വിശ്വാസവും തിന്മയും ഒന്നിച്ചു പോകില്ല

വിശ്വാസിയായിരിക്കുകയും തിന്മയിൽ ജീവിക്കുകയും ചെയ്യാനാവില്ല. നന്മയാണ് വിശ്വാസിയുടെ മുദ്ര. നബി (സ)യുടെ ഒരു വചനം കൊണ്ട്‌ ഈ ആശയം സംഗ്രഹിക്കാം.

നബി (സ) പറഞ്ഞു : "വ്യഭിചാരി വിശാസിയായിക്കൊണ്ട്‌ വ്യഭിചരിക്കുകയില്ല. മോഷ്ടാവ്‌ വിശ്വാസിയായിക്കൊണ്ട്‌ മോഷ്ടിക്കുകയില്ല. മദ്യപാനി വിശ്വാസിയായിക്കൊണ്ട്‌ മദ്യപിക്കുകയില്ല. ജനങ്ങളുടെ ദൃഷ്ടിയിൽ വെച്ച്‌ കവർച്ച നടത്തുന്ന വ്യക്തി വിശ്വാസിയായിക്കൊണ്ട്‌ ആ കവർച്ച നടത്തുകയില്ല. നിങ്ങളിലൊരാൾ വഞ്ചന കാണിക്കുന്നുവെങ്കിൽ വിശ്വാസിയായിക്കൊണ്ട്‌ വഞ്ചന കാണിക്കുകയില്ല. നിങ്ങൾ നിങ്ങളുടെ കാര്യത്തിൽ ജാഗ്രതയുള്ളവരാവുക. സൂക്ഷ്മതയുള്ളവരാവുക." [ബുഖാരി, മുസ്‌ ലിം]

✍പി എം എ ഗഫൂർ

പ്രാർത്ഥനയുള്ളതെല്ലാം ആരാധന

പ്രാര്‍ഥനയുള്ളതെല്ലാം ആരാധനയാണ്‌. അഭൗതിക മാര്‍ഗത്തിലൂടെ ഗുണം പ്രതീക്ഷിക്കുന്നതെല്ലാം പ്രാര്‍ഥന ഉള്‍ക്കൊള്ളുന്നുണ്ട്‌. രോഗം മാറാനും കുഞ്ഞിനെ ലഭിക്കാനും വൈദ്യസഹായം തേടുന്നത്‌ ആരാധനയാകുന്നില്ല. കാരണം ഇവിടെ അല്ലാഹു ഭൂമിയില്‍ സംവിധാനിച്ച ചില ക്രമങ്ങള്‍ ഉപയോഗപ്പെടുത്തി ഭൗതികമായ കാര്യകാരണ ബന്ധത്തിലൂടെ ഗുണം പ്രതീക്ഷിക്കുക മാത്രമാണ്‌. എന്നാല്‍ രോഗശമനത്തിനായി അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുന്നതും ഔലിയാക്കളെ സമീപിക്കുന്നതും പിശാച്‌ സേവ നടത്തുന്നതും ഒരുപോലെ ആരാധനയാണ്‌. അല്ലാഹുവിനോടുള്ള പ്രാര്‍ഥന തൗഹീദാകുമ്പോള്‍ ബാക്കി രണ്ടും ശിര്‍ക്കാണ്‌. കാരണം ഇവിടെ രോഗശമനം എന്ന ഗുണം പ്രതീക്ഷിക്കുന്നത്‌ മറഞ്ഞ മാര്‍ഗത്തിലൂടെയാണ്‌. അല്ലാഹുവും ഔലിയാക്കളും പിശാചും അദൃശ്യമാര്‍ഗത്തിലൂടെ നമ്മുടെ രോഗം ഭേദമാക്കുമെന്ന വിശ്വാസമാണ്‌ ഇവിടെ പ്രാര്‍ഥനയും ആരാധനയുമാകുന്നത്‌.ഈ പ്രാര്‍ഥന അല്ലാഹുവിനോട്‌ മാത്രമേ പാടുള്ളു.

അല്ലാഹു പറയുന്നു : "അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ചു പ്രാര്‍ഥിക്കുകയും ചെയ്യരുത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല" [അദ്ധ്യായം 18 ഖസസ്‌ 88]

"ആകയാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ വിളിച്ചു പ്രാര്‍ഥിക്കരുത്‌. എങ്കില്‍ നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും" [അദ്ധ്യായം 26 ശുഅറാ 213]

"പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ഥിക്കരുത്‌." [അദ്ധ്യായം 72 ജിന്ന് 18]

"നബിയേ, പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു തേടുകയുള്ളൂ. അവനോട്‌ യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല" [അദ്ധ്യായം 72 ജിന്ന് 20].

