നല്ല കൂട്ടുകെട്ട്‌

അബൂഹുറയ്‌റ നിവേദനം ചെയ്യുകയും തിര്‍മിദി ഉദ്ധരിക്കുകയും ചെയ്‌ത ഒരു നബിവചന സാരാംശം ഇപ്രകാരമാണ്‌ : "ഒരു വ്യക്തി വിലയിരുത്തപ്പെടേണ്ടത്‌ അവന്റെ കൂട്ടുകാരന്റെ ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്‌. അതിനാല്‍ ഓരോരുത്തരും താന്‍ ആരെയാണ്‌ കൂട്ടുകാരനാക്കുന്നതെന്ന്‌ സ്വയം പരിശോധിക്കട്ടെ.''

നല്ല കൂട്ടുകെട്ടിലൂടെ നല്ല ജീവിത പരിസരം സൃഷ്‌ടിച്ചെടുക്കാന്‍ സാധിക്കുന്നതുപോലെ ചീത്ത കുട്ടൂകെട്ടിലൂടെ ചീത്ത ജീവിതസാഹചര്യങ്ങളിലേക്ക്‌ വഴുതിവീഴുകയും ചെയ്യും. അതിനാല്‍ ബന്ധങ്ങള്‍ തുടങ്ങുമ്പോഴും പുതിയ സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുമ്പോഴും ഇത്തരം മതകീയ തത്വങ്ങള്‍ മതവിശ്വാസികള്‍ സഗൗരവം ഗൗനിക്കേണ്ടതുണ്ട്‌. വ്യക്തിയെ മനസ്സിലാക്കാനും അവനെ വിലയിരുത്താനും പറ്റിയ ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന്‌ അവന്റെ കൂട്ടുകെട്ട്‌ ആരുമായിട്ടാണ്‌ എന്നറിയുകയാണ്‌. 

© ശംസുദ്ദീന്‍ പാലക്കോട്‌

നബിദിനവും ചരിത്രവും

മുസ്‌ലിം സമൂഹത്തില്‍ മതപരമായ അറിവും അവബോധവുമുള്ളവര്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനം ആഘോഷിക്കാറില്ല. അതിന് ചരിത്രപരവും വസ്തുതാപരവുമായ ഒട്ടേറെ കാരണങ്ങള്‍ അവര്‍ക്ക് പറയാനുമുണ്ട്. 

1. നബി(സ) പ്രവാചകന്‍ എന്ന നിലയില്‍ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും ആകെ 23 വര്‍ഷക്കാലം ജീവിച്ചു. അതിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയോ അനുയായികളോട് ആഘോഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.

2. നബി(സ) തനിക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനമോ ചരമ ദിനമോ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല. 

3. രണ്ടര വര്‍ഷം ഇസ്‌ലാമിക ഭരണം നടത്തിയ അബൂബക്കര്‍(റ) 10 വര്‍ഷം ഭരിച്ച ഉമര്‍(റ), 12 വര്‍ഷം ഭരിച്ച ഉസ്മാന്‍(റ), 5 വര്‍ഷം ഭരിച്ച അലി(റ) എന്നീ സച്ചരിതരായ ഖലീഫമാര്‍ ഒരിക്കല്‍പോലും തങ്ങള്‍ക്ക് മറ്റാരേക്കാളും പ്രിയപ്പെട്ട പ്രവാചകന്റെ ജന്മദിനം ആഘോഷക്കുകയോ ചരമദിനം ആചരിക്കുകയോ ചെയ്തിട്ടില്ല.

4. നബിയുടെ ഏറ്റവും പ്രിയപ്പെട്ട ഭാര്യമാരോ ബന്ധുക്കളോ സന്തത സഹചാരികളായ സ്വഹാബികളോ ആരും തന്നെ നബി(സ)യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല.

5. ഏറ്റവും നല്ല നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്തെവിടെയും നബിദിനാഘോഷ പരിപാടി നടന്നിരുന്നില്ല.

6. മുസ്‌ലിം ലോകം മുഴുവന്‍ ആദരിക്കുന്ന ഇമാംശാഫി, ഇമാം മാലിക്, ഇമാം അബുഹനീഫ, ഇമാം അഹ്മദ് ബ്‌നു ഹസല്‍, ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയ പണ്ഡിതന്മാരാരും നബിദിനം ആഘോഷിക്കുകയോ ആഘോഷിക്കാന്‍ 'ഫത്‌വ' നല്‍കുകയോ ചെയ്തിട്ടില്ല. 

7. മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാണെന്നും അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നുമുള്ള തഴവ മൗലവിയുടെ പാട്ട് വളരെയധികം പ്രസിദ്ധമാണ്. തഴവയാകട്ടെ സുന്നി പണ്ഡിതനുമാണ്. 

8. അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ നബി(സ)യെ പിന്‍പറ്റുകയാണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ 3:31 ല്‍ വ്യക്തമായിരിക്കെ അല്ലാഹുവില്‍ വിശ്വസിക്കുകയും നബി(സ)യെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെ നബിദിനമാഘോഷിക്കാന്‍ കഴിയും?!

9. സ്വര്‍ഗത്തിലേക്ക് നമ്മെ അടുപ്പിക്കുകയും നരകത്തില്‍നിന്ന് നമ്മെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നബി(സ)നമുക്ക് വിവരിച്ചു തന്നിട്ടുണ്ടെന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നബിദിനാഘോഷം എന്ന ആചാരമില്ല.

10. നബി(സ) പഠിപ്പിക്കാത്ത പുതിയ ആചാരങ്ങള്‍ (ബിദ്അത്ത്)മതത്തില്‍ ആരെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളിക്കളയണം എന്നാണ് നബി(സ) ഈ സമുദായത്തെ ഉദ്‌ബോധിപ്പിച്ചത്.

11. ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് നബി(സ)യുടെ വിയോഗവും നടന്നത്. ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണ് നബി (സ) ഈ ലോകത്തോട് വിടപറഞ്ഞത്. അതിനാല്‍ അന്നൊരു ആഘോഷം നാം സംഘടിപ്പിച്ചാല്‍ അത് നബി(സ)യുടെ ജനനത്തിലുള്ള സന്തോഷമോ മരണത്തിലുള്ള സന്തോഷമോ?! നബിദിനാഘോഷക്കാര്‍ സഗൗരവം ചിന്തിക്കുക!

12. നബി(സ)യെ സ്‌നേഹിക്കേണ്ടത് എങ്ങിനെയെന്ന് ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതില്‍ ജന്മദിനാഘോഷമോ ചരമദിനാഘോഷമോ ഇല്ല എന്ന് നാം അറിയുക.

13. ജന്മദിനമോ ചരമദിനമോ ആചരിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല. ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഇര്‍ബല്‍ എന്ന പ്രദേശത്തെ മുദഫ്ഫര്‍ എന്ന രാജാവ് ഉണ്ടാക്കിയ പുത്തന്‍ ആചാരമാണ് നബിദിനാഘോഷം. മുസ്‌ലിംകള്‍ പിന്‍തുടരേണ്ടത് മുദഫ്ഫര്‍ രാജാവിന്റെ അനാചാരത്തെയല്ല, മുഹമ്മദ് നബി(സ)യുടെ സദാചാരത്തെയാണ്. 

14. റബീഉല്‍ അവ്വല്‍ മാസത്തില്‍ പള്ളികളിലും ചില വീടുകളിലും മുസ്‌ല്യാന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലീദ് പാരായണങ്ങളില്‍ (ഉദാ: മന്‍ഖൂസ് മൗലീദില്‍) നബി(സ)യോട് പാപമോചനം തേടിക്കൊണ്ടുള്ള വരികളാണ്. പാപം പൊറുക്കാന്‍ അല്ലാഹുവല്ലാതെ മറ്റാരാണ് നിങ്ങള്‍ക്കുള്ളത് എന്ന് അല്ലാഹു ഖുര്‍ആനിലൂടെ (3:135) നമ്മോട് ചോദിക്കുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടുമാണ് നബിദിനാഘോഷക്കാര്‍ നബി(സ)യോട് പാപമോചനം തേടി പ്രാര്‍ഥിക്കുന്നത്. ഇത് എത്ര വലിയ ധിക്കാരമാണെന്നോര്‍ക്കുക!!

15. റബീഉല്‍ അവ്വല്‍ മാസത്തില്‍ വീട് വീടാന്തരം കയറിയിറങ്ങി മൗലീദ് കഴിക്കുകയും മൃഷ്ടാന്നഭോജനം നടത്തുകയും നൂറും അഞ്ഞൂറും കൈമടക്ക് വാങ്ങിക്കുകയും ചെയ്യുന്നവര്‍ പക്ഷെ അവരുടെ സ്വന്തം വീടുകളില്‍ മൗലീദ് കഴിക്കാറുണ്ടോ എന്ന് സത്യാന്വേഷികള്‍ ഒരന്വേഷണം നടത്തുക. അപ്പോഴറിയാം അവരില്‍ പലരുടെയും വീടുകളില്‍ ഈ ഏര്‍പ്പാട് ഇല്ല എന്ന്.

16. റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിനമാഘോഷിക്കല്‍ പുണ്യകര്‍മമാണെന്ന് പറഞ്ഞ സലഫുസ്സാലിഫുകളായ (ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ സച്ചരിതരായ മുന്‍ഗാമികള്‍) പണ്ഡിതന്മാരില്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഒരാളെയെങ്കിലും നബിദിനമാഘോഷക്കാര്‍ ഉദ്ധരിക്കുക! ഏത് ആയത്തിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ് നബിദിനാഘോഷം പുണ്യകര്‍മമാണെന്ന് അവര്‍ പറഞ്ഞതെന്നും വ്യക്തമായി ഉദ്ധരിക്കുക!

