പ്രവാചകന്റെ വിവാഹങ്ങൾ 5



ഉമ്മുൽ മസാകീൻ സൈനബ് (റ)

സാമൂഹ്യ ക്ഷേമതൽപരതയോടെ , കരുണാർദ്രമായ മനസ്സോടെ സൽകർമനിരതമായ ജീവിതം നയിച്ചു കൊണ്ട് പാവങ്ങളുടെ ഉമ്മ (ഉമ്മുൽ മസാകീൻ) എന്ന വിളിപ്പേരിൽ സമൂഹത്തിൽ അറിയപ്പെട്ടിരുന്ന ഒരു മഹതിയാണ് പിന്നീട് പ്രവാചകന്റെ പത്നീ പദമലങ്കരിക്കാൻ കൂടി സൗഭാഗ്യം ലഭിച്ച സൈനബ ബിൻത് ഖുസൈമ(റ). ജീവിതത്തിൽ ഒന്നിന് പുറകെ ഒന്ന് എന്ന നിലയിൽ കടുത്ത പരീക്ഷണങ്ങളിലൂടെയായിരുന്നു ആ മഹതിയുടെ ജീവിതയാത്ര . തുടർച്ചയായ പരീക്ഷണങ്ങൾക്കൊടുവിൽ അവർ പ്രവാചകന്റെ പത്നി എന്ന ആശ്വാസത്തുരുത്തിലെത്തിയെങ്കിയിലും ആ ആശ്വാസ ജീവിതവും അധിക കാലം ആസ്വദിക്കാനും അനുഭവിക്കാനും അവർക്ക് വിധിയുണ്ടായില്ല. നബി തിരുമേനിയുമായി വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസമായപ്പോഴേക്കും ആ മഹതിയെ അല്ലാഹു തിരിച്ചു വിളിച്ചു. പ്രവാചകന്റെ ജീവിത കാലത്ത് തന്നെ മരണപ്പെട്ട അദ്ദേഹത്തിന്റെ ഭാര്യമാരിൽ രണ്ടാമത്തെ ഭാര്യയാണ് ഉമ്മുൽ മസാകീൻ സൈനബ് (റ). നബി തിരുമേനി അവർക്ക് മയ്യിത്ത് നമസ്കരിച്ച് നബിയുടെ കൈ കൊണ്ട് തന്നെ ആ മയ്യിത്ത് ഖബ്റിൽ വെക്കപ്പെടുകയും ചെയ്തു. ഖദീജ (റ)യുടെ വേർപാടിന് ശേഷം മറ്റൊരു പ്രിയപത്നിയുടെ വേർപാടിന് കൂടി നബി സാക്ഷിയായി.

ആശ്വാസത്തുരുത്ത്

പ്രവാചകൻ (സ) ഖുസൈമയുടെ മകൾ സൈനബിനെ വിവാഹം ചെയ്തുവെന്നത് സൈനബയുടെ ജീവിതത്തിൽ കൈവന്ന  ഒരു ആശ്വാസത്തുരുത്തായിരുന്നു എന്ന് സൂചിപ്പിച്ചത് എന്ത് കൊണ്ട് എന്നറിയാൻ വായനക്കാർക്ക് സ്വാഭാവികമായും താൽപര്യമുണ്ടാവുമല്ലോ. അക്കാര്യം ചുരുക്കിപ്പറയാം:

സൈനബ ബിൻതു ഖുസൈമയെ നബി (സ) വിവാഹം ചെയ്യുന്നതിന് മുമ്പ് അവർ മൂന്ന് ഭർത്താക്കന്മാരുടെ കൂടെ വിവിധ കാലഘട്ടങ്ങളിലായി ദാമ്പത്യ ജീവിതം നയിക്കുകയും തുടരെത്തുടരെ വിധവയാക്കപ്പെടുകയും ചെയ്ത ഒരു 'ദു:ഖ പുത്രി'യായിരുന്നു. ആദ്യം അവരെ വിവാഹം ചെയ്തത് അബ്ദുൽ മുത്വലിബിന്റെ പൗത്രൻ തുഫൈൽ എന്ന യുവാവായിരുന്നു. ഈ വിവാഹം പക്ഷെ അധിക കാലം നീണ്ടു നിൽക്കാതെ വിവാഹ മോചനത്തിലാണ് കലാശിച്ചത്. തുഫൈൽ സെനബിനെ വിവാഹ മോചനം നടത്തിയതോടെ വിധവയായ അവരെ തുഫൈലിന്റെ സഹോദരനായ ഉബൈദുല്ല യാണ് പിന്നീട് വിവാഹം ചെയ്തത്. ഉബൈദുല്ല മുസ്ലിമും ബദ് റിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച മഹാനായ ഒരു സ്വഹാബിയുമാണ്. ബദർ യുദ്ധത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായ 14 പേരിൽ ഈ ഉബൈദുല്ലയുമുണ്ടായിരുന്നു. ഇതോടെ സൈനബ് (റ) രണ്ടാമതും വിധവയായി. വൈധവ്യം എന്ന പരീക്ഷണത്തിന്റെ രണ്ടാം പർവം!