✍മുർശിദ്‌ പാലത്ത്‌

നിഷേധികളുടെ പര്യവസാനം

"നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് കളഞ്ഞവരാകട്ടെ, അവരറിയാത്ത വിധത്തില്‍ അവരെ നാം പടിപടിയായി പിടികൂടുന്നതാണ്‌. അവര്‍ക്കു ഞാന്‍ ഇടകൊടുക്കുകയും ചെയ്യും. തീര്‍ച്ചയായും എന്‍റെ തന്ത്രം സുശക്തമാണ്‌." [അദ്ധ്യായം 7 അഅ്റാഫ്‌ 182,183]

🔹അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ വകവെക്കാതെ നിഷേധിച്ചു തള്ളിക്കളയുന്നവരുടെ മേൽ ഉടനടി നടപടിയെടുക്കാതെ, സുഖസൗകര്യങ്ങൾ നൽകി ആദ്യം അവരെ അല്ലാഹു അയച്ചുവിടും. പിന്നീട്‌ ഓർക്കാപ്പുറത്ത്‌ അവരെ പിടിച്ചു ശിക്ഷിക്കുകയും ചെയ്യും. അല്ലാഹുവിന്റെ തന്ത്രം ഒരുകാലത്തും പരാജയപ്പെടാത്തവിധം ശക്തിമത്താകുന്നു.

✍അമാനി മൗലവി

അതിരുകവിയലോ അത്യാചാരങ്ങളോ പാടില്ല

പാലിച്ചാല്‍ പുണ്യമുള്ള, പാലിച്ചില്ലെങ്കിലും പരലോകത്ത് ശിക്ഷയൊന്നുമില്ലാത്ത സുന്നത്തായ കാര്യങ്ങളെ ഫറളാക്കുക, അതേപോലെ വര്‍ജിക്കുകയാണുത്തമം എന്ന് മാത്രം കണക്കാക്കപ്പെട്ടിട്ടുള്ളവയെ 'ഹറാം' എന്ന ഗണത്തില്‍ പെടുത്തുക ഒക്കെ, സ്രഷ്ടാവായ ദൈവം മനുഷ്യന് അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തെ ഹനിക്കലാണ്. അത് അല്ലാഹുവിന്റെ മാത്രമായ അധികാരത്തില്‍ കൈകടത്തലുമാണ്. വന്‍ കുറ്റമാണിത്. നാവിന്‍തുമ്പത്ത് വരുന്നതിനനുസൃതം ഹറാമും ഹലാലുമാക്കരുത്. 'നിനക്ക് അല്ലാഹു ഹലാലാക്കിയതെന്തിന് നീ ഹറാമാക്കുന്നു' തുടങ്ങിയ താക്കീതുകള്‍ തന്നെ ഖുര്‍ആനിലുണ്ട് (66:1, 16:116).

പ്രസ്തുത കാര്യം ഗൗരവത്തിലെടുക്കാതെ ഒരു വിഷയത്തില്‍ 'ഫത്‌വ' പുറപ്പെടുവിക്കുന്നവര്‍, ദൈവത്തിന്റെ മേല്‍ കളവ് കെട്ടി പറയുക എന്ന വന്‍ പാപമാണ് ചെയ്യുന്നത്. ഉദാഹരണത്തിന്, താടിവളര്‍ത്തല്‍ മതത്തില്‍ നിര്‍ബന്ധവും വടിച്ചുകളയല്‍ ഹറാമാണെന്ന് സമര്‍ഥിക്കുന്ന ചില പണ്ഡിതന്മാര്‍ ഈ അടുത്ത കാലത്തായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചില പണ്ഡിതന്മാരങ്ങിനെയാണ്. ചെറിയ കാര്യമായാലും വലിയ കാര്യങ്ങളായാലും വിശ്വാസി സമൂഹത്തിന് പ്രതീക്ഷ നല്‍കുന്നതിലല്ലാ അവര്‍ ശ്രദ്ധിക്കുന്നത്, മറിച്ച് അവര്‍ക്ക് കൂടുതല്‍ താല്പര്യം താക്കീതുകള്‍ നല്കി ആളുകളെ ഭയപ്പെടുത്തുന്നതിലാണ്. തെറ്റുകള്‍ ധാരാളമായി പൊറുക്കുകയും കരുണ കാണിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന മതമായിട്ടല്ലാ, മറിച്ച് താടിക്കാര്യം പോലുള്ളവ പോലും ഗൗരവമായെടുത്ത് മനുഷ്യരെ ശിക്ഷിക്കാന്‍ തക്കം പാത്തിരിക്കുന്നവനായ അല്ലാഹുവിനെയാണ് ഇവര്‍ ആളുകള്‍ക്ക് പരിചയപ്പെടുത്തുന്നത്. ഇങ്ങനെയൊക്കെ പറഞ്ഞാലേ ആളുകള്‍ കൂടുതല്‍ സൂക്ഷ്മതയും ഭയഭക്തിയുള്ളവരുമാവൂ എന്നാണീ പണ്ഡിതന്മാരുടെ ധാരണ. 

