പ്രവാചകന്റെ വിവാഹങ്ങൾ 1




" അല്ലാഹുവിന്റെ പ്രകാശത്തെ വായ കൊണ്ട് ഊതിക്കെടുത്താമെന്ന് അവർ ഉദ്ദേശിക്കുന്നു. അല്ലാഹുവാകട്ടെ അവന്റെ പ്രകാശത്തെ പൂർത്തീകരിക്കുക തന്നെ ചെയ്യും, സത്യനിഷേധികൾക്കത് ഇഷ്ടപ്പെട്ടില്ലെങ്കിലും!"
(വിശുദ്ധ ഖുർആൻ 61/8)

ഇതേ കാര്യം ഇതേ ശൈലിയിൽ ഖുർആൻ 9/32 ലും അല്ലാഹു ആവർത്തിക്കുന്നു എന്നത് ശ്രദ്ധേയം. അതിനേക്കാൾ ശ്രദ്ധേയം ഈ രണ്ട് സ്ഥലത്തും തൊട്ടടുത്തുളള ആവർത്തിത ദിവ്യ സൂക്തം ഇപ്രകാരമാണ് എന്നതാണ്:

"അവനാണ് തന്റെ ദൂതനെ സന്മാർഗവും സത്യ ദീനുമായി നിയോഗിച്ചത്, മറ്റെല്ലാ മതത്തെക്കാളും ഇത് മികവുറ്റതാകാൻ വേണ്ടി. ബഹുദൈവ വിശ്വാസികൾക്ക് അത് അനിഷ്ടകരമായാലും!"
(വിശുദ്ധ ഖുർആൻ 9/33, 61/9)

ചില കേന്ദ്രങ്ങൾ ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ ഇസ്ലാമോഫോബിയ ആളിപ്പടർത്തി വിദ്വേഷം വിസർജിച്ച് സാമൂഹ്യ ജീവിതം ദുസ്സഹമാക്കുന്നതിന്റെ യഥാർഥ കാര്യവും മനശ്ശാസ്ത്ര പരമായ കാരണവും ലോകാവസാനം വരെ നിലനിൽക്കുന്ന ഈ വിശുദ്ധ വാക്യങ്ങളിൽ നിന്ന് വായിച്ചെടുക്കാം.

ഇനി നമുക്ക് ദൈവിക മതമായ ഇസ്ലാമിന്റെ ശത്രുക്കൾ ഇടക്കിടെ കത്തിക്കുന്നതും ഇപ്പോൾ കത്തി നിൽക്കുന്നതുമായ പ്രവാചകന്റെ വിവാഹം ചർച്ച ചെയ്യാം.

ലോകാനുഗ്രഹിയും ലോകാവസാനം വരെ സഹൃദയരെല്ലാം വാഴ്ത്തിപ്പറയുകയും ചെയ്യുന്ന ലോക ഗുരു മുഹമ്മദ് നബി (സ) തന്റെ 25 വയസ്സിന്റെയും 60വയസ്സിന്റെയും ഇടയ്ക്ക് പന്ത്രണ്ട് സ്ത്രീകളെ ഭാര്യമാരായി സ്വീകരിച്ചിട്ടുണ്ട്. ഇവരിൽ നബിയേക്കാൾ 10 വയസ്സെങ്കിലും കൂടുതലുള്ള ഭാര്യമാരുണ്ടായിരുന്നു. വളരെ പ്രായം കുറഞ്ഞ ഭാര്യയുമുണ്ടായിരുന്നു. രാജ പുത്രിമാർ എന്ന് വിശേഷിപ്പിക്കാവുന്നവരും അടിമ സ്ത്രീയായി എത്തിപ്പെട്ടവരും നബിയുടെ ഭാര്യമാരിലുണ്ടായിരുന്നു.
നീണ്ട 25 വർഷം ദാമ്പത്യ ബന്ധം തുടർന്നവരും ഏതാനും മാസം മാത്രം ദാമ്പത്യം തുടർന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. നബി തന്റെ ഭാര്യമാർക്കിടയിൽ തുല്യ നീതി അനുഭവവേദ്യമാക്കി മാതൃക കാണിച്ചു.ആരെയും വിവാഹ മോചനം ചെയ്തില്ല.നബിക്ക് 50 വയസ്സു വരെ ഏക ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 50 വയസ്സിന്റെയും 60 വയസ്സിന്റെയും ഇടയിലാണ് മറ്റു വിവാഹങ്ങളെല്ലാം ഉണ്ടായത് എന്നതും അതിനെല്ലാം കൃത്യവും വ്യക്തവുമായ കാരണങ്ങൾ ഉണ്ടായിരുന്നു എന്നതും ആ കാരണങ്ങളെല്ലാം മാനുഷിക പ്രധാനവും ന്യായവുമായിരുന്നു എന്നതും പ്രഥമ ചരിത്ര വായനയിൽ നിന്ന് തന്നെ സഹൃദയർക്കെല്ലാം വ്യക്തമാവുന്ന കാര്യവുമാണ്.
ഇത്രയും കാര്യങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. യഥാർഥ വിശ്വാസികളെല്ലാം ഇത് അംഗീകരിക്കുന്നവരുമാണ്.

