ഏതു കാര്യത്തിലും മധ്യനിലവാരം പുലർത്തുക

"നിന്‍റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്‌. അത് (കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്‌. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും." [അദ്ധ്യായം 17 ഇസ്‌റാഅ് 29]

ഖുർആനിന്റെ അനുയായികൾ ഏതു വിഷയത്തിലും മധ്യനിലവാരം പുലർത്തുന്ന ഒരു സമൂഹമായിരിക്കണം. ഇരു കൈകളും തന്റെ പിരടിയിലേക്ക്‌ ബന്ധിക്കപ്പെട്ടവനെപ്പോലെ അവർ പിശുക്കരാവാൻ പാടില്ല. അതേപോലെ ചിലവു ചെയ്യുമ്പോൾ നല്ല കാര്യത്തിനാണെങ്കിൽ പോലും അമിതമായി ചിലവ്‌ ചെയ്യാനും പാടില്ല. തന്റെ നിലനിൽപ്പിനെ സംബന്ധിച്ചും ധാരണയുണ്ടായിരിക്കണം. അമിതവ്യയം ചെയ്താൽ ദാരിദ്ര്യം പിടികൂടും. അപ്പോൾ ജനങ്ങൾ അവനെ ആക്ഷേപിച്ചുകൊണ്ട്‌ പറയും 'അവൻ ധനമെല്ലാം ധൂർത്തടിച്ചു കളഞ്ഞു'വെന്ന്. തൽഫലമായി അവൻ തളർന്നുപോവുകയും വിഷമിക്കുകയും ചെയ്യേണ്ടി വരും.

എന്നാൽ ഇസ്‌ലാം കാര്യകാരണ ബന്ധത്തെ ആദരിക്കുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക്‌ മുൻഗണന നൽകേണ്ടതായ രംഗം വരുമ്പോൾ നാം അതിനു മുൻഗണന നൽകണം. അത്തരം സന്ദർഭങ്ങളിൽ സ്വന്തം നിലനിൽപ്പിനെക്കുറിച്ചുള്ള ഭയം പ്രതിബന്ധമാകുവാൻ പാടില്ല. യുദ്ധം പോലുള്ള മുസ്‌ലിംകളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന പ്രശ്നം വരുമ്പോൾ മുഴുവൻ ചിലവ്‌ ചെയ്യേണ്ടി വന്നാൽ മുഴുവനും ചിലവ്‌ ചെയ്യണം.

✍അബ്ദുസ്സലാം സുല്ലമി

കുഞ്ഞുങ്ങൾ അതിഥികൾ

അല്ലാഹുവിന്റെ വരദാനങ്ങളായ കുഞ്ഞുങ്ങള്‍ നിങ്ങളിലൂടെ നിങ്ങള്‍ക്ക് നല്‍കപ്പെട്ട അതിഥികള്‍ മാത്രമാണ്. ആതിഥേയന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട  മര്യാദകളും ബഹുമാനങ്ങളും നിങ്ങളുടെ കുഞ്ഞുങ്ങളും  അര്‍ഹിക്കുന്നു. നല്ല ഇണകളാകുക എന്നതാണ് നല്ല രക്ഷിതാക്കളാകുന്നതിന്റെ ആദ്യ പടി. കുട്ടികളെ ഉപമിച്ചു കൊല്ലുകയും നമുക്കാവശ്യമായ രൂപത്തിലേക്ക് മോള്‍ഡ് ചെയ്‌തെടുക്കുകയും ചെയ്യുക എന്നതിനപ്പുറം ഓരോ കുഞ്ഞിനും  അവരവരുടേതായ ഒരു ഭാഗധേയമുണ്ടെന്നു മനസ്സിലാക്കി ആ ഇടത്തില്‍ പരമാവധി അവര്‍ക്ക് ശോഭിക്കുവാന്‍ സാധിക്കുന്ന തരത്തില്‍ തന്റെ  കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുവാന്‍ ഓരോ രക്ഷിതാവിനും സാധ്യമാകണം.