17. പാമരജനങ്ങളെ വഴിതെറ്റിക്കാന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്ധരിക്കുന്ന സൂറത്ത് യൂനസിലെ 58-ാം സൂക്തം റബീഉല്‍ അവ്വലിലെ നബിദിനാഘോഷത്തിന് തെളിവായി പ്രാമാണികരായ ഒരു മുഫസ്സിയും ഉദ്ധരിച്ചിട്ടില്ല. ഉണ്ടെങ്കില്‍ആ ഭാഗം ഉദ്ധരിക്കാന്‍ നബിദിനാഘോഷക്കാര്‍ സന്നദ്ധരാവുക! 

18. ഖദീജാ ബീവിയുടെ നന്മകള്‍ നബി(സ) എടുത്തുപറഞ്ഞത് മഹതിയുടെ ജന്മദിനത്തിലോ മരണദിനത്തിലോ അല്ല. ആണെങ്കില്‍ രേഖ ഉദ്ധരിക്കുക!

19. മരണപ്പെട്ടവരെപ്പറ്റി നല്ലത് പറയണം എന്ന് നബി(സ) നിര്‍ദേശിച്ചതന്റെ അര്‍ഥം മരണപ്പെട്ടവരുടെ ജന്മദിനവും ആണ്ടും കൊണ്ടാടണം എന്നാണെന്ന് സഹാബികളോ സച്ചരിതരായ മുന്‍ഗാമികളോ മനസ്സിലാക്കിയിട്ടില്ല. ഉണ്ടെങ്കില്‍ സഹാബികള്‍ ആരുടെയെല്ലാം ജന്മദിനവും ആണ്ടും കൊണ്ടാടിയിട്ടുണ്ട് എന്നതിന് നബിദിനാഘോഷക്കാര്‍ രേഖ ഉദ്ധരിക്കുക!

20. മദീനാപള്ളിയില്‍ ഹസ്സാനുബ്‌നു സാബിത്തിന് മൗലീദ് കഴിക്കാന്‍ നബി(സ) വേദി ഒരുക്കിക്കൊടുത്തുവെന്ന് പ്രവാചകന്റെ പേരില്‍ കളവ് പറയുന്നവര്‍ അത് റബീഉല്‍ അവ്വലിലാണെന്നതിനും അതില്‍ പങ്കെടുത്ത സ്വഹാബികള്‍ ആരെല്ലാമാണെന്നതിനും തെളിവുദ്ധരിക്കുക!

മൗലീദാഘോഷത്തെ ന്യായീകരിക്കുകയും അതില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ മുകളില്‍ എഴുതിയ ചരിത്രപരവും വസ്തുതാപരവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക! ചിന്തിക്കുക!!

© കെ പി എസ് ഫാറൂഖി

നബിദിന ക്വിസ്‌

*നബിദിന ക്വിസ്സ്:ആകർഷണമായ സമ്മാനങ്ങൾ നേടൂ... !*

ശരിയുത്തരം താഴെകാണുന്ന wtsp നമ്പറിൽ അയക്കുക

1. നബി (സ) ജനിച്ചത് റബീഉൽ അവ്വൽ 12 ന് ആണെന്ന ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി?
*(ഉമർ (റ), ആയിഷ (റ), അബൂബക്കർ (റ), അബു ഹുറൈറ (റ) )*

2. ആദ്യ നബിദിന ഘോഷ യാത്ര നടന്ന സ്ഥലം?
*(മക്ക, മദീന, ത്വായിഫ്, ശാം)*

3. ആദ്യ നബിദിന ഘോഷയാത്രയിൽ വിതരണം ചെയ്ത ഭക്ഷണം?
*(ഈത്തപ്പഴം, കാരക്ക, റൊട്ടി, പാൽ)*

4. ഹിജ്റക്ക് ശേഷമുള്ള ആദ്യ റബീഉൽ അവ്വൽ 12 ന് സുബഹിക്ക് നടന്ന മൗലിദ് സദസിന് നേതൃത്വം കൊടുത്തതാര്?
*( നബി (സ), അബൂബക്കർ (റ), ഉമർ (റ),ഹംസ (റ) )*

5. നബി (സ) യുടെ കാലത്ത് റബീഉൽ അവ്വൽ 12 ന് പാരായണം ചെയ്തിരുന്ന മൗലിദ് കിതാബ് ഏത് ?
*(മങ്കുസ് മൗലിദ്, ഷറഫുൽ അനാം മൗലിദ്,ബദർ മൗലിദ്, ഇവ മൂന്നും)*

