പ്രവാചകന്റെ വിവാഹങ്ങൾ 8



റംല എന്ന ഉമ്മുഹബീബ(റ)

ഇസ്ലാം വിരുദ്ധ പക്ഷത്തും പ്രവാചക വിരുദ്ധ പക്ഷത്തും നിലകൊണ്ട മക്കയിലെ പ്രമുഖ ത്രയങ്ങളിൽ പ്രമുഖനായിരുന്നു അബൂ സുഫ്യാൻ.(ആദ്യ കാലത്ത് കടുത്ത ഇസ്ലാം വിരോധിയായിരുന്ന ഇദ്ദേഹം പിന്നീട്  ഇസ്ലാം സ്വീകരിച്ച് പ്രമുഖ സ്വഹാബിയായി മാറിയിട്ടുണ്ട് എന്നത് ചരിത്രം). ഈ അബൂ സുഫ്യാന്റെ മകളാണ് പിൽ കാലത്ത് ഉമ്മു ഹബീബ എന്നറിയപ്പെട്ട റംല(റ). 

പിതാവും കുടുംബവും കടുത്ത ഇസ്ലാം വിരോധികളാണെങ്കിലും റംലയും ഭർത്താവ് ഉബൈദുല്ലയും ആദ്യ കാലത്ത് തന്നെ ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിന്റെ ആദ്യ കാല പീഢന കാലത്ത് ശത്രുക്കളുടെ പീഢനം സഹിക്കാനാവാതെ ആശ്വാസം തേടി അബ്സീനിയയിലേക്ക് പാലായനം ചെയ്ത സംഘത്തിൽ ഇവരുമുണ്ടായിരുന്നു. പക്ഷെ അബ്സീനിയയിൽ വെച്ചാണ് ഉമ്മു ഹബീബയുടെ ജീവിതത്തിൽ യഥാർഥ പരീക്ഷണത്തിന്റെ നാളുകൾ തുടങ്ങുന്നത്!

പരീക്ഷണ കാലം!

അബ് സീനിയയിൽ ഭർത്താവിനൊപ്പം ആദർശ ജീവിതവും സമാധാന ജീവിതവും നയിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഭർത്താവ് ഉബൈദുല്ലയിൽ സ്വഭാവ പരവും ആദർശ പരവുമായ മനം മാറ്റമുണ്ടാകുന്നത്. അദ്ദേഹം അവിടെ വെച്ച് ഇസ്ലാം ഉപേക്ഷിച്ച് കൃസ്തു മതം സ്വീകരിച്ചു. ഇതോടെ ഉമ്മു ഹബീബയുടെ ജീവിതത്തിൽ ഇരുട്ട് പരക്കാൻ തുടങ്ങി. ഇസ്ലാം സത്യമതമാണെന്നും മുഹമ്മദ് (സ) സത്യപ്രവാചകനാണെന്നും ഉത്തമ ബോധ്യമുളള ഉമ്മു ഹബീബ പക്ഷെ ഇസ്ലാം ഉപേക്ഷിക്കാൻ തയ്യാറായില്ല. തന്റെ മുമ്പിലുളള മൂന്ന് വഴികളിൽ (ഭർത്താവിനൊപ്പം കൃസ്തുമതം സ്വീകരിച്ച് അദ്ദേഹത്തോടൊപ്പം തന്നെ കഴിയുക, ഇസ്ലാമിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് മക്കയിലെ വീട്ടിലേക്ക് തിരിച്ചു പോവുക, അല്ലാഹുവിൽ തവക്കുൽ ചെയ്ത് ഇസ്ലാമിൽ ഉറച്ച് നിന്ന് അബ്സീനിയയിൽ തന്നെ കഴിയുക എന്ന മൂന്ന് വഴികൾ ) തനിക്ക് ഉത്തമ ബോധ്യമുള്ള ഇസ്ലാമിൽ ഉറച്ച് നിൽക്കുക എന്ന സത്യത്തിത്തിന്റെ കഠിന വഴി തന്നെ അവർ തെരഞ്ഞെടുത്തു.

നബിയുടെ കരുണ

മക്കയിലെ രാജകീയ കുടുംബ പശ്ചാത്തലത്തിൽ ജീവിച്ചു ശീലിച്ച ഉമ്മു ഹബീബ (റ) ഇപ്പോൾ എല്ലാ അർഥത്തിലും അബ്സീനിയയിൽ ഒറ്റപ്പെട്ട് നിരാലംബയായി ദുരിത ജീവിതം നയിക്കുന്നു എന്നറിഞ്ഞ പ്രവാചകൻ (സ) അവരുടെ കാര്യത്തിൽ ഇടപെട്ടു. നബി (സ)അവിടത്തെ നജ്ജാശി (നേഗസ്‌)രാജാവുമായി ബന്ധപ്പെട്ട് നിർണിതമായ ഒരു  വിവാഹ മൂല്യം (മഹ്ർ)നൽകി താൻ ഉമ്മു ഹബീബയെ വിവാഹം ചെയ്യാനുദ്ദേശിക്കുന്ന വിവരവും അവരുടെ രക്ഷിതാവായി അദ്ദേഹത്തെ വക്കാലത്താക്കുന്ന കാര്യവും ഒരു ദൂതൻ മുഖേന നബി തിരുമേനി നജ്ജാശി രാജാവിനെ അറിയിച്ചു.

