പ്രവാചകന്റെ വിവാഹങ്ങൾ 4


ഹഫ്സ ബിൻത് ഉമർ

നബിതിരുമേനിയുടെ ജീവിതത്തിലേക്ക് അദ്ദേഹത്തിന്റെ അമ്പത്തഞ്ചാം വയസ്സിൽ കടന്നു വന്ന നാലാമത്തെ ഭാര്യയാണ് ഉമർ(റ) ന്റെ മകൾ ഹഫ്സ (റ).ഈ വിവാഹത്തെ പറ്റിയും അതിന്റെ പശ്ചാത്തലവും പറയുന്നതിന് മുമ്പ് ഹഫ്സയുടെ പിതാവായ ഉമറുബ്നുൽഖത്താബിനെ പറ്റി രണ്ട് വാക്ക് പറയൽ അനിവാര്യമാണ്.

പ്രതികൂലതകളുടെ പ്രതിസന്ധികളിലൂടെ പ്രവാചകനും അനുചരന്മാരും കടന്നുപോയ്ക്കൊണ്ടിരുന്ന ഇസ്ലാമിന്റെ ആദ്യ കാലത്ത് ഇസ്ലാമിന്റെയും പ്രവാചകന്റെയും ശത്രു പക്ഷത്ത് നിലയുറപ്പിച്ചവരിൽ പ്രമുഖനായിരുന്നു ഉമറുബ്നുൽ ഖത്താബ് . നാളെ മറ്റന്നാൾ ഈ ഉമറും ഇസ്ലാം സ്വീകരിച്ചേക്കുമോ എന്ന കൂട്ടുകാരുടെ സന്ദേഹത്തിന് അദ്ദേഹം കൊടുത്ത മറുപടി ഇപ്രകാരം : "ഉം..! ഉമറിന്റെ പട്ടി മുസ്ലിമായാലും ഖത്താബിന്റെ മകൻ ഉമർ മുസ്ലിമാകുന്ന പ്രശ്നമേ ഉദിക്കുന്നില്ല!". മാത്രമല്ല അബൂ ത്വാലിബിനോടുളള ബഹുമാനത്താൽ പ്രവാചകനെ നേർക്കുനേർ ഉപദ്രവിക്കാൻ പലരും മടിച്ചു നിന്നപ്പോൾ ഞാൻ മുഹമ്മദിന്റെ തലയെടുത്ത് വരാം എന്ന് പറഞ്ഞ് ഊരിപ്പിടിച്ച വാളുമായി നബി നിഗ്രഹം നടത്താൻ ഒരുങ്ങിപ്പുറപ്പെടുക വരെ ചെയ്ത ശൂര വീര പരാക്രമിയായിരുന്നു ആദ്യ കാലത്തെ ഉമർ . (അദ്ദേഹം പിന്നീട് ഇസ്ലാം മതം സ്വീകരിച്ചതും പ്രവാചകനെ അങ്ങേയ്റ്റം സ്നേഹിക്കുന്നയാളായി മാറിയതും ആദ്യത്തെ ദാദാ ഉമറിൽ നിന്ന് പിന്നത്തെ ഖലീഫാ ഉമറിലേക്കുളള അദ്ദേഹത്തിന്റെ ഗുണപരമായ പരിവർത്തനവും ഉയർച്ചയും എങ്ങനെയായിരുന്നു എന്നതും ആവറേജ് ചരിത്ര ബോധമുള്ള എല്ലാവർക്കും അറിയുന്ന കാര്യമായതിനാൽ അക്കാര്യം ഇവിടെ വിവരിക്കുന്നില്ല.)

വിധവയായ ഹഫ്സ

ഉമർ (റ) ന്റെ മകൾ ഹഫ്സയെ ആദ്യം വിവാഹം ചെയ്തത് ഖുനൈസുബ്നു ഹുദാഫ എന്നൊരാളായിരുന്നു. ഇദ്ദേഹം ഇസ്ലാം സ്വീകരിച്ച ഒരു സ്വഹാബിയുമാണ്. മാത്രമല്ല ഇസ്ലാമിന്റെ ആദ്യകാല പീഢന കാലത്ത് ആദ്യം അബ്സീനിയയിലേക്കും പിന്നീട് മദീനയിലേക്കും പാലായനം ചെയ്ത വിശ്വാസി സംഘത്തിൽ ഇദ്ദേഹമുണ്ടായിരുന്നു. ഹിജ്റ രണ്ടാം വർഷം നടന്ന ചരിത്ര പ്രസിദ്ധമായ ബദ്ർ യുദ്ധത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. 

