ഇസ്ലാം ആടു ജീവിതമല്ല

പാറക്കടവ് പറഞ്ഞതാണ് ശരി.
'ഇസ്ലാം ആടു ജീവിതമല്ല'
പെണ്ണിന് വേദി നിഷേധിക്കുന്ന മതവുമല്ല..

പി കെ . പാറക്കടവിന്റെതായി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വായിച്ച മനോഹരമായ ഒരു കുറിപ്പിലെ അതി മനോഹരമായ ആദ്യ വരികൾ ഇപ്രകാരമാണ്:

"ഇസ്ലാം ആടു ജീവിതമല്ല.
ക്ഷുരകനെ കാണാത്ത താടിയോ വെട്ടി മാറ്റിയ മീശയോ അല്ല. മുട്ടോളമുടുക്കുന്ന പൈജാമയോ ജുബ്ബയോ അല്ല. അതൊരു വേഷം കെട്ടലല്ല ...."

പാറക്കടവിന്റെ അനുഗ്രഹീത തൂലികയിൽ നിന്ന് നിർഗളിച്ച മഷിത്തുള്ളികൾ താഴെ പറയുന്ന മനോഹര ചിത്രം വരച്ചിട്ടാണ് കവിത തുളുമ്പുന്ന ആ വരികൾ അവസാനിക്കുന്നത്. അതിപ്രകാരം :

"ഇസ്ലാം...
വരളുന്ന തൊണ്ടയിലേക്ക് പകരുന്ന സംസം ജലമാണ്..
മഹത്തായ മനുഷ്യത്വമാണ്.
ശാന്തിയും സമാധാനവുമാണ്.."

💦അതെ, പാറക്കടവ് പറഞ്ഞതാണ് ശരി. അല്ലാതെ മുട്ടിന് താഴെ വെച്ച് കാൽ സറായി മുറിച്ചു മാറ്റിയ മതാക്ഷര വാദികൾ പറയുന്ന 'ആടു ജീവിത' മതമല്ല ഇസ്ലാം.

💦ആടും മാടും മുടിയും താടിയുമെല്ലാം ഇസ്ലാമിന്റ പ്രമാണവാക്യങ്ങളിൽ പരാമർശമുണ്ടെന്നത് നേര്. അത് പക്ഷെ മനുഷ്യൻ ആടു ജീവിതം നയിക്കാനുളള കൽപനയല്ല. മുടി ചീകിയൊതുക്കാനും വൃത്തിയിൽ ഒതുക്കി വെക്കാനും ഇസ്ലാം അതിന്റെ അനുയായികളെ പഠിപ്പിച്ചിട്ടുണ്ട്. അതിനർഥം താടി മുടി നീണ്ടു നീണ്ട് നീളം വെച്ചോട്ടെ എന്നോ താടി വെട്ടാൻ ക്ഷുരകനെ സമീപിക്കരുതെന്നോ അല്ല.

💦വസ്ത്ര ധാരണ നിയമങ്ങളും ഇസ്ലാമിലുണ്ട്. അത് പക്ഷെ ആണുങ്ങൾ ജുബ്ബയും മുട്ടിന് താഴെ വെച്ച് മുറിക്കുന്ന പൈജാമയും മാത്രമേ ധരിക്കാവൂ എന്ന് പറയുന്ന നിയമമല്ല. പെണ്ണുങ്ങൾ മുഖമാകമാനം മൂടി കണ്ണിന് നേരെ ഒരോട്ടമാത്രം വെച്ചേ പുറത്തിറങ്ങാവൂ എന്ന് പറയാനുമല്ല ആ നിയമങ്ങൾ.

💦മതമെന്നത് മറ്റുള്ളവരുടെ മുഖത്ത് നോക്കാതെ സ്വന്തം പാർട്ടിക്കാരെ മാത്രം ലോഗ്യക്കാരാക്കി I am ok You are not ok എന്ന ശരീരഭാഷയിൽ പരുക്കൻ ജീവിതം നയിക്കുന്നതിന്റെ പേരുമല്ല. ഞാൻ സ്വർഗത്തിൽ നീ നരകത്തിൽ എന്ന് പറഞ്ഞ് സ്വർഗ - നരകക്കാരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാനും പടച്ച തമ്പുരാൻ ഒരു സംഘടനയെയും സംഘക്കാരനെയും ഏൽപിച്ചിട്ടുമില്ല.

💦പെണ്ണിനോട് പോ പോ വീടിനകത്തേക്ക് എന്ന് പറഞ്ഞ് പൊതുവേദിയിൽ നിന്നിറക്കി വിട്ട് ആട്ടിയോടിക്കുന്ന സ്ത്രീ വിരുദ്ധ പ്രസ്ഥാനക്കാരുടെ മതവുമല്ല ഇസ്ലാം.

