അദ്ധ്യായം 109 കാഫിറൂൻ

🔸അദ്ധ്യായം 109 കാഫിറൂൻ🔸

(നബിയേ) പറയുക: അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.

നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.

▶ഒരു വിശ്വാസി തന്റെ വിശ്വാസപരവും ആരാധനാപരവുമായ വ്യക്തിരിക്തത നിലനിർത്തേണ്ടവനാണ്. ഏകദൈവത്തിനെതിരായ ഒരു ആരാധനാരീതിയും അവൻ സ്വീകരിക്കാവുന്നതല്ല. എന്നാൽ ബഹുദൈവവിശ്വാസികൾക്ക്‌ അവരുടെ മതവും ആരാധനാരീതിയും തുടരാനുള്ള സ്വാതന്ത്യം ഇസ്‌ലാം നിഷേധിക്കുന്നില്ല.

©ഡോ: മുഹമ്മദ്‌ ബിൻ സുലൈമാൻ അൽ അഷ്ക്കർ

തിന്മയെ തടുക്കുന്ന കവചം

(നബിയേ,) വേദഗ്രന്ഥത്തില്‍ നിന്നും നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതികേള്‍പിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു. [അദ്ധ്യായം 29 അൻ കബൂത്ത്‌ 45]

ഖുർആൻ നിരന്തരമായി അർത്ഥസഹിതം പാരായണം ചെയ്തുകൊണ്ടിരിക്കണം. നമസ്കാരം മതപരമാക്കിയതിന്റെ ഒരു ലക്ഷ്യം തിന്മയെ തടുക്കലാണ്. തിന്മ നിറഞ്ഞ ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്‌. ഒരു യുദ്ധക്കളമാണിത്‌. തിന്മയെ തടുക്കുവാൻ ഒരു ഉരുക്കുകവചം ആവശ്യമാണ്. നമസ്കാരമാണ് ആ കവചം.

© അബ്ദുസ്സലാം സുല്ലമി

ശരീരത്തോട്‌ ബാധ്യതയുണ്ട്‌

അംറുബ്നു ആസ്‌ (റ) ഉറക്കം ഉപേക്ഷിച്ച്‌ രാത്രി മുഴുവൻ ആരാധനയിൽ മുഴുകുമെന്ന് പ്രഖ്യാപിച്ചപ്പോൾ നബി (സ) അദ്ദേഹത്തിനു നൽകിയ ഉപദേശം ഇങ്ങനെ :

"നീ ഉറങ്ങുക. ശേഷം എഴുനേറ്റ്‌ ആരാധിക്കുക. തീർച്ചയായും നിന്റെ ശരീരത്തോട്‌ നിനക്ക്‌ ബാധ്യതയുണ്ട്‌. അതുപോലെ നിന്റെ ഇരു നേത്രങ്ങളോടും നിനക്ക്‌ ബാധ്യതയുണ്ട്‌."

ബുഖാരി, മുസ്‌ലിം

അല്ലാഹുവിനു വേണ്ടിയുള്ള സ്നേഹം

അബൂ ഹൂറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു :

"തീർച്ചയായും അന്ത്യദിനത്തിൽ അല്ലാഹു പറയും : 'എന്നെ മാനിച്ച് കൊണ്ട് പരസ്പരം സ്‌നേഹിച്ചവർ എവിടെ? എന്റെ തണലല്ലാത്ത വേറൊരു തണലുമില്ലാത്ത ഈ ദിവസം ഞാൻ അവർക്ക് എന്റെ തണലിട്ടുകെടുക്കുന്നതാണ്'."

മുസ്‌ലിം

തെറ്റുകൾ പരസ്യപ്പെടുത്തുന്നവർ

അബൂഹുറൈറ (റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി :

"എന്റെ സമുദായത്തിലെ എല്ലാവരുടേയും തെറ്റുകൾ അല്ലാഹു മാപ്പ് ചെയ്യും. പക്ഷെ, പരസ്യമായി തെറ്റുചെയ്യുന്നവൻ അതിൽപ്പെടുകയില്ല. ഒരു മനുഷ്യൻ രാത്രി ഒരു ദുഷ്‌കൃത്യം ചെയ്യുന്നു. പ്രഭാതമാകുമ്പോൾ, 'എടോ ഞാൻ ഇന്നലെ രാത്രി ഇന്നിന്നതെല്ലാം ചെയ്തു' എന്ന് മറ്റുള്ളവനോട് പറയുന്നു. ഈ നടപടി പരസ്യമായി തെറ്റുചെയ്യുന്നതിൽ ഉൾപ്പെട്ടതാണ്. വാസ്തവത്തിൽ തന്റെ രക്ഷിതാവ് ഇവന്റെ തെറ്റുകൾ മൂടിവെച്ചിരിക്കുകയായിരുന്നു. പ്രഭാതമായപ്പോൾ ഇവൻ തന്നെ അത് പരസ്യമാക്കുകയും അല്ലാഹുവിന്റെ മറ നീക്കിക്കളയുകയും ചെയ്തു."

