പ്രവാചകന്റെ വിവാഹങ്ങൾ 6


ഉമ്മു സലമ (റ)

ആദർശ ജീവിതമാർഗത്തിൽ പരീക്ഷണങ്ങളുടെ തീച്ചൂളയിലൂടെ നടന്നു നീങ്ങാൻ വിധിക്കപ്പെട്ട മഹതിയാണ് ഉമ്മു സലമ. പ്രവാചകന്റെ ഭാര്യാ പദവിയിലെത്തുന്നതിന് മുമ്പ് അവർ പ്രമുഖ സ്വഹാബിയായ അബൂ സലമയുടെ ഭാര്യയായിരുന്നു. അങ്ങേയറ്റം സംതൃപ്തധന്യമായ ജീവിതമായിരുന്നു അബൂ സലമ - ഉമ്മു സലമ ദാമ്പത്യം . ആദർശ ജീവിതത്തിന്റെ പേരിൽ ഇസ്ലാമിന്റെ ശത്രുക്കൾ മറ്റു മുസ്ലിംകളെയെന്ന പോലെ ഈ മുസ്ലിം ദമ്പതികളെയും പല വിധ മർദനങ്ങൾക്കും വിധേയമാക്കിയിരുന്നു. പക്ഷെ സംതൃപ്ത ദാമ്പത്യത്തിന്റെ മധുര ജീവിതം കൊണ്ടാണ് അത്തരം പ്രതിലോമപരമായ പ്രതി കരണങ്ങളെ ആ മാതൃകാ ദമ്പതികൾ പ്രതികരിച്ച് സംയമനം പാലിച്ചത് എന്നത് ശ്രദ്ധേയമാണ്.

അബ്ദുല്ലാഹിബ്നു അബ്ദിൽ അസദ് എന്നാണ് ഉമ്മു സലമയുടെ ഭർത്താവായ അബൂ സലമയുടെ യഥാർഥ പേര്. അബൂ സലമയും ഉമ്മു സലമയും ഇസ്ലാമിന്റെ ആദ്യ കാല പീഢന കാലത്ത് അബ്സിനിയയിലേക്ക് ഹിജ്റ പോയ മുസ്ലിം സംഘത്തിലുണ്ടായിരുന്നു. മക്കയിലെ മുശ്രിക്കുകൾ മുസ്ലിംകളുടെ നേരെ ഉപദ്രവം അവസാനിപ്പിച്ചു എന്ന തെറ്റായ വാർത്ത അബ്സീനിയയിൽ പ്രചരിച്ചതിൻ ഫലമായി കുറെ മുസ്ലിംകൾ മക്കയിലേക്ക് തന്നെ തിരിച്ചു വന്നു. അക്കൂട്ടത്തിൽ അബൂസലമയും ഉമ്മു സലമയും ഉണ്ടായിരുന്നു. എന്നാൽ യഥാർഥത്തിൽ മക്കയിൽ മുസ്ലിംകളുടെ നേരെ മുശ്രിക്കുകളുടെ ഉപദ്രവം കുറയുകയല്ല കൂടുകയാണ് ചെയ്തത് എന്ന് അവർ തിരിച്ചറിഞ്ഞു.. 

മദീനയിലേക്ക് മുസ്ലിംകൾ ഹിജ്റക്കൊരുങ്ങിയപ്പോൾ അബൂസലമ - ഉമ്മുസലമ ദമ്പതികൾ ആ സംഘത്തിൽ ഹിജ്റ പോകാനൊരുങ്ങിയിരുന്നു. എന്നാൽ ഇതറിഞ്ഞ മക്കയിലെ മുശ്രിക്കുകൾ അവരുടെ നന്നെ ചെറിയ ശിശുവായ കൈകുഞ്ഞിനെ തടഞ്ഞുവെച്ചു.  വല്ലാത്തൊരു പരിക്ഷണ ഘട്ടമായിരുന്നു അത്. അതിൻ ഫലമായി ഉമ്മു സലമക്ക് ഭർത്താവിനൊപ്പം അപ്പോൾ ഹിജ്റ പോകാൻ കഴിഞ്ഞില്ല. ഏതാണ്ട് ഒരു വർഷത്തിന് ശേഷമാണ് ഉമ്മു സലമ ഹിജ്റ ചെയ്ത് മദീനയിലെത്തി അബൂ സലമയോടൊപ്പം ചേർന്നത്.

