പ്രവാചകന്റെ വിവാഹങ്ങൾ 3



ആയിഷ ബിൻത് അബീബകർ

നബിതിരുമേനിയുടെ ജീവിതത്തിൽ അദ്ദേഹത്തിന്റെ 50 വയസ്സിന് ശേഷം ഒന്നാം ഭാര്യ ഖദീജ (റ)യുടെ വിയോഗാനന്തരം രണ്ടാം ഭാര്യയായ സൗദ(റ) ജീവിച്ചിരിക്കെ കടന്നു വന്ന മറ്റൊരു സഹധർമിണിയാണ് അബൂബക്കർ(റ) ന്റെ മകൾ ആയിഷ (റ).ഖദീജയും നബിയും തമ്മിൽ പ്രായത്തിൽ വലിയ വ്യത്യാസമുണ്ടായിരുന്നത് പോലെ നബിയും ആയിഷയും തമ്മിലും വലിയ പ്രായ വ്യത്യാസമുണ്ടായിരുന്നു. ഖദീജക്ക് നബിയേക്കാൾ പ്രായക്കൂടുതലാണെങ്കിൽ ആയിഷക്ക് നബിയേക്കാൾ വളരെയധികം പ്രായക്കുറവായിരുന്നു എന്ന വ്യത്യാസം മാത്രം. ദാമ്പത്യ ജീവിതത്തിന്റെയും സംതൃപ്ത ദാമ്പത്യ ജീവിതത്തിന്റെയും മാനദണ്ഡം ഭാര്യാ ഭർത്താക്കളുടെ സമാസമപ്രായപ്പൊരുത്തിലല്ല നിലകൊള്ളുന്നത് എന്നതിന് പ്രവാചകന്റെ ഈ രണ്ട് വിവാഹവും ( അല്ല , സൗദ (റ) ഉൾപെടെയുള്ള മൂന്ന് വിവാഹവും) ഉത്തമ അനുഭവ സാക്ഷ്യങ്ങളാണ്. ഇവർക്കാർക്കും തന്റെ ജീവിത പങ്കാളിക്ക് പ്രായക്കുടുതൽ /പ്രായക്കുറവ് എന്നത് ഒരു ഘട്ടത്തിലും ഒരു ചിന്താവിഷയമോ ദാമ്പത്യ പ്രശ്നമോ ആയി അനുഭവപ്പെട്ടിരുന്നില്ല എന്നതും ശ്രദ്ധേയം. (13 വയസ്സിൽ വിവാഹം ചെയ്യപ്പെട്ടു എന്നത് ഗാന്ധിജി - കസ്തൂർബാ ദമ്പതികളുടെ സംതൃപ്ത ദാമ്പത്യ ജീവിതത്തിന് തടസ്സമായതായി ഗാന്ധിജിയോ കസ്തൂർബായോ പറയുകയോ സൂചിപ്പിക്കുകയോ ചെയ്തിട്ടില്ല എന്ന വസ്തുതയും ഇതിനോട് ചേർത്തു വായിക്കാം.)

ആയിഷ (റ) യെ നബി (സ) വിവാഹം ചെയ്യുമ്പോൾ ആയിഷയുടെ വയസ്സ് 9 ആണെന്നാണ് പ്രബലാഭിപ്രായം. അതല്ല ശരി ആയിശയുടെ അപ്പോഴത്തെ വയസ്സ് 18 ആണെന്ന ഒരഭിപ്രായവും ചില ചരിത്രകാരന്മാർ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ 18 ആം വയസ്സിൽ പ്രവാചക വിയോഗത്താൽ ആയിഷ (റ) വിധവയായി എന്ന ചരിത്ര രേഖയും നമ്മുടെ മുന്നിലുണ്ട്.

വിവാഹം വന്ന വഴി

നബി (സ) തന്റെ ഇരുപത്തഞ്ചാം വയസ്സിൽ തന്നെക്കാൾ 10 വയസ്സിലധികം പ്രായമുളള വിധവയായ ഖദീജ (റ) യെ വിവാഹം ചെയ്തു. പ്രായ വ്യത്യാസം ഒരിക്കലും അലോസരം സൃഷ്ടിച്ചിട്ടില്ലാത്ത  25 വർഷത്തെ സംതൃപ്ത ദാമ്പത്യത്തിന് ശേഷം പ്രിയതമനായ പ്രവാചകന്റെ അമ്പതാമത്തെ വയസ്സിൽ ഖദീജ നിര്യാതയായി. അതിന് ശേഷം തന്നെക്കാൾ അഞ്ച് വയസ്സ് കൂടുതലുള്ള വിധവയായ സൗദ (റ) യെ വിവാഹം ചെയ്ത്  നബി തന്റെ ജീവിതത്തോട് ചേർത്തു നിർത്തി. ഈ ജീവിതം തുടരുന്നതിനിടയിലാണ് പ്രവാചകന്റെ സന്തത സഹചാരിയായ അബൂബക്കർ(റ) പ്രവാചകനെ സമീപിച്ച് 10 വയസ്സ് പോലും തികഞ്ഞിട്ടില്ലാത്ത തന്റെ മകളെ വിവാഹാലോചന നടത്തുന്നത്. അഥവാ ആയിഷ (റ) യുടെ പിതാവ് തന്നെയാണ് പ്രവാചകനെ സമീപിച്ച് തന്റെ മകളെ താങ്കൾ വിവാഹം ചെയ്യുമോ എന്നന്വേഷിക്കുന്നത് എന്നർഥം. 