അടിച്ചേല്‍പ്പിക്കുക എന്നതല്ല  അവരുടെ താല്‍പര്യത്തിനും അഭിരുചിക്കും ഇണങ്ങുന്ന തരത്തിലുള്ളത് തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന രീതിയിലുള്ള  അവസരങ്ങള്‍ അവര്‍ക്ക്  ലഭ്യമാക്കുകയും അവരവരുടേതായ കഴിവുകള്‍ വികസിപ്പിക്കാനുതകന്ന പരിശീലനങ്ങള്‍ നല്‍കുകയും വേണം. സ്‌നേഹവും സുരക്ഷിതത്വ  ബോധവും ഓരോ കുഞ്ഞിനും പരമാവധി അനുഭവിക്കാനും ആസ്വദിക്കാനും സാധിക്കണം. മണ്ണ് , മഴ തുടങ്ങി പ്രകൃതിയിലേക്കിറങ്ങി ചെന്നു കൊണ്ട് ബാല്യജീവിതം അനുഭവ സമ്പന്നമാക്കാന്‍ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍  അവസരങ്ങള്‍ ഒരുക്കേണ്ടതുണ്ട്. പ്രായത്തിനനുസരിച്ച ലൈംഗിക വിദ്യാഭ്യാസം രക്ഷിതാക്കളില്‍ നിന്നു തന്നെ പകര്‍ന്നു നല്‍കുന്നതില്‍ പിറകോട്ട് പോകാതിരിക്കാന്‍ ഓരോ രക്ഷിതാവും  ശ്രദ്ധിക്കണം.

നല്ല ശിക്ഷണത്തിലൂടെ വളര്‍ന്ന നല്ലവരായ മക്കളെക്കുറിച്ച്‌ റസൂല്‍(സ) പറഞ്ഞത്‌ നോക്കൂ: "ഒരാള്‍ മരണപ്പെടുന്നതോടെ അയാളുടെ സര്‍വ കര്‍മങ്ങളും നിലച്ചുപോകും; മൂന്നെണ്ണമൊഴികെ. നിലനില്‌ക്കുന്ന ദാനധര്‍മങ്ങള്‍, ഉപകാരപ്രദമായ വിജ്ഞാനം, പ്രാര്‍ഥിക്കുന്ന മക്കൾ." [ബുഖാരി]

"അന്ത്യനാളില്‍ ഒരാള്‍ വരും; അയാളുടെ കൂടെ പര്‍വതത്തോളം വലുപ്പമുള്ള സല്‍കര്‍മങ്ങള്‍ ഉണ്ടാകും. അതിശയത്തോടെ അയാള്‍ ചോദിക്കും: ഈ കര്‍മങ്ങള്‍ എങ്ങനെ എന്റെയൊപ്പമായി? അയാളോട്‌ പറയപ്പെടും: നിന്റെ മകന്‍ നിനക്കു വേണ്ടി പ്രാര്‍ഥിച്ചതിന്റെ ഫലമാണിത്‌.'' [ത്വബ്‌റാനി]

"നല്ലവനായ ഒരാള്‍ക്ക്‌ സ്വര്‍ഗലോകത്ത്‌ അല്ലാഹു പദവികള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കും. അപ്പോള്‍ അയാള്‍ ചോദിക്കും: 'നാഥാ, എന്തുകൊണ്ടാണ്‌ എനിക്കിങ്ങനെ അനുഗ്രഹങ്ങള്‍ വര്‍ധിക്കുന്നത്‌?' അല്ലാഹു മൊഴിയും: 'നിന്റെ മക്കള്‍ നിനക്കു വേണ്ടി പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നതുകൊണ്ട്‌.'' [ബുഖാരി]

കടപ്പാട്‌ : സി എ റസാക്ക് / പി എം എ ഗഫൂർ

സ്വർഗ്ഗം അല്ലാഹുവിന്റെ ഔദാര്യം

അബൂഹുറൈറ (റ) നിവേദനം : നബി (സ) പറഞ്ഞു : "ചെയ്യാൻ കഴിയുന്ന കർമ്മങ്ങൾ നിങ്ങൾ ചെയ്യുക. എന്നിട്ട്‌ നേർക്കുനേരെ ജീവിക്കുക. ഒരാളും തന്റെ സൽപ്രവൃത്തി കൊണ്ടുമാത്രം പരലോകത്ത്‌ രക്ഷപ്പെടുകയില്ല."

