സമ്പത്ത്‌ കൂട്ടിവെക്കാനുള്ളതല്ല

"സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. നരകാഗ്നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത് കൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും) : 'നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്‌. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച് വെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക'." [അദ്ധ്യായം 9 തൗബ 35]

സ്വത്തും പണവും കുന്നുകൂട്ടി വെച്ച് അതിന്റെ വളർച്ച സ്തംഭിപ്പിക്കുന്ന മുതലാളിത്ത ചൂഷണത്തെയാണ് മേൽവചനത്തിൽ അല്ലാഹു കടന്നാക്രമിക്കുന്നത്. സ്വത്തും ധനവും സമൂഹത്തിന്റെ വളർച്ചക്ക് ഉപയുക്തമാകും വിധം ഒഴുക്കിക്കൊണ്ടിരിക്കണമെന്ന ധനതത്വമാണ് ഖുർആൻ അവതരിപ്പിക്കുന്നത്. ക്ഷേമമാർഗങ്ങളിലുള്ള ധനവിനിയോഗം ദൈവമാർഗത്തിലുള്ള ചെലവിടലാണെന്ന ആശയം പ്രസക്തമാണ്. സ്വർണം, വെള്ളി, ഭൂസ്വത്ത്, ബാങ്ക്‌നിക്ഷേപം എന്നിങ്ങനെ ഏതുവിധേനയായാലും ശരി, ഉത്പാദനക്ഷമമല്ലെങ്കിൽ അത്തരം നിക്ഷേപങ്ങൾ അനീതിയും അക്രമവുമാണ്. പ്രകൃതിവിഭവങ്ങളേയും മനുഷ്യന്റെ അദ്ധ്വാനത്തേയും മുതലിറക്കി സ്വരൂപിക്കുന്ന എല്ലാ ധനവും സമൂഹത്തിലെ താഴെത്തട്ടു വരെ നീതിപൂർവം വിതരണം ചെയ്യപ്പെടുന്നില്ലെങ്കിൽ അത് സാമ്പത്തിക അസമത്വം സൃഷ്ടിക്കും. ന്യായമായി ചെലവഴിക്കാതെ സ്വത്ത് കേന്ദ്രീകരിക്കുന്നവർക്ക് കഠോരശിക്ഷ ലഭിക്കും.

✍ മുജീബുറഹ്മാൻ കിനാലൂർ

ഖുർആൻ പഠനം എന്നത്‌ അക്ഷരപഠനമല്ല

"വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധര്‍മ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്‍മാരെ പോലെ നാം ആക്കുമോ?  നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി." [അദ്ധ്യായം 38 സ്വാദ്‌ 28-29]

വളരെ അനുഗ്രഹീതമായ (ബർക്കത്തുള്ള) ഒരു പുണ്യഗ്രന്ഥമത്രെ ഖുർആൻ. എന്നാൽ കേവലം പുണ്യത്തിനു വേണ്ടി മാത്രം പാരായണം ചെയ്യാൻ വേണ്ടിയല്ല അതു അവതരിപ്പിച്ചതെന്നും അതിന്റെ സന്ദേശങ്ങൾ മനസ്സിലാക്കുകയും അവയെപ്പറ്റി ചിന്തിക്കുകയും ചെയ്യുവാൻ വേണ്ടിയാണ് അവതരിപ്പിച്ചതെന്നും മേൽ വചനങ്ങൾ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു. ബർക്കത്തിനു വേണ്ടി മാത്രം ഖുർആൻ പഠിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്നവർ പ്രത്യേകം ഓർമ്മിക്കേണ്ടതുള്ള ആയത്തുകളാണിവ.