എന്നാല്‍ മുഹമ്മദ്‌ നബി(സ)യുടെ ജീവിതത്തില്‍ ഇത്തരം തീവ്രസമീപനങ്ങള്‍ കാണാന്‍ കഴിയില്ല. അതിരുകവിയലോ, അത്യാചാരങ്ങളോ പാടില്ലെന്നാണ്‌ മതം പഠിപ്പിക്കുന്നത്‌. വേദക്കാരെ വിളിച്ചുകൊണ്ട്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നു: "വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌.'' (4:171). 'തീവ്രവാദികള്‍ നശിച്ചിരിക്കുന്നു'വെന്ന്‌ മുഹമ്മദ്‌ നബി(സ) മൂന്നുതവണ ആവര്‍ത്തിച്ചുപറഞ്ഞതില്‍ നിന്ന്‌ ഇതിന്റെ ഗൗരവം നമുക്ക്‌ ഉള്‍ക്കൊള്ളാനാവണം.

തീവ്രവാദത്തിന്റെ വേരുകള്‍ക്ക്‌ പ്രവാചകന്മാരുടെ കാലത്തോളം പഴക്കമുള്ളതായി കാണാം. ആരാധനാരംഗത്ത്‌ കൂടുതല്‍ സജീവമാകണമെന്ന്‌ തീരുമാനിച്ചുറച്ച്‌ പ്രതിജ്ഞയെടുത്ത്‌ മടങ്ങിയ സ്വഹാബികളോട്‌ തീവ്രവാദം ആരാധനയില്‍ പോലും പാടില്ലെന്ന്‌ പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍. ബ്രഹ്‌മചര്യം ഇസ്‌ലാമികമല്ലെന്നും ഉസ്‌മാനുബ്‌നു മദ്‌ഊനിനോടുള്ള ഉപദേശത്തിലൂടെ പഠിപ്പിക്കുകയുണ്ടായി. പ്രകൃതിക്കിണങ്ങുന്ന അതിരുകവിയാത്ത ജീവിതരീതി പിന്‍പറ്റാന്‍ അവിടുന്ന്‌ ഉണര്‍ത്തി. നിലനിര്‍ത്തിപ്പോകാവുന്ന തരത്തിലുള്ള ഒരു മധ്യമ മാര്‍ഗമാണ്‌ മതം പഠിപ്പിക്കുന്നത്‌. "അപ്രകാരം നാം നിങ്ങളെ ഒരു മധ്യമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കാനും റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കാനും വേണ്ടി.'' (വി.ഖു 2:143)

By എം ഖാലിദ് നിലമ്പൂര്‍ & ജംഷിദ്‌ നരിക്കുനി

ഉൽബോധനം മറന്നാൽ

"അവരെയും അല്ലാഹുവിന് പുറമെ അവര്‍ ആരാധിക്കുന്നവയെയും അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) എന്നിട്ടവന്‍ (ആരാധ്യരോട്‌) പറയും : 'എന്‍റെ ഈ ദാസന്‍മാരെ നിങ്ങള്‍ വഴിപിഴപ്പിച്ചതാണോ അതല്ല അവര്‍ തന്നെ വഴിതെറ്റിപ്പോയതാണോ?' അവര്‍ (ആരാധ്യര്‍) പറയും: 'നീ എത്ര പരിശുദ്ധന്‍! നിനക്ക് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിക്കുക എന്നത് ഞങ്ങള്‍ക്ക് യോജിച്ചതല്ല. പക്ഷെ, അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും നീ സൌഖ്യം നല്‍കി. അങ്ങനെ അവര്‍ ഉല്‍ബോധനം മറന്നുകളയുകയും, നശിച്ച ഒരു ജനതയായിത്തീരുകയും ചെയ്തു.' അപ്പോള്‍ ബഹുദൈവാരാധകരോട് അല്ലാഹു പറയും: 'നിങ്ങള്‍ പറയുന്നതില്‍ അവര്‍ നിങ്ങളെ നിഷേധിച്ചു തള്ളിക്കഴിഞ്ഞിരിക്കുന്നു. ഇനി (ശിക്ഷ) തിരിച്ചുവിടാനോ വല്ല സഹായവും നേടാനോ നിങ്ങള്‍ക്ക് സാധിക്കുന്നതല്ല. അതിനാല്‍ (മനുഷ്യരേ,) നിങ്ങളില്‍ നിന്ന് അക്രമം ചെയ്തവരാരോ അവന്ന് നാം ഗുരുതരമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്‌'." [അദ്ധ്യായം 25 ഫുർഖാൻ 17 - 19]

