പരീക്ഷണങ്ങള്‍ ഉണ്ടായാൽ

ഒരു ഖുദ്‌സിയായ ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു : "തന്റെ ദാസന്റെ വിലപ്പെട്ട രണ്ടുസംഗതികളെ ഞാന്‍ നീക്കിക്കളയുകയും അവന്‍ അതിന്റെ പേരില്‍ ക്ഷമിക്കുകയും ചെയ്താല്‍ അതിന് പ്രതിഫലമായി നാം സ്വര്‍ഗം നല്‍കുന്നതാണ്." (ബുഖാരി)

അല്ലാഹുവിന്റെ സത്യസന്ദേശവുമായി രംഗപ്രവേശം ചെയ്ത മുഹമ്മദ്‌ നബി (സ)യ്ക്ക് ഒട്ടേറെ പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നത് അതിനാലാണ്. ഈസാനബിയുടെ ചരിത്രം നമുക്കറിയാവുന്നതാണല്ലോ. തന്റെ കൂട്ടത്തിലെ കപടവിശ്വാസികളുടെ ചതിപ്രയോഗത്താല്‍ കുരിശാരോഹണഭീഷണിനേരിടേണ്ടിവന്ന അദ്ദേഹത്തെ അല്ലാഹു രക്ഷപ്പെടുത്തുകയായിരുന്നു. അയ്യൂബ് നബി ഏറെനാള്‍ രോഗത്താല്‍ കഷ്ടപ്പെട്ടുവെന്ന് ഖുര്‍ആന്‍ തന്നെ വിവരിക്കുന്നു. പ്രവാചകശ്രേഷ്ഠരൊന്നും തന്നെ സുഖലോലുപജീവിതം നയിച്ചവരായിരുന്നില്ല. അല്ലാഹു അവരെ അത്യധികം സ്‌നേഹിച്ചതുകൊണ്ട് അവരെല്ലാം ഒട്ടേറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചു.

പരീക്ഷണങ്ങള്‍ ഒരുവേള പാപപരിഹാരാര്‍ഥം വരുന്നതാകാം. അതിലൂടെ പശ്ചാതാപബോധം ജനിപ്പിച്ച് കൂടുതല്‍ വിശുദ്ധി പ്രാപിക്കാന്‍ വിശ്വാസിയെ അത് പ്രാപ്തനാക്കുന്നു. ഈ കാഴ്ചപ്പാടിലാണ് നബിതിരുമേനി (സ) പറഞ്ഞത് : "ക്ഷീണമോ, രോഗമോ, ദുഃഖമോ,സങ്കടമോ,വേദനയോ, കാലില്‍മുള്ളുകൊണ്ടതിന്റെ താല്‍ക്കാലികവിഷമമോ ഒരു മുസ്‌ലിമിന് വന്നണയുന്നത് അതിനുപകരമായി പാപം നീക്കംചെയ്തുകൊണ്ടു മാത്രമാണ്."(ബുഖാരി). മറ്റൊരിക്കല്‍ നബി തിരുമേനി ഇപ്രകാരം അരുളി : "മരത്തില്‍നിന്ന് ഇല പൊഴിയുംപോലെ കുറ്റകൃത്യങ്ങള്‍ പൊറുക്കപ്പെട്ടിട്ടല്ലാതെ യാതൊരുക്ലേശവും മുസ്‌ലിം അനുഭവിക്കുന്നില്ല." 

തനിക്ക് ഏതെങ്കിലുംതരത്തിലുള്ള ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ നേരിടേണ്ടിവന്നാല്‍ മനുഷ്യന്‍ തന്റെ സ്രഷ്ടാവിലേക്ക് അടുക്കുന്നുവെന്നത് മനുഷ്യപ്രകൃതിയില്‍ പെട്ടതാണ്. അതുവരെ താന്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ദുര്‍മാര്‍ഗം കൈവിട്ട് അവന്‍ നമസ്‌കാരവും പ്രാര്‍ഥനകളുമായി അല്ലാഹുവിങ്കലേക്ക് ഓടിയെത്തുന്നു. ജീവിതത്തില്‍ ഒട്ടേറെ പരീക്ഷണങ്ങളില്‍പെട്ട് ഉഴലുന്ന അധികമാളുകളും പിന്നീട് അല്ലാഹുവിന് കീഴൊതുങ്ങി ജീവിക്കാന്‍ അതോടെ ദൃഢനിശ്ചയംചെയ്യുന്നു. അത് അയാള്‍ക്ക് അനുഗ്രഹമായിത്തീരുന്നു. അല്ലാഹു നമ്മെ രക്ഷിക്കുമാറാകട്ടെ.