ഹസൻ ബസരി (റ) ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു : "ഖുർആന്റെ അർത്ഥസാരങ്ങൾ അറിയാത്ത കുട്ടികളും അടിമകളുമെല്ലാം അത്‌ വായിക്കുന്നു. അവരതിന്റെ അക്ഷരങ്ങൾ പാഠമാക്കുകയും അതിന്റെ നിയമങ്ങൾ പാഴാക്കുകയും ചെയ്യുന്നു. ഒരാൾ പറഞ്ഞേക്കും; താൻ ഖുർആന്റെ ഒരക്ഷരവും ബാക്കിയില്ലാതെ പഠിച്ചിരിക്കുന്നുവെന്ന്. എന്നാൽ അല്ലാഹുവാണെ സത്യം! അവൻ ഒന്നും പഠിക്കാതെ സകലതും വിട്ടുകളഞ്ഞിരിക്കുകയാണ്. അവന്റെ സ്വഭാവത്തിലോ പ്രവൃത്തിയിലോ അത്‌ പഠിച്ചതിന്റെ ഒരടയാളവും കാണപ്പെടുകയില്ല. സത്യമായും ഖുർആൻ പഠനം എന്നത്‌ അതിന്റെ അക്ഷരം പഠിക്കലും നിയമം പാഴാക്കലുമല്ല. അങ്ങിനെയുള്ളവർ വിജ്ഞാനികളൊ മതസംരക്ഷകരോ അല്ല. അത്തരക്കാരെ അല്ലാഹു വർദ്ധിപ്പിക്കാതിരിക്കട്ടെ!"

by മുഹമ്മദ്‌ അമാനി മൗലവി

അല്ലാഹുവിന്റെ കാരുണ്യം

"(അല്ലാഹു) പറഞ്ഞു:  'എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും'."
[അദ്ധ്യായം 7 അഅ്റാഫ്‌ 156]

നബി (സ) പറഞ്ഞു: "അല്ലാഹു കാരുണ്യത്തെ നൂറായി വിഭജിച്ചിരിക്കുന്നു. അതിലെ തൊണ്ണൂറ്റി ഒൻപതെണ്ണവും തന്നിൽ തന്നെ സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഒരെണ്ണം മാത്രമാണ് ഭൂമിയിലേക്കിറക്കിയത്‌.  ആ ഒരു ശതമാനം കൊണ്ട്‌ മാത്രമാണ് സൃഷ്ടികൾ പരസ്പരം കരുണ കാണിക്കുന്നത്‌. തന്റെ കുട്ടിയുടെ മേൽ കുളമ്പ്‌ തട്ടുമോ എന്ന് പേടിച്ച്‌ കുട്ടിയിൽ നിന്ന് കുതിര കാലുയർത്തുന്നതു പോലും ആ ഒരു ശതമാനം കാരുണ്യം കൊണ്ടാണ്." [ബുഖാരി]

അപ്പോൾ 99 ശതമാനം കാരുണ്യം തന്നിൽ നിക്ഷേപിച്ചുവെച്ച അല്ലാഹുവിന്റെ കാരുണ്യം എത്രമാത്രമായിരിക്കും? ആ കാരുണ്യം ഒരു പ്രത്യേക വിഭാഗത്തിനു മാത്രമുള്ളതല്ല. എല്ലാ വിഭാഗത്തേയും ഉൾകൊള്ളുന്നതാണെന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുള്ളതാണല്ലൊ. ഈയൊരു വിശ്വാസം സത്യവിശ്വാസികളിൽ ഉണ്ടായാൽ പാപങ്ങൾ പൊറുത്തു കിട്ടാനോ ദുരിതങ്ങൾ അകറ്റാനോ ആഗ്രഹങ്ങൾ സഫലീകരിക്കാനോ അല്ലാഹുവിനെയല്ലാതെ മറ്റൊരുവനെ സമീപിക്കുകയോ അല്ലാഹുവിന്റേയും അവരുടേയും ഇടയിൽ മധ്യവർത്തികളേയോ ശുപാർശ്ശകരേയോ സ്വീകരിക്കുകയോ ചെയ്യാൻ അവരുടെ വിശ്വാസം അനുവദിക്കുകയോ ഇല്ല. അതുകൊണ്ടാണ് അങ്ങനെയെല്ലാം ചെയ്യുന്ന ബഹുദൈവ വിശ്വാസികൾ അല്ലാഹു പരമകാരുണികൻ (റഹ്മാൻ) ആണെന്ന് വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതിരുന്നത്‌. അതു വിശ്വസിച്ചാൽ പിന്നെ അവരുടെ ദൈവങ്ങൾക്ക്‌ യാതൊരു പ്രസക്തിയുമില്ല.

