പ്രവാചകന്റെ വിവാഹങ്ങൾ 2



സൗദ ബിൻത് സംഅ:


നബി (സ) തന്റെ 25 വയസ്സ് മുതൽ 50 വയസ്സ് വരെ ഏക പത്നീവ്രത ദാമ്പത്യ ജീവിതമായിരുന്നു നയിച്ചതെന്നും ആ പത്നി പ്രവാചകനെക്കാൾ 10 വയസ്സെങ്കിലും പ്രായക്കൂടുതലുളള ഒരു വിധവയായിരുന്നുവെന്നും ആ വിധവ മുൻ ഭർത്താക്കന്മാരുടെ നാല് കുട്ടികളെ പ്രസവിച്ച ഉമ്മയാണെന്നുമുള്ളത് ചരിത്രത്തിൽ തിളങ്ങി വിളങ്ങി നിൽക്കുന്ന സത്യമാണ്. പ്രവാചകത്വത്തിന്റെ ആദ്യ നാളുകളിലും ഇസ്ലാമിക പ്രബോധനത്തിന്റെ പേരിൽ ശത്രുക്കളിൽ നിന്ന് പ്രവാചകൻ അനുഭവിക്കേണ്ടി വന്ന പീഢന കാലഘട്ടത്തിലുമെല്ലാം ഖദീജ എന്ന  ഭാര്യയുടെ സാന്ത്വന സാന്നിധ്യം കുറച്ചൊന്നുമല്ല നബിക്ക് ആശ്വാസമേകിയത്. അത്രമേൽ ഇരുമെയ്യാണെങ്കിലും മനമൊന്നായി ജീവിച്ച നബി - ഖദീജാ ദാമ്പത്യം ഏതൊരു സഹൃദയനെയും കോരിത്തരിപ്പിക്കുന്നതാണ്.

അങ്ങനെ സംതൃപ്തധന്യവും സാന്ത്വന പൂരിതവും സ്നേഹ സമ്പന്നവുമായ ദാമ്പത്യ ജീവിതം നയിക്കുന്നതിനിടയിൽ നബിയുടെ അമ്പതാമത്തെ വയസ്സിൽ അവിടുത്തെ പ്രിയതമ  സത്യവിശ്വാസികളുടെയെല്ലാം അഭിവന്ദ്യ മാതാവ് ( പ്രവാചകന്റെ ഭാര്യമാരെ സത്യവിശ്വാസികളുടെ മാതാക്കൾ അഥവാ ഉമ്മഹാത്തുൽ മുഅമിനീൻ എന്നാണറിയപ്പെടുന്നതും വിളിക്കപ്പെടുന്നതും) ഖദീജ (റ) ഇഹലോക വാസം വെടിഞ്ഞു. പ്രവാചകന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ സംഭവങ്ങളിലൊന്നായിരുന്നു ഇത്.

പ്രിയതമയുടെ വേർപാടിൽ  പ്രവാചകൻ വേപഥു പൂണ്ട് നിൽക്കുമ്പോൾ തന്നെ തന്റെ അനുചരന്മാരിൽ ഒരാൾ ഭർത്താവ് മരണപ്പെട്ട മനോവ്യഥയാലും ആദർശത്തിന്റെ പേരിൽ സ്വന്തം കുടുംബത്തിൽ നിന്നേൽക്കേണ്ടി വരുന്ന അവഗണനയാലും വേപഥു കൊള്ളുന്നുണ്ടായിരുന്നു. സംഅയുടെ മകൾ സൗദ (റ) ആയിരുന്നു ആ ദു:ഖ പുത്രി. സങ്കടപ്പെട്ടിരിക്കുന്ന തന്റെ ജീവിതത്തെ സങ്കടപ്പെട്ടു കഴിയുന്ന തന്റെ അനുചരരിലൊരാൾക്ക് താങ്ങായും തണലായും മാറ്റാൻ നബി തിരുമേനി തീരുമാനിച്ചു. അങ്ങനെയാണ് ഖദീജ (റ) യുടെ വിയോഗാനന്തരം 55 വയസ്സ് പ്രായമുളള വിധവയായ സൗദ ബിൻത് സംഅയെ 50 വയസ്സുകാരനായ പ്രവാചകൻ വിവാഹം ചെയ്യുന്നത്.

സൗദയുടെ അവസ്ഥ!