6. നബി (സ) ആഘോഷിച്ച നബിദിനങ്ങളുടെ എണ്ണം എത്ര?
*(23, 63, 10, 13)*

7. മദീനയിലെ ആദ്യ നബിദിന ഘോഷയാത്രയിൽ തക്ബീർ വിളിച്ച് കൊടുത്ത സ്വഹാബി?
*( ബിലാൽ (റ), അനസ് (റ), അലി (റ), ജാഫർ (റ) )*

8. ഖുർആൻ ഒരക്ഷരം പാരായണം ചെയ്ത പത്ത് പ്രതിഫലം. മൗലിദ് ഒരക്ഷരം പാരായണം ചെയ്താൽ എത്ര പ്രതിഫലം?
*(1, 3, 10, 100)*

9. മങ്കുസ് മൗലിദ് രചിച്ച സ്വഹാബി?
*(സെയ്ദ് (റ), ഉസ്മാൻ (റ), ബിലാൽ (റ), അനസ് (റ) )*

10. മദീനയിലെ ആദ്യ റബീഉൽ അവ്വൽ 12 ന് ഉയർത്തിയ കൊടിയുടെ കളർ?
*(വെള്ള, നീല, പച്ച, ചുവപ്പ് )*

*Nb:ശരി ഉത്തരം  അയക്കുന്നതിന്ന് സമയപരിധിയോ പ്രായപരിധിയോ ഇല്ല. ശരിയുത്തരം അയക്കുന്ന എല്ലാവർക്കും കൈ നിറയെ സമ്മാനങ്ങൾ. ബ്രാക്കറ്റിൽ ശരിയുത്തരം ഇല്ലങ്കിൽ മത്സരാർത്ഥികൾക്ക് അത് ഉണർത്താവുന്നതാണ്. ഉത്തരം അയക്കേണ്ട wtsp നമ്പർ:+919895779668*

© നാസർ മദനി

നബിമാസാചരണത്തിലെ അപകടങ്ങള്‍

പ്രവാചകനോടുള്ള സ്‌നേഹപ്രകടനങ്ങള്‍ വഴിവിട്ടുപോകുകയും ഇതരമതസ്ഥരെ അനുകരിച്ചുകൊണ്ട്‌ പ്രവാചകസ്‌നേഹത്തിന്റെ പേരില്‍ മതത്തില്‍ പുതിയ ആചാരങ്ങള്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്യുന്ന കാഴ്‌ചയാണ്‌ നാടെങ്ങും കണ്ടുകൊണ്ടിരിക്കുന്നത്‌. നബി(സ)യുടെ അപദാനങ്ങള്‍ വാഴ്‌ത്തുക എന്ന പേരില്‍ അതിശയോക്തികളും ഭാവനയില്‍ മെനഞ്ഞെടുത്ത സിദ്ധാന്തങ്ങളും ഉള്‍പ്പെട്ട കീര്‍ത്തനങ്ങള്‍ ദിനചര്യയെന്നോണം പാടുക, നബി(സ)യുടെ ജയന്തി ആഘോഷിക്കുക, നബിജനിച്ച മാസമെന്ന നിലയില്‍ റബീഉല്‍ അവ്വലിന്‌ പുണ്യംകല്‌പിച്ച്‌ ആഘോഷിക്കുക, നബിയുടെ പേരില്‍ ജാഥകളും ഘോഷയാത്രകളും സംഘടിപ്പിക്കുക, പള്ളികളും മദ്‌റസകളും അലങ്കരിക്കുക തുടങ്ങിയ ജാടകളാണ്‌ പ്രവാചക സ്‌നേഹപ്രകടനങ്ങള്‍ എന്ന പേരില്‍ മുസ്‌ലിംകളില്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കാത്ത, പ്രവാചകന്‍ പഠിപ്പിക്കാത്ത, സ്വഹാബികള്‍ക്ക്‌ പരിചയമില്ലാത്ത, ആദ്യകാല മഹാന്മാര്‍ ആലോചിക്കാത്ത, മദ്‌ഹബിന്റെ ഇമാമുകള്‍ എന്നറിയപ്പെടുന്ന പണ്ഡിതന്മാര്‍ മനസ്സിലാക്കിയിട്ടില്ലാത്ത തികച്ചും നൂതനമായ സമ്പ്രദായങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ ഇന്ന്‌ ആചാരമായി നടമാടുന്നു. ഇത്‌ സത്യവിശ്വാസികളെ സംബന്ധിച്ചേടത്തോളം ഗുരുതരമായ ആപത്താണ്‌. അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുക എന്ന അടിസ്ഥാനാശയത്തില്‍ നിന്നു മാറി, ശരിയായ നിലയില്‍ ജീവിക്കാന്‍ പോലും തയ്യാറാകാത്ത ആളുകള്‍ റബീഉല്‍ അവ്വല്‍ ആഘോഷിക്കുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നതില്‍ വിശ്വാസപരമായ വലിയ അപകടമുണ്ട്‌. മുസ്‌ലിംകള്‍ ഇക്കാര്യം ഉള്‍ക്കൊണ്ട്‌ ബിദ്‌അത്തുകളില്‍ നിന്ന്‌ പിന്മാറുകയും സുന്നത്തിന്റെ ശരിയായ പാതയിലേക്ക്‌ നീങ്ങുകയും ചെയ്യണമെന്നുണര്‍ത്തട്ടെ.