ബുഖാരി, മുസ്‌ലിം

മുന്നേറുന്നവർ ആർ?

"അവര്‍ വിചാരിക്കുന്നുണ്ടോ; സ്വത്തും സന്താനങ്ങളും നല്‍കി നാം അവരെ സഹായിച്ചു കൊണ്ടിരിക്കുന്നത്‌ നാം അവര്‍ക്ക് നന്‍മകള്‍ നല്‍കാന്‍ ധൃതി കാണിക്കുന്നതാണെന്ന് ? അവര്‍ (യാഥാര്‍ത്ഥ്യം) ഗ്രഹിക്കുന്നില്ല.

തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവര്‍,  തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും,  തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേര്‍ക്കാത്തവരും, രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും ആരോ, അവരത്രെ നന്‍മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും." [അദ്ധ്യായം 23 മുഅ്മിനൂൻ 55 - 61]

ദുർമ്മാർഗ്ഗികൾക്ക്‌ അല്ലാഹു ഭൗതിക ജീവിതത്തിൽ ധനം, സന്താനം, ആരോഗ്യം, അധികാരം തുടങ്ങിയ അനുഗ്രഹങ്ങൾ നൽകുന്നതാണ്. ഇതു കാണുമ്പോൾ അവരും മറ്റുള്ളവരും സത്യം അവരുടെ ഭാഗത്താണെന്ന് വിചാരിക്കുന്നു. എന്നാൽ ആ വിചാരം അടിസ്ഥാനരഹിതമാണെന്നും അവയെല്ലാം വെറും പരീക്ഷണങ്ങളാണെന്നും അല്ലാഹു മനുഷ്യരെ ബോധ്യപ്പെടുത്തുകയാണിവിടെ.

നന്മകളിൽ മുൻ കടക്കുവാൻ ഉദ്ദേശിക്കുന്ന മനുഷ്യർ മേൽ പ്രസ്താവിച്ച ഗുണങ്ങൾ വളർത്തിക്കൊണ്ട്‌ വരാൻ ശ്രമിക്കുകയാണ് ചെയ്യേണ്ടത്‌. അല്ലാതെ ധനവും മക്കളും ഉപയോഗിച്ചുകൊണ്ട്‌ ഭൗതിക ജീവിതം ഭദ്രമാക്കുകയല്ല വേണ്ടത്‌. മേൽ ഗുണങ്ങൾ ഉള്ളവരാണ് വിജയികൾ. അവർക്കാണ് അല്ലാഹു നന്മകൾ ചെയ്തു കൊടുക്കുന്നത്‌.

© അബ്ദുസ്സലാം സുല്ലമി

നരകവാസികളുടെ കുറ്റസമ്മതം

"ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിന് പണയപ്പെട്ടവനാകുന്നു. വലതുപക്ഷക്കാരൊഴികെ. ചില സ്വര്‍ഗത്തോപ്പുകളിലായിരിക്കും അവര്‍. അവര്‍ അന്വേഷിക്കും; കുറ്റവാളികളെപ്പറ്റി. 'നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തിന്നാണെന്ന്‌'?

അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: 'ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല. ഞങ്ങള്‍ അഗതിക്ക് ആഹാരം നല്‍കുമായിരുന്നില്ല. തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു. പ്രതിഫലത്തിന്‍റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു. അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങള്‍ക്ക് വന്നെത്തി'." [അദ്ധ്യായം 74 മുദ്ദസ്സിർ 38 - 47]

മനുഷ്യർ, തങ്ങൾ ചെയ്യുന്ന നന്മതിന്മകൾക്ക്‌ ഒരു പണയവസ്തു പോലെ ബന്ധിപ്പിക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ വലതുപക്ഷക്കാർ തങ്ങൾ ചെയ്ത തിന്മകളിൽ നിന്ന് തൗബ കൊണ്ടും പുണ്യകർമ്മങ്ങൾ കൊണ്ടും അവരുടെ ശരീരത്തെ മോചിപ്പിച്ചിരിക്കുകയാണ്.