✍കെ എം ഫൈസി

ഉപജീവനം നൽകുന്നത്‌ അല്ലാഹു

``ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നു കളയരുത്‌. നാമാണ്‌ അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‌കുന്നത്‌. അവരെ കൊല്ലുന്നത്‌ തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.'' [അദ്ധ്യായം 17 ഇസ്‌റാഅ് 31]

🔹പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ജന്മാവകാശം നിഷേധിച്ച്‌ സ്വന്തം ജീവിതം സുഖകരമാക്കണമെന്ന ദുര്‍മോഹമാണ്‌ സന്താനഹത്യയിലും നിയന്ത്രണത്തിലുമുള്ളത്‌. പെണ്‍കുട്ടികള്‍ ജനിക്കുന്നത്‌ വഴി ഭാവിയില്‍ വരാനുള്ള ബാധ്യതകളില്‍ ആശങ്കപ്പെട്ട്‌ ഭ്രൂണഹത്യ യില്‍ അഭയം തേടുന്നവര്‍ ഉറ്റാലോചിക്കേണ്ട വചനമാണിത്‌. പിറക്കാനുള്ളവരുടെ ജനനം തടസ്സപ്പെടുത്തിയാല്‍ ജനിച്ചവര്‍ക്ക്‌ പ്രശ്‌നങ്ങള്‍ വരില്ലെന്ന്‌ ആരാണ്‌ ഉറപ്പുനല്‌കിയത്‌? സന്താനങ്ങള്‍ വഴി വന്നുചേരുമെന്ന്‌ ആശങ്കിക്കുന്ന `ഭാരിച്ച ബാധ്യതകള്‍' അവരുടെ അസാന്നിധ്യത്തിലും നല്‌കാന്‍ സര്‍വശക്തന്‌ സാധ്യമല്ലെന്ന്‌ നിനച്ചിരിക്കുകയാണോ?

ഇബ്‌നുമസ്‌ഊദ്‌ (റ) പറയുന്നു : പാപങ്ങളില്‍ വെച്ച്‌ ഏറ്റവും വമ്പിച്ചത്‌ ഏതാണെന്ന്‌ ഞാന്‍ നബി (സ)യോട്‌ ചോദിച്ചു. അവിടുന്ന്‌ പറഞ്ഞു : "നിന്നെ സൃഷ്‌ടിച്ചത്‌ അല്ലാഹുവായിരിക്കെ നീ അവന്ന്‌ സമന്മാരെ ഏര്‍പ്പെടുത്തലാണ്‌." പിന്നെ ഏതാണെന്ന്‌ ഞാന്‍ ചോദിച്ചു. "നിന്റെ സന്താനം നിന്റെ കൂടെ ഭക്ഷണം കഴിക്കുന്നതിനെ ഭയന്ന്‌ നീ അതിനെ കൊല ചെയ്യലാണ്‌.'' [ബുഖാരി, മുസ്‌ലിം]

✍ജാബിർ അമാനി

അല്ലാഹുവിന്റെ വാഗ്‌ദാനം സത്യമാകുന്നു

സമൂഹത്തില്‍ വളരെ വേഗത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന തിന്മകളില്‍ പ്രധാനമാണ്‌ മയക്കുമരുന്ന്‌ കച്ചവടം, കള്ളപ്പണ വ്യവഹാരം, പിടിച്ചുപറി തുടങ്ങിയവ. ലഹരിക്കടിമപ്പെടുക എന്ന വലിയ അപരാധം മാത്രമല്ല, ലഹരിമരുന്നിന്റെ വാഹകരോ ഏജന്റുമാരോ ആയിത്തീരുന്ന പ്രവണതയാണ്‌ യുവതലമുറക്കിടയില്‍ നാം കണ്ടുവരുന്നത്‌. യുവതയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. മയക്കുമരുന്നിന്റെയും സ്‌ത്രീപീഡനത്തിന്റെയും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളില്‍ നിരവധി മധ്യവയസ്‌കരും പ്രതികളാണ്‌. പ്രതികളെല്ലാം കുറ്റക്കാരല്ല പൊതു ന്യായത്തിനപ്പുറം പിടിക്കപ്പെടുന്നവരില്‍ മിക്കയാളുകളും അനേകം കുറ്റത്തിന്‌ നിരവധി തവണ ശിക്ഷയനുഭവിച്ച `കേഡി'കളാണ്‌. ഈ ലോകജീവിതം കഴിയുന്നേടത്തോളം `സുഖ സമൃദ്ധ'മായി കഴിഞ്ഞുകൂടണമെന്ന നിലപാടു മൂലമാണ്‌ പലരും ജീര്‍ണതകളുടെ മാര്‍ഗം അവലംബിക്കുന്നത്‌. എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്നതാണ്‌ ഈ നിലപാടിന്റെ മുഖമുദ്ര. ഫലത്തില്‍ ഇത്‌ പിശാചിന്റെ മാര്‍ഗത്തിലേക്കുള്ള കൂപ്പുകുത്തലാണെന്ന്‌ തിരിച്ചറിയുമ്പോഴേക്ക്‌ നേരം ഏറെ വൈകിയിരിക്കും.

