പ്രവാചകന്റെ വിവാഹങ്ങൾ 9



സ്വഫിയ്യ (റ)

 മദീനയിലെ ജൂത ഗോത്രമായ ബനുന്നളീർ ഗോത്ര മുഖ്യനായ ഹുയയ്യുബ്നു അഖ്തബിന്റെ മകളാണ് പിൽക്കാലത്ത് പ്രവാചക പത്നീ പദവിയിലെത്തിയ സ്വഫിയ്യ (റ). ജൂത മതത്തിലായിരിക്കുമ്പോൾ തന്നെ ഇസ്ലാമിനോട് ഇഷ്ടവും പ്രതിപത്തിയും അകമേ വെച്ചുപുലർത്തിയ ഒരു മഹതിയായിരുന്നു അവർ. ഹിജ്റ ഏഴാം വർഷം ഖൈബർ യുദ്ധാനന്തരമാണ് ഇവർ ഇസ്ലാം സ്വീകരിക്കുന്നതും പിതാവും ഭർത്താവും നഷ്ടപ്പെട്ട സ്വഫിയയെ നബി (സ) വിവാഹം ചെയ്യുന്നതും.

ആ സംഭവം ഇങ്ങനെ :

ബനുന്നളീർ ഗോത്രക്കാർ പ്രവാചകനുമായുണ്ടാക്കിയ സമാധാന കരാർ നിഷ്ഠൂരമായി ലംഘിക്കുകയും പ്രവാചകനെ ചതിച്ച് വക വരുത്താൻ വരെ തീരുമാനിക്കുകയും ചെയ്തു. അല്ലാഹുവിന്റെ സഹായത്താൽ മുടി നാരിഴക്ക് പ്രവാചകൻ ഇവരുടെ വധ ഗൂഢാലോചനയിൽ നിന്ന് രക്ഷപ്പെട്ടു. പിന്നീട് ഇവരുമായി മുസ്ലിംകൾക്ക് യുദ്ധം ചെയ്യേണ്ടി വന്നു. യുദ്ധത്തിൽ പരാജയപ്പെട്ട ബനുന്നളീർ ഗോത്രക്കാർ ഗോത്രത്തലവനായ ഹുയയ്യ് ഉൾപ്പെടെയുള്ളവർ പിന്നീട് ഖൈബറിൽ കേന്ദ്രികരിച്ച് ഇസ്ലാമിനും പ്രവാചകനുമെതിരെ വീണ്ടും ഗൂഢാലോചന നടത്താൻ തുടങ്ങി. ഈ സംഭവ വികാസങ്ങളാണ് ഖൈബർ യുദ്ധത്തിൽ കലാശിച്ചത്. ഖൈബർ യുദ്ധത്തിലും ജൂതന്മാർ ദയനീയമായി പരിജയപ്പെട്ടു. പലരെയും മുസ്ലിംകൾ ബന്ധികളാക്കി. അക്കൂട്ടത്തിൽ ഹുയയ്യിന്റെ മകൾ സ്വഫിയയുമുണ്ടായിരുന്നു.

സ്വഫിയയെ നബിയുടെ മുമ്പിൽ ഹാജരാക്കിയപ്പോൾ നബി അവർക്ക് ഓപ്ഷൻ നൽകി. ഒന്നുകിൽ ജൂത മതത്തിൽ തുടരാം. അല്ലങ്കിൽ ഇസ്ലാം സ്വീകരിക്കാം. രണ്ടിനും സ്വാതന്ത്ര്യം. അപ്പോൾ തുറന്ന മനസ്സോടെ സ്വഫിയ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, നേരത്തെ തന്നെ ഇസ്ലാം ഇഷ്ടപ്പെട്ടിരുന്ന ആളാണ് ഞാൻ . ജൂത മതത്തോട് എനിക്ക് താൽപര്യമില്ല. ഞാൻ ഇസ്ലാം സ്വീകരിച്ച് അല്ലാഹുവിന്റെയും റസൂലിന്റെയും കൂടെ കഴിയാനാണ് ഉദ്ദേശിക്കുന്നത്.

മുമ്പ് രണ്ട് ഭർത്താക്കന്മാരിൽ നിന്ന് വൈധവ്യം (ഒരാൾ ത്വലാഖ് ചൊല്ലി, മറ്റെയാൾ യുദ്ധത്തിൽ കൊല്ലപ്പെട്ടു) ഏറ്റുവാങ്ങി നിരാലംബയും ഇപ്പോൾ മുസ്ലിമുമായ സ്വഫിയയെ നബി തിരുമേനി വിവാഹം ചെയ്തു സംരക്ഷിച്ചു സഹധർമിണിയാക്കി. അതോടെ സ്വഫിയ (റ) സനാഥയായി. വിശ്വാസികളുടെ മാതാക്കൾ - ഉമ്മഹാത്തുൽ മുഅമിനീൻ - എന്ന മഹനീയ പദവിക്കർഹത നേടുകയും ചെയ്തു.

ഗുണപാഠം :

പ്രവാചകന്റെ ഓരോ വിവാഹവും ചില സവിശേഷ സാഹചര്യങ്ങളും ഉന്നതമായ മാനുഷിക മൂല്യങ്ങളും ഉൾ ചേർന്നു നിൽക്കുന്നതാണ്. ബധിര കർണങ്ങളും അന്ധനയനങ്ങളുമുള്ളവർക്ക് പക്ഷെ ഈ സത്യ ശുദ്ധ ചരിത്ര സത്യം കാണാനോ അറിയാനോ കഴിയാതെ പോവുന്നതിൽ അൽഭുതമില്ല! അത്തരക്കാരുടെ കാര്യം മഹാ കഷ്ടം !!

✍️ ശംസുദ്ദീൻ പാലക്കോട്