`നബിമാസാചരണ'ത്തിലെ അപകടങ്ങള്‍ എത്ര ഗുരുതരമാണെന്നറിയാമോ?

ഒന്ന്‌) ജന്മദിനാഘോഷം (ബര്‍ത്ത്‌ഡെ ആചരണം) നബി(സ) പഠിപ്പിച്ചതല്ല.  

രണ്ട്‌) നബിയെ ജീവനു തുല്യം സ്‌നേഹിച്ച സ്വഹാബികള്‍ അങ്ങനെ ചെയ്‌തിട്ടില്ല,

 മൂന്ന്‌) ഉത്തമ നൂറ്റാണ്ടുകളെന്ന്‌ പ്രവാചകന്‍ വിശേഷിപ്പിച്ച ഹിജ്‌റ ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകാര്‍ക്ക്‌ പരിചയമില്ലാത്ത പുതിയ സമ്പ്രദായങ്ങള്‍ ദീനിന്റെ പേരില്‍ കടന്നുവരുന്നു.

 നാല്‌) `ഈസാ നബിയെ നസാറാക്കള്‍ പുകഴ്‌ത്തിയതു പോലെ എന്നെ നിങ്ങള്‍ പുകഴ്‌ത്തിപ്പറയരുത്‌' എന്ന നബിയുടെ താക്കീത്‌ അവഗണിച്ചുകൊണ്ട്‌ ക്രൈസ്‌തവ സംസ്‌കാരം നാം പിന്‍പറ്റുന്നു.

 അഞ്ച്‌) ആചാര്യന്മാരുടെ ജനിമൃതികള്‍ ആഘോഷിക്കുക എന്ന ഇതരമതങ്ങളിലെ ആചാരങ്ങള്‍ നാം സ്വായത്തമാക്കുന്നു.

 ആറ്‌) ഇതിനൊക്കെ പുറമെ നബിചര്യ ജീവിതത്തില്‍ പകര്‍ത്തുന്നതിനു പകരം ചില ജാട പ്രകടനങ്ങള്‍ കൊണ്ട്‌ മോക്ഷം നേടാമെന്ന തെറ്റായ `മെസ്സേജ്‌' പാമരസമൂഹത്തിലേക്ക്‌ നല്‌കുന്നു.

© ശബാബ്‌ വാരിക

സത്യം മൂടിവെക്കുന്നവരുടെ ഭാവി

"അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്‌) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും" (അദ്ധ്യായം 2 ബഖറ 174)

സത്യം മൂടിവെച്ച് ജനങ്ങളുടെ മുന്നില്‍ ഉന്നതന്മാരായി ചമയുന്നവരെല്ലാം അല്ലാഹു അവഗണിക്കുന്ന നിസ്സാരന്മാരായി മാറുന്നതാണ്. അല്ലാഹു അവരെ വെറുക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ കൃത്യമായി മനസ്സിലാക്കിയിട്ടും അതു പിന്‍പറ്റാതെയും മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാതെയും ജീവിക്കുന്നവര്‍ ഇതിന്‍റെ പരിധിയില്‍ വരും. ഖുര്‍ആനിന്‍റെ സന്ദേശം ജനമനസ്സുകളില്‍ എത്തിക്കാന്‍ മുതിരാതെ കേവലം ധനസമ്പാദനത്തിനുള്ള വിവിധ മാര്‍ഗങ്ങളായി വിശുദ്ധ ഖുര്‍ആനെ ദുരുപയോഗപ്പെടുത്തുന്നവര്‍ ഏറെ ഭയപ്പെടേണ്ട ഒരു വചനമാണിത്. ഖുര്‍ആന്‍ പാത്രത്തിലെഴുതിയും ഓതി നൂലുകളില്‍ കെട്ടുകളിട്ടും വില്‍പ്പനച്ചരക്കാക്കുന്ന കാഴ്ച ഇന്നും കണ്ടുകൊണ്ടിരിക്കുന്നു. ഇവര്‍ വയറുകളില്‍ നരകാഗ്നി നിറയ്ക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. വിചാരണപോലും ഇല്ലാതെ നേരെ നരകത്തിലേക്ക് എത്തിപ്പെടാനുള്ള വഴിയാവും ഈ പ്രവൃത്തിയെന്നു പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

© അബ്ദു സലഫി

ഈമാനും അമാനത്തും

മുഹമ്മദ്‌ നബി (സ)ക്ക്‌ പ്രവാചകത്വം ലഭിക്കുന്നത്‌ നാൽപതാം വയസ്സിലാണ്. എന്നാൽ അൽ അമീൻ എന്ന വിളിപ്പേർ കിട്ടിയതാവട്ടെ ചെറുബാല്യത്തിലും. അഥവാ കുട്ടിക്കാലം മുതൽ അമാനത്ത്‌ നെഞ്ചേറ്റിപ്പോന്ന വ്യക്തിയേയാണ് പ്രവാചകത്വം എന്ന ഭാരിച്ച അമാനത്ത്‌ അല്ലാഹു ഏൽപ്പിക്കുന്നത്‌.