മനുഷ്യസമൂഹത്തെ വിളിച്ചുകൊണ്ട്‌ സ്രഷ്‌ടാവായ അല്ലാഹു ഓര്‍മപ്പെടുത്തുന്നു: "മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. പിതാവ്‌ തന്റെ സന്തതിക്കോ സന്തതികള്‍ പിതാവിനോ ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്‌ദാനം സത്യമാകുന്നു. അതിനാല്‍ ഐഹിക ജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ." [അദ്ധ്യായം 31 ലുഖ്മാൻ 33]

📖ശബാബ്‌

സത്യവിശ്വാസികള്‍ സഹോദരങ്ങള്‍

"സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം." [അദ്ധ്യായം 49 ഹുജുറാത്ത്‌ 10]

സത്യവിശ്വാസികൾ അന്യോന്യമുള്ള ബന്ധം അഭേദ്യമാണ്‌. അതെ, അവർ സഹോദരന്മാരാണ്. ജ്യേഷ്ഠാനുജന്മാരാണ്. ഒരേ സ്രഷ്ടാവിൽ, ഒരേ ആദർശത്തിൽ, ഒരേ നിയമസംഹിതയിൽ വിശ്വസിക്കുന്നവരാണവർ. അവരുടെ വിചാരവികാരങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും ആചാരനുഷ്ടാനങ്ങളും എല്ലാം ഒന്നാണ്; ഒന്നായിരിക്കണം. അതുകൊണ്ട്‌ ആ കുടുംബസമൂഹത്തിൽ ഉൾപ്പെട്ട രണ്ട്‌ സഹോദരങ്ങൾ തമ്മിൽ വഴക്കും വക്കാണവും ഉണ്ടായിക്കൂടാ. അങ്ങനെ വല്ലതും ഉണ്ടായാൽ അവരെ തമ്മിൽ ഒത്തിണക്കി യോജിപ്പിക്കൽ മറ്റുള്ളവരുടെ ഒഴിച്ചുകൂടാത്ത കടമയുമാണ്. കടമ മാത്രമല്ല, സമുദായത്തിന്റെ നിലനിൽപ്പിനും അഭിവൃദ്ധിക്കും അനുപേക്ഷണീയവുമാണത്‌.

എന്നാൽ ഇന്നത്തെ മുസ്‌ലിം സമുദായത്തിന്റെ നിലയോ?! തുച്ഛമായ കാരണങ്ങളെച്ചൊല്ലി വ്യക്തികൾ തമ്മിലും സംഘങ്ങൾ തമ്മിലും സംഘടനകൾ തമ്മിലും ഛിദ്രിക്കുന്നു! കലഹിക്കുന്നു! തമ്മിൽ ഒത്തുതീർപ്പുണ്ടാക്കാനും നല്ല നിലയിൽ യോജിപ്പിക്കുവാനും ശ്രമിക്കുന്നതിനു പകരം ഛിദ്രം മൂർച്ഛിപ്പിക്കുവാനാണ് അധികമാളുകളും ശ്രമിക്കുന്നത്‌. ശത്രുക്കൾ ഈ തക്കം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു! അല്ലാഹുവിൽ ശരണം.

നബി (സ) പറഞ്ഞു : "നിങ്ങൾ പരസ്പരം അസൂയപ്പെടരുത്‌. അന്യോന്യം (മൽസരിച്ചു ചരക്കുകൾക്ക്‌) വില കയറ്റരുത്‌. അന്യോന്യം ഈർഷ വെക്കരുത്‌. അന്യോന്യം (സഹായിക്കാതെ) പിന്മാറിപ്പോകരുത്‌. ചിലർ ചിലരുടെ കച്ചവടത്തിനു മീതെ (അതു നിലവിലിരിക്കെ) കച്ചവടം നടത്തരുത്‌. അല്ലാഹുവിന്റെ അടിയാന്മാരേ, നിങ്ങൾ സഹോദരന്മാരായിരിക്കുവിൻ. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവൻ മറ്റവനെ അക്രമിക്കുകയില്ല. അവനെ കൈവെടിയുകയില്ല. അവനെ അവഗണിക്കുകയില്ല. (നെഞ്ചിലേക്ക്‌ ചൂണ്ടിക്കാണിച്ചുകൊണ്ട്‌) തഖ്‌വാ (ഭയഭക്തി) ഇവിടെയാണ്. തഖ്‌വാ ഇവിടെയാണ്. തഖ്‌വാ ഇവിടെയാണ്. ഒരു മനുഷ്യൻ അവന്റെ മുസ്‌ലിം സഹോദരനെ അവഗണിക്കുന്നതു തന്നെ മതി അവനു ആപത്ത്‌ വരാൻ! (മറ്റൊന്നും വേണ്ടാ). ഒരു മുസ്‌ലിമിന്റെ സർവ്വസ്വവും മറ്റൊരു മുസ്‌ലിമിനു ഹറാം (നിഷിദ്ധം) ആകുന്നു. അതെ, അവന്റെ രക്തവും അവന്റെ ധനവും അവന്റെ മാനവും." [മുസ്‌ലിം]