അല്ലാഹുവിന്റെ മുന്നിൽ മനുഷ്യർ പ്രകടിപ്പിക്കുന്ന വിനയഭാവവും കീഴ്‌വണക്കവും നമസ്കാരത്തിലാണ് കൂടുതൽ പ്രകടമാക്കുന്നത്‌. അതിനാലാണ് കുറ്റവാളികൾ ആദ്യമായി നമസ്കാരത്തെ എടുത്ത്‌ പറയുന്നത്‌. ദാനധർമ്മത്തിന്റെ പ്രാധാന്യവും സൂക്തം വ്യക്തമാക്കുന്നു. തങ്ങൾ ഹജ്ജ്‌ ചെയ്തിരുന്നില്ല അല്ലെങ്കിൽ നോമ്പ്‌ നോറ്റിരുന്നില്ല എന്നൊന്നുമല്ല കുറ്റവാളികൾ രണ്ടാമതു പറയുന്നത്‌. മറിച്ച്‌ ദരിദ്രന്മാരേയും അഗതികളേയും ഞങ്ങൾ ഭക്ഷിപ്പിച്ചില്ല, അവരുടെ കണ്ണുനീർ ഒപ്പിയില്ല എന്നാണ് പറയുന്നത്‌. എന്നിട്ടുപോലും രണ്ടും  മൂന്നും ഹജ്ജിനും ഉംറക്കും പോകുന്ന മനുഷ്യർ പാവപ്പെട്ടവനു ഒരു നൂറു രൂപ കൊടുക്കാൻ പോലും ഇന്ന് മടി കാണിക്കുന്നു.

✍അബ്ദുസ്സലാം സുല്ലമി

അയൽവാസി എന്തു പറയും?

ഒരാള്‍ പ്രവാചകനോടിപ്രകാരം ചോദിച്ചു: `അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ നല്ലയാളാണോ ചീത്തയാളാണോ എന്ന്‌ എങ്ങനെയാണ്‌ എനിക്ക്‌ മനസ്സിലാക്കാന്‍ കഴിയുക?' അപ്പോള്‍ നബി(സ) പറഞ്ഞു:

"നീ നല്ല വ്യക്തിയാണെന്ന്‌ നിന്റെ അയല്‍വാസികള്‍ പറയുന്നത്‌ കേട്ടാല്‍ നീ നല്ലയാളാണെന്ന്‌ മനസ്സിലാക്കിക്കൊള്ളുക. നിന്റെ അയല്‍വാസികള്‍ നീ ചീത്ത വ്യക്തിയാണെന്ന്‌ പറയുന്നത്‌ കേട്ടാല്‍ നീ ചീത്തയാളാണെന്നും മനസ്സിലാക്കിക്കൊള്ളുക".

(ഇബ്‌നുമാജ)

പരിഹാസം അപരാധം

"സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്‌. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്‌) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍." [അദ്ധ്യായം 49 ഹുജുറാത്‌ 11]

വ്യക്തികൾക്കിടയിലും സമൂഹങ്ങൾക്കിടയിലും ഭിന്നതയും ശത്രുതയും ഉണ്ടാകുവാൻ കാരണമാക്കുന്ന നിസ്സാര വിഷയങ്ങൾ വരെ അല്ലാഹു ഇവിടെ വിരോധിക്കുന്നു. ജനവിഭാഗം എന്ന് പറഞ്ഞതിൽ മഹത്തായ തത്വം ദർശ്ശിക്കാം. അതായത്‌ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ പരിഹസിച്ചാൽ ഉണ്ടാവുന്നതിനേക്കാൾ വലിയ അപകടമാണ് ഒരു രാഷ്ട്രം അല്ലെങ്കിൽ ഒരു ജാതി മറ്റൊരു രാഷ്ട്രത്തേയോ ജാതിയേയോ പരിഹസിച്ചാൽ ഉണ്ടാവുക. നിങ്ങൾ അന്യോന്യം എന്ന പ്രയോഗം മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടേ സന്താനങ്ങളാണെന്ന തത്വത്തിലേക്ക്‌ വിരൽ ചൂണ്ടുന്നു.

അതുപോലെ ഒരാൾ തൃപ്തിപ്പെടാത്തതും മറ്റുള്ളവർ നൽകിയതുമായ പേരുകൾ വിളിക്കുവാനും പാടില്ല. ആ പേർ വിളിച്ചാലെ തിരിച്ചറിയൂ എന്ന നിർബന്ധിതാവസ്ഥയുണ്ടെങ്കിൽ അവ ഉപയോഗിക്കുന്നതിനു വിരോധമില്ല. അഭിമുഖമായി ഒരു സന്ദർഭത്തിലും അവർ വെറുക്കുന്ന പേരാണെങ്കിൽ വിളിക്കാൻ പാടില്ല.