🔹അതെ, അല്ലാഹുവിന്റെ ഉദ്ബോധനം മനുഷ്യർ മറക്കുക തന്നെചെയ്തു. ആ മറതിക്കാവശ്യമായ എല്ലാ പ്രോൽസാഹനങ്ങളും പുരോഹിതന്മാർ അവർക്ക്‌ നൽകുകയും ചെയ്തു. സത്യം മറന്നുകൊണ്ട്‌ ഏകദൈവ വിശ്വാസത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന തരത്തിലുള്ള വിശ്വാസവുമായി നടന്നാൽ മനുഷ്യനു ഒരിക്കലും വിജയസാധ്യതയില്ല. സാധാരണക്കാരൻ വിഡ്ഢിവേഷം കെട്ടിക്കുന്നവനെ അനുകരിച്ച്‌ കൂടുതൽ വിഡ്ഢിയാവുകയാണ്. ഏതു മനുഷ്യനും അല്ലാഹു ബുദ്ധി നൽകിയിട്ടുണ്ട്‌. അതിൽ പണ്ഡിത പാമര വ്യത്യാസമില്ല. ബുദ്ധിയുപയോഗിച്ച്‌ കാര്യങ്ങൾ മനസ്സിലാക്കാതെ തന്റെ തലച്ചോർ ഒരു വിഭാഗം ആളുകൾക്ക്‌ പണയം വെച്ചാൽ സാധാരണക്കാരനും രക്ഷപ്പെടാനാവില്ല. ഞങ്ങൾക്കൊന്നുമറിയില്ല എന്ന് പറഞ്ഞ്‌ പാവത്താൻ ചമഞ്ഞതുകൊണ്ട്‌ പരലോകത്ത്‌ ഒരു കാര്യവുമില്ല.

By അബ്ദുൽ മജീദ്‌

സത്യവിശ്വാസി ഒരു കുടലിലേ കുടിക്കൂ

നബി (സ) പറഞ്ഞു : "നിങ്ങൾ ആഹരിക്കുക, പാനം ചെയ്യുക, വസ്ത്രം ധരിക്കുക പക്ഷേ അതിരുകവിഞ്ഞോ അഹങ്കരിച്ചോ ആവരുത്‌ " [ത്വബ്‌റാനി]. ആവർത്തിച്ചു ഭക്ഷണം കഴിച്ച പത്നി ആയിശ (റ)യോട്‌ നബി (സ) ഒരിക്കൽ ചോദിച്ചത്‌ ഇപ്രകാരമായിരുന്നു : "ഓ ആയിശാ, വയറിന്റേതല്ലാത്ത മറ്റു കാര്യങ്ങളിൽ വ്യാപൃതയാവുന്നത്‌ നിനക്കിഷ്ടമല്ലേ?".

ഒരു സത്യനിഷേധി ഒരു രാത്രി നബി (സ) യുടെ അഥിതിയായെത്തി. നബി അദ്ദേഹത്തിന്ന് ഒരാടിനെ കറന്ന് പാൽ നൽകി. മതിവരാതെ വന്നപ്പോൾ മറ്റൊന്നിനെക്കൂടി കറന്നു നൽകി. വീണ്ടും മറ്റൊന്നു കറന്നു. അങ്ങനെ ഏഴാടു വരെ കറന്നെടുത്തു നൽകി. പ്രഭാതമായപ്പോൾ അയാൾ അല്ലാഹുവിലും പ്രവാചകനിലും വിശ്വാസമർപ്പിച്ചു മുസ്‌ലിമായി. ശേഷം അദ്ദേഹത്തിനു ഒരാടിനെ കറന്നു പാൽ നൽകാൻ നബി നിർദേശിച്ചു. അതു നൽകി മറ്റൊന്നു കൂടി കറന്നു. പക്ഷേ അത്‌ പൂർത്തീകരിക്കാൻ അനുവദിച്ചില്ല. എന്നിട്ട്‌ റസൂൽ (സ) ഇങ്ങനെ പറഞ്ഞു : "ഒരു സത്യവിശ്വാസി ഒരു കുടലിലേ കുടിക്കൂ. സത്യനിഷേധി ഏഴു കുടലിലും കുടിക്കും " [മുസ്‌ലിം]