അപ്പോൾ സ്വഹാബികൾ ചോദിച്ചു : "പ്രവാചകരേ, അങ്ങും രക്ഷപ്പെടില്ലേ?"

അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു : "അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവും എന്നെ ആവരണം ചെയ്തിട്ടുണ്ടായിരുന്നില്ലെങ്കിൽ ഞാനും രക്ഷപ്പെടില്ലായിരുന്നു." [മുസ്‌ലിം]

മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക്‌ അവകാശപ്പെട്ടതിനേക്കാൾ മഹത്തമായതാണ് സ്വർഗ്ഗം. യഥാർത്ഥത്തിൽ മനുഷ്യരായ നാം അനുഷ്ഠിക്കുന്ന ആരാധനകൾ ഈ ലോകത്ത്‌ നമുക്ക്‌ ലഭിച്ച അനുഗ്രഹങ്ങൾക്ക്‌ നന്ദി കാണിക്കുവാൻ പോലും പര്യാപ്തമായതല്ല._

അബ്ദുസ്സലാം സുല്ലമി

ഫിർഔന്റെ പതനം

"ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തികൊണ്ടു പോയി. അപ്പോള്‍ ഫിര്‍ഔനും അവന്‍റെ സൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ പിന്തുടര്‍ന്നു. ഒടുവില്‍ മുങ്ങിമരിക്കാറായപ്പോള്‍ അവന്‍ പറഞ്ഞു: 'ഇസ്രായീല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന്‌ ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ (അവന്ന്‌) കീഴ്പെട്ടവരുടെ കൂട്ടത്തിലാകുന്നു.'

അല്ലാഹു അവനോട്‌ പറഞ്ഞു: 'മുമ്പൊക്കെ ധിക്കരിക്കുകയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട്‌ ഇപ്പോഴാണോ (നീ വിശ്വസിക്കുന്നത്‌ ?)എന്നാല്‍ നിന്‍റെ പുറകെ വരുന്നവര്‍ക്ക്‌ നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്‌.'

തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു."

അദ്ധ്യായം 10 യൂനുസ്‌ 90 - 92

പുകവലിയുടെ ഇസ്‌ലാമിക വിധി

ലോകം ഇന്ന്‌ അഭിമുഖീകരിക്കുന്ന മാരകമായ ഒരു ഭീഷണിയാണ്‌ വര്‍ധിച്ച്‌ വരുന്ന പുകയില ഉപയോഗം. പുകയില ഒരു മാരക രോഗകാരിയാണെന്നും അത്‌ പുകവലിക്കുന്നവനെ മാത്രമല്ല അവനോട്‌ സഹവസിക്കുന്നവന്റെയും ആരോഗ്യത്തെ ബാധിക്കുന്നുവെന്നും പഠനങ്ങളില്‍ സംശയഭേദമന്യേ തെളിയിക്കപ്പെടുകയുണ്ടായി.