 എന്നാൽ,തന്റെ മകൾക്ക് സ്നേഹ സമ്പന്നനായ ആ പിതാവ് ജീവിത പങ്കാളിയായി സംതൃപ്തിയോടെ കണ്ടെത്തുന്നത് അമ്പത് വയസ്സ്‌ കഴിഞ്ഞ പ്രവാചകനെയാണ് എന്നത് ചരിത്രത്തിന്റെ ഇങ്ങേത്തലക്കൽ നിന്ന് നോക്കിയപ്പോൾ ചിലർക്ക് - അതെ ചിലർക്ക് മാത്രം - അതിൽ എന്തോ ഒരു ദഹനക്കേട് അനുഭവപ്പെടുന്നുവത്രെ!   പിതാവായ അബൂബക്കർ (റ) ന് അതിൽ ദഹനക്കേട് തോന്നിയില്ല. പ്രവാചകന്റെ ഭാര്യയാകാൻ പോകുന്ന സാക്ഷാൽ ആയിഷ (റ)ക്കും അതിൽ ദഹനക്കേട് തോന്നിയില്ല.
12 വർഷം നീണ്ടു നിന്ന നബി - ആയിഷ സംതൃപ്ത ദാമ്പത്യ ജീവിതത്തിൽ ഈ പ്രായ വ്യത്യാസം ഒരിക്കൽ പോലും നബിക്കോ ആയിഷക്കോ ഒരു വിധത്തിലുള്ള ദഹനക്കേടുമുണ്ടാക്കിയില്ല. ഇതാണ് ചരിത്ര വസ്തുത.

മാത്രമല്ല ഖദീജ (റ) നിര്യാതയായപ്പോൾ പ്രവാചകൻ അനുഭവിച്ച വേപഥു എത്രയാണോ അത്ര തന്നെ മനോവ്യഥ തന്റെ മടിയിൽ തല വെച്ച് ഹിജ്റ 11 റബീഉൽ അവ്വൽ 12 ന് തിങ്കളാഴ്ച തന്റെ പ്രിയതമനും പ്രവാചകനുമായ മുഹമ്മദ് (സ) അന്ത്യശ്വാസം വലിച്ചപ്പോൾ ആയിഷ (റ) യും അനുഭവിച്ചിരുന്നു. കാരണം അത്രമേൽ സംതൃപ്ത ധന്യമായിരുന്നു 12 വർഷം നീണ്ടു നിന്ന ആ ദാമ്പത്യം.

12 വർഷമേ ആയിഷ(റ) നബിയോടൊപ്പം ജീവിച്ചുള്ളുവെങ്കിലും ഇക്കാലയളവിൽ ഭർത്താവായ 'പ്രവാചക പാഠശാല'യിൽ നിന്ന് അവർ അറിവിന്റെ കനകാക്ഷരങ്ങൾ ആവോളം സ്വാംശീകരിച്ചു തന്റെ ജീവിതവും അവസരവും സമ്പന്നമാക്കി. പ്രവാചകനിൽ നിന്ന് രണ്ടായിരത്തിൽ കുറയാത്ത ഹദീസുകൾ ആ മഹതി റിപ്പോർട്ട് ചെയ്ത് നമുക്കെത്തിച്ചു തന്നത് അങ്ങനെയാണ്. മാത്രമല്ല പ്രവാചക വിയോഗാനന്തരം ആയിരക്കണക്കായ സ്വഹാബികളുടെയും മറ്റു മുസ്ലിംകളുടെയും മത പരമായ സംശയങ്ങൾക്ക് നിവാരണം കണ്ടെത്തുന്ന ഒരു മഹാ പണ്ഡിത എന്ന ഉന്നത നിലവാരത്തിൽ ചരിത്രത്തിൽ അവർ ഇടം പിടിക്കുകയും ചെയ്തു.