✍അബ്ദുസ്സലാം സുല്ലമി

അന്ധമായ അനുസരണം ആപത്ത്‌

"തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ ശാശ്വതവാസികളായിരിക്കും. യാതൊരു രക്ഷാധികാരിയെയും സഹായിയെയും അവര്‍ കണ്ടെത്തുകയില്ല.

അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: 'ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!' അവര്‍ പറയും: 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്‌. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ ശാപം ഏല്‍പിക്കുകയും ചെയ്യണമേ' (എന്നും അവര്‍ പറയും.)"  [അദ്ധ്യായം 33 അഹ്സാബ്‌ 64 - 68]

നേതാക്കന്മാരേയും മഹാന്മാരേയും പണ്ഡിതന്മാരേയുമൊന്നും അന്ധമായി അനുകരിക്കാനോ നിരുപാധികം അനുസരിക്കാനോ പാടില്ല. നീതിയിലും സത്യത്തിലും മാത്രമേ അവരെ അനുസരിക്കേണ്ടതുള്ളൂ. സാധാരണക്കാരെ വഴിതെറ്റിക്കുന്നത്‌ മിക്കസന്ദർഭങ്ങളിലും ഈ വിഭാഗക്കാരാണ്. അല്ലാഹു ആരേയും വഴി തെറ്റിക്കുന്നില്ല. അവൻ മനുഷ്യനെ നിർബന്ധിതരായ നിലക്ക്‌ നന്മയിലോ തിന്മയിലോ നയിക്കുന്നുമില്ല. അതിനാൽ നരകപ്രവേശനത്തിനുള്ള കാരണം അല്ലാഹുവിന്റെ വിധിയല്ല. മറിച്ച്‌ മനുഷ്യരുടെ നിഷേധമാണ് കാരണമെന്ന് പരലോകത്ത്‌ വെച്ച്‌ മനുഷ്യൻ സമ്മതിക്കുന്ന രംഗമാണ് മേൽ സൂക്തങ്ങളിൽ നിന്ന് വ്യക്തമാവുന്നത്‌.

© അബ്ദുസ്സലാം സുല്ലമി

ദ്രോഹിച്ചവനും മാപ്പ്‌ നൽകുക

"നിങ്ങള്‍ ഒരു നല്ല കാര്യം രഹസ്യമായോ പരസ്യമായോ ചെയ്യുകയാണെങ്കില്‍, അഥവാ, ഒരു ദുഷ്പ്രവൃത്തി മാപ്പ് ചെയ്ത് കൊടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും സര്‍വ്വശക്തനുമാകുന്നു." [അദ്ധ്യായം 4 നിസാഅ് 149]

പുണ്യകർമ്മം മറ്റുള്ളവർക്ക്‌ പ്രചോദനം എന്ന നിലക്ക്‌ വെളിവാക്കുന്നതിന് വിരോധമില്ല. എന്നാൽ ലോകരെ കാണിക്കുക എന്ന ഉദ്ദേശമായാൽ അത്‌ ഗോപ്യമായ ശിർക്കിന്റെ ഗണത്തിൽ പെടും. അതുപോലെ ഒരാൾ നമ്മെ ഉപദ്രവിച്ചാൽ പ്രതികാരം ചെയ്യാതെ മാപ്പ്‌ കൊടുത്താൽ അല്ലാഹു നമുക്കും നമ്മുടെ തെറ്റുകൾക്ക്‌ മാപ്പ്‌ നൽകും.

© അബ്ദുസ്സലാം സുല്ലമി

ഏറ്റവും ശ്രേഷ്ഠൻ

അബൂസഈദ്(റ) നിവേദനം:

"പ്രവാചകരേ! മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠന്‍ ആരാ"ണെന്ന് അവിടുന്നു ചോദിക്കപ്പെട്ടു. നബി(സ) അരുളി: "തന്റെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ധർമ്മസമരം ചെയ്യുന്ന വിശ്വാസി."

ശേഷം ആരാണെന്ന് വീണ്ടും ചോദിച്ചു. നബി(സ) പ്രത്യുത്തരം നല്‍കി : "ഏതെങ്കിലുമൊരു മലഞ്ചെരുവില്‍ ആണെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ടും മനുഷ്യരെ ഉപദ്രവിക്കുന്നതു വര്‍ജ്ജിച്ചുകൊണ്ടും ജീവിക്കുന്നവന്‍."