ലോകാരോഗ്യ സംഘടനയുടെ ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍ വിഭാഗം പുകയിലയുടെ ഇസ്‌ലാമിക സമീപനത്തെ കുറിച്ച്‌ സമകാലിക പണ്ഡിതന്മാരായ ഡോ. നാസര്‍ ഫരീദ്‌ വാസില്‍, ഡോ. ഹാമിദ്‌ ജാമി, മുസ്‌തഫ മുഹമ്മദ്‌ അല്‍ഹദീദി അല്‍ തയ്യര്‍, യൂസുഫല്‍ ഖര്‍ദാവി എന്നിവരോട്‌ ആരായുകയുണ്ടായി. പുകയിലയുടെ ഉപയോഗം ഇസ്‌ലാമില്‍ നിഷിദ്ധമാണെന്ന ഇവരുടെ കാഴ്‌ചപ്പാട്‌ ഇസ്‌ലാമിക്‌ റൂളിംഗ്‌ ഓണ്‍ സ്‌മോക്കിംഗ്‌ എന്ന പേരില്‍ ലോകാരോഗ്യ സംഘടന പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഈ പണ്ഡിതന്മാരുടെ കാഴ്‌ചപ്പാടില്‍ പുകയില ഇസ്‌ലാമില്‍ നിഷിദ്ധമാകുന്നത്‌ താഴെ വിവരിക്കുന്ന കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്‌.

1). പുകയില ഉപയോഗം ആരോഗ്യത്തിന്‌ ഹാനികരവും മരണത്തിന്‌ തന്നെ കാരണമാവുകയും ചെയ്യുന്നു. ഇത്‌ പുകവലിക്കുന്നവന്റെയും അവനോട്‌ സഹവസിക്കുന്നവന്റെയും ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇസ്‌ലാം സ്വയം നശിക്കുന്നതിനെയും മറ്റുള്ളവരെ അപായപ്പെടുത്തുന്നതിനെയും നിരോധിച്ചിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``നിങ്ങള്‍ സ്വയം കൊല്ലരുത്‌, അല്ലാഹു നിങ്ങളോട്‌ കരുണയുള്ളവനാണ്‌ എന്ന്‌ അറിയുവിന്‍.'' (അന്നിസാഅ്‌ 29). ``സ്വന്തം കരങ്ങളാല്‍ തന്നെ നിങ്ങളെ ആപത്തില്‍ ചാടിക്കാതിരിക്കുവിന്‍''(അല്‍ബഖറ 195).

2). പുകയിലയുടെ ഉപയോഗം തീര്‍ച്ചയായും ദുര്‍വ്യയമാണ്‌. ഇസ്‌ലാം ശക്തമായി നിരോധിച്ച കാര്യമാണ്‌ ദുര്‍വ്യയം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``ദുര്‍വ്യയം അരുത്‌. തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ ചെകുത്താന്‍മാരുടെ സഹോദരങ്ങളാകുന്നു''(17 ഇസ്‌റാഅ്‌ 26,27),``ധൂര്‍ത്തടിക്കാതിരിക്കുവിന്‍, ധൂര്‍ത്തന്‍മാരെ അല്ലാഹു സ്‌നേഹിക്കുന്നില്ല.'' (അഅ്‌റാഫ്‌ 31). റസൂല്‍(സ) പറഞ്ഞു: ``ധൂര്‍ത്തന്‍മാരെ അല്ലാഹു ഇഷ്‌ടപ്പെടുന്നില്ല.'' (ബുഖാരി മുസ്‌ലിം)

3). പുകയില ലഹരിയും മനുഷ്യ ശരീരത്തെ ദുഷിപ്പിക്കുന്നതുമാണ്‌. അല്ലാഹു അത്തരം വസ്‌തുക്കളെ നിഷിദ്ധമാക്കിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``അവന്‍ അവര്‍ക്കായി ശുദ്ധ വസ്‌തുക്കള്‍ അനുവദിച്ചു കൊടുക്കുന്നു. അശുദ്ധ വസ്‌തുക്കളെ നിരോധിക്കുകയും ചെയ്യുന്നു.'' (അഅ്‌റാഫ്‌ 157). ഉമ്മുസല്‍മ(റ)യില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ റസൂല്‍(സ)ലഹരിയുണ്ടാക്കുന്നതും ആലസ്യമുണ്ടാക്കുന്നതുമായ വസ്‌തുക്കളെ നിരോധിച്ചതായിപരാമര്‍ശമുണ്ട്‌.