അനസ്‌ (റ) നിവേദനം : നബി (സ) പറഞ്ഞു : "നിന്റെ സഹോദരനെ അവൻ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും നീ സഹായിക്കുക." ഞാൻ ചോദിച്ചു : "റസൂലേ, അക്രമിക്കപ്പെട്ടവനെ സഹായിക്കാം. പക്ഷേ അക്രമിയെ എങ്ങനെ സഹായിക്കും?" അദ്ദേഹം (സ) മറുപടി പറഞ്ഞു : " നീ അവനെ അക്രമത്തിൽ നിന്ന് തടയണം. അതാണു നീ അവനു ചെയ്യുന്ന സഹായം." [ബുഖാരി]

✍അമാനി മൗലവി

ധീരതയോടെ മുന്നോട്ട്‌

"നബിയേ, നീ അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു. നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുവന്നവനാകുന്നു. അല്ലാഹുവെ നീ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി." [അദ്ധ്യായം 33 അഹ്സാബ്‌ 1-3]

🔹അല്ലാഹുവിന്റെ ദിവ്യസന്ദേശത്തെ പിൻപറ്റി മറ്റുള്ള പ്രശ്നങ്ങളെക്കുറിച്ച്‌ ചിന്തിക്കാതെ അവ അല്ലാഹുവിൽ ഭരമേൽപ്പിച്ച്‌ ധീരതയോടെ മുന്നോട്ട്‌ പോവുക. വിമർശനം ഭയപ്പെടേണ്ടതില്ല എന്നെല്ലാം അല്ലാഹു നബി (സ)യെ ഉണർത്തുന്നു.

✍അബ്ദുസ്സലാം സുല്ലമി

അല്ലാഹുവോട്‌ നേര്‍ക്കുനേരെ

വിശുദ്ധ ഖുര്‍ആനില്‍ ഇരുപത്തഞ്ചോളം പ്രവാചകന്മാരുടെ പരാമര്‍ശം വന്നിട്ടുണ്ട്‌. അതില്‍ ഒരു പ്രവാചകനും അല്ലാഹുവിങ്കലേക്ക്‌ ആരെയും തവസ്സുലാക്കി പ്രാര്‍ഥിച്ചിട്ടില്ല. നിത്യജീവിതത്തില്‍ ചൊല്ലേണ്ട നിരവധി പ്രാര്‍ഥനകള്‍ നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. ഏതെങ്കിലും ഒരു മഹാനെ തവസ്സുലാക്കിക്കൊണ്ട്‌ ഒരു പ്രാര്‍ഥനയും നബി(സ) പഠിപ്പിച്ചിട്ടില്ല. അല്ലാഹുവോട്‌ നേര്‍ക്കുനേരെ പ്രാര്‍ഥിക്കണം എന്നാണ്‌ അല്ലാഹുവും റസൂലും നമ്മോട്‌ കല്‌പിച്ചിട്ടുള്ളതും. അല്ലാഹു പറയുന്നു: "നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്നോട്‌ പ്രാര്‍ഥിക്കൂ. നിങ്ങള്‍ക്ക്‌ ഞാന്‍ ഉത്തരം നല്‌കാം'' (മുഅ്‌മിന്‍ 60). "എന്റെ അടിമകള്‍ താങ്കളോട്‌ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാനവര്‍ക്ക്‌ ഏറ്റവും അടുത്തവനാണെന്നു പറയുക. എന്നോട്‌ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക്‌ ഞാനുത്തരം നല്‌കുന്നതാണ്‌." (അല്‍ബഖറ 186). "നാം അവന്റെ കണ്‌ഠനാഡിയെക്കാള്‍ അവനോട്‌ അടുത്തവനാകുന്നു.'' (ഖാഫ്‌ 16)