സഹോദരങ്ങളേ, ഇവിടെ നാം കാണുന്നതെന്താണ്? വിശ്വാസവും അവിശ്വാസവും തമ്മിലുള്ള വ്യക്തമായ മാറ്റമാണിത്‌. വിശ്വാസം പകർന്നു നൽകുന്ന ജീവിതക്രമീകരണമാണിത്‌. ഈ അന്തരമാണ് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്‌. അന്തരം നഷ്ടപ്പെടുമ്പോൾ അകലം കുറയും. നാം സത്യനിഷേധത്തോടടുക്കുകയാണോ? അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ. "അല്ലാഹുവേ, നീ ഞങ്ങളെ നേർവഴിയിൽ നടത്തേണമേ, നീ അനുഗ്രഹിച്ചവരുടെ വഴിയിൽ. നിന്റെ കോപത്തിനു ഇരയായവരുടേയും നേർമാർഗത്തിൽ നിന്ന് വ്യതിചലിച്ചവരുടേയുമല്ലാത്ത വഴിയിൽ" ആമീൻ

By സഈദ്‌ ഫാറൂഖി

മോശമായ പാത്രം

മിഖ്‌ദാദുബ്നു മഅ്‌ദീകരിബ്‌ (റ)ൽ നിന്ന് നിവേദനം : റസൂൽ (സ) പറഞ്ഞു : "തന്റെ വയറിനേക്കാൾ മോശമായ ഒരു പാത്രവും മനുഷ്യൻ നിറച്ചിട്ടേയില്ല" [തുർമുദി]

🔹ഈ  തിരുവചനം വിശ്വാസിയോട്‌ ഒരു ജീവിതക്രമം ആവശ്യപ്പെടുകയാണ്. അത്‌ തന്നിൽ നിന്നാവണം എന്നതാണതിന്റെ തേട്ടം. തന്റെ വയർ ഒരു മോശമായ പാത്രമല്ല. എന്നാലത്‌ നിറയുമ്പോൾ തന്റെ കയ്യാൽ നിറക്കപ്പെട്ട മോശമായ പാത്രം അതായിത്തീരുന്നു. എങ്കിലത്‌ നിറയാതെ കാത്തുസൂക്ഷിക്കപ്പെടണം. ഇതാണാ ക്രമീകരണം. വയറുനിറയെ ഭക്ഷണം കഴിക്കൽ ഒരു മനുഷ്യന് ചേർന്നതല്ല എന്നാണ് പ്രവാചകൻ (സ) പറയുന്നത്‌. എങ്കിലത്‌ ഒരു വിശ്വാസിക്ക്‌ തീരെ ചേർന്നതല്ലല്ലോ?

ഒരിക്കൽ പ്രവാചകന്നരികിൽ വെച്ച്‌ അബൂജുഹൈഫ വയറുനിറഞ്ഞ്‌ തികട്ടി ഏമ്പക്കമിട്ടപ്പോൾ പ്രവാചകൻ (സ) ഇപ്രകാരം പറഞ്ഞു : "ഞാൻ വയറുനിറച്ചിട്ട്‌ മുപ്പത്‌ വർഷത്തോളമായി" [ത്വബ്‌റാനി].  മറ്റൊരു പ്രവാചക വചനം ഇങ്ങനെ : "ഈ ലോകത്ത്‌ വയറുനിറയെ ആഹരിക്കുന്നവൻ നാളെ പരലോകത്ത്‌ വിശക്കുന്നവരോടൊപ്പമാണ്. പരലോകത്ത്‌ കൊതിയന്മാരും അതികായന്മാരും ഭീമാകാരന്മാരും വരും. ഒരീച്ചച്ചിറകിന്റെ ഘനം പോലും അവർക്ക്‌ അല്ലാഹുവിന്നരികിൽ ലഭ്യമല്ല" [അൽ ബസ്സാർ, ബൈഹഖി].  മറ്റൊരവസരത്തിൽ ഒരു കുടവയറനെ നബി (സ) കാണാനിടയായി. അപ്പോൾ അയാളുടെ വയറു ചൂണ്ടിക്കൊണ്ട്‌ പ്രവാചകൻ (സ) പറഞ്ഞു :"ഇത്‌ മറ്റുവല്ലതുമായിരുന്നെങ്കിൽ നിനക്ക്‌ ഗുണകരമായേനെ" [ത്വബ്‌റാനി]. "ആഗ്രഹിച്ചതെല്ലാം ആഹരിക്കൽ ആഢംബരത്തിൽ പെട്ടതാകുന്നു" എന്ന നബിവചനവും  ഇവിടെ നാം ഓർക്കേണ്ടതാകുന്നു.