[ബുഖാരി]

വിമർശ്ശന വിധേയമാവുന്നവർ

"ഐശ്വര്യമുള്ളവരായിരിക്കെ (ഒഴിഞ്ഞു നില്‍ക്കാന്‍) നിന്നോട് സമ്മതം തേടുകയും, ഒഴിഞ്ഞിരിക്കുന്ന സ്ത്രീകളുടെ കൂട്ടത്തില്‍ ആയിരിക്കുന്നതില്‍ തൃപ്തി അടയുകയും ചെയ്ത വിഭാഗത്തിനെതിരില്‍ മാത്രമാണ് (വിമർശിക്കുവാൻ) മാര്‍ഗമുള്ളത്‌. അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്രവെക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ (കാര്യം) മനസ്സിലാക്കുന്നില്ല." [അദ്ധ്യായം 9 തൗബ 93]

ഇസ്‌ലാമിന്റെ ഒരു അടിസ്ഥാന തത്വം  ഈ സൂക്തം വ്യക്തമാക്കുന്നു. അതായത്‌, കഴിവും സാധ്യതയും ഉണ്ടായിട്ടും വീഴ്ച വരുത്തുന്നവരാണ് വിമർശനത്തിനു വിധേയരാവുന്നത്‌. അല്ലാഹു നിരപരാധികളുടെ ഹൃദയത്തിന് മുദ്രവെക്കുകയില്ലെന്നും ഇവിടെ വ്യക്തമാക്കുന്നു. ശുദ്ധ ഹൃദയത്തോട്‌ കൂടിയാണ് അല്ലാഹു സർവ്വ മനുഷ്യരേയും സൃഷ്‌ട്ടിക്കുന്നത്‌ എന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തം. അല്ലാഹുവിന്റെ സൃഷ്ടിപ്പ്‌ സത്യം ഗ്രഹിക്കുന്നതിന് തടസ്സമായാൽ അവൻ മനുഷ്യരെ ശിക്ഷിക്കുകയില്ല. ഭ്രാന്തന്മാർക്ക്‌ അതുകൊണ്ടാണ് ശിക്ഷയില്ലാത്തത്‌.

✍അബ്ദുസ്സലാം സുല്ലമി

പരീക്ഷണം ഉണ്ടാവുകതന്നെ ചെയ്യും

ഇസ്‌ലാമികാദര്‍ശ പ്രകാരം പരീക്ഷണം എന്നത് വളരെ അത്യന്താപേക്ഷിതമായ സംഗതിയാണ്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കുന്ന വിശ്വാസിയുടെ ഹൃദയം പരീക്ഷണഘട്ടത്തില്‍ പുഞ്ചിരിക്കുന്നു. സമാധാനം കൈവരിക്കുന്നു. അറബിയില്‍ പരീക്ഷണത്തിന് ഇബ്തിലാഅ് എന്നാണ് പറയുക. അക്രമികള്‍ക്ക് പരീക്ഷണം ഒരു ശിക്ഷയാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിനെക്കുറിച്ച ബോധവും ഭയഭക്തിയും സൂക്ഷ്മതയും ഈമാനും അങ്കുരിപ്പിച്ച് പരലോകത്ത് ഉന്നതവിജയം പ്രാപ്തമാക്കാനുള്ള മാര്‍ഗമാണ് പരീക്ഷണം. അല്ലാഹു പറയുന്നു : "കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക." [അദ്ധ്യായം 2 ബഖറ 155].

നബിതിരുമേനി(സ) പറഞ്ഞു : "അല്ലാഹു ആര്‍ക്കെങ്കിലും നന്‍മ വരുത്താന്‍ ആഗ്രഹിച്ചാല്‍ അയാളെ പരീക്ഷണങ്ങളിലകപ്പെടുത്തുന്നു." (ബുഖാരി). "ക്ഷീണമോ, രോഗമോ, ദുഃഖമോ,സങ്കടമോ,വേദനയോ, കാലില്‍മുള്ളുകൊണ്ടതിന്റെ താല്‍ക്കാലികവിഷമമോ ഒരു മുസ്‌ലിമിന് വന്നണയുന്നത് അതിനുപകരമായി പാപം നീക്കംചെയ്തുകൊണ്ടു മാത്രമാണ്." (ബുഖാരി). "സത്യവിശ്വാസിക്ക് തന്റെ ശരീരത്തിലും സന്താനങ്ങളിലും സമ്പത്തിലും പരീക്ഷണമുണ്ടായിക്കൊണ്ടിരിക്കും. അവസാനം അവന്‍ പാപരഹിതനായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും." (തിര്‍മിദി)