✍സി പി ഉമർ സുല്ലമി

ഈമാൻ കുറഞ്ഞാൽ

"ജനങ്ങൾ അവരുടെ തന്നെ അഭിലാഷങ്ങൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ബാഹ്യമായ വാക്കുകൾ മാത്രമാണ് അവരിൽ. സൽകർമ്മങ്ങൾ കുറഞ്ഞുപോകുന്നു. അറിവുണ്ട്. പക്ഷേ, ക്ഷമയില്ല. വിശ്വാസമുണ്ട് പക്ഷേ, ശക്തിയില്ല. എണ്ണത്തിൽ വളരെയധികം, പക്ഷേ ഈമാൻ വളരെ കുറവാണ്. അവരുടെ ഹൃദയം ആരെയും ആകർഷിക്കുന്നില്ല. അല്ലാഹു സത്യം, ജനങ്ങൾ കാര്യങ്ങൾ ഗ്രഹിച്ച ശേഷം നിഷേധികളായിട്ടിരുന്നു. ആദ്യം ഒരു കാര്യം ഹറാമാണെന്ന ചിന്തയില് ഭയത്തോടെയാണ് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ അതേ കാര്യം ധൈര്യത്തോടെ ചെയ്യുന്നു. നിശ്ചയം, അവരുടെ ഈമാൻ വെറും വായാടിത്തമായിത്തീര്‍ന്നിരിക്കുന്നു. അന്ത്യദിനത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിലും
ആ വിശ്വാസം അവരെ സ്വാധീനിക്കുന്നില്ല. സത്യവിശ്വാസികളേ, നിങ്ങൾ ബുദ്ധിമാന്മാരും മൃദുല സ്വഭാവികളുമാകണം. ദാരിദ്ര്യത്തിൽ ക്ഷമിക്കുന്നവരും സമ്പന്നതയിൽ പരിധി വിടാത്തവരുമാകണം. കടമിടപാടുകൾ കൊടുത്തുവീട്ടണം, നീതിയുടെ മാർഗത്തിൽ ഉറച്ചുനിൽക്കണം. വെറുപ്പുള്ളവരോടു പോലും അനീതി കാണിക്കരുത്. പ്രിയപ്പെട്ടവരെ വഴിവിട്ടു സഹായിക്കരുത്. മറ്റുള്ളവരുടെ കുറ്റങ്ങൾ ചികഞ്ഞുനടക്കരുത്. കുത്തുവാക്കുകൾ പറയരുത്. കളിതമാശകളിൽ മതിമറക്കരുത്. ഏഷണിക്കാരാവരുത്. അവകാശമില്ലാത്തത് ആഗ്രഹിക്കരുത്. കൊടുത്തുവീട്ടേണ്ട ബാധ്യതകൾ നിഷേധിക്കരുത്. മറ്റുള്ളവരുടെ പാപത്തിലും കഷ്ടപ്പാടിലും സന്തോഷിക്കരുത്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കും പ്രവൃത്തിയും അരുത്. നമ്മുടെ ഹൃദയവും ശരീരവും കണ്ണുമെല്ലാം അല്ലാഹുവിന്റെ മുന്നില് തല കുനിക്കണം. അല്ലാഹുവില്‍ നിന്ന് നേട്ടം ലഭിക്കുന്ന കാര്യങ്ങൾക്കുവേണ്ടി എന്തു നഷ്ടം സഹിക്കാനും തയ്യാറാവണം''

