നമസ്കാരത്തിന്റെ പ്രാധാന്യം

നമസ്കാരം അഥവാ പ്രാർത്ഥന ഇസ്‌ലാമിലെ രണ്ടാം സ്തംഭമാണ്. അല്ലാഹുവിന്ന് നമ്മുടെ പ്രാർത്ഥനയുടെ യാതൊരു ആവശ്യവുമില്ലെന്ന കാര്യം ഒരു വിശ്വാസിയുടെ മനസ്സിൽ രൂഢമൂലമാവണം. കാരണം അല്ലാഹു ആവശ്യക്കാരനല്ല. മറിച്ച്‌ എല്ലാ അർത്ഥത്തിലും മനുഷ്യരുടെ സുസ്ഥിതിയും സുഭിക്ഷതയുമാണ് അവൻ ആഗ്രഹിക്കുന്നത്‌. അവൻ നമ്മോട്‌ പ്രാർത്ഥനക്കോ എന്തെങ്കിലും കർത്തവ്യ നിർവ്വഹണത്തിനോ നമ്മോട്‌ നിർബന്ധിക്കുമ്പോൾ അവൻ ഉദ്ദേശിക്കുന്നത്‌ നമ്മെ സഹായിക്കുക എന്നതാണ്. കാരണം നാം എന്തെങ്കിലും നന്മ ചെയ്താൽ അതിന്റെ പ്രയോജനം നമുക്ക്‌ തന്നെയാണ്. അതുപോലെ നാം എന്തെങ്കിലും കുറ്റം ചെയ്താൽ അത്‌ നമ്മുടെ ആത്മാവിനെതിരും നമ്മോട്‌ ചെയ്യുന്ന അക്രമവുമാണ്. ദിനേനയുള്ള പ്രാർത്ഥനയിലൂടെ വിശ്വാസികൾ ആർജ്ജിക്കുന്ന ഗുണം അമൂല്യവും തന്മൂലം ലഭിക്കുന്ന അനുഗ്രഹം വർണ്ണിക്കാൻ കഴിയാത്തതുമാണ്.

സ്വലാത്ത്‌ അഥവാ പ്രാർത്ഥനയുടെ മുഴുവൻ ആശയവും വാക്കുകളിലൂടെ പ്രകടിപ്പിക്കുക പ്രയാസകരമാണ്. എന്നാലും സ്വലാത്ത്‌ താഴെ പറയുന്ന കാര്യങ്ങൾ ലക്ഷ്യമാക്കുന്നു.

* ജനങ്ങളെ അല്ലാഹുവുമായി അടുപ്പിക്കുന്നു.

* മനുഷ്യരെ അധാർമ്മികവും ലജ്ജാകരവും വിലക്കപ്പെട്ടതുമായുള്ള കാര്യങ്ങളിൽ നിന്നും തടഞ്ഞു നിർത്തുന്നു.

* മനുഷ്യരെ അല്ലാഹുവിനേയും അവന്റെ മഹത്വത്തേയും കുറിച്ച്‌ സദാ ജാഗരൂകരാക്കുന്നു.

* അച്ചടക്കവും ദൃഢനിശ്ചയവും വളർത്തിയെടുക്കുന്നു.

* സമത്വം, സാഹോദര്യം, ഐക്യം എന്നിവ പ്രകടിപ്പിക്കുന്നു.

* ക്ഷമ, ധൈര്യം, പ്രതീക്ഷ, പ്രത്യാശ എന്നിവ വളർത്തുന്നു.

* ജനങ്ങളെ ശുചിത്വബോധം, ശുദ്ധമനസ്കത, കൃത്യനിഷ്ഠ എന്നിവ ശീലിപ്പിക്കുന്നു.

By മൗലാനാ വഹീദുദ്ദീൻ ഖാൻ