കടപ്പാട്‌ : കെ എം ഫൈസി
voiceofislah.com

ആടിക്കളിക്കുന്നവർക്ക്‌ നഷ്ടം

"ഒരു വക്കിലിരുന്നുകൊണ്ട് അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്‌. അവന്ന് വല്ല ഗുണവും വന്നെത്തുന്ന പക്ഷം അതില്‍ അവന്‍ സമാധാനമടഞ്ഞു കൊള്ളും. അവന്ന് വല്ല പരീക്ഷണവും നേരിട്ടാലോ, അവന്‍ അവന്‍റെ പാട്ടിലേക്കുതന്നെ മറിഞ്ഞു കളയുന്നതാണ്‌. ഇഹലോകവും പരലോകവും അവന്ന് നഷ്ടപ്പെട്ടു. അതു തന്നെയാണ് വ്യക്തമായ നഷ്ടം." [അദ്ധ്യായം 22 ഹജ്ജ്‌ 11]

മതത്തിൽ അടിയുറപ്പും വിശ്വാസത്തിൽ സ്ഥിരതയുമില്ലാതെ അല്ലാഹുവിനു ഇബാദത്ത്‌ ചെയ്യുന്ന ചിലരെക്കുറിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്‌. ഇവരുടെ വിശ്വാസവും ആരാധനകളുമെല്ലാം അപ്പപ്പോൾ തങ്ങൾക്കുണ്ടായിക്കൊണ്ടിരിക്കുന്ന പരിതസ്ഥിതികൾക്കനുസരിച്ച്‌ മാറിക്കൊണ്ടിരിക്കും. മതത്തിന്റെ ഉള്ളിലേക്കോ മദ്ധ്യത്തിലേക്കോ അവർ പ്രവേശിക്കുന്നില്ല. നേരേമറിച്ച്‌ അതിന്റെ പുറവക്കിൽ ആടിക്കളിച്ചു കൊണ്ടിരിക്കുകയായിരിക്കും. സുഖസന്തോഷങ്ങളും സൗകര്യങ്ങളുമാണ് അവർക്ക്‌ കൈവരുന്നതെങ്കിൽ അവർ സംതൃപ്തരായി സമാധാനമടയും. തങ്ങളുടെ വിശ്വാസത്തിന്റേയും നടപടിയുടേയും ഗുണഗണങ്ങളെപ്പറ്റി ഒരുപക്ഷേ അവർ ആത്മപ്രശംസ നടത്തുകയും ചെയ്യും. ശാരീരികമോ മാനസികമോ ധനപരമോ ആയ വല്ല ദോഷങ്ങളും അവരെ ബാധിച്ചാൽ അവരുടെ നില പെട്ടെന്ന് അവതാളത്തിലാകുന്നു. അങ്ങനെ അവർ അവിശ്വാസത്തിലേക്കും ദുർന്നടപ്പിലേക്കും വഴുതിപ്പോവുകയും ചെയ്യും. അതേവരെ തങ്ങൾ ആചരിച്ചിരുന്ന നടപടികളെ പഴിക്കുകയും ചെയ്തേക്കും. ചുരുക്കിപ്പറഞ്ഞാൽ അങ്ങോട്ടുമിങ്ങോട്ടും ആടിക്കളിച്ചു കൊണ്ടിരിക്കുന്നവരാണവർ. ഇത്തരക്കാർക്ക്‌ ഇഹത്തിലും പരത്തിലും നഷ്ടമായിരിക്കും സംഭവിക്കുക.

✍അമാനി മൗലവി

നീതിക്ക്‌ വേണ്ടി നിലകൊള്ളുക

സ്നേഹവും വെറുപ്പും ഒരുപോലെ അനീതിക്ക്‌ പ്രേരകമാകാറുണ്ട്‌. സ്നേഹം പലരേയും സ്വജനപക്ഷപാതത്തിലേക്ക്‌ നയിക്കുന്നു. പലരും ബന്ധുമിത്രാതികളെ പരിധിവിട്ട്‌ സഹായിക്കുന്നു. അവർക്ക്‌ അർഹതയില്ലാത്തത്‌ അവർക്ക്‌ ലഭ്യമാക്കാൻ വേണ്ടി ശ്രമിക്കുന്നു. ഭരണാധികാരികളിലും ഉദ്യോഗസ്ഥരിലും  ഇത്‌ ഏറെ പ്രകടമാണ്. വെറുപ്പും ശത്രുതയുമുള്ളവരോട്‌ അനീതി കാണിക്കുന്നതിൽ തെറ്റില്ലെന്നാണ് മിക്കവരും കരുതുന്നത്‌. എന്നാൽ ഇസ്‌ലാം അതിനെ വിലക്കുന്നു. അല്ലാഹു പറയുന്നു : "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു." [അദ്ധ്യായം 5 മാഇദ 8]