4). ഇസ്‌ലാം നല്ല വാസനയുടെ പ്രാധാന്യം എടുത്തു കാണിക്കുന്നുണ്ട്‌. പുകവലി ദുര്‍ഗന്ധമുണ്ടാക്കുന്നതും മറ്റുള്ളവരെ അലോസരപ്പെടുത്തുന്നതുമാണ്‌. റസൂല്‍(സ) പറഞ്ഞു: ``ആരെങ്കിലും വെളുത്തുള്ളിയോ ഉള്ളിയോ ഭക്ഷിച്ചാല്‍ നമ്മില്‍ നിന്നും അല്ലെങ്കില്‍ നമ്മുടെ പള്ളിയില്‍ നിന്നും അകന്നു നില്‍ക്കട്ടെ. അവന്‍ തന്റെ വീട്ടില്‍ തന്നെ ഇരുന്നുകൊള്ളട്ടെ.'' (മുസ്‌ലിം)

ഇസ്‌ലാം മദ്യം നിരോധിച്ചപ്പോള്‍ മദ്യം കുടിക്കുന്നതോടൊപ്പം ഉല്‍പാദിപ്പിക്കുന്നതും, കൊടുക്കുന്നതും, വില്‍ക്കുന്നതും നിരോധിച്ചതായി കാണാം. അങ്ങനെ നോക്കുകയാണെങ്കില്‍ പുകവലിക്കുന്നതു പോലെ തന്നെ പുകയില വില്‍ക്കുന്നതും, വാങ്ങുന്നതും ഉല്‌പാദിപ്പിക്കുന്നതും വില്‍പനയ്‌ക്ക്‌ കൂട്ടുനില്‍ക്കുന്നതുമെല്ലാം ഇസ്‌ലാമില്‍ അനുവദനീയമല്ലാതെ വരും.

സി. അനീസുര്‍റഹ്‌മാന്‍

ജീർണ്ണതകൾക്കെതിരെ ഒന്നിക്കുക

ആവര്‍ത്തിക്കപ്പെടുന്ന വന്‍ പാപങ്ങളില്‍ മുസ്‌ലിം സമുദായാംഗങ്ങളുടെ സാന്നിധ്യം കൂടിവരികയാണെന്നു തോന്നുന്നു. ചെറുപാപങ്ങളില്‍ നിന്നുപോലും അകന്നു നില്‌ക്കാന്‍ നിരന്തരം ഉപദേശിക്കപ്പെടുന്ന മുസ്‌ലിം സമൂഹത്തിനിടയിലും -ഒറ്റപ്പെട്ടതെങ്കിലും-വന്‍ പാപങ്ങള്‍ കടന്നുവരുന്നു. ഈ ലോകജീവിതം കഴിയുന്നേടത്തോളം `സുഖ സമൃദ്ധ'മായി കഴിഞ്ഞുകൂടണമെന്ന നിലപാടു മൂലമാണ്‌ പലരും ജീര്‍ണതകളുടെ മാര്‍ഗം അവലംബിക്കുന്നത്‌. എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്നതാണ്‌ ഈ നിലപാടിന്റെ മുഖമുദ്ര. ഫലത്തില്‍ ഇത്‌ പിശാചിന്റെ മാര്‍ഗത്തിലേക്കുള്ള കൂപ്പുകുത്തലാണെന്ന്‌ തിരിച്ചറിയുമ്പോഴേക്ക്‌ നേരം ഏറെ വൈകിയിരിക്കും.

മനുഷ്യസമൂഹത്തെ വിളിച്ചുകൊണ്ട്‌ സ്രഷ്‌ടാവായ അല്ലാഹു ഓര്‍മപ്പെടുത്തുന്നു :  "മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. പിതാവ്‌ തന്റെ സന്തതിക്കോ സന്തതികള്‍ പിതാവിനോ ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്‌ദാനം സത്യമാകുന്നു. അതിനാല്‍ ഐഹിക ജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ.'' [അദ്ധ്യായം 31 ലുഖ്മാൻ 33]

