പ്രവാചകന്റെ വിവാഹങ്ങൾ 7


സൈനബ ബിൻത് ജഹ്ശ്

പ്രവാചകന്റെ വിവാഹങ്ങളിൽ പ്രവാചകന്റെ കാലത്ത് പ്രവാചകന്റെയും ഇസ്ലാമിന്റെയും ശത്രുക്കൾ വിവാദമാക്കാൻ വിഫല ശ്രമം നടത്തിയ ഒരേയൊരു വിവാഹം ഹിജ്റ അഞ്ചിൽ അഥവാ നബി തിരുമേനിയുടെ അമ്പത്തഞ്ചാമത്തെ വയസ്സിൽ നടന്ന വിധവയായ സൈനബ ബിൻത് ജഹ്ശുമായുള്ള വിവാഹമാണ്. നബി തിരുമേനിയുടെ മറ്റൊരു വിവാഹത്തെയും നബിയുടെ കുറ്റങ്ങളും കുറവുകളും ഭൂതക്കണ്ണാടി വെച്ച് നോക്കുന്ന അക്കാലത്തെ ശത്രുക്കൾ വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തില്ല എന്നതും പ്രത്യേകം ശ്രദ്ധേയം.

വിമർശച്ചതാരൊക്കെ?

സൈനബ് (റ)നെ അവരുടെ ഭർത്താവ് സൈദ് വിവാഹ മോചനം ചെയ്ത ശേഷം നബി തിരുമേനി അവരെ വിവാഹം ചെയ്തത് വിമർശിച്ചത് രണ്ട് കൂട്ടരാണ്. പ്രവാചകന്റെ കാലത്ത് അവിടുത്തെ കഠിന ശത്രുക്കളും പിൽക്കാലത്ത് ഓറിയന്റലിസ്റ്റുകൾ എന്ന ഇസ്ലാം വിരുദ്ധ ഗൂഢ സംഘങ്ങളുമായിരുന്നു അവർ.
എന്തായിരുന്നു ഈ വിവാഹം മാത്രം ഇത്രയും വിവാദമാക്കാൻ കാരണം?
പ്രവാചകന്റെ വളർത്തു പുത്രനായിരുന്നു സൈനബ് (റ) ന്റെ ആദ്യ ഭർത്താവ് സൈദുബ്നു ഹാരിസ്. നിരാലംബനായി പ്രവാചക സവിധത്തിലെത്തിയ സൈദിനെ
 നബി (സ) വളർത്തു പുത്രനായി സംരക്ഷിക്കുകയായിരുന്നു. വലിയ കുടുംബ പശ്ചാത്തലമോ സൗന്ദര്യമോ ഒന്നുമില്ലായിരുന്നു സൈദിന് . ആ സൈദിന് പ്രവാചകൻ മുൻ കൈയെടുത്ത് കണ്ടെത്തിയ ജീവിത പങ്കാളിയായിരുന്നു തന്റെ പിതൃ സഹോദരി പുത്രിയായ സൈനബ് (റ). അഥവാ സൈനബ് ഉന്നത കുടുംബമായി അറിയപ്പെടുന്ന ഖുറൈശി കുടുംബാംഗം. ഇസ്ലാമിൽ വിവാഹത്തിന്റെ മാനദണ്ഡം കുടുംബ ചേർച്ച , സൗന്ദര്യച്ചേർച്ച, സാമ്പത്തികച്ചേർച്ച എന്നിവയേക്കാൾ പ്രധാനം ആദർശ ചേർച്ചയാണല്ലോ. സൈദ് (റ)വും സൈനബ്(റ)വും തമ്മിൽ ആദ്യം പറഞ്ഞ ചേർചകളൊന്നുമില്ലെങ്കിലും അവർ തമ്മിൽ ആദർശ ചേർച്ചയുണ്ടായിരുന്നു. അത് കൊണ്ടാണ് അവർ തമ്മിലുള്ള വിവാഹത്തിന് പ്രവാചകൻ തന്നെ മുൻ കൈ എടുത്തത്. അങ്ങനെയാണ് നബിയുടെ വളർത്തു പുത്രനായ സൈദും നബിയുടെ പിതൃ സഹോദരീ പുത്രിയായ സൈനബും തമ്മിലുള്ള വിവാഹം നടന്നത്.

എന്നാൽ അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. അതിനാലാണ് സൈദ് - സൈനബ് ദാമ്പത്യം അപസ്വരങ്ങളിൽ കുരുങ്ങി ഒടുവിൽ വിവാഹമോചനത്തിൽ കലാശിച്ചത് . അവരുടെ ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവാചകൻ പരിശ്രമിച്ചിട്ടും അത് വിവാഹ മോചനത്തിൽ തന്നെ കലാശിക്കുകയാണുണ്ടായത്. അഥവാ പ്രവാചകൻ മുൻകൈയെടുത്ത് നടത്തിയ വിവാഹം, ദമ്പതികൾക്കിടയിൽ സ്വരച്ചേർച്ചയില്ലായ്മയുടെ പ്രശ്നമുണ്ടായപ്പോൾ പ്രശ്നം പരിഹരിക്കാൻ പ്രവാചകൻ തന്നെ ഇടപെട്ട വിവാഹം. എന്നിട്ടും സൈദ് - സൈനബ് വിവാഹം വിവാഹ മോചനത്തിലാണ് കലാശിച്ചത്.

നബി - സൈനബ് വിവാഹം - എന്ത് കൊണ്ട്?