എന്നാൽ, സംതൃപ്തധന്യമായി ഒഴുകിക്കൊണ്ടിരുന്ന ഖുനൈസ് - ഹഫ്സ ദാമ്പത്യത്തിന് അധികം ആയുസ്സുണ്ടായില്ല. ബദ്ർ യുദ്ധത്തിൽ മാരകമായി പരിക്കേറ്റ ഖുനൈസ് (റ) മദീനയിൽ തിരിച്ചെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ മരണപ്പെട്ടു. ഹഫ്സ (റ) യും പിതാവ് ഉമർ (റ) വും തീവ്രദുഃഖത്തിലിയി. 

മകളുടെ ഇദ്ദ കാലാവധിയൊക്കെ കഴിഞ്ഞ ശേഷം ഉമർ(റ) വിധവയായ മകളുടെ പുനർ വിവാഹത്തിന്റെ വഴികൾ കാര്യമായി ആലോചിക്കാനും അന്വേഷിക്കാനും തുടങ്ങി. തന്റെ ആദർശ കുടുംബത്തിലേക്ക് തങ്ങളെക്കാൾ ആദർശബോധമുളളയൊരാൾ മകളുടെ ഭർത്താവായി കടന്നു വരണം എന്നായിരുന്നു ഉമർ (റ) എന്ന പിതാവിന്റെ മനോഗതം.

ഈ ആവശ്യാർഥം ഉമർ (റ) ആദ്യം സമീപിച്ചത് അബൂബക്കർ (റ) എന്ന മഹാനായ സ്വഹാബിയെയാരുന്നു. തന്റെ മകളെ വിവാഹം ചെയ്യാമോ എന്ന് ഉമർ കൂട്ടുകാരനായ അബൂബക്കർ (റ) നോട് ചോദിച്ചു.അദ്ദേഹം പക്ഷെ ഉമറിന്റെ ആവശ്യം നിരസിച്ചു. പിന്നിട് അദ്ദേഹം സമീപിച്ചത് ഉസ്മാൻ (റ) നെയാണ് .അദ്ദേഹവും ഉമറിന്റെ ആവശ്യം നിരസിച്ചു. മൂന്നാമതായി ഉമർ(റ) സമീപിച്ചതാകട്ടെ ലോകാനുഗ്രഹിയായ പ്രവാചകൻ മുഹമ്മദ് (സ ) യെ .

ഉമർ (റ) ന്റെ ആവശ്യവും ഹഫ്സയുടെ വൈധവ്യം എന്ന അവസ്ഥയും ആദർശ മാർഗത്തിലാണ് ഹഫ്സ വിധവയായത് എന്ന വസ്തുതയും കരുണാർദ്രമായ ആ വലിയ മനസ്സിനെ സ്വാധീനിച്ചത് സ്വാഭാവികം. മകൾക്ക് വേണ്ടിയുളള ഉമറിന്റെ വിവാഹാന്വേഷണം നബി (സ) സ്വീകരിച്ചു. നബി (സ) ഹഫ്സയെ വിവാഹം ചെയ്ത് വൈധവ്യത്തിന്റെ വേപഥുവിൽ നിന്ന് മോചിപ്പിച്ച് തന്റെ ജീവിത പങ്കാളിയായി ചേർത്തു നിർത്തി. ഇതാണ് നബി - ഹഫ്സ വിവാഹ പശ്ചാത്തലം. ഈ ചരിത്രാവബോധം മനസ്സിന് മഞ്ഞപ്പിത്ത രോഗം ബാധിച്ചിട്ടില്ലാത്തവർക്കെല്ലാം മാനവരിൽ മഹോന്നതനായ പ്രവാചകനോട് സ്നേഹവും ബഹുമാനവുമാണ് വർധിപ്പിക്കുക എന്ന കാര്യവും വ്യക്തം.

എന്നാൽ,
ക്ഷീരമുളേളാരകിടിൻ ചുവട്ടിലും ചോര തന്നെ പരതി അപശബ്ധമുണ്ടാക്കി വിനാശം വിതക്കുന്ന കൊതുകു മനസ്സുകൾ പ്രവാചക ജീവിതത്തിലെ ഈ നന്മകളൊന്നും കാണുകയില്ല. അവരെയോർത്ത് സഹൃദയർ സഹതപിക്കുകയല്ലാതെന്ത് ചെയ്യും! കഷ്ടം തന്നെ ഈ കൊതുകുകളുടെ കാര്യം !!

✍️ ശംസുദ്ദീൻ പാലക്കോട്