വിശ്വാസവും (ഈമാൻ) വിശ്വാസ്യതയും (അമാനത്ത്‌) തമ്മിൽ വേർപ്പെടുത്താവാനാത്ത ബന്ധമുണ്ട്‌. ഈമാനുള്ളവർക്ക്‌ അമാനത്ത്‌ അനിവാര്യമാണ്. എന്നാൽ ചിലരിലെങ്കിലും അത്‌ കാണാറില്ല. നമുക്ക്‌ അല്ലാഹുവിൽ വിശ്വാസമുണ്ട്‌. എന്നാൽ മറ്റുള്ളവർക്ക്‌ നമ്മിൽ വിശ്വാസമില്ലെങ്കിൽ നമുക്ക്‌ വിശ്വാസമുണ്ട്‌ വിശ്വാസ്യതയില്ല എന്നാണല്ലോ അർത്ഥം. വിശ്വാസവും വിശ്വാസ്യതയും ഒരുപോലെ ഉണ്ടായി എന്നിടത്താണ് തിരുനബി (സ) വ്യത്യസ്തനാവുന്നത്‌.

ഒരു നബിവചനം ഇങ്ങനെ വായിക്കാം : "അമാനത്ത്‌ സൂക്ഷിക്കാൻ കഴിയാത്തവന്ന് വിശ്വാസമില്ല. വാഗ്ദാനങ്ങൾ പാലിക്കാത്തവന്ന് മതവുമില്ല." [അഹമദ്‌]. അതെ, വിശ്വാസ്യതയില്ലാത്തവന്റെ വിശ്വാസം അപൂർണ്ണമായിരിക്കും.

© അബൂ സൈൻ

ഭൂരിപക്ഷമല്ല പ്രമാണം

"ഭൂമിയിലുള്ളവരില്‍ അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും നിന്നെ അവര്‍ തെറ്റിച്ചുകളയുന്നതാണ്‌. ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്‌." [അദ്ധ്യായം 6 അൻആം 116]

വലിയ തത്വത്തിലേക്ക്‌ ഈ സൂക്തം വെളിച്ചം നൽകുന്നു. അതായത്‌, ഭൂരിപക്ഷം ചെയ്യുന്നു എന്നത്‌ ഇസ്‌ലാമിൽ പ്രമാണമല്ല. ചില ധാരണകളുടേയും നാട്ടിലെ സമ്പ്രദായങ്ങളുടേയും അടിസ്ഥാനത്തിൽ ജീവിക്കുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. അതിനാൽ അവരുടെ ചെയ്തികൾക്ക്‌  പ്രമാണങ്ങളുടേയൊ തെളിവിന്റേയോ യാതൊരുവിധ പിൻബലവും ഉണ്ടായിരിക്കില്ല. അത്തരക്കാരെ അനുസരിക്കുന്നപക്ഷം നാശമായിരിക്കും ഫലം.

© അബ്ദുസ്സലാം സുല്ലമി

രോഗശമനത്തിന്

അനസ്(رضي الله عنه ), ഥാബിത്‌(رضي الله عنه )വിന്റെ രോഗ ശമനത്തിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ചോദിച്ചു. നബി(صلى الله عليه وسلم )യുടെ മന്ത്രം കൊണ്ട് ഞാൻ താങ്കളെ മന്ത്രിക്കട്ടയോ? എന്നിട്ട്‌ അദ്ദേഹം ഇപ്രകാരം പ്രാർത്ഥിച്ചു:

"മനുഷ്യരുടെ രക്ഷിതാവായ അല്ലാഹുവേ, പ്രയാസങ്ങൾ നീക്കുന്നത് നീയാണ്. നീ തന്നെയാണ് ശമനം നൽകുന്നവനും. അതിനാൽ രോഗത്തിനു ശമനം നൽകണമേ, നീയല്ലാതെ രോഗം മാറ്റുന്നവനില്ല. അതിനാൽ യാതൊരു പ്രയാസവും അവശേഷിക്കാത്ത രൂപത്തിൽ രോഗം നീ സുഖപ്പെടുത്തേണമേ"