By സഈദ്‌ ഫാറൂഖി

ഉൽകൃഷ്ടമായത്‌

അബ്ദുല്ല (റ) നിവേദനം : ഒരാള്‍ നബി (സ)യോട് ചോദിച്ചു:

"ഇസ്ലാമിലെ നടപടികളിലേതാണ് ഏറ്റവും ഉല്‍കൃഷ്ടം?"

നബി (സ) പറഞ്ഞു : "വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കുകയും നിനക്ക് പരിചയമുളളവര്‍ക്കും പരിചയമില്ലാത്തവര്‍ക്കും സലാം ചൊല്ലുകയും ചെയ്യല്‍."

[ബുഖാരി]

നീണ്ടുനില്‌ക്കുന്ന നന്മകള്‍

"സ്വത്തും സന്താനങ്ങളും ഐഹിക ജീവിതത്തിന്‌ അലങ്കാരങ്ങളാകുന്നു. എന്നാല്‍ നിലനില്‌ക്കുന്ന സല്‍ക്കര്‍മങ്ങളാണ്‌ നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‌കുന്നതും.'' [അദ്ധ്യായം 18 കഹ്ഫ്‌ 46]

🔹'നിലനില്‍ക്കുന്ന സല്‍ക്കര്‍മങ്ങള്‍' എന്ന്‌ അര്‍ഥം നല്‌കിയിട്ടുണ്ടെങ്കിലും `കര്‍മങ്ങള്‍' എന്ന്‌ ഖുര്‍ആന്‍ ഈ ആയത്തില്‍ പ്രയോഗിച്ചിട്ടില്ല. വല്‍ബാഖിയാതുസ്സ്വാലിഹാതു എന്നേ പറഞ്ഞിട്ടുള്ളൂ. അഥവാ `നീണ്ടുനില്‌ക്കുന്ന നന്മകള്‍'. അതെ. നന്മകള്‍, നീണ്ടുനില്‌ക്കുന്ന നന്മകള്‍. അതു മാത്രമാണീ ജീവിതത്തിന്റെ സമ്പാദ്യം. സ്വത്തും സന്താനങ്ങളും `അലങ്കാരം' മാത്രമാണെന്ന്‌ അല്ലാഹു ഓര്‍മപ്പെടുത്തുന്നു. അലങ്കാരങ്ങള്‍ എല്ലാ കാലത്തേക്കുമുള്ളതല്ല. അല്‌പനേരത്തേക്കുള്ളതാണ്‌. പുതിയ ഷോപ്പിന്‌ മുന്നില്‍ അലങ്കാരങ്ങള്‍ കെട്ടിത്തൂക്കാറുണ്ട്‌. നിറവെളിച്ചങ്ങളും അരങ്ങുകളുമൊക്കെ. ഒന്നോ രണ്ടോ ദിവസമേ അതവിടെ കാണൂ. പിന്നെ എടുത്തുമാറ്റുന്നു. അതാണ്‌ അല്ലാഹുവും പറഞ്ഞത്‌.

നന്മകളെക്കുറിച്ച വീണ്ടുവിചാരമാണ്‌ ഓരോ ദിവസവും നമ്മിലുണ്ടാകേണ്ടത്‌. "ഇത്രകാലം ജീവിച്ചിട്ടും എന്താണ്‌ സമ്പാദ്യം?" എന്ന്‌ നമ്മള്‍ നമ്മളോടു തന്നെ ചോദിച്ച്‌ നെടുവീര്‍പ്പിടാറുണ്ട്‌. ആര്‍ക്കുള്ള സമ്പാദ്യത്തെക്കുറിച്ചാണ്‌ ഈ ചോദ്യം? കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടിയുള്ള സമ്പാദ്യത്തെ കുറിച്ച്‌! അല്ലാഹു ഓര്‍മപ്പെടുത്തുന്നത്‌ മറ്റൊരു സമ്പാദ്യത്തെ കുറിച്ചാണ്‌. "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നാളേക്കു വേണ്ടി എന്തൊരു മുന്നൊരുക്കമാണ്‌ ചെയ്‌തിട്ടുള്ളതെന്ന്‌ ഓരോരുത്തരും നോക്കട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്‌മജ്ഞാനമുള്ളവനാകുന്നു, അല്ലാഹു." [അദ്ധ്യായം 59 ഹഷ്‌ർ 18]

