കുതന്ത്രക്കാർക്ക്‌ നാശം

"ദുഷിച്ച തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതാരോ അവര്‍ക്ക് കഠിനശിക്ഷയുണ്ട്‌. അത്തരക്കാരുടെ തന്ത്രം നാശമടയുക തന്നെ ചെയ്യും." [അദ്ധ്യായം 35 ഫാത്വിർ 10]

ഉപായങ്ങളും കാപട്യങ്ങളും പ്രയോഗിച്ചു നടത്തപ്പെടുന്ന എല്ലാ കുതന്ത്രങ്ങളും കുറ്റകരവും ആക്ഷേപകരവും തന്നെ.  എന്നാൽ അത്‌ കടുത്തതും ദുഷ്ടതരവുമാകുമ്പോൾ കൂടുതൽ ശിക്ഷാർഹമായിത്തീരുന്നതാണ്. മാത്രമല്ല അത്‌ അതിന്റെ കർത്താക്കളിൽ തന്നെ തിരിച്ചടിച്ച്‌ നാശമായി കലാശിക്കുകയും ചെയ്യും.

നബി (സ)യെ കൊലപ്പെടുത്തുകയോ പിടിച്ചു ബന്ധനത്തിലാക്കുകയോ നാടുകടത്തി വിടുകയോ ചെയ്യാൻ ഖുറൈശികൾ ദാറുന്നതുവത്തിൽ വെച്ച്‌ ഗൂഢാലോചന നടത്തി. അതിനായി രാത്രി വീടു വളഞ്ഞു. ഇതുപോലുള്ള പല ഉദാഹരണങ്ങളും അവയുടെ അനന്തര ഫലങ്ങളും അന്നും ഇന്നും ചരിത്രത്തിൽ ധാരാളം കാണാവുന്നതാണ്. അതെ, കഠിന കുതന്ത്രം അതിന്റെ ആൾക്കാരിൽ തന്നെ പിണയുന്നതായിരിക്കും.

✍🏻അമാനി മൗലവി

അദ്ധ്യായം 109 കാഫിറൂൻ

🔸അദ്ധ്യായം 109 കാഫിറൂൻ🔸

(നബിയേ) പറയുക: അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.

നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.

▶ഒരു വിശ്വാസി തന്റെ വിശ്വാസപരവും ആരാധനാപരവുമായ വ്യക്തിരിക്തത നിലനിർത്തേണ്ടവനാണ്. ഏകദൈവത്തിനെതിരായ ഒരു ആരാധനാരീതിയും അവൻ സ്വീകരിക്കാവുന്നതല്ല. എന്നാൽ ബഹുദൈവവിശ്വാസികൾക്ക്‌ അവരുടെ മതവും ആരാധനാരീതിയും തുടരാനുള്ള സ്വാതന്ത്യം ഇസ്‌ലാം നിഷേധിക്കുന്നില്ല.

©ഡോ: മുഹമ്മദ്‌ ബിൻ സുലൈമാൻ അൽ അഷ്ക്കർ

തിന്മയെ തടുക്കുന്ന കവചം

(നബിയേ,) വേദഗ്രന്ഥത്തില്‍ നിന്നും നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതികേള്‍പിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു. [അദ്ധ്യായം 29 അൻ കബൂത്ത്‌ 45]

ഖുർആൻ നിരന്തരമായി അർത്ഥസഹിതം പാരായണം ചെയ്തുകൊണ്ടിരിക്കണം. നമസ്കാരം മതപരമാക്കിയതിന്റെ ഒരു ലക്ഷ്യം തിന്മയെ തടുക്കലാണ്. തിന്മ നിറഞ്ഞ ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്‌. ഒരു യുദ്ധക്കളമാണിത്‌. തിന്മയെ തടുക്കുവാൻ ഒരു ഉരുക്കുകവചം ആവശ്യമാണ്. നമസ്കാരമാണ് ആ കവചം.

© അബ്ദുസ്സലാം സുല്ലമി

ശരീരത്തോട്‌ ബാധ്യതയുണ്ട്‌

അംറുബ്നു ആസ്‌ (റ) ഉറക്കം ഉപേക്ഷിച്ച്‌ രാത്രി മുഴുവൻ ആരാധനയിൽ മുഴുകുമെന്ന് പ്രഖ്യാപിച്ചപ്പോൾ നബി (സ) അദ്ദേഹത്തിനു നൽകിയ ഉപദേശം ഇങ്ങനെ :

"നീ ഉറങ്ങുക. ശേഷം എഴുനേറ്റ്‌ ആരാധിക്കുക. തീർച്ചയായും നിന്റെ ശരീരത്തോട്‌ നിനക്ക്‌ ബാധ്യതയുണ്ട്‌. അതുപോലെ നിന്റെ ഇരു നേത്രങ്ങളോടും നിനക്ക്‌ ബാധ്യതയുണ്ട്‌."

