അഹങ്കാരം വരുന്ന വഴി

'അന ഖൈറുൻ മിൻഹു'..
അഹങ്കാരം വരുന്ന വഴി..

ഇബ്ലീസ് സ്വർഗത്തിൽ നിന്ന് പുറത്താവാനും അല്ലാഹുവിനാൽ ശപിക്കപ്പെട്ടവനുമാകാൻ എന്താണ് കാരണം? ഉത്തരം വ്യക്തമാണ്. അഥവാ അഹങ്കാരം.

മനുഷ്യ വംശത്തിന്റെ ആദിമ പിതാവായ ആദമിനെ ആദരിക്കണം എന്ന് അല്ലാഹു കൽപിച്ചപ്പോൾ മലക്കുകൾ ആ കൽപന അനുസരിച്ചു. എന്നാൽ ജിന്നു വർഗത്തിൽ പെട്ട ഇബ് ലീസ് അഥവാ ശൈത്വാൻ അതിന് വിസമ്മതിച്ചു. അഹങ്കരിക്കുകയും ചെയതു. ഇബ് ലീസ് അതിന് പറഞ്ഞ ന്യായം ഇങ്ങനെ:
'ഞാനാണ് അവനെക്കാൾ ഉത്തമൻ' (അന ഖൈറുൻ മിൻഹു!)..
'തീ കൊണ്ട് സൃഷ്ടിക്കപ്പെട്ട ഞാനാണ് മണ്ണ് കൊണ്ട് സൃഷ്ടിക്കപ്പെട്ട അവനെക്കാൾ മെച്ചപ്പെട്ടവൻ' എന്നും ഇബ് ലീസ് തന്റെ ഭാഗം ന്യായികരിക്കുന്നത് ഖുർആൻ ഉദ്ധരിക്കുന്നുണ്ട്.

പൈശാചികമായ ഇത്തരം ഔദ്ധത്യവാദം മനുഷ്യനിൽ ഉണ്ടായാൽ മനുഷ്യനിലും അഹങ്കാരം പൊട്ടി മുളക്കും.

സത്യ ശുദ്ധമായ വിശ്വാസം കൊണ്ട് മനസ്സിനെയും ജീവിതത്തെയും വിമലീകരിക്കാൻ നമുക്ക് കഴിയണം. അതിന് ആദ്യം വേണ്ടത് പല വിധ കുറ്റങ്ങളും കുറവുകളും ഉള്ളവനാണ് താൻ എന്ന് സമ്മതിക്കുകയാണ്. അത് മുഖേന വിനയം ആർജിച്ചെടുക്കുകയാണ് വേണ്ടത്. മറ്റുള്ളവരുടെ പ്രശംസയെക്കാൾ മറ്റുള്ളവർ നമ്മെ കുറ്റപ്പെടുത്തുന്നതിനെയാണ് നാം മുഖവിലക്കെടുക്കേണ്ടതും സഹിഷ്ണുതയോടെ ശ്രദ്ധിക്കേണ്ടതും.
തന്റെ നന്മകളെ പെരുപ്പിച്ച് കാണിക്കുന്നതിന് പകരം മറ്റുളളവരുടെ നന്മകളെ കണ്ണു തുറന്നു കാണാൻ നമുക്ക് കഴിയണം. അപ്പോൾ 'അവനാണ് എന്നെക്കാൾ ഉത്തമൻ' (ഹുവ ഖൈറുൻ മിന്നീ) എന്ന് പറയാൻ നമുക്ക് കഴിയും. അഥവാ ഈയൊരു മനോനിലപാട് സ്വീകരിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ് :

👉 നമ്മുടെ കിബ്ർ പോകും.
👉നമ്മളിൽ വിനയം വളരും.
👉നമ്മുടെ സ്വഭാവം നന്നാകും.

തന്റെ കുറ്റങ്ങളും കുറവുകളും ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ ഉമർ (റ) പറയാറുണ്ടായിരുന്ന പ്രസിദ്ധമായ ഒരു വചനമുണ്ട് : ''എന്റെ കുറവുകളെ ചൂണ്ടിക്കാണിച്ചു തരുന്നവരെ എനിക്ക് നൽകിയ അല്ലാഹുവിന് സ്തുതി. (അൽഹംദു ലില്ലാഹില്ലദീ റസഖനീ മൻ യുഈബുനീ..)"

ഗുണപാഠം :

'അന ഖൈറുൽ മിൻഹു'
എന്ന മനോനില പാട് നമ്മളിൽ അഹങ്കാരം വളർത്തും.
'ഹുവ ഖൈറുൻ മിന്നീ'
എന്ന മനോ നിലപാട് നമ്മളിൽ വിനയ ബോധം വളർത്തും. 
വിശ്വാസി അൽപം പോലും അഹങ്കരിക്കുകയില്ല, യാതൊന്നിന്റെ പേരിലും..
വിശ്വാസി വിനയാന്വിത ജീവിതം നയിക്കുന്നവനും മറ്റുളളവരിലെ നന്മ കാണുന്ന വിശാല ഹൃദയനുമായിരിക്കും..

✍️ ശംസുദ്ദീൻ പാലക്കോട് | ചുറ്റുവട്ടം