By പി എം എ ഗഫൂർ

മൃതദേഹം കണ്ടാൽ

ജാബിർ (റ) നിവേദനം : ഒരിക്കൽ ഞങ്ങളുടെ അടുത്തുകൂടി ഒരു മൃതദേഹം കൊണ്ടുപോയപ്പോൾ നബി (സ) എഴുനേറ്റു നിന്നു. അദ്ദേഹത്തോടൊപ്പം ഞങ്ങളും നിന്നു. അതൊരു ജൂതന്റെ മൃതദേഹമാണെന്ന് ഞങ്ങൾ നബിയോട്‌ പറഞ്ഞപ്പോൾ അദ്ദേഹം (സ) പറഞ്ഞു : "നിങ്ങൾ ഒരു മൃതദേഹത്തെ കണ്ടാൽ അതിനുവേണ്ടി എഴുനേറ്റു നിൽക്കുവിൻ." [ബുഖാരി, മുസ്‌ലിം] മറ്റൊരു റിപോർട്ടിൽ "അയാളും മനുഷ്യനല്ലേ." എന്നും നബി (സ) പറയുന്നുണ്ട്‌. [ബുഖാരി, മുസ്‌ലിം]

🔹വളരെ മഹത്തായ ഒരു തത്വമാണ് നബി (സ) ഇവിടെ പഠിപ്പിക്കുന്നത്‌. ജാതിയുടേയും മതത്തിന്റേയും വ്യത്യാസം കാരണം മനുഷ്യനെ ആദരിക്കുവാനും ബഹുമാനിക്കുവാനും ഇന്നത്തെ ലോകം മറന്നിരിക്കുന്നു. ഈ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ മാനുഷിക ബന്ധത്തെ അവർ മറക്കുന്നു. പക്ഷേ, ഇസ്‌ലാം ഇവയൊന്നും അംഗീകരിക്കുന്നില്ല. മതത്തിന്റേയും ജാതിയുടേയും നിറത്തിന്റേയും ഭാഷയുടേയും പേരിൽ മനുഷ്യനെ ആദരിക്കുവാൻ മറക്കരുതെന്ന മഹത്തായ സന്ദേശമാണ് പ്രവാചകൻ (സ) നമ്മെ പഠിപ്പിക്കുന്നത്‌.

By അബ്ദുസ്സലാം സുല്ലമി

ഒരാളും മറ്റൊരാളെ ഓർക്കില്ല

തനിച്ചിരുന്ന്‌ കരയുന്ന ആഇശ (റ)യോട്‌ തിരുനബി(സ) കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു : "നരകത്തെക്കുറിച്ചോര്‍ത്ത്‌ കരഞ്ഞതാണ്‌ റസൂലേ. അന്ത്യനാളില്‍ അങ്ങ്‌ അങ്ങയുടെ കുടുംബത്തെ ഓര്‍ക്കുമോ?" ഈമാന്‍ സ്വാധീനിക്കുമ്പോള്‍ മനസ്സില്‍ നിന്നുയരുന്ന ചോദ്യമാണിത്‌. തിരുനബി (സ)യുടെ മറുപടി പക്ഷേ, ആഇശാ ബീവിക്ക്‌ ഒട്ടും പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല.

"ആഇശാ, മൂന്ന്‌ സന്ദര്‍ഭങ്ങളില്‍ ഒരാളും മറ്റൊരാളെ ഓര്‍ക്കില്ല. നന്മതിന്മകള്‍ തൂക്കുന്ന തുലാസിനടുത്ത്‌ വെച്ച്‌; തന്റെ തുലാസ്‌ ഭാരം കുറയുമോ കൂടുമോ എന്ന ഭയമായിരിക്കും ഓരോരുത്തര്‍ക്കും. കര്‍മപുസ്‌തകങ്ങള്‍ കൊണ്ടുവരുമ്പോള്‍; വലതുകൈയിലാണോ ഇടതുകൈയിലാണോ പിന്നിലൂടെയാണോ അത്‌ നല്‍കപ്പെടുക എന്നറിയുന്നതു വരെ. നരകത്തിന്‌ അഭിമുഖമായി പാലം വെക്കപ്പെടുമ്പോള്‍; അത്‌ മുറിച്ചുകടക്കുന്നതു വരെ." [അബൂദാവൂദ്‌]

പ്രപഞ്ചത്തിന്റെ എല്ലാ സംവിധാനങ്ങളും തകിടം മറിയുന്ന അന്ത്യനാളില്‍ ബന്ധങ്ങളുടെ ശക്തമായ ചരടുകളും തകര്‍ന്നുപോകുന്നു. കൊച്ചുകുഞ്ഞുങ്ങളെപ്പോലും നര ബാധിക്കുന്ന, ഭാരമേറിയ ആ ദിനത്തില്‍ (അദ്ദഹ്‌ര്‍ 27, മുസ്സമ്മില്‍ 17) ഓരോരുത്തര്‍ക്കും അവരുടെ കര്‍മങ്ങള്‍ മാത്രം തുണയ്‌ക്കെത്തുന്നു.