മദീനയിൽ ഇരുവരും ആശ്വാസ ജീവിതം നയിക്കുന്നതിനിടയിലാണ് ഉഹ്ദ് യുദ്ധം നടക്കുന്നത്. ഉഹ്ദിൽ അബൂസലമ പങ്കെടുത്തിരുന്നു. യുദ്ധത്തിൽ മാരകമായി മുറിവേറ്റ അബൂ സലമ ഏതാനും മാസം കഴിഞ്ഞപ്പോൾ മദീനയിൽ നിര്യാതനായി. വീണ്ടും ഉമ്മു സലമയുടെ ജീവിതത്തിൽ പരീക്ഷണം!

അബൂ സലമയുടെ വേർപാട് രണ്ട് വിധത്തിൽ ഉമ്മു സലമയെ ദു:ഖാകുലയാക്കി. ഒന്നാമത്തെത് , എല്ലാ അർഥത്തിലും സ്നേഹ സമ്പന്നനും ജീവിതത്തിലെ പ്രതീക്ഷയുമായിരുന്ന പ്രിയ തമൻ അബൂ സലമയുടെ വേർപാട് ഉമ്മു സലമയിൽ ഉണ്ടാക്കിയ തീവ്ര ദു:ഖം .
രണ്ടാമത്തേത്, ഇപ്പോൾ തന്റെ 4 മക്കൾ അനാഥരായല്ലോ എന്ന ദു:ഖം.

ആശ്വാസമായി പ്രവാചകൻ

ഭർത്താവിന്റെ വേർപാടിൽ ദു:ഖം കടിച്ചമർത്തിക്കഴിയുന്ന ഉമ്മു സലമയെ പ്രവാചകൻ സന്ദർശിച്ച് ആശ്വസിപ്പിച്ചു. ഒരു പ്രത്യേക പ്രാർഥനയും നബി അവർക്ക് പഠിപ്പിച്ചു കൊടുത്തു. അതിപ്രകാരമായിരുന്നു:
"അല്ലാഹുവേ, എന്റെ ഈ വിപത്തിൽ ക്ഷമിക്കുന്നതിന് നീ എനിക്ക് പ്രതിഫലം നൽകേണമേ. ഇതിനെക്കാൾ നല്ല ഒരു പകരം എനിക്ക് നീ നൽകുകയും ചെയ്യേണമേ". ഈ പ്രാർഥനയുടെ രണ്ടാം ഭാഗം ആ മഹതിക്ക് വേണ്ടത്ര ഉൾക്കൊള്ളാനായില്ല. കാരണം അബൂ സലമയെക്കാൾ നല്ലാരാളുണ്ടാവില്ല എന്ന് തന്നെയായിരുന്നു അവരുടെ ധാരണയും ദാമ്പത്യ ജീവിത അനുഭവവും. എന്നാൽ *നബി (സ) തന്റെ ദുഃഖാവസ്ഥയിൽ തന്നെ സന്ദർശിച്ച് ആശ്വസിപ്പിച്ചപ്പോൾ പ്രാർഥിക്കാൻ നിർദേശിച്ച ഒരു പ്രാർഥന എന്ന നിലക്ക് അവർ അത് പ്രാർഥിച്ചു കൊണ്ടിരുന്നു. ആ പ്രാർഥന അല്ലാഹു സ്വീകരിച്ചു. അബൂ സലമയെക്കാൾ നല്ല ഒരു പകരം അല്ലാഹു അവർക്ക് ഒരുക്കിക്കൊടുത്തു. അഥവാ ജീവിതത്തിൽ വൈധവ്യത്തിന്റെയും അനാഥത്വത്തിന്റെയും കരിനിഴൽ വിണ് തളർന്ന് പോയ ഉമ്മു സലമയെ, നാല് കുട്ടികളുടെ ഉമ്മയായ ആ വിധവയെ നബി (സ) ഹിജ്റ 4 ൽ വിവാഹം ചെയ്തു.*

