ഭയപ്പെടുക; കാപട്യത്തെ

"(ഒരിക്കല്‍) വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും, വീണ്ടും വിശ്വസിച്ചിട്ട് പിന്നെയും അവിശ്വസിക്കുകയും, അനന്തരം അവിശ്വാസം കൂടിക്കൂടി വരുകയും ചെയ്തവരാരോ അവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയേ ഇല്ല. അവരെ അവന്‍ നേര്‍വഴിയിലേക്ക് നയിക്കുന്നതുമല്ല. കപടവിശ്വാസികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട് എന്ന സന്തോഷവാര്‍ത്ത നീ അവരെ അറിയിക്കുക." [അദ്ധായം 4 നിസാ അ് 137,138]

വ്യക്തമായ ചില ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യവും അടിയുറച്ചതുമായ ചില വിശ്വാസങ്ങൾ ഉൾക്കൊള്ളുകയും തദനുസൃതമായ പ്രവർത്തനങ്ങളിൽ മുഴുകുമ്പോഴാണ് ഒരാൾ സത്യവിശ്വാസിയായിത്തീരുന്നത്‌. സ്രഷ്ടാവായ നാഥനെ മാത്രം ആരാധ്യനായി കാണുകയും പ്രവാചകൻ മുഹമ്മദ്‌ നബി (സ)യെ പൂർണ്ണമായി ഉൾക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്‌.

എന്നാൽ പുറമെ വിശ്വാസിയായി നടക്കുകയും യഥാർത്ഥത്തിൽ മനസ്സിൽ ഇതിനു വിരുദ്ധമായ ചിന്തകളുമായി നടക്കുന്നതുമാണ് കാപട്യം. പ്രവാചക സദസ്സിൽ വരുമ്പോൾ ഞങ്ങൾ വിശ്വാസികളാണെന്ന് പ്രഖ്യാപിക്കുകയും തിരിച്ചു പോയാൽ അവിശ്വാസികളുടെ വിശ്വാസാചാരങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുകയും ചെയ്തിരുന്ന ഒരു വിഭാഗം മുനാഫിക്കുകൾ മദീനയിൽ ഉണ്ടായിരുന്നു. വിശുദ്ധ ഖുർആനിൽ അവരുടെ നാമത്തിൽ ഒരധ്യായം തന്നെ അവതരിക്കപ്പെട്ടിട്ടുണ്ട്‌.

സത്യനിഷേധികളേക്കാൾ സാമൂഹ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരായിരുന്നു ഇവർ. അതിനാൽ അവർക്കുള്ള ശിക്ഷ നരകത്തിന്റെ അടിത്തട്ടിൽ തന്നെയാണെന്ന് ഖുർആൻ പ്രഖ്യാപിച്ചിട്ടുണ്ട്‌. സത്യവിശ്വാസത്തിൽ അടിയുറച്ച്‌ നിൽക്കുകയും ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുകയാണ് മുസ്‌ലിമിന്റെ ദൗത്യം. വിശ്വാസവഞ്ചന നടത്തുകയും കളവ്‌ പറയുകയും വാഗ്ദാന പാലനം ചെയ്യാതിരിക്കുകയും പിണങ്ങുന്നവരോട്‌ തെറി പറയുകയും ചെയ്യുന്നത്‌ കാപട്യമുള്ളവരുടെ ലക്ഷണമാണെന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്‌. അവർ നമസ്കരിക്കാൻ വരുമെങ്കിലും വളരെ ആലസ്യത്തോടെ ഒട്ടും താൽപര്യമില്ലാതെയാണ് വരിക. അവർ നമസ്കരിക്കുന്നതു തന്നെ ആളുകളെ ബോധ്യപ്പെടുത്താനായിരിക്കും. അവിശ്വാസികളായ വ്യക്തികളായിരിക്കും അവരുടെ മനസാക്ഷി സൂക്ഷിപ്പുകാരും ആത്മ മിത്രങ്ങളും.

ഇത്തരം സ്വഭാവങ്ങൾ ഇടക്കിടെ നമ്മിലേക്ക്‌ കടന്നുവരുന്നുവെങ്കിൽ നാമും ഈ വിഭാഗത്തിൽ പെട്ട്‌ പോയേക്കാം. വിശ്വാസികളായി നടക്കുന്ന നമ്മിൽ തന്നെ ഇത്തരം പ്രവർത്തനങ്ങൾ പ്രകടമാവുന്നതിനെ ഭയപ്പെടേണ്ടതുണ്ട്‌. സ്വഹാബികൾ പലരും തങ്ങൾ കപടന്മാരാവുന്നുണ്ടൊ എന്ന് ഭയപ്പെടുന്നവരായിരുന്നു. കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും കുഫ്രിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയാൽ അല്ലാഹു സന്മാർഗ്ഗ വഴി തുറന്നു തരില്ലെന്ന് ഭയപ്പെടണം. സത്യം മനസ്സിലാക്കിയിട്ടും അവിശ്വാസത്തിലേക്ക്‌ ഇടക്കിടെ മനസ്സു മാറിയാൽ നമ്മുടെ പശ്ചാതാപം പോലും വിഫലമായി എന്നു വരാം. കപട വിശ്വാസികൾക്ക്‌ അതികഠിനവും അസഹനീയവുമായ ശിക്ഷയാണ് ഖുർആൻ പല സ്ഥലങ്ങളിലും എടുത്തു പറയുന്നത്‌ എന്നത്‌ സത്യവിശ്വാസികൾ ഗൗരവത്തോടെ കാണണം. അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ, ആമീൻ

By പി അബ്ദു സലഫി @ പുടവ