മുന്നേറുന്നവർ ആർ?

"അവര്‍ വിചാരിക്കുന്നുണ്ടോ; സ്വത്തും സന്താനങ്ങളും നല്‍കി നാം അവരെ സഹായിച്ചു കൊണ്ടിരിക്കുന്നത്‌ നാം അവര്‍ക്ക് നന്‍മകള്‍ നല്‍കാന്‍ ധൃതി കാണിക്കുന്നതാണെന്ന് ? അവര്‍ (യാഥാര്‍ത്ഥ്യം) ഗ്രഹിക്കുന്നില്ല.

തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവര്‍,  തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും,  തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേര്‍ക്കാത്തവരും, രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും ആരോ, അവരത്രെ നന്‍മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും." [അദ്ധ്യായം 23 മുഅ്മിനൂൻ 55 - 61]

ദുർമ്മാർഗ്ഗികൾക്ക്‌ അല്ലാഹു ഭൗതിക ജീവിതത്തിൽ ധനം, സന്താനം, ആരോഗ്യം, അധികാരം തുടങ്ങിയ അനുഗ്രഹങ്ങൾ നൽകുന്നതാണ്. ഇതു കാണുമ്പോൾ അവരും മറ്റുള്ളവരും സത്യം അവരുടെ ഭാഗത്താണെന്ന് വിചാരിക്കുന്നു. എന്നാൽ ആ വിചാരം അടിസ്ഥാനരഹിതമാണെന്നും അവയെല്ലാം വെറും പരീക്ഷണങ്ങളാണെന്നും അല്ലാഹു മനുഷ്യരെ ബോധ്യപ്പെടുത്തുകയാണിവിടെ.

നന്മകളിൽ മുൻ കടക്കുവാൻ ഉദ്ദേശിക്കുന്ന മനുഷ്യർ മേൽ പ്രസ്താവിച്ച ഗുണങ്ങൾ വളർത്തിക്കൊണ്ട്‌ വരാൻ ശ്രമിക്കുകയാണ് ചെയ്യേണ്ടത്‌. അല്ലാതെ ധനവും മക്കളും ഉപയോഗിച്ചുകൊണ്ട്‌ ഭൗതിക ജീവിതം ഭദ്രമാക്കുകയല്ല വേണ്ടത്‌. മേൽ ഗുണങ്ങൾ ഉള്ളവരാണ് വിജയികൾ. അവർക്കാണ് അല്ലാഹു നന്മകൾ ചെയ്തു കൊടുക്കുന്നത്‌.

© അബ്ദുസ്സലാം സുല്ലമി