ബുഖാരി

യാത്ര പോകുമ്പോൾ

ഉമ്മുസല്‍മ (رضي الله عنها ) ഉദ്ധരിക്കുന്നു : നബി (صلى الله عليه وسلم ) തന്റെ വീട്ടില്‍ നിന്ന് പുറത്ത് പോകാന്‍ ഉദ്ദേശിക്കുമ്പോള്‍ പറയാറുണ്ട് :

"അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ യാത്രയാരംഭിക്കുന്നു; എല്ലാം ഞാന്‍ അല്ലാഹുവിനെ ഭരമേല്‍പിച്ചിരിക്കുന്നു. ഞാന്‍ അലഞ്ഞുതിരിയുകയോ, വഴിതെറ്റിക്കപ്പെടുകയോ അബദ്ധത്തില്‍ ചാടുകയോ, തെറ്റു ചെയ്യിക്കപ്പെടുകയോ, അക്രമിക്കുകയോ, അക്രമിക്കപ്പെടുകയോ, വിഢിത്തം ചെയ്ത് പോവുകയോ, അവിവേകം പ്രവര്‍ത്തിക്കപ്പെടുകയോ ചെയ്യുന്നതില്‍ നിന്നെല്ലാം അല്ലാഹുവേ, നിന്നോട് ഞാന്‍ കാവലിനെ തേടുന്നു."

തുർമുദി, അബൂദാവൂദ്‌

അക്രമികളെ പിന്തുടർന്നാൽ

"നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവുമായി മൂസായെ നാം നിയോഗിക്കുകയുണ്ടായി. ഫിര്‍ഔന്‍റെയും അവന്‍റെ പ്രമാണികളുടെയും അടുത്തേക്ക്‌. എന്നിട്ട് അവര്‍ (പ്രമാണിമാര്‍) ഫിര്‍ഔന്‍റെ കല്‍പന പിന്‍പറ്റുകയാണ് ചെയ്തത്‌. ഫിര്‍ഔന്‍റെ കല്‍പനയാകട്ടെ വിവേകപൂര്‍ണ്ണമല്ലതാനും.(ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ (ഫിര്‍ഔന്‍) തന്‍റെ ജനതയുടെ മുമ്പിലുണ്ടായിരിക്കും. എന്നിട്ട് അവരെ അവന്‍ നരകത്തിലേക്കാനയിക്കും. (അവര്‍) ആനയിക്കപ്പെടുന്ന ആ സ്ഥാനം എത്ര ചീത്ത!" [അദ്ധ്യായം 11 ഹൂദ്‌ 96 - 98]

ശരിയും തെറ്റും നോക്കാതെ ആരുടെ ഭാഗത്ത്‌ നിന്നാലാണ് ഭൗതികലാഭം കിട്ടുകയെന്ന് നോക്കി മൂസയുടെ ജനത അധികാരം കൈവശമുള്ള ഫിർഔന്റെ ഭാഗത്ത്‌ നിലയുറപ്പിച്ചു. ഇന്നും ഈ സ്വഭാവം മുസ്‌ലിംകളിൽ പോലും കാണാവുന്നതാണ്. ഒരു സംഘടനയും ഇതിൽനിന്ന് പുറത്തു പോകുന്നില്ല. നാം ആത്മ പരിശോധന നടക്കുക. തന്റെ സമ്പത്തും സ്വാധീനവും കണ്ട്‌ അനീതി തന്റെ ഭാഗത്തായിട്ടു പോലും ജനങ്ങൾ തന്നെ പിന്തുടരുന്നത്‌ ബോധ്യമായിട്ടും അവരെ സ്വീകരിക്കുന്ന സർവ്വ മനുഷ്യർക്കും അല്ലാഹു താക്കീത്‌ നൽകുകയാണ്. നാളെ നരകത്തിലേക്കും അത്തരക്കാർ തങ്ങളുടെ അണികൾക്ക്‌ നേതൃത്വം നൽകേണ്ടി വരും. മതപുരോഹിതന്മാർക്കും മേൽ ആയത്ത്‌ മുന്നറിയിപ്പ്‌ നൽകുന്നു.

© അബ്ദുസ്സലാം സുല്ലമി

ചരിത്രത്തിന്റെ ഭാഗമാവുക

1923 സപ്തംബറില്‍ ഐക്യ സംഘത്തിന്റെ പ്രഥമ വാര്‍ഷികം എറിയാട് നടന്നു. . ആ യോഗത്തില്‍ വക്കം മൗലവി നടത്തിയ പ്രസിദ്ധമായ അധ്യക്ഷ പ്രസംഗത്തില്‍ നിന്നും ചില വരികൾ കുറിക്കുന്നു...