അല്ലാഹുവോട്‌ മാത്രമേ അഭൗതികമായ നിലയില്‍ സഹായം തേടുകയുള്ളൂ എന്ന്‌ ഒരു മുസ്‌ലിം നമസ്‌കാരത്തില്‍ പലതവണ ആവര്‍ത്തിച്ചു അല്ലാഹുവോട്‌ കരാര്‍ ചെയ്‌തുകൊണ്ടിരിക്കുന്നുണ്ട്‌. അല്ലാഹു പറയുന്നു: "നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു'' (ഫാതിഹ 5). മേല്‍വചനം വ്യാഖ്യാനിച്ച്‌ കോഴിക്കോട്‌ വലിയ ഖാസി എഴുതിയത്‌ ശ്രദ്ധിക്കുക: "അവനോട്‌ മാത്രമേ പ്രാര്‍ഥിക്കാനും പാടുള്ളൂ. സഹായം തേടുന്നതുകൊണ്ട്‌ പ്രാര്‍ഥനയാണ്‌ ഉദ്ദേശം'' (അല്‍ബയാന്‍, പേജ്‌ 5). എ പി വിഭാഗം സുന്നികളുടെ നേതാവായിരുന്ന കെ വി എം പന്താവൂര്‍ മുസ്‌ലിയാരുടെ പരിഭാഷ ശ്രദ്ധിക്കുക: "അവനെ മാത്രമേ ആരാധിക്കാന്‍ പാടുള്ളൂ. അവനോട്‌ മാത്രമേ സഹായമര്‍ഥിക്കാവൂ എന്ന്‌ ഈ സൂക്തം മനുഷ്യനെ പഠിപ്പിച്ചു.'' (ബയാനുല്‍ഖുര്‍ആന്‍ 124)

✍പി കെ മൊയ്തീൻ സുല്ലമി

അക്ഷയഖനികൾ

അറിവിന്റെ അക്ഷയഖനികളാണ്‌ പുസ്‌തകങ്ങള്‍. ആസ്വാദനത്തിന്റെയും ആലോചനയുടെയും അനന്ത തീരങ്ങളിലേക്ക്‌ അവ നമ്മെ നയിക്കുന്നു. പുസ്‌തകങ്ങളോടുള്ള ചങ്ങാത്തം നല്ല വ്യക്തിത്വം പകര്‍ന്നുതരുന്നു. വായന നമ്മുടെ കാഴ്‌ചപ്പാടുകളിലും ജീവിത വീക്ഷണങ്ങളിലും നന്മയുടെ പൂക്കള്‍ വിടര്‍ത്തുന്നു. കൂട്ടിയോജിപ്പിക്കപ്പെട്ട കുറെ അക്ഷരങ്ങളുടെ സംയോജനമല്ല പുസ്‌തകങ്ങള്‍. ആ ആക്ഷരങ്ങളില്‍ ജീവിതം പടരുന്നുണ്ടെങ്കില്‍, നന്മയുടെ വസന്തം വിടരുന്നുണ്ടെങ്കില്‍, അറിവിന്റെ താപം ലയിക്കുന്നുണ്ടെങ്കില്‍ അത്‌ നമ്മുടെ ജീവിതത്തിന്‌ പുതിയ വെളിച്ചമേകും.

ഒരു സത്യവിശ്വാസി പുസ്‌തകങ്ങളെ സ്‌നേഹിക്കുന്നവനായിരിക്കണം. നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്‌ വായന. ലോകത്തിനാകമാനം അനുഗ്രഹമായി നിയുക്തനായ നബിതിരുമേനി (സ)യുടെ ദിവ്യദൃഷ്‌ടാന്തമായി അല്ലാഹു നല്‌കിയത്‌ ഒരു ഗ്രന്ഥമാണ്‌. നിത്യ വിസ്‌മയങ്ങളുടെ അക്ഷയജ്യോതിസ്സായ വിശുദ്ധഖുര്‍ആന്‍! അക്ഷരജ്ഞാനമില്ലാത്ത നബിതിരുമേനി(സ)യോട്‌ `വായിക്കുക!' എന്ന്‌ നിര്‍ദേശിച്ചുകൊണ്ട്‌ ആരംഭിച്ച മഹാഗ്രന്ഥം. ലോകാവസാനം വരെ വായനയെ നിലനിര്‍ത്തിയ മതമാണ്‌ ഇസ്‌ലാം. കാരണം എക്കാലത്തും ഖുര്‍ആനിനെ സുരക്ഷിതമായി നിലനിര്‍ത്തുമെന്ന്‌ അല്ലാഹു പറഞ്ഞതാണല്ലോ.