ഹസൻ ബസ്വരി (റ)

സത്യം കയ്പേറിയതാണ്

സത്യം പലപ്പോഴും കയ്പ്പുള്ളതായിരിക്കും. നൂറ്റാണ്ടുകളുടെ പാരമ്പര്യമവകാശപ്പെടുന്ന അന്ധവിശ്വാസങ്ങൾ അസത്യങ്ങളാണെന്ന് പറയുമ്പോൾ അസത്യവാദികളിൽ നിന്നുണ്ടാകുന്ന പ്രതികരണം തിക്തമായിരിക്കുമല്ലോ. തൗഹീദിന്റെ ശബ്ദവുവായി വന്ന പ്രവാചകന്മാർ 'ലാ ഇലാഹ ഇല്ലല്ലാഹ്‌' എന്നു പ്രഖ്യാപിച്ചപ്പോൾ ശിർക്കൻ വിശ്വാസങ്ങളിൽ അടിയുറച്ച സമുദായങ്ങൾ അവരെ ഒറ്റപ്പെടുത്തുകയായിരുന്നു. പക്ഷേ എവിടെയും സത്യദീനിന്റെ ശബ്ദമുയർന്നു നിൽക്കണമെന്നാഗ്രഹിച്ച പ്രവാചകന്മാർ സമുദായത്തിന്റെ പിന്തുണയേക്കാളും വലുതായിക്കണ്ടിരുന്നത്‌ മതത്തിന്റെ പ്രബോധനമായിരുന്നു.

ഇബ്രാഹിം നബി (അ) 'ലാ ഇലാഹ ഇല്ലല്ലാഹ്‌' എന്ന് പ്രഖ്യാപിച്ചപ്പോൾ നംറൂദും നാട്ടുകാരും അദ്ദേഹത്തെ ഒറ്റപ്പെടുത്തി. ബഹിഷ്കരണവും പരിഹാസങ്ങളും മർദ്ദനവും അഗ്നി പരീക്ഷണങ്ങളും! സഹിക്കുക തന്നെ. അവസാനം സത്യം ജയിച്ചു. തൗഹീദിന്റെ ഉയർത്തെഴുനേൽപ്പ്‌. ഇന്ന് ഇബ്‌റാഹീം (അ)ന്റെ ആവേശം പലർക്കുമാവശ്യമുണ്ട്‌. പക്ഷേ, ആ മാതൃകാധന്യനായ പ്രവാചകന്റെ ആദർശ്ശം വേണ്ടതാനും. ഇബ്രാഹീമിന്റെ മക്കളിൽ ചിലർ നംറൂദിന്റെ ആദർശം സ്വീകരിച്ച്‌ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. ഒഴുക്കുനനുസരിച്ച്‌ നീങ്ങാനാണവർക്ക്‌ താൽപര്യം. ആ ഒഴുക്ക്‌ ചെന്നെത്തുന്നത്‌ മലിനമായ ജലാശയത്തിലായിരുന്നിട്ടും. അത്തരം പ്രവർത്തനം നടത്തുന്നവർക്കെതിരിൽ തൗഹീദിന്റെ സന്ദേശവുമായി നാം മുന്നിട്ടിറങ്ങണം. തക്ബീർ ധ്വനികളുടെ അർഥമുൾക്കൊണ്ട്‌ ജീവിക്കാൻ കരുത്താർജ്ജിക്കുകയാണ് നമ്മുടെ ബാധ്യത.

