പ്രവാചകന്റെ വിവാഹങ്ങൾ 10


                        

മൈമൂന (റ)

ഹിജ്റ 7 ൽ
നബിതിരുമേനി(സ) അവസാനമായി വിവാഹം ചെയ്ത പ്രവാചക പത്നിയാണ് മൈമൂന(റ).മക്കയിലെ ബനൂ ഹിലാൽ ഗോത്രക്കാരിയാണ്. പിതാവിന്റെ പേർ ഹാരിസ്ബ്നു ഹസൻ.
മുപ്പത് വസ്സിന് മുമ്പ് അവർ രണ്ട് പ്രാവശ്യം വിവാഹിതയാവുകയും രണ്ട് തവണയും വിധവയാവുകയും ചെയ്തു. ആദ്യ ഭർത്താവ് മസ്ഊദുബ്ന് അംറ് അവരെ വിവാഹ മോചനം ചെയ്തു. പിന്നീടവരെ വിവാഹം ചെയ്ത അബൂ റഹ്മ മൈമൂനക്ക് മുപ്പത് വയസ്സുള്ളപ്പോൾ മരണപ്പെട്ടു. 

രണ്ടാമതും വിധവയായതോടെ മറ്റൊരു പുനർ വിവാഹത്തെ പറ്റി ചിന്തിക്കാതെ, പ്രതീക്ഷിക്കാതെ അവർ ആത്മീയ കാര്യങ്ങളിലും ആരാധനകളിലും കൂടുതൽ ശ്രദ്ധ കൊടുത്ത് ജീവിക്കാൻ തുടങ്ങി. ഖദീജ (റ)ക്ക് ശേഷം രണ്ടാമതായി ഇസ്ലാം സ്വീകരിച്ച മഹതി എന്ന മഹത്വവും ഇസ്ലാമിക ചരിത്രത്തിൽ അവർക്കുണ്ട്.

ഉമ്മുൽ മുഅ°മിനീൻ

മുപ്പതാം വയസ്സിൽ വിധവയായ മൈമൂന, പുനർ വിവാഹ ചിന്ത പോലുമില്ലാതെ ആത്മീയ കാര്യങ്ങളിൽ മുഴുകി ജീവിക്കുന്നതിനിടയിലാണ് ഹിജ്റ 7 ൽ നബി (സ) യും സ്വഹാബികളും മക്കയിൽ ഉംറ ചെയ്യാനെത്തുന്നത്. ഒരു സത്യവിശ്വാസി എന്ന നിലയിൽ പ്രവാചകനെ ജീവനു തുല്യം സ്നേഹിക്കുന്ന മൈമൂനയുടെ മനസ്സിൽ പുതിയൊരു ചിന്തയും ആഗ്രഹവും വളർന്നു വന്നു. പ്രവാചകന്റെ ഭാര്യയാവുക എന്നതായിരുന്നു ആ ആഗ്രഹം. തന്റെ ആഗ്രഹം അവർ അബ്ബാസ് (റ) മുഖേന നബിയെ അറിയിക്കുകയും ചെയ്തു
ഇപ്പോൾ തന്നെ ഒന്നിലധികം ഭാര്യമാരുടെ സംരക്ഷണച്ചുമതലയുളള പ്രവാചകൻ  ഭക്തയും ദീർഘകാലമായി വിധവയുമായ മൈമൂനയെയും അക്കൂട്ടത്തിലേക്ക് ചേർത്തു നിർത്താൻ തന്നെ തീരുമാനിച്ചു . ഹിജറ 7 ൽ ഉംറ നിർവഹണം പൂർത്തിയിക്കിയ നബി തിരുമേനി അക്കൊല്ലം തന്നെ തന്റെ അറുപതാമത്തെ വയസ്സിൽ മൈമൂന(റ) യെ വിവാഹം ചെയ്തു. നബി (സ) യുടെ ജീവിതത്തിലേക്ക് കടന്നു വന്ന അവസാനത്തെ ഭാര്യ എന്ന സ്ഥാനവും മൈമൂനക്ക് സ്വന്തം.

ബർറ എന്നായിരുന്നു മൈമൂനയുടെ ആദ്യ നാമം.പുണ്യവതി എന്നാണതിന്റെ അർഥം. ചെറിയൊരു ആത്മ പ്രശംസയുടെ അർഥ ധ്വനി ആ പേരിൽ ഉൾ ചേർന്നു കിടക്കുന്നതിനാൽ പ്രവാചകൻ ആ പേര് മാറ്റി അവരെ മൈമൂന എന്ന് വിളിച്ചു.  ഈ പേര് ആ മഹതിക്ക് അക്കാലത്തും പിൽകാലത്തും ചരിത്രത്തിൽ സ്ഥിരപ്രതിഷ്ടിതമാവുകയും ചെയ്തു. ഇതാണ് ഉമ്മുൽ മുഅമിനീൻ മൈമൂന(റ) പ്രവാചക പത്നിയായ ചരിത്രം

ഗുണപാഠം

ജീവിതത്തിന്റെ സായം സന്ധ്യയിലെത്തിയെങ്കിലും പ്രവാചക പത്നിയാകാൻ മഹതിയായ മൈമൂന(റ) യെ പ്രേരിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയത ഘടകം പ്രവാചക പത്നിമാർക്ക് ഇഹലോകത്തും പരലോകത്തും ലഭിക്കുന്ന മഹത്തായ സ്ഥാനത്തെ പറ്റിയുള്ള അറിവും തിരിച്ചറിവുമായിരുന്നു. പക്ഷെ ഈ സത്യമുണ്ടോ ക്ഷിരമുളേളാരികിടിൻ ചുവട്ടിലും ചോര പരതി നടക്കുന്ന കൊതുകുകൾ അറിയുന്നു ?!!

✍️ ശംസുദ്ദീൻ പാലക്കോട്