാടില്ല. പ്രവാചകന്റെ(സ) അനുപമവ്യക്തിത്വത്തില്‍ നിന്ന്‌ ഏതൊരേട്‌ ചീന്തിയെടുത്താലും അതെല്ലാം `മദ്‌ഹുകള്‍' മാത്രമായിരിക്കും. അത്‌ സ്‌മരിക്കുന്നതും പഠിക്കുന്നതും മറ്റുള്ളവരിലേക്ക്‌ പകര്‍ന്നുകൊടുക്കുന്നതും പുണ്യകരമാണ്‌. പ്രവാചക വ്യക്തിത്വത്തെയോ ദിവ്യദൗത്യത്തെയോ അവമതിക്കുന്നവരുടെ മുന്നില്‍ അദ്ദേഹത്തിന്റെ മഹോന്നത ഗുണങ്ങള്‍ പൊക്കിക്കാണിക്കല്‍ മുസ്‌ലിമിന്റെ ബാധ്യതയായിത്തീരുകയും ചെയ്യുന്നു. എന്നാല്‍ പ്രവാചക കീര്‍ത്തനങ്ങള്‍ പാടി നടക്കല്‍ നിര്‍ബന്ധമോ ഐച്ഛികമോ ആയ ഒരു കര്‍മമാണോ? അപദാനങ്ങള്‍ പാടിപ്പറഞ്ഞ്‌ ഊരുചുറ്റുന്നത്‌ സ്‌നേഹപ്രകടനമാണോ? അഭിപ്രായ ഭിന്നതയാല്‍ മറുപക്ഷത്ത്‌ നില്‌ക്കുന്നവരെ പ്രകോപിപ്പിക്കുന്ന ശക്തിപ്രകടനങ്ങള്‍ മദ്‌ഹുര്‍റസൂല്‍ ആയിത്തീരുമോ? ഇത്യാദി കാര്യങ്ങള്‍ മുസ്‌ലിംസമൂഹം ഉറക്കെ ചിന്തിക്കണം.

സമാദരണീയരായ സ്വഹാബിമാര്‍ നബി(സ)യോടു കാണിച്ച സ്‌നേഹപ്രകടനത്തിന്‌ ചരിത്രത്തില്‍ തുല്യതയില്ല. സത്യമതത്തോടുള്ള അടങ്ങാത്ത പക നിമിത്തം ദൈവദൂതനെ സ്വന്തം നാട്ടില്‍ നിന്നു സ്വന്തക്കാരെന്നു പറയാവുന്നവര്‍ ആട്ടിയോടിച്ചുവെങ്കിലും ഒരു നാട്‌ ഒന്നടങ്കം സടകുടഞ്ഞെണീറ്റ്‌ ആ മഹാനുഭാവനെ സ്വീകരിച്ചാനയിച്ച്‌ `സ്വന്ത'മാക്കി. മദീന എന്നറിയപ്പെടുന്ന യഥ്‌രിബുകാര്‍ മുഹമ്മദ്‌ നബിയെ ഏതിരേറ്റത്‌ കീര്‍ത്തനഗാനങ്ങള്‍ (മദ്‌ഹൂര്‍റസൂല്‍) പാടിക്കൊണ്ടായിരുന്നു. ത്വലഅല്‍ബദ്‌റു അലൈനാമിന്‍ ഥനിയ്യാത്തില്‍ വിദാഇ....

തന്നെ സ്‌തുതിച്ചുകൊണ്ട്‌ പാടിയ പാട്ടിനെയോ പാട്ടുപാടി സ്വീകരിച്ചതിനെയോ നബി(സ) എതിര്‍ത്തില്ല. എന്നാല്‍ ദൈവദൂതരില്‍ നിന്ന്‌ ദീന്‍ പഠിച്ച സ്വഹാബിമാര്‍ പിന്നീട്‌ എപ്പോഴെങ്കിലും ത്വലഅല്‍ബദ്‌റു നബികീര്‍ത്തനമായി ആലപിക്കുക പതിവാക്കിയിരുന്നുവോ? ഏതെങ്കിലും പ്രത്യേക ദിനത്തിലോ മാസത്തിലോ ഈ വരികള്‍ ആവര്‍ത്തിച്ചിരുന്നുവോ? ഹിജ്‌റയ്‌ക്ക്‌ വാര്‍ഷികം ഏര്‍പ്പെടുത്തിയോ? ഇല്ലെന്നാണ്‌ ചരിത്രത്തിന്റെ ഉത്തരം. കാരണം ആ സന്ദര്‍ഭത്തിലെ അനുമോദനമെന്നതിലുപരി നബിയോ സ്വഹാബിമാരോ അതിനെ കണ്ടില്ല. 