✍ ഹുസൈൻ മടവൂർ

ജുമുഅ ദിവസം

"സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന്‌ വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക്‌ നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ്‌ നിങ്ങള്‍ക്ക്‌ ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. അങ്ങനെ നമസ്കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചു കൊള്ളുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം." [അദ്ധ്യായം 62 ജുമുഅ 9,10]

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി : "വല്ലവനും വെള്ളിയാഴ്ച ദിവസം ജനാബത്തു കുളിക്കും പോലെ കുളിച്ചു. എന്നിട്ട് ജുമുഅഃക്ക് പുറപ്പെട്ടു. എന്നാല്‍ അവന്‍ ഒരു ഒട്ടകത്തെ ബലി കഴിച്ചവന് തുല്യനാണ്. രണ്ടാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ ജുമുഅക്ക് പോയതെങ്കില്‍ അവന്‍ ഒരു പശുവിനെ ബലികഴിച്ചവനു തുല്യനാണ്. മൂന്നാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ പോയതെങ്കില്‍ കൊമ്പുള്ള ഒരു ആടിനെ ബലി കഴിച്ചവന് തുല്യനാണ്. നാലാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ പോയതെങ്കില്‍ അവന്‍ ഒരു കോഴിയെ ബലികഴിച്ചവന് തുല്യനാണ്. അഞ്ചാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ പോയതെങ്കില്‍ അവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഒരു കോഴിമുട്ട നല്‍കിയവന് തുല്യനാണ്. അങ്ങനെ ഇമാമ് പള്ളിയിലേക്ക് പുറപ്പെട്ടുകഴിഞ്ഞാല്‍ അല്ലാഹുവിന്റെ സ്മരണ വാക്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുവാന്‍ മലക്കുകള്‍ അവിടെ ഹാജറാവും." [ബുഖാരി]

തിന്മകളെ ചെറുക്കുക

തിന്മ ചെയ്യാതിരിക്കുന്നതു പോലെ അതിനു കൂട്ടുനിൽക്കാതിരിക്കുന്നതും സർവ്വ ഊക്കോടെ അതിനെ ചെറുക്കുന്നതും വിശ്വാസത്തിന്റെ ഭാഗമാണ്. വ്യക്തിപരമായി കുറ്റം ചെയ്യുന്നവൻ മാത്രമല്ല പാപി, കുറ്റങ്ങളോട്‌ നിസ്സംഗത പുലർത്തുന്നവനും പാപി തന്നെയാണ്. അതു കൊണ്ടാണ് ഉത്തമസമൂഹത്തിന്റെ യോഗ്യതയായി നന്മ കൽപ്പിക്കുന്നതോടൊപ്പം തിന്മ വിലക്കുന്നതിനേയും ഖുർആൻ എടുത്തു കാണിക്കുന്നത്‌. അരുതായ്മകൾ കാണുമ്പോൾ അത്‌ നമ്മിൽ അസ്വസ്ഥത ഉണർത്തുന്നില്ലെങ്കിൽ നമ്മുടെ ഈമാൻ അതീവ ദുർബലമാണെന്ന് തിരിച്ചറിയണം.

അല്ലാഹു പറയുന്നു  : "നന്‍മയിലേക്ക്‌ ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന്‌ ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍." [അദ്ധ്യായം 3 ആലു ഇംറാൻ 104]

"പശ്ചാത്തപിക്കുന്നവര്‍, ആരാധനയില്‍ ഏര്‍പെടുന്നവര്‍, സ്തുതികീര്‍ത്തനം ചെയ്യുന്നവര്‍, (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍) സഞ്ചരിക്കുന്നവര്‍, കുമ്പിടുകയും സാഷ്ടാംഗം നടത്തുകയും ചെയ്യുന്നവര്‍, സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന്‌ വിലക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിന്‍റെ അതിര്‍വരമ്പുകളെ കാത്തുസൂക്ഷിക്കുന്നവര്‍. (ഇങ്ങനെയുള്ള) സത്യവിശ്വാസികള്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക." [അദ്ധ്യായം 9 തൗബ 112]