നീതിക്ക്‌ വിരുദ്ധമായ നിലപാട്‌ സ്വീകരിക്കാൻ വേണ്ടി പ്രകോപനമോ പ്രലോഭനമോ ഉണ്ടായാലും വിശ്വാസികൾ വഴങ്ങാൻ പാടില്ല. അല്ലാഹുവാണ് ജനങ്ങളെ വിവിധ അവസ്ഥകളിലാക്കുന്നത്‌. അവരുടെ പ്രശ്നങ്ങൾ ഏറ്റവും അറിയുന്നവനും അവരെ ഏതു വിധത്തിലും സഹായിക്കാനും ശിക്ഷിക്കാനും കഴിയുന്നവനുമാണ് അല്ലാഹു. അതിനാൽ അല്ലാഹുവിന്റെ വിധിവിലക്കുകൾ മറികടന്ന് ആരേയും സഹായിക്കുന്നതിന്ന് ന്യായമില്ല.

✍ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനി

ചീത്തയായവ പരസ്യമാക്കരുത്‌

"ചീത്തവാക്ക് പരസ്യമാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല. ദ്രോഹിക്കപ്പെട്ടവന്ന് ഒഴികെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു." [അദ്ധ്യായം 4 നിസാഅ് 148]

വ്യക്തിപരമായ ന്യൂനതകൾ അന്വേഷിച്ച്‌ മനസ്സിലാക്കി അത്‌ വാക്കിലൂടെയും പത്രങ്ങളിലൂടെയും പരസ്യമാക്കുന്നതിൽ ചില മനുഷ്യർ സന്തോഷം കണ്ടെത്തുന്നത്‌ കാണാം. ചില അവസരങ്ങളിൽ ഇസ്‌ലാം ഇത്‌ അനുവദിക്കുന്നു.

1. ദ്രോഹിക്കപ്പെടുന്ന അവസരത്തിൽ. അത്തരം സന്ദർഭങ്ങളിൽ ദ്രോഹിക്കപ്പെട്ടവർക്ക്‌ നീതി കിട്ടുന്നതിനു വേണ്ടി ദ്രോഹിച്ചവരെക്കുറിച്ച്‌ പരസ്യപ്പെടുത്താം.

2. ഒരാളെ പരിചയപ്പെടുത്തുന്ന വേളയിൽ. അത്തരം സന്ദർഭങ്ങളിൽ അയാളുടെ തിന്മയിൽ മറ്റുള്ളവർ പെട്ടുപോവാതിരിക്കാൻ അയാളുടെ ന്യൂനതകൾ വെളിപ്പെടുത്താവുന്നതാണ്.

✍അബ്ദുസ്സലാം സുല്ലമി

മൂന്ന് സന്ദർഭങ്ങൾ

പരലോകം അഥവാ മഹ്ശറിലെ വിചാരണ!! അന്ന് മൂല്യം നഷ്ടപ്പെട്ട അമലിന്റെ കെട്ടുകളുമായിട്ട്‌ മനുഷ്യൻ നെട്ടോട്ടമോടുന്ന ദുരവസ്ഥ എത്ര പരിതാപകരമായിരിക്കും! ആ വിചാരണയെക്കുറിച്ച്‌ അല്ലാഹു ഖുർആനിൽ പലയിടങ്ങളിലായി നമ്മെ ഓർമ്മപ്പെടുത്തുന്നു.

"നന്‍മയായും തിന്‍മയായും താന്‍ പ്രവര്‍ത്തിച്ച ഓരോ കാര്യവും (തന്‍റെ മുമ്പില്‍) ഹാജരാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന ദിവസത്തെക്കുറിച്ച് (ഓര്‍ക്കുക) . തന്‍റെയും അതിന്‍റെ (ദുഷ്പ്രവൃത്തിയുടെ)യും ഇടയില്‍ വലിയ ദൂരമുണ്ടായിരുന്നെങ്കില്‍ എന്ന് ഓരോ വ്യക്തിയും അന്ന് കൊതിച്ചു പോകും. അല്ലാഹു തന്നെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹു (തന്‍റെ) ദാസന്‍മാരോട് വളരെ ദയയുള്ളവനാകുന്നു." [അദ്ധ്യായം 3 ആലു ഇംറാൻ 30]

നബി (സ) പറഞ്ഞു : "മൂന്ന് സന്ദർഭങ്ങളിൽ ഒരാളും മറ്റൊരാളെക്കുറിച്ച്‌ ഓർക്കുകയില്ല.