ഈ വിവാഹത്തിലടങ്ങിയ പ്രവാചകന്റെ വിശാല ഹൃദയത്വവും മാനവിക മൂല്യ സംരക്ഷണവും കരുണാർദ്ര ഹൃദയവും ബോധ്യപ്പെടാൻ ഏതവസ്ഥയിലുള്ള സൗദയെയാണ് നബി (സ) വിവാഹം ചെയ്തത് എന്ന് കൂടി അറിയണം. അതി പ്രകാരം:

സൗദ(റ) ആദ്യ കാലത്തെ പ്രതികൂല സാഹചര്യത്തിൽ തന്നെ ഇസ്ലാമിലേക്ക് കടന്നു വന്ന മഹതിയാണ്. അവരുടെ കുടുംബം ഇസ്ലാമിന്റെ മറുപക്ഷത്ത് ബഹുദൈവത്വ ആദർശത്തിൽ തന്നെ അഭിരമിച്ചു നിൽക്കുകയുമായിരുന്നു. എങ്കിലും സൗദക്ക് ഏക ആശ്വാസം തന്റെ ഭർത്താവ് സക് റാൻ തന്നോടൊപ്പം ഈ ആദർശത്തിലുണ്ടല്ലോ എന്നതായിരുന്നു. മക്കയിൽ മുസ്ലിംകളുടെ നേരെ ആദർശ ശത്രുക്കളുടെ മർദ്ദന - പീഡനങ്ങൾ വർധിച്ചപ്പോൾ നബിയുടെ നിർദേശ പ്രകാരം അബ്സീനിയയിലേക്ക് പാലായനം ചെയ്ത വിശ്വാസി സംഘത്തിലും സൗദയും ഭർത്താവ് സക്റാനുമുണ്ടായിരുന്നു.

മക്കയിൽ കാര്യങ്ങൾ സാധാരണ നിലയിലായി എന്ന തെറ്റിദ്ധാരണയിൽ അബ്സീനിയയിൽ നിന്ന് ഒരു സംഘം മുസ്ലിംകൾ മക്കയിൽ തിരിച്ചു വന്ന കൂട്ടത്തിൽ ഈ സൗദയും ഭർത്താവുമുണ്ടായിരുന്നു. മക്കയിൽ സ്ഥിതി സാധാരണ നിലയിലാവുകയല്ല രൂക്ഷമാവുകയാണ് ചെയ്തത് എന്ന അനുഭവമാണ് അവർ അപ്പോൾ കണ്ടത്. കുടുംബത്തിന്റെ എതിർപ്പും ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതിനിടയിൽ തനിക്ക് താങ്ങും തണലുമായ പ്രിയ തമൻ സക്റാൻ മരണപ്പെടുകയും ചെയ്തു ! ഇപ്പോൾ വിധവയായ സൗദ അങ്ങേയറ്റം നിരാലംബയായി. ഇസ്ലാമും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോകാൻ പറ്റാത്ത അവസ്ഥ. ഭൗതികമായ താൽക്കാലിക രക്ഷക്ക് വേണ്ടി ഇസ്ലാം ഉപേക്ഷിക്കാനും അവർ തയ്യാറായില്ല. അല്ലാഹുവിൽ തവക്കുലാക്കി അവർ ഏക ദൈവത്വ ആദർശത്തിൽ ഉറച്ചു നിന്നു. അല്ലാഹു അവർക്ക് ഏറ്റവും നല്ല പരിഹാരം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ആ പരിഹാരമായിരുന്നു ഇക്കാര്യം നബിയുടെ ശ്രദ്ധയിൽ പെട്ടുവെന്നതും നബി (സ) അവരെ വിവാഹം ചെയ്ത് ജീവിത പങ്കാളിയാക്കിയെന്നതും. അഥവാ ഖദീജയുടെ വിയോഗാനന്തരം നടന്ന പ്രവാചകന്റെ രണ്ടാം വിവാഹവും ഒരു വിധവാ വിവാഹമായിരുന്നു. അഥവാ ഭാര്യ മരണപ്പെട്ട അമ്പത് വയസ്സുകാരനായ പ്രവാചകൻ ഭർത്താവ് മരണപ്പെട്ട് എല്ലാ അർഥത്തിലും ഒറ്റപ്പെട്ടു പോയ അമ്പത്തഞ്ച് കാരിയായ സൗദ (റ) യെ വിവാഹം ചെയ്തു.

ക്ഷീരമുളേളാരകിടിൻ ചുവട്ടിലും ചോര തന്നെ പരതി നടക്കുന്ന കൊതുകുകളൊന്നും പ്രവാചകന്റെ ഈ വിവാഹവും കാണാറില്ല, കേൾക്കാറില്ല, പറയാറില്ല! കഷ്ടം !!

✍️ ശംസുദ്ദീൻ പാലക്കോട്