രണ്ട്‌ പ്രാവശ്യം വിധവയായ സൈനബിനെ പിന്നീട് വിവാഹം ചെയ്തത് അബ്ദുല്ലാഹിബ്നു ജഹ്ശ് എന്ന സ്വഹാബിയായിരുന്നു. ആ ആശ്വാസ അനുഭവവും ആ മഹതിയുടെ ജിവിതത്തിൽ അധിക കാലം നീണ്ടു നിന്നില്ല. കാരണം ഹിജ്റ മൂന്നാം വർഷം നടന്ന ഉഹ്ദ് യുദ്ധത്തിൽ 70 സ്വഹാബികൾ രക്തസാക്ഷികളായ കൂട്ടത്തിൽ ഈ അബ്ദുല്ലാഹിബ്നു ജഹ്ശും ഉണ്ടായിരുന്നു.
ഇതോടെ സൈനബിന്റെ ജീവിതത്തിൽ വീണ്ടും വൈധവ്യത്തിന്റെയും ഒറ്റപ്പെടലിന്റെയും ഇരുട്ട് പരന്നു.

നോക്കൂ! ആദ്യ ഭർത്താവിനാൽ വിവാഹ മോചിത .രണ്ടാമത്തെ ഭർത്താവ് ഹിജ്റ 2 ൽ നടന്ന ബദ് റിൽ രക്തസാക്ഷി . മൂന്നാമത്തെ ഭർത്താവ് ഹിജ്റ 3 ൽ നടന്ന ഉഹ്ദിൽ രക്തസാക്ഷി . ഒരു സ്ത്രീയുടെ ജിവിതത്തിൽ തുടരെത്തുടരെ വന്ന ആഘാതത്രയങ്ങൾ! ഇത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോൾ തന്നെ 3 ഭാര്യമാരുടെ സംരക്ഷണച്ചുമതലയുള്ള പ്രവാചകൻ (സ) തുടർച്ചയായ വൈധവ്യത്തിന്റെ വേദനയിൽ വേപഥു കൊള്ളുന്ന സൈനബ് ബിൻത് ഖുസൈമ എന്ന അനാഥയെ വിവാഹം ചെയ്ത് സനാഥയാക്കുന്നത്.കാരുണ്യത്തിന്റെ മകുടോദാഹരണമാണ് തിരുനബി എന്ന് മനസ്സിലാക്കാൻ ഇതിൽ പരം ഉദാഹരണം വേറെയെന്തിന്? പക്ഷെ 'ഞാനും എന്റെ പെണ്ണും ഒരു കൂട്ടിയും പിന്നെയൊരു പട്ടിയും' എന്ന സ്വാർഥതയുടെ ആമത്തോടിനുള്ളിൽ തല പൂഴ്ത്തിക്കിടക്കുന്ന ചെറിയ മനുഷ്യർക്ക് ഇതിലെ മാനുഷികതയും കാരുണ്യവും കാണാൻ കഴിഞ്ഞു കൊളളണമെന്നില്ല. അത്തരക്കാർ പ്രവാചകന്റെ നന്മ കാണുമെന്ന് സഹൃദയരാരും പ്രതീക്ഷിക്കുന്നുമില്ല!

ഗുണപാഠം

നിറയെ പനിനീർ പൂക്കൾ പരിമളം പരത്തി നിൽക്കുന്ന മനോഹരമായ പനിനീർ ചെടിയുടെ ചുവട്ടിൽ നിന്ന് പനിനീർ ചെടിയിൽ എത്ര മുള്ളു  ണ്ടെന്ന് പരതി നടക്കുന്നവർക്ക് പനിനീർ പൂവിന്റെ സൗരഭ്യം പറഞ്ഞാൽ മനസ്സിലാവുകയില്ല! അവർക്ക് പനിനീർ പൂവിന്റെ സൗരഭ്യം ആസ്വദിക്കാനും കഴിയില്ല.കഷ്ടം! കഷ്ടം!!

✍️ ശംസുദ്ദീൻ പാലക്കോട്