പ്രഥമ ഭാര്യ ഖദീജ (റ)

25 ആം വയസ്സിലാണ് നബിയുടെ പ്രഥമ വിവാഹം നടന്നത്. തന്നെക്കാൾ 15 വയസ്സ് കൂടുതലുള്ള വിധവയും 4 കുട്ടികളുടെ മാതാവുമായ ഖദീജയായിരുന്നു ആ മഹതി. (ഖദീജക്ക് അന്ന് വയസ്സ് 35 ആയിരുന്നു എന്ന ഒരഭിപ്രായവും ചില ചരിത്രകാരന്മാർ സൂചിപ്പിച്ചിട്ടുണ്ട്.) 25 വർഷം ആ ദാമ്പത്യം നീണ്ടു നിന്നു നബിയുടെ അമ്പതാം വയസ്സിൽ നബിയുടെ അത് വരെയുണ്ടായിരുന്ന ഏക പത്നിയും പ്രിയപത്നിയുമായിരുന്ന ഖദീജ (റ) നിര്യാതയായി.

ഖദീജയെ നബി വിവാഹം ചെയ്യുന്നതിന് മുമ്പ് അവരെ അതീഖുബ്നു ആബിദ്, അബൂ ഹാല എന്നിവർ വിവാഹം ചെയ്തിരുന്നു. അതീഖിലൂടെ രണ്ട് കുട്ടികളും - ഒരാണും ഒരു പെണ്ണും - അബൂ ഹാലയിലൂടെ രണ്ട് കുട്ടികളും - രണ്ട് പെൺകുട്ടികൾ - ഖദീജക്കുണ്ടായിരുന്നു. രണ്ട് പേരോടൊപ്പം ജീവിച്ച് 4 കുട്ടികളെ പ്രസവിച്ച് വിധവയും ഉമ്മയുമായ 40 കാരിയായ ഒരു സ്ത്രീയായിരുന്നു നബി (സ) തന്റെ 25ആമത്തെ വയസ്സിൽ വിവാഹം ചെയ്ത ആദ്യ ഭാര്യ ഖദീജ. 25 വർഷം സംതൃപ്തധന്യമായി നീണ്ടു നിന്ന പ്രവാചക ജീവിതത്തിലെ ഈ ഏക പത്നി ദാമ്പത്യ കാലഘട്ടവും ആ ദാമ്പത്യത്തിലെ സംതൃപ്ത ഘടകങ്ങളും കാണാനോ കേൾക്കാനോ ചർച്ച ചെയ്യാനോ തയ്യാറാകാതെയാണ് ചില വികല മനസ്കർ ക്ഷീരമുളേളാരകിടിൻ ചുവട്ടിലും ചോര തന്നെ പരതുന്നത് ! കഷ്ടം !!

✍️ ശംസുദ്ദീൻ പാലക്കോട്