പ്രവാചകന്റെ വിവാഹങ്ങൾ 11



മാരിയത്തുൽ ഖിബ്ത്വിയ്യ

ഈജിപ്തിലെ മുഖോഖിസ് രാജാവ് അന്നത്തെ ഒരു രീതി എന്ന നിലക്ക് മുഹമ്മദ് നബി (സ)ക്ക് സമ്മാനമായി നൽകിയ അടിമ സ്ത്രീയായിരുന്നു മാരിയത്തുൽ ഖിബ്ത്വിയ്യ എന്ന മഹതി. മാരിയ്യയെ പക്ഷെ നബി (സ) കേവലം ഒരു അടിമയായി സേവനം ചെയ്യിപ്പിക്കുന്നതിന് പകരം ഭാര്യയായി പരിഗണിച്ച് ചേർത്തു നിർത്തുകയാണ് ചെയ്തത്. കേവലം ഒരടിമയായി ചരിത്രത്തിൽ വിസ്മൃതമാകുമായിരുന്ന മാരിയയെ പ്രവാചകൻ പത്നീ സ്ഥാനം നൽകിയതിനാൽ അനുഗ്രഹീതയും സൗഭാഗ്യവതിയുമായി മാറി. അക്കാലത്ത് അധികമാരും ഈ വിധത്തിലുളള വിശാലമനോഭാവം കാണിക്കാറില്ല. 

മാരിയ (റ) വന്ന വഴി 

മാരിയത്തുൽ ഖിബ്ത്വിയ പ്രവാചക ജീവിതത്തിലേക്ക് എത്തിപ്പെട്ട കാര്യം മുകളിൽ സൂചിപ്പിച്ചു. അക്കാര്യം കുറച്ച് കൂടി വിശകലനമർഹിക്കുന്നു. അതിപ്രകാരം :-

ഹിജ്റ 6 ൽ പ്രവാചകന്റെ നേതൃത്വത്തിൽ മദീനയിലെ മുസ്ലിംകളും മക്കയിലെ ബഹുദൈവ വിശ്വാസികളും തമ്മിൽ ഹുദൈബിയയിൽ വെച്ചുണ്ടാക്കിയ കരാർ ചരിത്ര പ്രസിദ്ധമാണ്. ഹുദൈബിയ സന്ധി എന്നാണിതറിയപ്പെടുന്നത്.അതിലെ മിക്കവാറും വ്യവസ്ഥകൾ പ്രത്യക്ഷത്തിൽ മക്കയിലെ ബഹുദൈവ വിശ്വാസികൾക്കനുകൂലവും മുസ്ലിംകൾക്ക് പ്രതികൂലവുമായിരുന്നു. എന്നാൽ വിശുദ്ധ ഖുർആൻ ഈ സംഭവത്തെ അപ്പോൾ തന്നെ വിശേഷിപ്പിച്ചത് ഇസ്ലാമിന് 'വ്യക്തമായ വിജയം' എന്നാണ് എന്നത് ശ്രദ്ധേയം. (വിശുദ്ധ ഖുർആൻ സൂറത്തുൽ ഫത്ഹ് കാണുക). 