"കപടവിശ്വാസികളും കപടവിശ്വാസിനികളും എല്ലാം ഒരേ തരക്കാരാകുന്നു. അവര്‍ ദുരാചാരം കല്‍പിക്കുകയും, സദാചാരത്തില്‍ നിന്ന്‌ വിലക്കുകയും, തങ്ങളുടെ കൈകള്‍ അവര്‍ പിന്‍വലിക്കുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവെ മറന്നു. അപ്പോള്‍ അവന്‍ അവരെയും മറന്നു. തീര്‍ച്ചയായും കപടവിശ്വാസികള്‍ തന്നെയാണ്‌ ധിക്കാരികള്‍." [അദ്ധ്യായം 9 തൗബ 67]

കടപ്പാട്‌ : മുജീബുറഹ്മാൻ കിനാലൂർ

ജനങ്ങളോട്‌ നല്ലതു പറയുക

"അല്ലാഹുവെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട് നിങ്ങളില്‍ കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ് ചെയ്തത്‌." [അദ്ധ്യായം 2 ബഖറ 83]

സ്രഷ്ടാവ്‌, മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ, അഗതികൾ, അനാഥകൾ എന്നിങ്ങനെ ക്രമപ്രകാരം കടമകൾ ആരോടൊക്കെ നിർവ്വഹിക്കണമെന്ന് പറഞ്ഞതിനു പിന്നാലെ ജനങ്ങളോട്‌ നല്ല വാക്ക്‌ പറയണമെന്നും പറഞ്ഞ ശേഷമാണ് ആരാധനാകർമ്മമായ നമസ്കാരത്തെക്കുറിച്ചും ദാനധർമ്മത്തെക്കുറിച്ചും അല്ലാഹു പരാമർശിക്കുന്നത്‌. ചീത്തയായ സംസാരങ്ങളും ചിന്തകളും ബന്ധങ്ങളിൽ വിള്ളൽ തീർക്കും. കളവ്‌ പറയുന്നത്‌ വിശ്വാസം നഷ്ടപ്പെടുത്തും.

✍കണിയാപുരം നാസറുദ്ദീൻ

മുസ്‌ലിംകളുടെ ദൗത്യമെന്ത്‌?

മുസ്ലിംകള്‍ എന്തിനു നിയുക്തരാക്കപ്പെട്ടു? അവരുടെ ദൌത്യമെന്ത്? അവരുടെ ഉത്തരവാദിത്വവും ബാധ്യതകളും എന്തെല്ലാം? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം അല്ലാഹു പറയുന്നു : "മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് വരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നും വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു." [അദ്ധ്യായം 3 ആലു ഇംറാൻ 110]

നബി (സ) പറഞ്ഞതായി അബൂസഈദുല്‍ ഖുദ്രി (റ) ഉദ്ധരിക്കുന്നു : "ആരെങ്കിലും ഒരു തിന്മ ചെയ്യുന്നതായി നിങ്ങള്‍ കണ്ടാല്‍ അത് കൈകൊണ്ട് തടയട്ടെ. അതിനു കഴിഞ്ഞില്ലെങ്കില്‍ നാവുകൊണ്ട്. അതുണ്ടായാല്‍ ഏറ്റവും ദുര്‍ബലമായ വിശ്വാസമെങ്കിലുമുണ്ട്." [മുസ്ലിം].

മുസ്ലിംകളോട് അവരുടെ ദൌത്യത്തെക്കുറിച്ചുണർത്തിയ നബി തിരുമേനിയെ അല്ലാഹു പരിചയപ്പെടുത്തുന്നു : "തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനിയല്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ്‌ നബി) പിന്‍പറ്റുന്നവര്‍ക്ക് (കാരുണ്യം രേഖപ്പെടുത്തുന്നതാണ്). അവരോടു അദ്ദേഹം സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നും അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് വിജയികള്‍."* [അദ്ധ്യായം 7 അഅ്റാഫ്‌ 157]

