ആദിയും അന്തിമനും

"അവന്‍ (അല്ലാഹു) ആദിയും അന്തിമനും പ്രത്യക്ഷമായവനും പരോക്ഷമായവനുമാണ്‌. അവന്‍ സര്‍വ്വകാര്യങ്ങളെക്കുറിച്ചും അറിവുള്ളവനുമാണ്‌." [അദ്ധ്യായം 57 ഹദീദ്‌ 3]

ഉറങ്ങുവാൻ പോകുമ്പോൾ നബി (സ) ചെയ്തിരുന്ന ഒരു പ്രാർത്ഥനയുടെ സാരം ഇങ്ങനെ :

"അല്ലാഹുവേ, ആകാശങ്ങളുടെ റബ്ബേ, മഹത്തായ അർശ്ശിന്റെ റബ്ബേ, ഞങ്ങളുടേയും എല്ലാ വസ്തുക്കളുടേയും റബ്ബേ, ധാന്യവും കുരുവും പിളർത്തി മുളപ്പിക്കുന്നവനേ, തൗറത്തും ഇഞ്ചീലും ഫുർഖാനും (ഖുർആൻ) ഇറക്കിയവനേ, ദോഷമുണ്ടാക്കുന്ന എല്ലാറ്റിന്റേയും ദോഷത്തിൽ നിന്നും ഞാൻ നിന്നോട്‌ രക്ഷ തേടുന്നു. അവയെല്ലാം നിന്റെ പിടുത്തത്തിലാണുള്ളത്‌.

അല്ലാഹുവേ, നീയത്രെ ആദ്യനായുള്ളവൻ. അപ്പോൾ നിനക്ക്‌ മുമ്പ്‌ ഒന്നും തന്നെയില്ല. നീയത്രെ അന്ത്യനായുള്ളവൻ. അപ്പോൾ നിനക്കു ശേഷം ഒന്നുംതന്നെയില്ല. നീയത്രെ പ്രത്യക്ഷനായുള്ളവൻ. അപ്പോൾ നിന്റെ മീതെ ഒന്നുംതന്നെയില്ല. നീയത്രെ പരോക്ഷമായുള്ളവൻ. അപ്പോൾ നിന്റെ അടിയിലായി ഒന്നുംതന്നെയില്ല. നീ ഞങ്ങൾക്ക്‌ കടം വീട്ടിത്തരികയും ദാരിദ്ര്യത്തിൽ നിന്ന് ധന്യത നൽകുകയും ചെയ്യേണമേ!" [മുസ്‌ലിം, അഹമദ്‌, തുർമ്ദി]

'നിന്റെ മീതെ ഒന്നുമില്ല' എന്നതിന്റെ അർത്ഥം നിന്നെ അതിജയിക്കുന്നവനോ നിന്നേക്കാൾ ദൃഷ്ടാന്തപ്പെട്ടവനോ നിന്നേക്കാൾ ഉന്നതനോ ആയി ഒന്നുമില്ല എന്നാണ്. അതുപോലെ 'നിന്റെ അടിയിലായി' എന്നാൽ നീ അറിയാത്തതായോ നിന്റെ നിയമത്തിനും നിയന്ത്രണത്തിനും വിധേയമല്ലാത്തതായോ ഒന്നുമില്ല എന്നുമാണ്. ദൃഷ്ടാന്തങ്ങൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും അല്ലാഹു പ്രത്യക്ഷനും സ്പഷ്ടമായവനുമാണ്. പക്ഷേ ഈ ബാഹ്യദൃഷ്ടികൾ കൊണ്ട്‌ അവനെ കണ്ടെത്താനോ ഈ ബുദ്ധികൊണ്ട്‌ അവനെ രൂപപ്പെടുത്താനോ സാധ്യമല്ലാത്തവണ്ണം അവൻ പരോക്ഷനും അസ്പഷടനുമാണ്.

✍🏽അമാനി മൗലവി