ഹുദൈബിയ്യ സന്ധിയിലെ ഒരു വ്യവസ്ഥ മാത്രമാണ് മുസ്ലിംകൾക്ക് സന്തോഷം ജനിപ്പിച്ചത്. അഥവാ മുസ്ലിംകളും ഖുറൈശികളും തമ്മിൽ അടുത്ത 10 വർഷക്കാലും യുദ്ധമോ ഏറ്റുമുട്ടലോ ഉണ്ടാവുകയില്ല. ഇതായിരുന്നു ആ വ്യവസ്ഥ. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഇരു വിഭാഗത്തിനുമിടക്ക് സമാധാനം നിലവിൽ വന്ന സാഹചര്യത്തിൽ പ്രവാചകൻ ഈ അവസരം അറേബ്യയുടെ ഇതര രാജ്യങ്ങളിലേക്ക് ഇസ്ലാമിക പ്രബോധനം വ്യാപിപ്പിക്കാൻ ശ്രമങ്ങളാരംഭിച്ചു. ഇതിന്റെ ഭാഗമായി ഏതാണ്ട് 14 ഓളം സമീപ രാജ്യഭരണ സാരഥികൾക്ക് ദൈവിക മതത്തെ പരിചയപ്പെടുത്തിക്കൊണ്ട് ദൂതന്മാർ വശം കത്തുകൾ അയച്ചു. ഇതിന് വ്യത്യസ്തമായ പ്രതികരണങ്ങളാണ് വിവിധ ഭരണാധികാരികളിൽ നിന്നുണ്ടായത്. ചിലർ വളരെ മോശമായും ക്രൂരമായും പ്രതികരിച്ചപ്പോൾ ഈജിപ്തിലെ മുഖോഖിസ് രാജാവും മറ്റു ചിലരും വളരെ മാന്യമായും അനുകൂലമായും പ്രതികരിച്ചു.

പ്രവാചകന്റെ കത്തുമായി വന്ന ദൂതന്മാരെ മുഖോഖിസ് രാജാവ് മാന്യമായി സ്വീകരിച്ചു. പ്രവാചകന്റെ കത്തിന് മാന്യമായ ഒരു മറുപടി അദ്ദേഹം തയ്യാറാക്കി ദൂതന്മാരെ ഏൽപിച്ചു. കൂടാതെ അക്കാലത്തെ മാന്യമായ ഒരു രീതി എന്ന നിലയിൽ 2 അടിമ സ്ത്രീകളെ പ്രവാചകന് സമ്മാനമായി അവരോടൊപ്പം അയച്ചു കൊടുക്കുകയും ചെയ്തു. അവരിലൊരാളുടെ പേരാണ് പിന്നീട് നബിയുടെ പത്നീ പദമലങ്കരിച്ച മാരിയത്തുൽ ഖിബ്ത്വിയ.തനിക്ക് സമ്മാനമായി കിട്ടിയതാണെങ്കിലും രണ്ടാമത്തെ അടിമ സ്ത്രീയെ നബി പ്രമുഖ സ്വഹാബിയായ ഹസ്സാനുബ്ന് സാബിതിന് നൽകി.

നബി (സ)ക്ക് ഖദീജ (റ) യിൽ 6 മക്കളും മാരിയത്തുൽ ഖിബ്തിയ എന്ന ഭാര്യയിൽ ഒരു മകനും ആകെ 7 മക്കളാണുള്ളത്. ഏഴു മക്കളിൽ ഫാത്വിമ എന്ന മകൾ ഒഴികെ മറ്റു മക്കളെല്ലാം പ്രവാചകന്റെ ജീവിത കാലത്ത് തന്നെ നിര്യാതരായി.

ഗുണപാഠം 

നബി( സ ) 50 വയസ്സ് വരെ ഖദീജ (റ) എന്ന ഏക ഭാര്യയോടൊപ്പം മാത്രം ദാമ്പത്യ ജീവിതം നയിച്ചു. ഖദീജ (റ)യുടെ വിയോഗാനന്തരമുള്ള 7 വർഷത്തിനിടക്കാണ് മറ്റു ഭാര്യമാർ പ്രവാചക ജീവിതത്തിലേക്ക് സവിശേഷമായ കാരണങ്ങളാൽ എത്തിച്ചേരുന്നത്. നബി (സ)ക്ക് മാരിയത്തുൽ ഖിബ്തിയ ഉൾപ്പെടെ ആകെ 12 ഭാര്യമാരാണുണ്ടായിരുന്നത് (11 ഭാര്യയും ഒരടിമ സ്ത്രീയും എന്ന് ചിലർ പ്രയോഗിക്കുന്നത് കാണാം. ആ പ്രയോഗം പക്ഷെ ശരിയല്ല. 12 ഭാര്യമാർ എന്നതാണ് ശരി )

«««അവസാനിച്ചു»»»

✍️ ശംസുദ്ദീൻ പാലക്കോട്