പണം സമ്പാദിച്ചത്‌ എവിടെനിന്നാണെന്നും അത്‌ എങ്ങനെയാണ്‌ ചെലവഴിച്ചതെന്നും പരലോകത്ത്‌ ചോദിക്കപ്പെടും. അതിനാല്‍ പണം കൊടുത്ത്‌ പുസ്‌തകങ്ങള്‍ ശേഖരിക്കുമ്പോള്‍ അവ സഭ്യമാണോ എന്നും നന്മ പകരുമോ എന്നും ഉറപ്പുവരുത്തേണ്ടത്‌ വിശ്വാസികളുടെ ബാധ്യതയാണ്‌.
സൂറതുലുഖ്‌മാനിലെ ആറാം വചനം ഓര്‍ക്കുക: "യാതൊരറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന്‌ ജനങ്ങളെ തെറ്റിച്ചുകളയാനും അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലക്കുവാങ്ങുന്നവര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്ക്‌ അപമാനകരമായ ശിക്ഷയാണുള്ളത്‌.''

✍പി എം എ ഗഫൂർ

വഴിപിഴച്ചവര്‍ ഒരു ദ്രോഹവും വരുത്തുകയില്ല

``സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളുക. നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചിട്ടുണ്ടെങ്കില്‍ വഴിപിഴച്ചവര്‍ നിങ്ങള്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല. അല്ലാഹുവിലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ചെയ്‌തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.'' (വി.ഖു 5:105)

`നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളുക' എന്നതിന്റെ അര്‍ഥം വ്യക്തമാണ്‌. ആദര്‍ശ പ്രതിബദ്ധത മുറുകെ പിടിച്ചുജീവിക്കാനുള്ള ആഹ്വാനമാണത്‌. ഒരാളുടെ വിശ്വാസവും വാക്കും പ്രവൃത്തിയും ശരിയാണെങ്കില്‍ അല്ലാഹുവിന്റെ പിന്തുണയാല്‍ അയാള്‍ അജയ്യനായിരിക്കും. അയാളുടെ ഉള്‍ക്കരുത്ത്‌ തകര്‍ക്കാന്‍ തൊഗാഡിയയ്‌ക്കോ മുത്തലിക്കിനോ മറ്റോ കഴിയില്ല. അല്ലാഹു യശസ്സ്‌ നല്‍കിയവനെ അപകീര്‍ത്തിപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. ദയയും സൗമ്യതയും നിമിത്തം അല്ലാഹു അയാള്‍ക്ക്‌ നല്‍കുന്ന ആത്മവിശ്വാസം കെടുത്തിക്കളയാന്‍ ദുശ്ശക്തികള്‍ക്കൊന്നും സാധിക്കില്ല. രാഷ്‌ട്രീയക്കാരോ അധികാരികളോ അനുകൂലിക്കുന്നതും പ്രതികൂലിക്കുന്നതും അയാള്‍ക്ക്‌ പ്രശ്‌നമായിരിക്കില്ല. ഒരാളുടെ ജീവിതം ആദര്‍ശശുദ്ധികൊണ്ട്‌ ധന്യമല്ലെങ്കില്‍ എത്ര വലിയ വമ്പന്മാരുടെ പിന്തുണയും ഇഹത്തിലോ പരത്തിലോ അയാള്‍ക്ക്‌ പ്രയോജനപ്പെടുകയില്ല.

നബി(സ)യെ സംബന്ധിച്ച്‌ അല്ലാഹു പറഞ്ഞത്‌, `തീര്‍ച്ചയായും നീ മഹത്തായ സ്വഭാവഘടനയിലാകുന്നു' എന്നാണ്‌. തന്റെ നിയോഗത്തെക്കുറിച്ച്‌ നബി(സ) പറഞ്ഞത്‌ `വിശിഷ്‌ട സ്വഭാവങ്ങളെ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ്‌ ഞാന്‍ നിയോഗിക്കപ്പെട്ടതെ'ന്നാണ്‌. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും ഈ സ്വഭാവവൈശിഷ്‌ട്യവും കൂടിയാണ്‌ അദ്ദേഹത്തെ അജയ്യതയിലേക്ക്‌ ഉയര്‍ത്തിയത്‌. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന അനുചരന്മാര്‍ക്കും അനിതരമായ മഹത്വം കൈവന്നത്‌ ആദര്‍ശത്തിന്റെയും സ്വഭാവത്തിന്റെയും ഔജ്ജ്വല്യം കൊണ്ടായിരുന്നു. വിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലും അനുശാസിക്കുന്ന സ്വഭാവമര്യാദകള്‍ മുറുകെ പിടിക്കുകയാണെങ്കില്‍ സംഘപരിവാറിനോ ഭരണകൂടത്തിലെയും പോലീസിലെയും പട്ടാളത്തിലെയും വര്‍ഗീയ പക്ഷപാതികള്‍ക്കോ മുസ്‌ലിം സമൂഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കഴിയില്ല. 

