രണ്ടാം വിവാഹവും ഇസ്‌ലാമും

അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. ) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക. ) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.

അദ്ധ്യായം 4 നിസാഅ് 3



വിശദീകരണം👇

താഴെ പറയുന്ന ആശയങ്ങൾ ഈ സൂക്തത്തിൽ ഉൾപ്പെടുന്നു.

1. അനാഥയുടെ വിഷയത്തിൽ അനീതി ചെയ്യുന്നതിൽ അറബികൾ ഭയപ്പെട്ടിരുന്നു. എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ അവരെ കൂടുതൽ വിവാഹം ചെയ്തു കഷ്ടപ്പെടുത്തുന്നതിൽ യാതൊരു ഭയവും അവർക്കുണ്ടായിരുന്നില്ല. അനാഥകളുടെ കാര്യത്തിൽ അനീതി വരുന്നതിനെ നിങ്ങൾ ഭയപ്പെടുന്നുണ്ടെങ്കിൽ അതുപോലെ തന്നെ സ്ത്രീകളുടെ പ്രശ്നത്തിലും നിങ്ങൾ ഭയപ്പെടുവിൻ. അത് കൊണ്ട് അവരുടെ കാര്യത്തിൽ അനീതി വരികയില്ലെന്ന് നിങ്ങൾക്ക് ശരിക്കും ഉറപ്പുള്ള സ്ത്രീകളെ മാത്രമെ വിവാഹം ചെയ്യാൻ പാടുള്ളൂ. അതുതന്നെ ഒന്നു മുതൽ നാല് വരെ. (ഇബ്നുജരീർ: 3-158) 

2. ഇസ്ലാം വരുന്നതിന്റെ മുമ്പ് അറബികൾക്കിടയിൽ ബഹുഭാര്യത്വമാണ് നിലവിലുണ്ടായിരുന്നത്. യാതൊരു പരിധിയും അതിനുണ്ടായിരുന്നില്ല. ഇസ്ലാം ആദ്യം അതിന്റെ എണ്ണം നാലാക്കിച്ചുരുക്കി. ബഹുഭാര്യത്വം സ്വീകരിക്കുകയാണെങ്കിൽ രണ്ടോ മൂന്നോ നാലോ പാടുള്ളൂവെന്ന് പ്രഖ്യാപിച്ചു. ഇതുകൊണ്ടാണ് രണ്ടിൽ നിന്ന് ആരംഭിച്ചത്. ബഹുഭാര്യത്വത്തെ പ്രോൽസാഹിപ്പിക്കുന്നതു കൊണ്ടല്ല. പ്രത്യുത വിഷയം ബഹു ഭാര്യത്വത്തെ സംബന്ധിച്ചായതിനാൽ രണ്ടിൽ നിന്ന് ആരംഭിക്കുകമാത്രമാണ് ചെയ്യുന്നത്. പ്രോൽസാഹിപ്പിക്കുകയാണെങ്കിൽ നാലോ മുന്നോ രണ്ടോ എന്നാണ് പറയേണ്ടത്. 

3. കണിശമായി നീതിപാലിക്കുവാൻ സാധിക്കുമെങ്കിൽ മാത്രമേ ഈ നാല് വരെയും അനുവദിക്കപ്പെടുകയുള്ളൂ. നേരിയ ഭയം ഉണ്ടായാൽ പോലും പാടില്ലെന്ന് ഉണർത്തി ഇതൊരു പരീക്ഷണത്തിന് വിധേയമാക്കേണ്ടതായ പ്രശ്നമല്ലെന്ന് പ്രഖ്യാപിച്ചു.

4. പകൽ ഇത്ര സമയം ഒരു സ്ത്രീയുടെ അടുത്ത് ചെലവ് ചെയ്താൽ അത്രതന്നെ മറ്റുള്ളവരുടെ അടുത്ത് ചെലവ് ചെയ്യണം. രാത്രിയും അതുപോലെ തന്നെ. നബി(സ) അരുളി : വല്ലവനും രണ്ടു ഭാര്യമാരുണ്ടായിട്ട് അവൻ ഒരുവളുടെ നേരെ ചായുന്നപക്ഷം ഉയിർത്തെഴുന്നേൽക്കുന്ന നാളിൽ ഒരു ഭാഗത്തേക്ക് ചാഞ്ഞു കൊണ്ട് അവൻ വരുന്നതാണ് (അബൂദാവൂദ്).  

