കൃഷി ഒരു പുണ്യകർമ്മം

കൃഷിയെ ഒരു പുണ്യകർമമായും നിരന്തരം പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സദ്‌കർമമായും ഇസ്‌ലാം കാണുന്നു. സാക്ഷാൽ കൃഷിയും പരലോകത്തേക്കുള്ള കൃഷിയിൽ ഒന്നാണെന്ന തിരിച്ചറിവ്‌ ഇസ്‌ലാം വിശ്വാസികൾക്ക്‌ നൽകുന്നുണ്ട്‌. "ഒരാൾ ഒരു ചെടി നട്ടുവളർത്തി. അതിലുണ്ടായ കായ്‌കനികൾ മൃഗങ്ങളോ പക്ഷികളോ തിന്നാൽപോലും അത്‌ നട്ടുവളർത്തിയവന്‌ പ്രതിഫലം കിട്ടിക്കൊണ്ടേയിരിക്കും'' എന്ന നബിവചനം കൃഷിയുടെ ആത്മീയഭാവം വ്യക്തമാക്കുന്നു. "ഒരു വൃക്ഷത്തൈ നടാൻ പോവുമ്പോഴാണ്‌ പ്രപഞ്ചത്തിന്റെ അന്ത്യം സംഭവിക്കുന്നതെങ്കിൽപോലും, തൈ നട്ടിരിക്കണ"മെന്ന പ്രവാചകന്റെ ആഹ്വാനം എത്ര ശ്രദ്ധേയമാണ്‌! ഭൂമിയിലെ ഭക്ഷ്യലഭ്യത നിലനിർത്താനും ഭൂമിയെ ഹരിതാഭമാക്കാനും ഓരോരുത്തരും കടപ്പെട്ടവരാണെന്ന്‌ ഈ വചനങ്ങൾ സൂചിപ്പിക്കുന്നു. മുഴുവൻ ജീവജാലങ്ങൾക്കും ആവശ്യമായ ഭക്ഷ്യവിഭവങ്ങൾ ഉൽപാദിപ്പിക്കാനുള്ള ശേഷി അല്ലാഹു ഭൂമിക്ക്‌ നൽകിയിട്ടുണ്ട്‌. എല്ലാവർക്കും അന്നം നൽകുക എന്നത്‌ അല്ലാഹു ഏറ്റെടുത്ത ബാധ്യതയുമാണ്‌. അല്ലാഹു പറയുന്നു: "ഭൂമിയിൽ  യാതൊരു ജീവിയും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെയില്ല; അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവൻ അറിയുന്നു. എല്ലാം സ്‌പഷ്‌ടമായ ഒരു രേഖയിലുണ്ട്‌.'' [അദ്ധ്യായം 11 ഹൂദ്‌ 6]

എന്നാൽ അലസനായി ഒരിടത്തിരുന്നാൽ അന്നം അവനെ തേടിവരികയില്ല. തന്റെ കഴിവും ആരോഗ്യവും ഉപയോഗിച്ച്‌ ഭൂമിയിൽ അവൻ അധ്വാനിക്കണം. നിലമുഴുത്‌ വിത്തിറക്കുക, വെള്ളവും വളവും നൽകി സംരക്ഷിക്കുക തുടങ്ങി പ്രാഥമികമായ എല്ലാ പ്രവൃത്തികളും മനുഷ്യൻ ആസൂത്രിതമായും ശാസ്‌ത്രീയമായും നിർവഹിക്കണം. തന്റെ നിയന്ത്രണത്തിൽപ്പെടാത്ത കാര്യങ്ങളിൽ അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും ശരിയായ ഫലപ്രാപ്‌തിക്ക്‌ വേണ്ടി പ്രാർഥിച്ച്‌ കൊണ്ടിരിക്കുകയും വേണ്ടതുണ്ട്‌. മനുഷ്യൻ മണ്ണിൽ പണിയെടുക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. കൃഷിക്കാവശ്യമായ വെള്ളം അല്ലാഹുവാണ്‌ ഇറക്കിത്തരുന്നത്‌. വിത്തുകൾ മുളപ്പിക്കുന്നതും ഭൂമി പിളർത്തി അവയെ പുറത്ത്‌ കൊണ്ടുവരുന്നതും അവൻ (അല്ലാഹു) തന്നെ. അവയെ വളർത്തി പൂവും കായും നല്‌കി പൂർണതയിലെത്തിക്കുന്നതിലും മനുഷ്യന്‌ കാര്യമായ പങ്കില്ല. അവയുടെ നാശത്തെ തടഞ്ഞുനിർത്താനും ഒരു പരിധി വരെ മാത്രമേ മനുഷ്യനാവൂ. ഇതെല്ലാം ഉൾക്കൊണ്ടായിരിക്കണം ഒരു കർഷകൻ  പ്രവർത്തിക്കേണ്ടത്‌ എന്ന്‌ ഖുർആൻ ഉണർത്തുന്നു.

"ധാന്യങ്ങളും വിത്തുകളും പിളർത്തി മുള പുറത്തുകൊണ്ടുവരുന്നവനാകുന്നു അല്ലാഹു. നിർജീവമായതിൽ നിന്ന്‌ ജീവനുള്ളതിനെയും ജീവനുള്ളതിൽ നിന്ന്‌ നിർജീവമായതിനെയും അവൻ പുറത്തുകൊണ്ടുവരുന്നു''. [അദ്ധ്യായം 6 അൻആം 95]

 "നിങ്ങൾക്കു വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേൽപുരയുമാക്കിത്തന്ന, ആകാശത്ത്‌ നിന്നു വെള്ളമിറക്കി, അത്‌ മുഖേന നിങ്ങൾക്ക്‌ ഭക്ഷിക്കാനുള്ള കായ്‌കനികൾ ഉൽപാദിപ്പിച്ച്‌ തരികയും ചെയ്‌ത നാഥനെ (നിങ്ങൾ ആരാധിക്കുക). ഇതെല്ലാം അറിഞ്ഞുകൊണ്ട്‌ നിങ്ങൾ അല്ലാഹുവിന്‌ സമന്മാരെ ഉണ്ടാക്കരുത്‌." [അദ്ധ്യായം 2 ബഖറ 22]

 "നിങ്ങൾ കൃഷി ചെയ്യുന്നതിനെപറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മുളപ്പിച്ചു വളർത്തുന്നത്‌? അതല്ല നാമാണോ അത് മുളപ്പിച്ച് വളർത്തുന്നവൻ? നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അത് (വിള) നാം തുരുമ്പാക്കിത്തീർക്കുമായിരുന്നു. അപ്പോൾ നിങ്ങൾ അതിശയപ്പെട്ടു പറഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു; 'തീർച്ചയായും ഞങ്ങൾ കടബാധിതർ തന്നെയാകുന്നു. അല്ല, ഞങ്ങൾ (ഉപജീവന മാർഗം) തടയപ്പെട്ടവരാകുന്നു' എന്ന്‌." [അദ്ധ്യായം 56 വാഖിഅ 63 - 67]

 By അബ്ദു സലഫി @ ശബാബ്