”ഇന്നലെകളുടെ കഥകള്‍ ഉരുവിട്ട് ആവേശം കൊള്ളുന്നതുകൊണ്ടുമാത്രം കാര്യമില്ല. അര്‍ഥഗര്‍ഭമായ ചരിത്രത്തിന്റെ ഭാഗമാകുക എന്നതാണ് അടിയന്തരാവശ്യം. അതിനു നാം തയ്യാറാണോ? തയ്യാറാണെങ്കില്‍ ഒരിളക്കി പ്രതിഷ്ഠ അനിവാര്യം. അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും തീണ്ടാപ്പാട് അകന്ന് നിന്നേ മതിയാകൂ. ഇന്നലെ ചെയ്ത ഒരബദ്ധം ഇന്നത്തെ ആചാരമായിക്കൂടാ. ഇന്നലെകളില്‍ നിന്ന് നന്മ തിന്മകള്‍ വേര്‍തിരിച്ചെടുക്കുക. നന്മയുടെ അവകാശികളാകുക നാം.”

©Vakkom Moulavi FB Page

ഭയക്കുക, പരലോക ശിക്ഷയെ

"ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ (ഫിര്‍ഔന്‍) തന്‍റെ ജനതയുടെ മുമ്പിലുണ്ടായിരിക്കും. എന്നിട്ട് അവരെ അവന്‍ നരകത്തിലേക്കാനയിക്കും. (അവര്‍) ആനയിക്കപ്പെടുന്ന ആ സ്ഥാനം എത്ര ചീത്ത! ഈ ലോകത്തും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലും ശാപം അവരുടെ പിന്നാലെ അയക്കപ്പെട്ടിരിക്കുന്നു. (അവര്‍ക്ക്‌) നല്‍കപ്പെട്ട ആ സമ്മാനം എത്ര ചീത്ത! വിവിധ രാജ്യങ്ങളുടെ വൃത്താന്തങ്ങളില്‍ ചിലതത്രെ അത്‌. നാമത് നിനക്ക് വിവരിച്ചുതരുന്നു. അവയില്‍ (ആ രാജ്യങ്ങളില്‍) ചിലതു നിലനില്‍ക്കുന്നുണ്ട്‌. ചിലത് ഉന്‍മൂലനം ചെയ്യപ്പെട്ടിട്ടുമുണ്ട്‌. നാം അവരോട് അക്രമം ചെയ്തിട്ടില്ല. പക്ഷെ അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയാണുണ്ടായത്‌. എന്നാല്‍ നിന്‍റെ രക്ഷിതാവിന്‍റെ കല്‍പന വന്ന സമയത്ത് അല്ലാഹുവിന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന അവരുടെ ദൈവങ്ങള്‍ അവര്‍ക്ക് യാതൊരു ഉപകാരവും ചെയ്തില്ല. അവര്‍ (ദൈവങ്ങള്‍) അവര്‍ക്ക് നാശം വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്‌. വിവിധ രാജ്യക്കാര്‍ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോള്‍ നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം അപ്രകാരമാകുന്നു. തീര്‍ച്ചയായും അവന്‍റെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്‌. പരലോകശിക്ഷയെ ഭയപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌. സര്‍വ്വ മനുഷ്യരും സമ്മേളിപ്പിക്കപ്പെടുന്ന ഒരു ദിവസമാണത്‌. (സര്‍വ്വരുടെയും) സാന്നിദ്ധ്യമുണ്ടാകുന്ന ഒരു ദിവസമാകുന്നു അത്‌. നിര്‍ണിതമായ ഒരു അവധിവരെ മാത്രമാണ് നാമത് നീട്ടിവെക്കുന്നത്‌." 

അദ്ധ്യായം 11 ഹൂദ്‌ 98 - 104

നല്ലത്‌ ചിലവ്‌ ചെയ്തുകൊണ്ടേയിരിക്കുക

"നല്ലതായ എന്തെങ്കിലും നിങ്ങള്‍ ചെലവഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ നന്‍മയ്ക്ക് വേണ്ടി തന്നെയാണ്‌. അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് മാത്രമാണ് നിങ്ങള്‍ ചെലവഴിക്കേണ്ടത്‌. നല്ലതെന്ത് നിങ്ങള്‍ ചെലവഴിച്ചാലും അതിന്നുള്ള പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്‌. നിങ്ങളോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല."  [അദ്ധ്യായം 2 ബഖറ 272]

അബൂഹുറൈറ (رضي الله عنه ) നിവേദനം: നബി (صلى الله عليه وسلم )പറയുകയുണ്ടായി:

"ഏതൊരു ദിവസം പുലരുമ്പോഴും  മലക്കുകൾ ഇറങ്ങി വന്ന് ഇപ്രകാരം പ്രാർത്ഥിക്കും : 'അല്ലാഹുവേ, ചെലവ് ചെയ്യുന്നവർക്ക് നീ വീണ്ടും നൽകുകയും പിടിച്ച് വെക്കുന്നവർക്ക് നീ നാശം നൽകുകയും ചെയ്യേണമേ'." [ബുഖാരി, മുസ്‌ലിം]