By അബ്ദുൽ ജബ്ബാർ തൃപ്പനച്ചി

ഔദാര്യവാൻ

"തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ മനുഷ്യരോട്‌ ഔദാര്യമുള്ളവന്‍ തന്നെയാകുന്നു. പക്ഷെ അവരില്‍ അധികപേരും നന്ദികാണിക്കുന്നില്ല."

"Verily, your Lord is full of Grace for mankind, yet most of them do not give thanks." 

[അദ്ധ്യായം 27 നംല് 73]

ശിക്ഷ താമസിപ്പിക്കുക, ഭൌതിക ലോകത്ത് ശിക്ഷിക്കാതിരിക്കുക, അല്ലാഹുവിനെ നിഷേധിച്ചിട്ടും ഭൌതിക സുഖങ്ങള്‍ നല്‍കുക മുതലായവയാണ് ഔദാര്യം കൊണ്ട് വിവക്ഷ. പരലോക ജീവിതം സംവിധാനം ചെയ്തത് അല്ലാഹുവിന്‍റെ വലിയൊരു അനുഗ്രഹമാണ്. പരലോകജീവിതം ഇല്ലാത്തപക്ഷം അവന്‍റെ കാരുണ്യം പൂര്‍ത്തിയാവുകയില്ല.

by അബ്ദുസ്സലാം സുല്ലമി

പിതാക്കളെത്തന്നെ അനുകരിക്കുകയോ

"(നബിയേ) നിനക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും 'ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളെ അനുഗമിക്കുന്നവരാകുന്നു' എന്ന് അവിടെയുള്ള സുഖലോലുപന്‍മാര്‍ പറയാതിരുന്നിട്ടില്ല.  അദ്ദേഹം (താക്കീതുകാരന്‍) പറഞ്ഞു: 'നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഏതൊരു മാര്‍ഗത്തില്‍ കണ്ടെത്തിയോ, അതിനെക്കാളും നല്ല മാര്‍ഗം കാണിച്ചുതരുന്ന ഒരു സന്ദേശവും കൊണ്ട് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നാലും (നിങ്ങള്‍ പിതാക്കളെത്തന്നെ അനുകരിക്കുകയോ?)'. അവര്‍ പറഞ്ഞു : 'നിങ്ങള്‍ ഏതൊരു സന്ദേശവും കൊണ്ട് അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ തീര്‍ച്ചയായും ഞങ്ങള്‍ വിശ്വാസമില്ലാത്തവരാകുന്നു.' അതിനാല്‍ നാം അവര്‍ക്ക് ശിക്ഷ നല്‍കി. അപ്പോള്‍ ആ സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നു വെന്ന് നോക്കുക. [അധ്യായം 43 സുഖ്‌റുഫ്‌ 23,24,25]

പൂർവ്വപിതാക്കളെ അനുകരിച്ച്‌ വഴിപിഴച്ചു പോകലും ശിർക്ക്‌, ബിദ്‌അത്ത്‌ തുടങ്ങിയ ദുർമാർഗങ്ങളെ ആ അനുകരണത്തിന്റെ പേരിൽ ന്യായീകരിക്കലും അറബി മുശ്‌രിക്കുകളുടെ മാത്രം സ്വഭാവമല്ലെന്നും അത്‌ മുൻ സമുദായങ്ങളുടേയും പതിവായിരുന്നുവെന്നും പ്രസ്തുത ന്യായീകരണത്തിൽ പോലും ഇവർ അവരെ അനുകരിച്ചിരിക്കുകയാണെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു.