ബുഖാരി, മുസ്‌ലിം

അല്ലാഹുവിനു വേണ്ടിയുള്ള സ്നേഹം

അബൂ ഹൂറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു :

"തീർച്ചയായും അന്ത്യദിനത്തിൽ അല്ലാഹു പറയും : 'എന്നെ മാനിച്ച് കൊണ്ട് പരസ്പരം സ്‌നേഹിച്ചവർ എവിടെ? എന്റെ തണലല്ലാത്ത വേറൊരു തണലുമില്ലാത്ത ഈ ദിവസം ഞാൻ അവർക്ക് എന്റെ തണലിട്ടുകെടുക്കുന്നതാണ്'."

മുസ്‌ലിം

തെറ്റുകൾ പരസ്യപ്പെടുത്തുന്നവർ

അബൂഹുറൈറ (റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി :

"എന്റെ സമുദായത്തിലെ എല്ലാവരുടേയും തെറ്റുകൾ അല്ലാഹു മാപ്പ് ചെയ്യും. പക്ഷെ, പരസ്യമായി തെറ്റുചെയ്യുന്നവൻ അതിൽപ്പെടുകയില്ല. ഒരു മനുഷ്യൻ രാത്രി ഒരു ദുഷ്‌കൃത്യം ചെയ്യുന്നു. പ്രഭാതമാകുമ്പോൾ, 'എടോ ഞാൻ ഇന്നലെ രാത്രി ഇന്നിന്നതെല്ലാം ചെയ്തു' എന്ന് മറ്റുള്ളവനോട് പറയുന്നു. ഈ നടപടി പരസ്യമായി തെറ്റുചെയ്യുന്നതിൽ ഉൾപ്പെട്ടതാണ്. വാസ്തവത്തിൽ തന്റെ രക്ഷിതാവ് ഇവന്റെ തെറ്റുകൾ മൂടിവെച്ചിരിക്കുകയായിരുന്നു. പ്രഭാതമായപ്പോൾ ഇവൻ തന്നെ അത് പരസ്യമാക്കുകയും അല്ലാഹുവിന്റെ മറ നീക്കിക്കളയുകയും ചെയ്തു."

ബുഖാരി, മുസ്‌ലിം

മുന്നേറുന്നവർ ആർ?

"അവര്‍ വിചാരിക്കുന്നുണ്ടോ; സ്വത്തും സന്താനങ്ങളും നല്‍കി നാം അവരെ സഹായിച്ചു കൊണ്ടിരിക്കുന്നത്‌ നാം അവര്‍ക്ക് നന്‍മകള്‍ നല്‍കാന്‍ ധൃതി കാണിക്കുന്നതാണെന്ന് ? അവര്‍ (യാഥാര്‍ത്ഥ്യം) ഗ്രഹിക്കുന്നില്ല.

തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവര്‍,  തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും,  തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേര്‍ക്കാത്തവരും, രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും ആരോ, അവരത്രെ നന്‍മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും." [അദ്ധ്യായം 23 മുഅ്മിനൂൻ 55 - 61]

ദുർമ്മാർഗ്ഗികൾക്ക്‌ അല്ലാഹു ഭൗതിക ജീവിതത്തിൽ ധനം, സന്താനം, ആരോഗ്യം, അധികാരം തുടങ്ങിയ അനുഗ്രഹങ്ങൾ നൽകുന്നതാണ്. ഇതു കാണുമ്പോൾ അവരും മറ്റുള്ളവരും സത്യം അവരുടെ ഭാഗത്താണെന്ന് വിചാരിക്കുന്നു. എന്നാൽ ആ വിചാരം അടിസ്ഥാനരഹിതമാണെന്നും അവയെല്ലാം വെറും പരീക്ഷണങ്ങളാണെന്നും അല്ലാഹു മനുഷ്യരെ ബോധ്യപ്പെടുത്തുകയാണിവിടെ.

നന്മകളിൽ മുൻ കടക്കുവാൻ ഉദ്ദേശിക്കുന്ന മനുഷ്യർ മേൽ പ്രസ്താവിച്ച ഗുണങ്ങൾ വളർത്തിക്കൊണ്ട്‌ വരാൻ ശ്രമിക്കുകയാണ് ചെയ്യേണ്ടത്‌. അല്ലാതെ ധനവും മക്കളും ഉപയോഗിച്ചുകൊണ്ട്‌ ഭൗതിക ജീവിതം ഭദ്രമാക്കുകയല്ല വേണ്ടത്‌. മേൽ ഗുണങ്ങൾ ഉള്ളവരാണ് വിജയികൾ. അവർക്കാണ് അല്ലാഹു നന്മകൾ ചെയ്തു കൊടുക്കുന്നത്‌.

© അബ്ദുസ്സലാം സുല്ലമി