പൗരാണിക സമൂഹങ്ങള്‍ കൂട്ടനാശത്തിന്‌ ഹേതുവായ സാഹചര്യം ഖുര്‍ആന്‍ വിവരിക്കുന്നു: "ഏതെങ്കിലും ഒരു രാജ്യം നാം നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപന്മാര്‍ക്ക്‌ നാം ആജ്ഞകള്‍ നല്‌കും. എന്നാല്‍ അത്‌ വകവയ്‌ക്കാതെ അവര്‍ അവിടെ താന്തോന്നിത്തം നടത്തും. ശിക്ഷയെപ്പറ്റിയുള്ള വാക്ക്‌ അങ്ങനെ ആ രാജ്യത്തിന്റെ കാര്യത്തില്‍ സ്ഥിരപ്പെടുകയും നാം അതിനെ നിശ്ശേഷം തകര്‍ക്കുകയും ചെയ്യുന്നതാണ്‌." [അദ്ധ്യായം 17 ഇസ്‌റാഅ് 16]

ഓരോ നാട്ടിലും വിവിധ മുസ്‌ലിം സംഘടനകള്‍ ജീര്‍ണതകള്‍ക്കെതിരില്‍ പൊതുവായും വന്‍ പാപങ്ങള്‍ വ്യാപിക്കാനിടയാകുന്ന സാഹചര്യങ്ങള്‍ക്കെതിരില്‍ പ്രത്യേകിച്ചും കൂട്ടായ്‌മകള്‍ ഉണ്ടാക്കുകയും തിന്മക്കെതിരെ സക്രിയമായി ഇടപെടുകയും ചെയ്‌താല്‍ വലിയ മാറ്റങ്ങള്‍ സൃഷ്‌ടിക്കാനാവുമെന്നതില്‍ തര്‍ക്കമില്ല. നന്മയില്‍ പരസ്‌പരം സഹകരിക്കല്‍ എല്ലാവരുടെയും ബാധ്യതയാണല്ലോ. അല്ലാഹു പറയുന്നു : "പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു." [അദ്ധ്യായം 5 മാഇദ 2]

📖ശബാബ്‌ വാരിക

മറവിയുടെ സുജൂദ്‌

മറവിയുടെ സുജൂദിലെ പ്രാര്‍ത്ഥന

നമസ്കാരത്തില്‍ മറവി സംഭവിച്ചാല്‍ രണ്ട് സുജൂദ് ചെയ്യുവാന്‍ നബി (സ) കല്‍പ്പിച്ചിരിക്കുന്നു. ഈ സുജൂദില്‍ പ്രത്യേകമായി ഒരു പ്രാര്‍ത്ഥന ചൊല്ലുവാന്‍ നബി (സ) നമ്മോട് നിര്‍ദേശി ക്കുന്നില്ല. സാധാരണ സുജൂദില്‍ പ്രാര്‍ഥിക്കുന്ന പ്രാര്‍ത്ഥനയാണ് നാം മറവിയുടെ സുജൂദിലും പ്രാര്‍ഥിക്കേണ്ടത്. എന്നാല്‍ ചിലര്‍ ഈ സുജൂദില്‍ 'സുബ്ഹാന മിന്‍ ലാ യനാം വലാ യസ്ഹു' എന്ന് ചെല്ലുന്നത് കാണാം. തനിച്ച അനാചാരമാണിത്. യാതൊരു അടിസ്ഥാനവും ഈ പ്രാര്‍ത്ഥനക്കില്ല. ചിലര്‍ സന്ദര്‍ഭം നോക്കി നിര്‍മ്മിച്ചുണ്ടാക്കിയതാണിത്.