💦വിജന വഴിയിൽ വഴിയറിയാതെ ഒറ്റപ്പെട്ടു പോയാൽ 'എന്റെ ശബ്ദം കേൾക്കുന്ന ജിന്നേ എനിക്ക് വഴി കാണിച്ചു തരണേ' എന്ന് ജിന്നിനോട് വിളിച്ചു തേടുന്ന ജിന്നന്മാരുടെ മതവുമല്ല ഇസ്ലാം..

💦 കണ്ണേറും കൂടോത്രവും മന്ത്രവാദവും ജിന്ന് ചികിത്സയും മതമെന്ന് പറഞ്ഞ് , യഥാർഥ മതവും കാലവും കുഴിച്ചുമൂടിയ സകല അന്ധവിശ്വാസങ്ങളെയും കുഴിമാന്തി കോരിയെടുത്ത് പ്രമാണവൽക്കരിക്കുന്ന ഗവേഷണത്തിന്റെ പേരല്ല ഇസ്ലാം.

💦 തുപ്പൽ ചികിത്സയും ചൂരൽ ചികിത്സയും ബാധയിറക്കലും ജിന്ന് സേവയും മതമെന്ന് പറയുന്ന വൃത്തികേടിനെ വെഞ്ചാമരം വീശി സംരക്ഷിക്കുന്നതന്റെ പേരല്ല ഇസ്ലാം.

💦 പിന്നെയോ ? എല്ലാ രോഗത്തിനും ചികിത്സയുണ്ടെന്നും രോഗം വന്നാൽ നിങ്ങൾ ചികിത്സിക്കുക എന്ന ആരോഗ്യ ശാസ്ത്രത്തിന്റെ ബാലപാഠം പ്രഥമമായി വിശ്വാസികളെയും പൊതുവായി ലോകത്തെയും പഠിപ്പിച്ച മതത്തിന്റെ പേരത്രെ ഇസ്ലാം.

💦 പെൺകുട്ടികൾ കൂടി പഠിക്കുന്ന കലാലയത്തിൽ ആൺകുട്ടികളെയും ആൺകുട്ടികളുള്ള കലാലയത്തിൽ പെൺകുട്ടികളെയും പഠിപ്പിക്കരുതെന്നും സംഗീതം കേൾക്കാനോ ആസ്വദിക്കാനോ പാടില്ലെന്നും പറയുന്ന നവ യാഥാസ്ഥികരുടെ മതമല്ല ഇസ്ലാം.

💦 പിന്നെയോ ? അറിവുള്ള വരും അറിവില്ലാത്തവരും ഒരു പോലെയാണോ എന്ന ഖുർആന്റെ ചോദ്യത്തിൽ പെണ്ണിനെ ഒഴിവാക്കിയിട്ടില്ലാത്ത വേദ ഗ്രന്ഥമുള്ള മതമാണിസ്ലാം. പ്രവാചക സവിധത്തിൽ വെച്ച് പെരുന്നാൾ ദിവസം സംഗീതമാലപിച്ച പെൺകുട്ടികളെ ശാസിച്ച അബൂബക്കർ സിദ്ധീഖിനെ അവരെ വിട്ടേക്കൂ, അവർ പാടട്ടെ എന്ന് പറഞ്ഞ് പാട്ടാസ്വദിച്ച പ്രവാചകന്റെ സഹൃദയത്വത്തിന്റെ മതമാണിസ്ലാം.

അതിനാൽ ഈ മതത്തെ അന്ധവിശ്വാസത്തിന്റെ,
യാഥാസ്ഥികതയുടെ,
നവ യാഥാസ്ഥികതയുടെ, ജിന്നുബാധയുടെ,
കൂടോത്രക്കാരുടെ,
പൗരോഹിത്യത്തിന്റെ,
അക്ഷര വായനയുടെ
വരണ്ട ആലയിൽ കൊണ്ടുപോയി കെട്ടാൻ മതമറിയുന്നവരാരും കൂട്ടുനിൽക്കുകയില്ല.
കാരണം
മതം ആടു ജീവിതമല്ല
മതം കൂടോത്രവും കണ്ണേറുമല്ല
മതം സ്ത്രീ വിരുദ്ധ പ്രസ്ഥാനമല്ല.
മതം ക്ഷുരകനെ കാണാത്ത നീളമുളള താടിയും നീളം നന്നെ കുറഞ്ഞ കാൽ സറായിയുമല്ല..

✍️ കെ.പി.എസ്. ഫാറൂഖി | © ചുറ്റുവട്ടം