ഈ മഹാവ്യാധി കുറേകാലമായി മുസ്‌ലിം സമുദായത്തിലും പടർന്നുപിടിച്ചിരിക്കുകയാണ്. മുസ്‌ലിംകൾ വിഗ്രഹാരാധന നടത്താറില്ലെന്ന് സമ്മതിക്കാം. എങ്കിലും ശിർക്കുപരമായ എത്രയോ കാര്യങ്ങൾ അവയ്ക്ക്‌ മതപരിവേഷം നൽകപ്പെട്ടു കൊണ്ടുതന്നെ സമുദായത്തിൽ നിലനിന്നു വരുന്നത്‌ ഈ അനുകരണം ഒന്നുകൊണ്ടു മാത്രമാണ്. സമുദായത്തിലെ പ്രമാണികളും നേതാക്കളുമാകുന്ന സുഖലോലുപന്മാരാണ് ഇതിൽ മുമ്പന്മാരെന്നതും നിഷേധിക്കാൻ പറ്റാത്ത കാര്യമാണ്. മേൽ സൂക്തങ്ങൾ അക്ഷരം പ്രതി ഇന്ന് നമ്മെക്കുറിച്ചും പറയുവാനുള്ളതു തന്നെയാണ്. ഇതിന്റെ ഭവിഷ്യത്ത്‌ എന്താണെന്നും അവസാന ഭാഗത്ത്‌ നിന്നും മനസ്സിലാക്കാവുന്നതാണ്. അല്ലാഹുവിൽ ശരണം!

By അമാനി മൗലവി

ആരാധനക്കർഹൻ അല്ലാഹു മാത്രം

"താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന്‌ അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന്‌ സാക്ഷികളാകുന്നു.) അവന്‍ നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍."

Allah witnesses that there is no deity except Him, and [so do] the angels and those of knowledge - [that He is] maintaining [creation] in justice. There is no deity except Him, the Exalted in Might, the Wise. [അദ്ധ്യായം 3 ആലു ഇമ്രാന്‍ 18]

അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹതയുള്ള  ഏക ആരാധ്യന്‍. മറ്റുള്ള ആരാധ്യവസ്തുക്കളെല്ലാം മിഥ്യകളും അനര്ഹങ്ങളുമാകുന്നുവെന്നുള്ള യാഥാര്‍ത്ഥ്യം എത്രയോ ദൃഷ്ടാന്തങ്ങളും തെളിവുകളും വഴി അല്ലാഹു വ്യക്തമായി സ്ഥാപിച്ചിട്ടുണ്ട്. മലക്കുകളും അറിവുള്ളവരുമെല്ലാം അത് മനസ്സിലാക്കുകയും വിശ്വാസിച്ചുറപ്പിക്കുകയും ചെയ്തിരിക്കുന്നു. അഖിലലോക നീതിവ്യവസ്ഥ നിലനിര്‍ത്തി നടത്തിപ്പോരുന്നവന്‍ അവനല്ലാതെ മറ്റാരുമല്ല. അജയ്യനായ പ്രതാപശാലിയും തത്വവിജ്ഞാനസമ്പൂര്‍ണ്ണനായ യുക്തിമാനും അവനാണ്. അതുകൊണ്ട് ആരാധ്യനായിരിക്കുവാന്‍ അവനു മാത്രമേ അര്‍ഹതയുള്ളൂ എന്ന് താല്പര്യം.

ഈ വചനം ഓതുമ്പോള്‍ "റബ്ബേ, ഞാനും സാക്ഷിയാണ്" എന്ന് നബി (സ) പറഞ്ഞിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നു അറിവുള്ളവരും സാക്ഷ്യം വഹിച്ചിരിക്കുന്നു എന്ന് പറഞ്ഞതില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കാം.  അല്ലാഹുവിന്‍റെ അസ്തിത്വത്തിനും ഏകത്വത്തിനും സാക്ഷ്യം വഹിക്കാത്ത ആളുകള്‍ - അവര്‍ മറ്റു വിഷയങ്ങളില്‍ യോഗ്യരായിരുന്നാലും - അല്ലാഹുവിന്‍റെ അടുക്കല്‍ കേവലം അജ്ഞരും വിഡ്ഢികളുമായിരിക്കുമെന്നത്രെ അത്.

By മുഹമ്മദ്‌ അമാനി മൌലവി