ഇബ്നു ഹജര്‍ (റ) എഴുതുന്നു : ഞാന്‍ പറയുന്നു, ഈ പ്രാര്‍ത്ഥനക്ക് യാതൊരു അടിസ്ഥാനവും ഞാന്‍ കാണുന്നില്ല. [തല്‍ഖീസ്‌]

ചിലര്‍ സന്ദര്‍ഭത്തിന് യോജിച്ചതാണെന്ന് ജല്‍പ്പിച്ചാണ് ഇത് ഉദ്ധരിക്കുന്നത്. തുഹ്ഫയില്‍ സന്ദര്‍ഭത്തിന് യോജിച്ചതാണെന്ന വാദത്തെയും ഖണ്ഡിക്കുന്നു. ഇസ്തിഗ്ഫാറാണ് ഇവിടെ യോജിച്ചതെന്നാണ് തുഹ്ഫയില്‍ പറയുന്നത്. [ഐആനത്ത്]

ഇമാം നവവി (റ) എഴുതുന്നു : മറവിയുടെ സുജൂദ് നമസ്കാരത്തിലെ സുജൂദ് പോലെതന്നെയാണ്. [തുഹ്ഫ]. ഇതിനെ ഇബ്നു ഹജര്‍ വ്യാഖ്യാനിക്കുന്നത് കാണുക : അതിലെ പ്രാര്‍ത്ഥനകള്‍ പോലെ. [തുഹ്ഫ].

ശറഹുല്‍ മുഹദ്ദബില്‍ ഇമാം നവവി (റ) എഴുതുന്നു : മറവിയുടെ രണ്ട് സുജൂദിന്‍റെ രൂപവും അതിലെ പ്രാര്‍ത്ഥനയും നമസ്കാരത്തിലെ സുജൂദുകള്‍ പോലെതന്നെയാണ്. [ശറഹുല്‍ മുഹദ്ദബ്]

✍അബ്ദുസ്സലാം സുല്ലമി

മുഹർറം നോമ്പ്‌

മുഹര്‍റം പത്തിലെ വ്രതം ഹദീസ്‌ കൊണ്ട്‌ സ്ഥിരപ്പെട്ടതാണ്‌. ആദ്യകാലം മുതല്‍ക്കു തന്നെ നബി(സ) ഈ നോമ്പ്‌ നോറ്റിരുന്നു. മദീനയില്‍ വന്നപ്പോള്‍ നിര്‍ബന്ധ സ്വരത്തിലല്ലാതെ നബി(സ) ആ വ്രതം അനുഷ്‌ഠിക്കാന്‍ അനുചരരെ പ്രേരിപ്പിച്ചു. മുഹര്‍റം ഒമ്പതിലെ നോമ്പിനെ സംബന്ധിച്ചും നബി(സ)യുടെ നിര്‍ദേശം വന്നിട്ടുണ്ട്‌.

ആഇശ(റ) പറയുന്നു: "ആശൂറാഅ്‌ നോമ്പ്‌ നോല്‍ക്കാന്‍ നബി കല്‌പിക്കാറുണ്ടായിരുന്നു. റമദാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ ഇഷ്‌ടമുള്ളവര്‍ വ്രതമെടുക്കുകയും ഇഷ്‌ടമുള്ളവര്‍ ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു.'' (ബുഖാരി)

ആഇശ(റ) പറയുന്നു: "ആശൂറാഅ്‌ ദിവസം അജ്ഞാനകാലത്ത്‌ ഖുറൈശികള്‍ നോമ്പെടുക്കാറുണ്ടായിരുന്നു. റസൂലും(സ) അന്ന്‌ നോമ്പനുഷ്‌ഠിക്കാറുണ്ടായിരുന്നു. മദീനയില്‍ വന്നപ്പോള്‍ തിരുമേനി ആ ദിവസം നോമ്പെടുക്കുകയും ജനങ്ങളോട്‌ നോമ്പെടുക്കാന്‍ കല്‌പിക്കുകയും ചെയ്‌തു. പിന്നീട്‌ റമദാന്‍ വ്രതം നിര്‍ബന്ധമാക്കിയപ്പോള്‍ ആശൂറാഅ്‌ വ്രതം ഉപേക്ഷിച്ചു. ഇഷ്‌ടമുള്ളവര്‍ നോല്‍ക്കുകയും ഇഷ്‌ടമുള്ളവര്‍ ഉപേക്ഷിക്കുകയും ചെയ്‌തു.'' (ബുഖാരി)