"പരമകാരുണികന്റെ ദാസന്മാര്‍ ഭൂമിയിലൂടെ വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട്‌ സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു" (വി.ഖു 25:63). ക്വാലൂ സലാമന്‍ എന്ന വാക്യാംശത്തിന്‌ `നിങ്ങള്‍ക്ക്‌ സമാധാനമുണ്ടായിരിക്കട്ടെ എന്ന്‌ മറുപടി പറയുന്നവരുമാകുന്നു' എന്നും അര്‍ഥമാകാവുന്നതാണ്‌. 

📖ശബാബ്‌

ഐഹികജീവിതം നമ്മെ വഞ്ചിച്ചു കളയുന്നത്‌

ഐഹിക ജീവിതം നമ്മെ വഞ്ചിച്ചു കളയുന്നത്‌ പലവിധത്തിലാകാമെന്ന് വിശുദ്ധ ഖുർആനിലെ വിവിധ സൂക്തങ്ങളിൽ നിന്ന് മനസ്സിലാക്കാം.

ഒന്ന് : ഇഹലോകത്തെ നേട്ടങ്ങൾ തന്നെയാണ് സർവ്വപ്രധാനമെന്ന് വിചാരിച്ച്‌ പരലോകശിക്ഷയെക്കുറിച്ചുള്ള അല്ലാഹുവിന്റെ മുന്നറിയിപ്പുകൾ അവഗണിക്കുകയും പരലോകമോക്ഷത്തിനു ഉതകുന്ന മതാധ്യാപനങ്ങളെ പുച്ഛിച്ചു തള്ളുകയും ചെയ്യുക. "(അവരോട്‌) പറയപ്പെടും: നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നത് നിങ്ങള്‍ മറന്നത് പോലെ ഇന്ന് നിങ്ങളെ നാം മറന്നുകളയുന്നു. നിങ്ങളുടെ വാസസ്ഥലം നരകമാകുന്നു. നിങ്ങള്‍ക്ക് സഹായികളാരും ഇല്ലതാനും. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ഐഹികജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്‌. ആകയാല്‍ ഇന്ന് അവര്‍ അവിടെ നിന്ന് പുറത്തയക്കപ്പെടുന്നതല്ല. അവരോട് പ്രായശ്ചിത്തം ആവശ്യപ്പെടുകയുമില്ല." [അദ്ധ്യായം 45 ജാഥിയ 34,35]

രണ്ട്‌ : സമ്പത്തിലും പ്രതാപത്തിലും മതിമറന്ന് സ്രഷ്ടാവും അനുഗ്രഹദാതാവുമായ അല്ലാഹുവിനെത്തന്നെ വിസ്മരിക്കുക. "മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌? നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍. താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍. അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു." [അദ്ധ്യായം 82 ഇൻഫിത്വാർ 6 - 9]

മൂന്ന് : സമ്പത്തും പ്രതാപവും ആരോഗ്യവും ഉള്ളതുകൊണ്ട്‌ മരണത്തെപ്പറ്റി ചിന്തിക്കാൻ മറന്നുപോവുകയും ദുനിയാവിൽ സ്ഥിരമായി ജീവിച്ചുകളയാമെന്ന വ്യാമോഹമുണ്ടാവുകയും ചെയ്യുക. "കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം. അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌. അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു. നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും." [അദ്ധ്യായം 104 ഹുമസ 1 - 4]

📖ശബാബ്‌

തിരിഞ്ഞുകളയുക

"നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞുകളയുകയും ഐഹികജീവിതം മാത്രം ലക്ഷ്യമാക്കുകയും ചെയ്തവരില്‍ നിന്ന് നീ തിരിഞ്ഞുകളയുക. അറിവില്‍നിന്ന് അവര്‍ ആകെ എത്തിയിട്ടുള്ളത് അത്രത്തോളമാകുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവാകുന്നു അവന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയവരെപ്പറ്റി കൂടുതല്‍ അറിവുള്ളവന്‍. സന്‍മാര്‍ഗം പ്രാപിച്ചവരെ പറ്റി കൂടുതല്‍ അറിവുള്ളവനും അവന്‍ തന്നെയാകുന്നു." [അദ്ധ്യായം 53 നജ്മ് 29,30]