എന്നാലും ചില ചെറിയ മനുഷ്യർക്ക് ഒരു ദഹനക്കേട്; വലിയ വയസ്സുള്ള പ്രവാചകൻ ചെറിയ വയസ്സുകാരിയായ ആയിഷയെ കല്യാണം കഴിച്ചത് ശരിയായില്ല പോൽ!
അത്തരം ദഹനക്കേടു കൊണ്ട് പൊറുതി മുട്ടുന്ന ചെറിയ മനുഷ്യരറിയാൻ ചില കാര്യങ്ങൾ കൂടി ശ്രദ്ധയിൽ പെടുത്തട്ടെ.

👉 തീരെ ചെറുപ്പക്കാരിയായ തന്നെക്കാൾ പ്രായക്കൂടുതലുള്ള പ്രവാചകനെയാണല്ലോ ഭർത്താവായി കിട്ടിയത് എന്നതിൽ ആയിഷക്ക് അശേഷം സങ്കടമോ പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല.
ഇത് ഒരു ചരിത്ര സത്യം.

👉 തീരെ ചെറിയ പ്രായത്തിലുള്ള ഒരാളെ തനിക്ക്  ഭാര്യയാക്കണം എന്ന് നബി മോഹിച്ച് പരിശ്രമിച്ച് ഉണ്ടായ ഒരു കല്യാണമല്ല ഇത്.
ഇതും ഒരു ചരിത്ര സത്യം.

👉 പ്രായത്തിൽ വലിയ അന്തരമുളള നബിയെയാണല്ലോ തന്റെ മകൾക്ക് ഭർത്താവായി കിട്ടിയത് എന്നതിൽ സന്തോഷമല്ലാതെ യാതൊരു വിധ ഖിന്നതയും പിതാവായ അബൂബക്കർ (റ) നുണ്ടായിരുന്നില്ല.
ഇത് മറ്റൊരു ചരിത്ര സത്യം.

👉 നബിയുടെ കുറ്റങ്ങളും കുറവുകളും ഭൂതക്കണ്ണാടി വെച്ച് നോക്കി കണ്ട് പിടിക്കാൻ ശ്രമിച്ചിരുന്ന അക്കാലത്തെയും പിൽക്കാലത്തെയും ഇസ്ലാമിന്റെ ശത്രുക്കളാരും നബി - ആയിഷ ദാമ്പത്യത്തിലെ പ്രായ വ്യത്യാസത്തിൽ ഒരപാകതയും കാണുകയോ പറയുകയോ ചെയ്തിട്ടില്ല.
ഇത് ഒരു സുസ്ഥിര ചരിത്രം.

👉 ദമ്പതികളുടെ  വലിയ തോതിലുള്ള പ്രായവ്യത്യാസം ലോക സമൂഹത്തിൽ എല്ലാ കാലത്തും സംഭവിച്ചതിനും സംഭവിക്കുന്നതിനും അതിനെ ആരും വലിയ തെറ്റായി കാണുന്നില്ല എന്നതും മറ്റൊരു അനുഭവ സാക്ഷ്യമത്രെ. (ഉദാഹരണങ്ങൾ നിരവധിയുണ്ട്. അവയിൽ ചിലതിപ്പോൾ ചിരപരിചിതവുമായിട്ടുണ്ട്.)
ഇത് ചുറ്റുവട്ടത്തെ അനുഭവ സത്യം.

👉 വിവിധ ജനവിഭാഗങ്ങളിലും മത വിഭാഗങ്ങളിലും സമകാലത്തും ഗതകാലത്തും പ്രായക്കൂടുതലുള്ള പല പ്രമുഖരും 10 വയസ്സിന് താഴെയുള്ള തീരെ ചെറിയ പെൺകുട്ടികളെ കല്യാണം കഴിച്ച ഉദാഹരണങ്ങളുണ്ട്. അതിലൊന്നും അപാകത കാണാതിരിക്കുകയും എന്നാൽ സംതൃപ്ത ദാമ്പത്യ ജീവിതം നയിച്ച നബി - ആയിഷ വിവാഹത്തിൽ മാത്രം പ്രായാന്തരം ഒരു അപാകമായി കാണുകയും ചെയ്യുന്നത് ഒരു തരം മഞ്ഞപ്പിത്ത രോഗലക്ഷണമല്ലാതെ മറ്റെന്താണ്?
ഇതാണ് ചിന്തനീയ വിഷയം.

അതിനാൽ, ക്ഷീമുളേളാരകിടിൻ ചുവട്ടിലും ചോര മണം തേടി പറക്കുന്ന കൊതുകുകളെ നമുക്ക് കൊതുകുകളായി തന്നെ കാണാൻ ശ്രമിക്കാം!

✍️ ശംസുദ്ദീൻ പാലക്കോട്