ഇബ്‌നുഅബ്ബാസ്‌(റ) പറയുന്നു : "നബി(സ) മദീനയില്‍ വന്നപ്പോള്‍ ജൂതന്മാര്‍ ആശൂറാഅ്‌ നോമ്പ്‌ നോല്‍ക്കുന്നതായി കണ്ടു. അവിടുന്ന്‌ ചോദിച്ചു: 'ഇതെന്താണ്‌?' അവര്‍ പറഞ്ഞു: 'ഇത്‌ നല്ലൊരു ദിവസമാണ്‌. മൂസാനബിയെയും ഇസ്‌റാഈല്യരെയും അല്ലാഹു ശത്രുക്കളില്‍ നിന്ന്‌ രക്ഷിച്ച ദിനമാണിത്‌. അങ്ങനെ, മൂസാ നബി (അ) അന്ന്‌ നോമ്പെടുക്കുകയുണ്ടായി.' അപ്പോള്‍ നബി(സ) പറഞ്ഞു : 'മൂസായോട്‌ നിങ്ങളെക്കാള്‍ ബന്ധമുള്ളവന്‍ ഞാനാണ്‌'. തുടര്‍ന്ന്‌ തിരുമേനി ആ ദിവസത്തില്‍ നോമ്പെടുക്കുകയും നോമ്പെടുക്കാന്‍ കല്‌പിക്കുകയും ചെയ്‌തു.'' (ബുഖാരി)

അബൂഹുറയ്‌റ(റ) പറയുന്നു : നബി (സ)യോട്‌ ഒരാള്‍ ചോദിച്ചു : "നിര്‍ബന്ധ നമസ്‌കാരം കഴിഞ്ഞാല്‍ ഏറ്റവും പുണ്യമുള്ള നമസ്‌കാരമേതാണ്‌?"

തിരുമേനി പറഞ്ഞു: "രാത്രിയിലെ നമസ്‌കാരം." വീണ്ടും ചോദിച്ചു: "റമദാന്‍ കഴിഞ്ഞാല്‍ ഏറ്റവും പുണ്യമുള്ള വ്രതമേതാണ്‌?"

അപ്പോൾ നബി (സ) ഇങ്ങനെ മറുപടി നൽകി : "നിങ്ങള്‍ മുഹര്‍റം എന്ന്‌ വിളിക്കുന്ന അല്ലാഹുവിന്റെ മാസത്തെ നോമ്പ്‌''. (അഹ്‌മദ്‌, മുസ്‌ലിം, അബൂദാവൂദ്‌)

ഇബ്‌നുഅബ്ബാസ്‌ പറയുന്നു: നബി(സ) ആശൂറാഅ്‌ ദിവസം നോമ്പനുഷ്‌ഠിക്കുകയും അന്ന്‌ നോമ്പെടുക്കാന്‍ കല്‌പിക്കുകയും ചെയ്‌തു. സ്വഹാബിമാര്‍ പറഞ്ഞു: "അല്ലാഹുവിന്റെ പ്രവാചകരേ, ജൂതന്മാരും ക്രിസ്‌ത്യാനികളും ആദരിക്കുന്ന ദിവസമാണല്ലോ അത്‌." അവിടുന്ന്‌ പ്രതിവചിച്ചു:  "അടുത്ത വര്‍ഷമായാല്‍ ഇന്‍ശാഅല്ലാഹ്‌ നാം ഒമ്പതിന്‌ (താസൂആഅ്‌) നോമ്പനുഷ്‌ഠിക്കുന്നതാണ്‌." പക്ഷേ, അടുത്തവര്‍ഷം വരുന്നതിന്‌ മുമ്പായി തിരുമേനി (സ) അന്തരിച്ചു. (മുസ്‌ലിം)

നബി(സ) പറഞ്ഞു: "അടുത്തവര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഒമ്പതിന്‌ വ്രതമെടുക്കും.'' (മുസ്‌ലിം)

📖 ശബാബ്