ജീവിതത്തിലെ ചില നിർണായക സന്ദർഭങ്ങളിൽ അവസരോചിതവും യുക്തി പൂർവകവുമായ തീരുമാനമെടുക്കാനും നിർദേശങ്ങൾ നൽകാനും ഉമ്മു സലമക്ക് പ്രത്യേകം വൈഭവമുണ്ടായിരുന്നു. ബുദ്ധി പരമായും യുക്തി പരമായും കാര്യങ്ങളെ സമീപിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. ഹിജ്റ 6 ൽ നടന്ന ഹുദൈബിയാ സന്ധിയിൽ സന്ധി വ്യവസ്ഥയൊക്കെ തയ്യാറാക്കിയ ശേഷം ഇനി മൃഗത്തെ ബലിയർത്ത് നമുക്ക് മടങ്ങാം എന്ന് നബി (സ) സ്വഹാബികളോട് പറഞ്ഞപ്പോൾ പതിവിന് വിരുദ്ധമായി സ്വഹാബികൾ പ്രവാചകന്റെ കൽപന അനുസരിക്കാതെ നിസ്സംഗത പാലിച്ച ഒരു സംഭവമുണ്ടായിരുന്നു. ആ യാത്രയിൽ നബിയുടെ കൂടെ ഉമ്മു സലമയും ഉണ്ടായിരുന്നു. തന്റെ കൽപന അനുസരിക്കാതെ നിസ്സംഗരായി നിൽക്കുന്ന സ്വഹാബികളുടെ ആ സമീപനത്തിൽ പ്രവാചകൻ  അസ്വസ്ഥപ്പെടുന്നതു അവർ കണ്ടു. അവർ നബിയെ കൂടാരത്തിനുള്ളിലേക്ക് വിളിച്ചു. അവർ നബിയോട് പങ്കു വെച്ച ആശയങ്ങൾ ഇപ്രകാരം:

ഉംറ മുടങ്ങിയതിലുള്ള വല്ലാത്ത മനസ്ഥാപത്തിലാണ് താങ്കളുടെ അനുചരന്മാർ ഇപ്പോഴുള്ളത്. അവരോട് ഇപ്പോൾ താങ്കൾ ദ്വേഷ്യപ്പെടരുത്. യഥാർഥത്തിൽ അവർ താങ്കളെ ധിക്കരിക്കുന്നതൊന്നുമല്ല. ഞാനൊരു പരിഹാരം നിർദേശിക്കാം ,താങ്കൾ ഇനിയും അവരോട് കൽപിക്കാൻ നിൽക്കാതെ താങ്കളുടെ ബലി മൃഗത്തെ അവർ കാൺകെ അറുക്കുക. അപ്പോൾ അവരും അങ്ങനെ ചെയ്തു കൊള്ളും.

ബുദ്ധിമതിയായ ഒരു സഹധർമിണിയുടെ സമയോജിതമായ ഇടപെടലായി പ്രവാചകൻ ആ നിർദ്ദേശത്തെ സ്വീകരിച്ചു. പ്രവാചകൻ അപ്രകാരം ചെയ്തു. അപ്പോൾ ഉമ്മു സലമ (റ) പറഞ്ഞ ഗുണപരമായ റിസൽട്ടും അതിനുണ്ടായി.

സംഭവ ബഹുലമായ അനുഭവങ്ങൾക്കുടമയാണ് ഉമ്മു സലമ. കാര്യങ്ങൾ വളച്ചു കെട്ടില്ലാതെ പറയേണ്ട സമയത്ത് പറയേണ്ടത് പോലെ പറയാൻ കഴിയുന്ന തന്റേടിയായ ഒരു മഹതിയാണ് ഉമ്മു സലമ. നബിയും ഉമ്മു സലമയും തമ്മിലുളള വിവാഹാലോചന നടക്കുമ്പോൾ അവർ നബിയുടെ മുമ്പിൽ പറഞ്ഞ കാര്യങ്ങൾ അതിലൊന്നാണ്. (ലേഖന ദൈർഘ്യം ഭയന്ന് അതിന്റെ വിശദാംശം ഇവിടെ പറയുന്നില്ല).
നബി (സ) യുടെ ഭാര്യമാരിൽ ഏറ്റവും അവസാനമായി ഇഹലോക വാസം വെടിഞ്ഞ ഭാര്യ എന്ന പ്രത്യേകതയും ഉമ്മു സലമക്കുണ്ട് . അഥവാ ഹിജ്റ 61 ൽ തന്റെ 84 ആമത്തെ വയസ്സിലാണ് ഉമ്മു സലമ റബ്ബിങ്കലേക്ക് യാത്രയായത്.

ഗുണപാഠം:

കേട്ടുകേൾവിയെയും തെറ്റിദ്ധാരണകളെയും മുൻ വിധികളെയും പിൻപറ്റുന്നവർ സംഭവങ്ങളുടെ യഥാർഥ വസ്തുത അറിയാത്തവരോ അറിയാൻ ശ്രമിക്കാത്തവരോ ആയിരിക്കും. സത്യവിശ്വാസികളും സഹൃദയരും വസ്തുതകൾ ശരിയായ വിധത്തിൽ അറിയാൻ ശ്രമിക്കുന്നവരായിരിക്കും.

✍️ ശംസുദ്ദീൻ പാലക്കോട്