തങ്ങളുടെ ദൌത്യവും ഉത്തരവാദിത്വവും എന്താണെന്ന് രിബ്ഇയ്യിബിന്‍ ആമിര്‍ (റ) ഒരു സന്ദര്‍ഭത്തില്‍ പറയുകയുണ്ടായി : "മനുഷ്യരാശിയെ സൃഷ്ടികളെ ആരാധിക്കുന്നതില്‍ നിന്നും സൃഷ്ടാവിനെ മാത്രം ആരാധിക്കണമെന്നു പഠിപ്പിക്കാനും അവരെ ഐഹികജീവിതത്തിന്‍റെ ക്ലിഷ്ടതയില്‍ നിന്നും രക്ഷപ്പെടുത്തി അതിന്‍റെ വിശാലമായ സമൃദ്ധിയിലേക്ക് നയിക്കാനും  അല്ലാഹുവിനാല്‍ നിയോഗിക്കപ്പെട്ടവരാണ് ഞങ്ങള്‍." [നദറത്ത് മുഅ'മിനീന്‍ വാഇന്‍ ഇലല്‍ മദനിയ്യാതില്‍ മുആസിറ] .

ഉപരിസൂചിത ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും പ്രവാചക നിര്‍ദേശങ്ങളില്‍ നിന്നും ശിഷ്യഗണങ്ങളുടെ വ്യാഖ്യാനത്തില്‍ നിന്നും ഒരു മുസ്ലിമിന്‍റെ ജീവിത ദൌത്യമെന്തെന്നു വ്യക്തമായി. സ്വയം നല്ലവനായി ജീവിക്കുകയും മറ്റുള്ളവരെ നന്മയുടെ മാര്‍ഗത്തില്‍ ക്ഷണിക്കുകയും ചെയ്യുക.

✍എം എം നദ്‌വി

ശകുനവും നഹ്സും

ദിവസങ്ങൾ, മാസങ്ങൾ, പക്ഷിയുടെ ശബ്ദങ്ങൾ, പിശാചുക്കൾ എന്നിവയുടെ പേരിൽ ശിർക്കുപരമായ നിരവധി ഊഹാപോഹങ്ങൾ വെച്ചു പോറ്റുന്നവർ മുസ്‌ലിംകളിൽ അനവധിയുണ്ട്‌. സ്ത്രീകൾ മുതൽ ബുദ്ധിമാന്മാരായ പുരുഷന്മാർ വരെ ഇത്തരം മൗഢ്യവിശ്വാസങ്ങൾക്കിരയായിരിക്കുന്നു. ചില പ്രത്യേക ദിവസങ്ങൾക്കും മാസങ്ങൾക്കും അവർ നഹ്സ്‌ (അവലക്ഷണം) സങ്കൽപ്പിക്കുന്നു. പക്ഷികളുടെ ശബ്ദങ്ങൾ, മാസം മറഞ്ഞുകാണൽ, ഒരു സംഗതിക്ക്‌ വേണ്ടി പുറപ്പെടുമ്പോൾ വീണ്ടും തിരിച്ചു വരാൻ കാരണം ഉണ്ടാവൽ, എന്തെങ്കിലും ജീവികൾ എതിരെ സഞ്ചരിക്കൽ, കുട്ടികളൊ മറ്റോ വീണു അപകടം ഉണ്ടാവൽ മുതലായവ ശകുനവും അവലക്ഷണവുമായി അവർ കാണുന്നു.