1. നന്മതിന്മകൾ തൂക്കുന്ന തുലാസിനടുത്ത്‌ വെച്ച്‌. ആ സമയം തന്റെ തുലാസിൽ തൂങ്ങുന്നത്‌ നന്മയാണൊ തിന്മയാണൊ എന്ന ആശങ്കയിലായിരിക്കും അയാൾ.

2. കർമ്മപുസ്തകങ്ങൾ കയ്യിൽ കിട്ടുമ്പോൾ.  വലതു കയ്യിലാണൊ ഇടതു കയ്യിലാണൊ അത്‌ കിട്ടുക എന്നതായിരിക്കും അവന്റെ ഭയം.

3. നരകത്തിന്ന് അഭിമുഖമായ പാലം കടന്നു പോകേണ്ടി വരുമ്പോൾ." [അബൂദാവൂദ്‌]

അന്ന് ഓരോ വ്യക്തിയുടേയും കണ്മുമ്പിൽ സ്വന്തം കർമ്മങ്ങളും അവയുടെ ധാർമ്മിക ഫലങ്ങളും സുവ്യക്തമാകും. സൽകർമ്മങ്ങൾക്ക്‌ സൽഫലം. ദുഷ്കർമ്മങ്ങൾക്ക്‌ ദുഷ്ഫലം. അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ജീവിതത്തിലുണ്ടായിരിക്കേണ്ട ജാഗ്രത; അതേ സമയം അല്ലാഹുവിന്റെ ദയാദാക്ഷിണ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ. ഇവ സ്വീകരിച്ച്‌ സ്വർഗ്ഗസ്ഥാനത്തിന്ന് അർഹനാവുക. ഇവയെ ധിക്കരിച്ച്‌ നരകശിക്ഷ ഏറ്റുവാങ്ങാതിരിക്കുക.

© എ ജമീല ടീച്ചർ

സഹായം അടുത്തുണ്ട്‌

അല്ലാഹുവിന്റെ സഹായത്തെ സംബന്ധിച്ചും സത്യവിശ്വാസികൾക്കുള്ള രക്ഷയേയും വിജയത്തേയും സംബന്ധിച്ചും അല്ലാഹുവിന്റെ വാഗ്ദാനവും സന്തോഷവാർത്തയും ഖുർആനിന്റെ വരികൾക്കിടയിലൂടെ കാണാൻ കഴിയും. "വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയായിരിക്കുന്നു." [അദ്ധ്യായം 30 റൂം 47]. "നമ്മുടെ മേലുള്ള ഒരു ബാധ്യത എന്ന നിലയില്‍ നാം വിശ്വാസികളെ രക്ഷപ്പെടുത്തുന്നു." [അദ്ധ്യായം 10 യൂനുസ്‌ 103]. "വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു." [അദ്ധ്യായം 2 ബഖറ 257] തുടങ്ങിയ വചനങ്ങൾ അവയിൽ ചിലതാണ്.

പ്രവാചകനും വിശ്വാസികളും ഒന്നടങ്കം ഭയവിഹ്വലരായി എപ്പോഴാണ് അല്ലാഹുവിന്റെ സഹായം ലഭിക്കുകയെന്ന് വ്യാകുലപ്പെട്ട സന്ദർഭത്തിൽ അല്ലാഹു അറിയിക്കുന്നത്‌ ഇങ്ങനെയാണ് : "അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ (വിശ്വാസികള്‍) ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്‌." [അദ്ധ്യായം 2 ബഖറ 214].

മേൽ സൂചിപ്പിച്ച വചനങ്ങളിലെല്ലാം അല്ലാഹുവിന്റെ കടമയും കർത്തവ്യവുമാണ് സത്യവിശ്വാസികളെ സഹായിക്കൽ എന്നുണർത്തിയതിനു പുറമേ അതെന്നെന്നും നിർവ്വഹിക്കപ്പെടുന്നൊരു കരാറായി നിലകൊള്ളുകയും ചെയ്യുന്നു.

✍അബ്ദുൽ അലി മദനി