പിതാവിനാൽ ബഹിഷ്കരിക്കപ്പെട്ട്, ഭർത്താവിനാൽ പരിത്യജിക്കപ്പെട്ട് അന്യനാട്ടിൽ നിരാലംബയായി കഴിയുകയായിരുന്ന ഉമ്മു ഹബീബക്ക് പ്രവാചകൻ തന്നെ വിവാഹം ചെയ്യാൻ പോകുന്നു എന്ന അറിവ് പകർന്ന ആശ്വാസവും ആനന്ദവും വളരെ വലുതായിരുന്നു. തന്റെ മകളെ മുഹമ്മദ് വിവാഹം ചെയ്തു എന്ന വിവരമറിഞ്ഞപ്പോൾ അബൂ സുഫ് യാൻ പ്രതികരിച്ചത് "മുഹമ്മദ് നല്ല മനുഷ്യനാണ്" എന്നാണ് എന്നതും ശ്രദ്ധേയം.

പ്രവാചകന്റെ ഭാര്യ എന്ന നിലയിൽ നജ്ജാശി രാജാവിന്റെ പിതൃതുല്യമായ സംരക്ഷണത്തിൽ കുറച്ച് കാലം കൂടി ഉമ്മു ഹബീബ അബ്സീനിയയിൽ തന്നെ കഴിഞ്ഞു. മദീനയിൽ പ്രവാചകനോടൊപ്പം, പ്രിയ തമനോടൊപ്പം ചെന്ന് ചേരുന്ന നിമിഷങ്ങളെ അവർ എണ്ണിയെണ്ണി കാത്തിരുന്നു. ഒടുവിൽ ആ സുദിനവുമെത്തി. ഖൈബർ യുദ്ധാനന്തരം പ്രവാചകൻ ആശ്വാസത്തിൽ കഴിയുന്ന സന്ദർഭത്തിൽ തന്നെ ഹിജ്റ 7 ൽ ഉമ്മു ഹബീബ അബ്സീനിയയിൽ നിന്ന് മദീനയിലേക്ക് കാരുണ്യത്തിന്റെ പ്രതിരൂപമായ പ്രവാചകന്റെ, സ്നേഹ സമ്പന്നനായ തന്റെ ഭർത്താവിന്റെ ചാരത്തെത്തി. മൂന്ന് വർഷമേ നബി - ഉമ്മു ഹബീബ ദാമ്പത്യമുണ്ടായുള്ളുവെങ്കിലും അപ്പോഴേക്ക് പ്രവാചകനായ പ്രിയ തമൻ റബ്ബിങ്കലേക്ക് മടങ്ങിയെങ്കിലും ഉമ്മു ഹബീബ (റ)യുടെ ഓർമയിൽ താലോലിക്കാൻ അത് ധാരാളം. അപ്പോഴേക്കും പ്രവാചകന്റെ അനുയായിയായി സ്വന്തം പിതാവും തന്റെ ചാരത്തെത്തിയത് ഉമ്മു ഹബീബക്ക് ഇരട്ടി മധുരം!
പ്രവാചക ജീവിതത്തിലെ കരുണാർദ്രവും ധാർമികവുമായ പ്രശോഭിതമായ ഒരധ്യായമാണ് നബി - ഉമ്മു ഹബീബ ദാമ്പത്യം.

ഗുണപാഠം :

പ്രവാചകന്റെ നന്മ നിറഞ്ഞ ഈ വിവാഹത്തിലും കുറ്റം പരതുന്നവർ പരതട്ടെ. ചെറിയ മനുഷ്യർക്ക് വലിയ മനുഷ്യരെ മനസ്സിലാവാൻ കുറെ സമയമെടുക്കും എന്ന്  കരുതി സഹൃദയർ സമാധാനിക്കുക. ചരിത്രത്തിന്റെ വെള്ളി വെളിച്ചത്തിൽ ജീവിച്ച,മാനവരിൽ മഹോന്നതനായ പ്രവാചകനെ സഹൃദയ ലോകം ലോകാവസാനം വരെ ആവേശത്തോടെ വായിച്ചു കൊണ്ടേയിരിക്കും. ആ മഹോന്നതന്റെ സത്യ ശുദ്ധ ധവളിമയിൽ അരിശപ്പെടുന്നവർ അരിശപ്പെടട്ടെ!

✍️ ശംസുദ്ദീൻ പാലക്കോട്