അല്ലാഹു പറയുന്നു : "എന്നാല്‍ അവര്‍ക്കൊരു നന്‍മ വന്നാല്‍ അവര്‍ പറയുമായിരുന്നു : 'നമുക്ക് അര്‍ഹതയുള്ളത് തന്നെയാണിത്‌.' ഇനി അവര്‍ക്ക് വല്ല തിന്‍മയും ബാധിച്ചുവെങ്കിലോ 'അത് മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ്' എന്നാണവര്‍ പറഞ്ഞിരുന്നത്‌. അല്ല, അവരുടെ ശകുനം അല്ലാഹുവിന്‍റെ പക്കല്‍ തന്നെയാകുന്നു. പക്ഷെ അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല." [അദ്ധ്യായം 7 അഅ്റാഫ്‌ 131]. മനുഷ്യർക്ക്‌ എന്തെങ്കിലും തിന്മ സംഭവിക്കുന്നുണ്ടെങ്കിൽ അത്‌ കാലത്തിന്റേയോ മറ്റു ഏതെങ്കിലും വ്യക്തികളുടേയോ ദുശ്ശകുനം കൊണ്ടോ നഹ്സ്‌ കൊണ്ടോ സംഭവിക്കുന്നതല്ല. മറിച്ച്‌, അവന്റെ കർമ്മഫലമായി അല്ലാഹുവിൽ നിന്ന് സംഭവിക്കുന്നതാണ്. ഈ യാഥാർത്ഥ്യമാണ് അല്ലാഹു ഇവിടെ പറയുന്നത്‌.

അബുഹുറൈറ (റ) നിവേദനം : നബി (സ) അരുളി : "അല്ലാഹു പറയുന്നു : 'ആദമിന്റെ മക്കൾ എന്നെ ഉപദ്രവിക്കുന്നു. അവർ കാലത്തെ ശകാരിക്കുന്നു. ഞാനാണ് കാലം. രാപകലുകൾ മാറ്റി മറിക്കുന്നത്‌ ഞാനാണ്'." മറ്റൊരു നിവേദനത്തിൽ നബി (സ) ഇങ്ങനെ പറഞ്ഞു : "നിങ്ങൾ കാലത്തെ ശകാരിക്കരുത്‌. നിശ്ചയം കാലം അല്ലാഹുവാണ്." [ബുഖാരി, മുസ്‌ലിം]. അപ്പോൾ ഏതെങ്കിലും ദിവസങ്ങൾക്കും മാസങ്ങൾക്കും നഹ്സും ദുശ്ശകുനവും സങ്കൽപ്പിക്കൽ അല്ലാഹുവിനെ ശകാരിക്കലും അവനെ ഉപദ്രവിക്കലുമാണ്. ഒരു ദിവസത്തിനും ഒരു മാസത്തിനും യാതൊരുവിധ കുറവോ ന്യൂനതയോ നഹ്സോ ദുശ്ശകുനമോ ഇല്ല. ഇവയെല്ലാം ഏതെങ്കിലും മനുഷ്യന് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത്‌ അവന്റെ സ്വന്തം കർമ്മഫലമാണ്. അല്ലാതെ, മാസം കാരണമോ ദിവസം കാരണമോ സമയം കാരണമോ സംഭവിക്കുന്നതല്ല.

ഇബ്നു ഹജറുൽ ഹൈതമി (റ)യോട്‌ നഹ്സിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ : "നഹ്സിനെക്കുറിച്ചോ അതുമായി ബന്ധപ്പെട്ടവയെക്കുറിച്ചോ ആരെങ്കിലും ചോദിച്ചാൽ അവൻ ചെയ്യുന്നതിനെ വിഢ്ഡിത്തമാക്കിയും അവനിൽ നിന്ന് പിന്തിരിഞ്ഞും അതിന്റെ തിന്മ വ്യക്തമാക്കിയുമല്ലാതെ മറുപടി പറയുന്നതല്ല. തീർച്ചയായും അത്‌ ജൂതന്മാരുടെ സുന്നതാണ്. അല്ലാതെ, തങ്കളുടെ രക്ഷിതാവിൽ ഭരമേൽപ്പിക്കുന്ന മുസ്‌ലിംകളുടെ ചര്യയിൽ പെട്ടതല്ല." [ഫതാഫൽ ഹദീസിയ്യ].

✍ അബ്ദുസ്സലാം സുല്ലമി