5. ഇമാം ശാഫിഈ(റ) تعدلو എന്നതിന് നൽകിയ അർത്ഥമാണ് നാം നൽകിയത്. കൂടുതൽ സ്ത്രീകളെ വിവാഹം ചെയ്ത് പ്രാരാബ്ധം വർദ്ധിക്കുമെന്ന് വിവക്ഷ. 

6. അതാണ് നിങ്ങൾക്ക് നീതിപുലർത്തുവാൻ ഏറ്റവും നല്ലത് എന്നും അർത്ഥം നൽകാം. ഒരു ഭാര്യയെ സ്വീകരിക്കലാണ് `അത്´ എന്നതിന്റെ വിവക്ഷയെന്ന് ഇബ്നു അബ്ബാസ്(റ) ഉൾപ്പെടെയുള്ള ഭൂരിപക്ഷം പണ്ഡിതന്മാർ അഭിപ്രായപ്പെടുകയും ചെയ്യുന്നു. 

7. അടിമത്വം മനുഷ്യന്റെ സ്വഭാവത്തിലും മാറ്റം ഉണ്ടാക്കുന്നതിനാൽ ഒരാളുടെ കീഴിലുള്ള അടിമ സ്ത്രീകളെ വിവാഹം ചെയ്യുന്നതിനെ ഇസ്ലാം പ്രേരിപ്പിക്കുന്നില്ല. സ്വതന്ത്ര സ്ത്രീകളെ വിവാഹം ചെയ്യുവാൻ സാധിക്കാതെ വന്നാൽ മാത്രമേ അവളെ വിവാഹം ചെയ്യുവാൻ പാടുള്ളു. അടിമത്തമോചനമാണ് ഇസ്ലാം നിർദ്ദേശിക്കുന്നത്.

ഇമാം മുഹമ്മദ് അബ്ദു(റ)വും റഷീദറിന്റെയും എഴുതി : `ഇസ്ലാം ബഹുഭാര്യത്വം അനുഷ്ഠിക്കുവാൻ വളരെ പ്രയാസകരമായതും കുടുസ്സായതുമായ നിബന്ധനയുടെ അടിസ്ഥാനത്തിൽ അനുവദിച്ചതാണ്. നിർബന്ധസാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ, ഒരു ചിന്തിക്കുന്ന മനുഷ്യൻ ശരിക്കും ചിന്തിച്ചാൽ ബഹുഭാര്യത്വം മൂലം ഇന്ന് ഉണ്ടാകുന്ന കുഴപ്പങ്ങൾ അവന് മനസ്സിലാക്കുവാൻ സാധിക്കുന്നതും അതിനാൽ നല്ലൊരു സമൂഹത്തെ ഇതുകൊണ്ടു ഉണ്ടാക്കുവാൻ സാധ്യമല്ലെന്നും മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്. കാരണം രണ്ട് ഭാര്യമാർ ഉള്ള ഒരു കുടുംബത്തിൽ ഒരു സമാധാന അവസ്ഥ അവനുണ്ടാവുകയില്ല. വ്യവസ്ഥകൾ അവിടെ നിലനിൽക്കുകയില്ല. പരസ്പരം ശത്രുത അവിടെ കാണാം. കുട്ടികളിലേക്ക് വരെ അതു വ്യാപിക്കുന്നു. കുടുംബത്തിലെ ഈ കുഴപ്പം സമൂഹത്തെ ബാധിക്കുന്നു. ഇസ്ലാമിന്റെ ആരംഭഘട്ടത്തിൽ ഇതുകൊണ്ട് നന്മയായിരുന്നുവെങ്കിൽ ഇന്ന് തിന്മയാണ്. അതിനാൽ കുഴപ്പത്തെക്കാൾ പ്രാമുഖ്യം നൽകേണ്ടതു നന്മക്കാണ്. ഭിന്നതയെക്കാൾ പ്രാധാന്യം കൽപിക്കേണ്ടത് യോജിപ്പിനാണ്.´ (തഫ്സീറുൽ മനാർ 4:35)

✍️ എ അബ്ദുസ്സലാം സുല്ലമി | അവലംബം :
ഖുർആനിൻ്റെ വെളിച്ചം