🔹അല്ലാഹുവിനെക്കുറിച്ചുള്ള ഓർമ്മയും ബോധവുമില്ലാതേയും ഐഹിക ജീവിതത്തെ ഏകലക്ഷ്യമായി സ്വീകരിച്ചുകൊണ്ടുമിരിക്കുന്നവരെ ഉപദേശിച്ചിട്ട്‌ യാതൊരു ഫലവും ഉണ്ടാവുകയില്ല. അതുകൊണ്ട്‌ അങ്ങിനെയുള്ളവരെ അവഗണിച്ചു തള്ളിക്കളയുവാൻ അല്ലാഹു ഉപദേശിക്കുന്നു. കാരണം, അവരുടെ അറിവിന്റെ ആകെത്തുക ഐഹികജീവിതവും അതിലെ സുഖഭോഗങ്ങളും മാത്രമായിരിക്കും. അതിനപ്പുറം അവർക്ക്‌ ഒന്നും പ്രതീക്ഷിക്കുവാനോ ആഗ്രഹിക്കുവാനോ ഉണ്ടായിരിക്കുകയില്ല. അവരുടെ സർവ്വസ്വവും അതായിരിക്കും. അവരുടെ അഭിവൃദ്ധിയും പുരോഗതിയും ഉന്നതിയുമെല്ലാം അതിലേ അവർ ആലോചിക്കുകയും ചിന്തിക്കുകയുമുള്ളൂ. അവയെക്കുറിച്ചല്ലാത്ത ഉപദേശങ്ങളും ദൃഷ്ടാന്തങ്ങളും അവരുടെ ഹൃദയത്തിലേക്ക്‌ പ്രവേശിക്കുന്നതല്ല. അനുഭവങ്ങൾ സാക്ഷ്യം വഹിക്കുന്ന ഒരു പരമാർത്ഥമാണ് ഇത്‌.

നബി (സ) പ്രാർത്ഥിച്ചിരുന്നതായി ഹദീസിൽ വന്നിട്ടുള്ള ഈ പ്രാർത്ഥന നാമും പ്രാർത്ഥിക്കുക : "അല്ലാഹുവേ, ഇഹലോകത്തെ ഞങ്ങളുടെ പ്രധാന മനോവിചാരമാക്കരുതേ. ഞങ്ങളുടെ അറിവിന്റെ ആകത്തുകയും ആക്കരുതേ."

✍അമാനി മൗലവി

അല്ലാഹുവിനെ ഭയപ്പെടുന്നവർ

"തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌." [അദ്ധ്യായം 67 മുൽക്ക്‌ 12]

🔹അല്ലാഹുവിനെ അങ്ങോട്ടു കാണുന്നില്ലെങ്കിലും അവൻ ഇങ്ങോട്ട്‌ കാണുന്നുവെന്ന ബോധത്തോടെ വർത്തിക്കുക. സ്വകാര്യജീവിതത്തിലും ബാഹ്യജീവിതത്തിലും ഒരുപോലെ സൂക്ഷ്മത പാലിക്കുക. ജനബോധ്യത്തിനും കീർത്തിക്കും വേണ്ടി പ്രവർത്തിക്കാതിരിക്കുക. അല്ലാഹുവിനേയും അവന്റെ ശിക്ഷയേയും കണ്മുമ്പിൽ കണ്ടാലേ വിശ്വസിക്കൂ എന്നു ശഠിക്കാതെ ലക്ഷ്യദൃഷ്ടാന്തങ്ങൾ മുഖേന യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി ഭയഭക്തിയോടെ ജീവിക്കുക മുതലായവയാണ് അദൃശ്യമായ നിലയിൽ റബ്ബിനെ ഭയപ്പെടുന്നതിന്റെ ലക്ഷണങ്ങൾ.

അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലും ലഭിക്കാനില്ലാത്ത ആ മഹാദിനത്തിൽ അവൻ തണൽ നൽകി രക്ഷിക്കുന്ന ഏഴു കൂട്ടരെപ്പറ്റി വിവരിക്കുന്ന പ്രസിദ്ധമായ ഹദീസിൽ നബി (സ) എണ്ണിയിട്ടുള്ള രണ്ടുകൂട്ടർ ഇവരാകുന്നു : 1) സ്ഥാനമാനവും സൗന്ദര്യവുമുള്ള ഒരു സ്ത്രീ (ദുർവ്വൃത്തിക്കായി) ക്ഷണിച്ചപ്പോൾ 'ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു ' എന്നുപറഞ്ഞു ഒഴിഞ്ഞുമാറിയവൻ. 2) വല്ല ദാനധർമ്മവും ചെയ്യുമ്പോൾ വലത്തേ കൈ ചിലവഴിച്ചത്‌ ഇടത്തേ കൈ അറിയാത്തവണ്ണം ചിലവഴിക്കുന്ന - അത്രയും രഹസ്യമായി ധർമ്മം ചെയ്യുന്ന - മനുഷ്യൻ. [ബുഖാരി, മുസ്‌ലിം]

✍അമാനി മൗലവി