നബി(സ)യുടെ ഓരോ വിവാഹത്തിന്റെ പിന്നിലും കരുണാർദ്രമായതും മാനവികമായതുമായ കാരണമോ സവിശേഷമായ പശ്ചാത്തലമോ ഉണ്ടായിരിക്കും. നബി (സ) സൈനബ് ബിൻത് ജഹശിനെ സഹധർമിണിയാക്കിയതിന് പിന്നിലും ഒരു സവിശേഷ പശ്ചാത്തലം കാണാം. അതിപ്രകാരം:

നബിയുടെ വളർത്തു പുത്രനാണ് സൈദ്. വളർത്തു പുത്രന്റെ സ്ഥാനം അക്കാലത്തെ അറബികൾക്കിടയിൽ സാക്ഷാൽ പുത്രന്റേതിന് തുല്യമായിരുന്നു. പുത്രൻ വിവാഹ മോചനം ചെയ്ത സ്ത്രീയെ  പിതാവ് വിവാഹം ചെയ്യാറില്ലാത്തത് പോലെ വളർത്തു പുത്രൻ വിവാഹ മോചനം ചെയ്ത സ്ത്രീയെയും വിവാഹം ചെയ്യാറില്ല. എന്നാൽ ഇസ്ലാമിൽ പുത്രൻ വേറെ.വളർത്തു പുത്രൻ വേറെ. ഇരുവരും ധാരാളം കാര്യങ്ങളിൽ വ്യത്യാസമുണ്ട്. അതിനാൽ തന്നെ നിയമങ്ങളിലും വ്യത്യാസമുണ്ട്. വളർത്തു പുത്രൻ വിവാഹ മോചനം ചെയ്ത സ്ത്രീയെ വിവാഹം ചെയ്യുന്നതിൽ തെറ്റില്ല എന്നാണ് ഇസ്ലമിക നിയമം.

എന്നാൽ മുമ്പ് തന്റെ വളർത്തു പുത്രന്റെ ഭാര്യയായിരുന്ന സ്ത്രീയെ വിവാഹം ചെയ്യുന്നത് ,മുമ്പ് സ്വന്തം പുത്ര ഭാര്യയായിരുന്നവളെ വിവാഹം ചെയ്യുന്നത് പോലെ നിഷിദ്ധവും മോശത്തരവുമാണ് എന്ന് അന്നത്തെ അറബികൾക്കിടയിൽ വേരുറച്ച അബദ്ധ ധാരണയായിരുന്നു. ഈ അബദ്ധ ധാരണയെ പ്രായോഗികമായി തന്നെ തകർക്കാൻ അല്ലാഹു കൽപിച്ചത് നബിയോട് തന്നെയാണ് എന്നതാണ് ഇതിലെ ശ്രദ്ധേയമായ വസ്തുത. കടുത്ത വിമർശനവും പരിഹാസവും ഉണ്ടാവുമെന്നറിഞ്ഞിട്ടും അല്ലാഹുവിന്റെ പ്രത്യേക നിർദേശാനുസരണം നബി (സ) ഇപ്പോൾ വൈധവ്യം അനുഭവിക്കുന്ന സൈനബ് ബിൻത് ജഹ്ശിനെ - തന്റെ വളർത്തു പുത്രന്റെ മുൻ ഭാര്യയെ - വിവാഹം ചെയ്തു.

സൈനബ് (റ] മായുളള അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം പ്രവാചകൻ ഈ ലോകത്തോട് വിട പറഞ്ഞു. പ്രവാചകന്റെ വിയോഗ ശേഷം ആദ്യം മരണപ്പെട്ട പ്രവാചക ഭാര്യയും സൈനബ ബിൻത് ജഹ്ശ് തന്നെയായിരുന്നു എന്നതും ഇക്കാര്യം നബി (സ) പ്രതീകാത്മകമായി ജീവിത കാലത്ത് തന്നെ തന്റെ ഭാര്യ മാരോട് സൂചിപ്പിച്ചിരുന്നു എന്നതും ശ്രദ്ധേയമായ മറ്റൊരു ദൈവ നിശ്ചയം! "നിങ്ങളിൽ കൈ നീളമുള്ളയാളായിരിക്കും എനിക്ക് ശേഷം ആദ്യം എന്നോടൊപ്പം വന്നു ചേരുക" എന്നായിരുന്നു പ്രവാചകന്റെ ആ പ്രതീകാത്മക പ്രവചനം. ( കൈ നീളമുളളവൾ = കൂടുതൽ ദാനധർമശീലമുളളവൾ).
സൈനബ് (റ) ഖിയാമുല്ലൈൽ പതിവാക്കുകയും ആരാധനാ കാര്യങ്ങളിൽ അങ്ങേയറ്റം നിഷ്ഠ പാലിക്കുകയും ദാന ധർമത്തിൽ മുഴുകുകയും ചെയ്തിരുന്നു എന്ന് ചരിത്രം.

ഗുണപാഠം

സമൂഹത്തിൽ വേരുറച്ച തെറ്റായ ഒരു വിശ്വാസത്തെ പ്രായോഗികമായി തകർക്കാൻ സാധാരണയായി ആരും മുന്നോട്ട് വരാൻ സാധ്യതയില്ലാത്ത ഒരു വിഷയത്തിൽ പ്രവാചകൻ തന്നെ സ്വന്തം കർമത്തിലൂടെ അതിനെ തകർത്തെറിയാൻ മുന്നോട്ട് വന്നു. അതാണ് മുഹമ്മദുർ റസൂലുള്ള - സൈനബ് ബിൻത് ജഹ്ശ് വിവാഹം.

പക്ഷെ ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര പരതി നടക്കുന്ന കൊതുകുകൾ പ്രവാചകന്റെ മഹിതമായ വിവാഹത്തെ വിവാദമാക്കി പരിസര മലിനീകരണമുണ്ടാക്കുന്നു!കഷ്ടം തന്നെ ഇവരുടെ കാര്യം !!

✍️ ശംസുദ്ദീൻ പാലക്കോട്