By കെ എം ഫൈസി

പാപമോചനം ആർക്ക്‌?

"തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌, അവിവേകം മൂലം തിന്‍മ പ്രവര്‍ത്തിക്കുകയും പിന്നീട് അതിന് ശേഷം ഖേദിച്ചുമടങ്ങുകയും (ജീവിതം) നന്നാക്കിത്തീര്‍ക്കുകയും ചെയ്തവര്‍ക്ക് (വിട്ടുവീഴ്ച ചെയ്യുന്നവനാകുന്നു.) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിന് ശേഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു." [അദ്ധ്യായം 16 നഹ്‌ൽ 119]

"വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്‌?- ചെയ്തുപോയ (ദുഷ്‌) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍. അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു." [അദ്ധ്യായം 3 ആലു ഇംറാൻ 135,136]

"പശ്ചാത്താപം എന്നത് തെറ്റുകള്‍ ചെയ്ത് കൊണ്ടിരിക്കുകയും, എന്നിട്ട് മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്‌." [അദ്ധ്യായം 4 നിസാഅ് 18]

🔹തെറ്റ്‌ ബോധ്യം വന്നാൽ ഖേദിച്ച്‌ മടങ്ങുകയും പിന്നീട്‌ ജീവിതരീതി നന്നാക്കുകയും മുമ്പ്‌ ചെയ്ത തെറ്റ്‌ തുടരാതിരിക്കുകയും ചെയ്യുന്നവരുടെ പശ്ചാതാപമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്നാണ് മേൽ സൂക്തങ്ങളിൽ നിന്ന് വ്യക്തമാകുന്നത്‌. ഏകദൈവവിശ്വാസികളാണെങ്കിൽ പോലും ഗുരുതരമായ തെറ്റുകൾ ചെയ്തുകൊണ്ടിരിക്കുകയും ഖേദിച്ചു മടങ്ങുകയോ ജീവിതരീതി തിരുത്തുകയോ ചെയ്യാതെ പാപിയായി ജീവിച്ച്‌ മരണമടുക്കുമ്പോൾ പശ്ചാതപിക്കുകയും ചെയ്യുന്നവർക്ക്‌ അല്ലാഹു പൊറുത്തുകൊടുക്കുകയില്ലെന്ന് 4:18 സൂക്തത്തിൽ നിന്ന് വ്യക്തമാകുന്നു.

ജീവിതകാലം മുഴുവൻ സത്യനിഷേധിയായി വർത്തിച്ചിട്ട്‌ മരണം ആസന്നമാകുമ്പോൾ ഞാൻ അല്ലാഹുവിൽ വിശ്വസിക്കുന്നു എന്നു പറയുന്നവന്റെ വിശ്വാസമോ പശ്ചാതാപമോ അല്ലാഹു സ്വീകരിക്കുകയില്ലെന്നും ഇതിൽനിന്നും മനസ്സിലാക്കാം.മരണം എപ്പോഴാണ് സംഭവിക്കുകയെന്ന് നേരത്തെ അറിയാൻ ആർക്കും കഴിയില്ല എന്നതിനാൽ അവിശ്വാസത്തിൽ നിന്നും അധർമ്മത്തിൽ നിന്നും വിരമിക്കാതെ മുന്നോട്ട്‌ പോകുന്നവർക്ക്‌ സത്യവിശ്വാസവും പശ്ചാതാപവും സ്വീകരിക്കപ്പെടാതെ നരകാവകാശികളായി മരിച്ചുപോകാനുള്ള  സാധ്യത ഏറേയാണ്. അപരിഹാര്യമായ ആ നഷ്ടം ഒഴിവാക്കാൻ പാപവും നിഷേധവും തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ ഉടനെ ഖേദിച്ചു മടങ്ങുകയല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ല. ആരുടെയൊക്കെ വിശ്വാസവും പശ്ചാതാപവുമാണ് നിഷ്കളങ്കമായിട്ടുള്ളതെന്ന് അല്ലാഹു സൂക്ഷമായി അറിയുന്നവനാണ്.

By ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനി