താടിയുടെ മഹത്വം

ഒരു വ്യക്തിയെ സ്വർഗാവകാശിയാക്കുന്നത്‌ അവന്റെ ബാഹ്യമായ ജാടകളല്ല. മറിച്ച്‌ സത്യവിശ്വാസവും കര്‍മങ്ങളും മനശ്ശുദ്ധിയുമാണ്‌. നബി(സ) അക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നു: "അല്ലാഹു നോക്കുന്നത്‌ നിങ്ങളുടെ രൂപത്തിലേക്കോ ശരീരത്തിലേക്കോ അല്ല. മറിച്ച്‌ നിങ്ങളുടെ മനസ്സുകളിലേക്കും കർമങ്ങളിലേക്കുമാണ്‌." (മുസ്‌ലിം). നമ്മുടെ കർമങ്ങൾ അല്ലാഹു സ്വീകരിക്കണമെങ്കിൽ മനസ്സുകൾ ശുദ്ധമായിരിക്കണം. നാം അനുഷ്‌ഠിക്കുന്ന കർമങ്ങൾ ഇഖ്‌ലാസോടെയാവണം. അസൂയ, കിബ്‌റ്‌, പക, പോര്‌ എന്നിവയിൽനിന്നെല്ലാം മനസ്സ്‌ മുക്തമായിരിക്കണം. അക്കാര്യം അല്ലാഹു ഉണർത്തുന്നുണ്ട്‌: "തീർച്ചയായും (മനസ്സ്‌) പരിശുദ്ധമാക്കിയവൻ വിജയം കൈവരിച്ചു. അതിനെ ദുഷിപ്പിച്ചവൻ പരാജയപ്പെടുകയും ചെയ്‌തു." (അശ്ശംസ്‌ 9,10). മൂസാനബി(അ) അല്ലാഹുവോട്‌ പ്രാർഥിച്ചത്‌ ഹൃദയ വിശാലതക്കു വേണ്ടിയായിരുന്നു: "നാഥാ, എന്റെ ഹൃദയത്തിന്‌ വിശാലത നൽകേണമേ?" (ത്വാഹാ 25). നബി(സ)ക്ക്‌ അല്ലാഹു നല്‌കിയ പ്രധാനപ്പെട്ട ഒരനുഗ്രഹം അതായിരുന്നു. "നിനക്ക്‌ നിന്റെ മനസ്സ്‌ നാം വിശാലമാക്കിത്തന്നില്ലയോ?" (ശര്‍ഹ്‌ 1).

ഒരാളെ സ്വർഗാവകാശിയാക്കുന്നത്‌ അയാളുടെ ത്യാഗമാണ്‌. സത്യവിശ്വാസവും സൽകർമങ്ങളും മനശ്ശുദ്ധിയും നിലനിർത്തിപ്പോരുന്ന ഒരു വ്യക്തിക്ക്‌ നിരവധി ത്യാഗങ്ങൾ സഹിക്കേണ്ടിവരും. ഇഷ്‌ടപ്പെട്ട പലതും ത്യജിക്കേണ്ടി വരും. മറ്റുള്ളവർ ത്യജിക്കുന്ന പലതും സ്വീകരിക്കേണ്ടിവരും. എന്നാൽ താടിയുടെ പിന്നിൽ യാതൊരു ത്യാഗവുമില്ല. അതു സ്വയം വളരുന്ന അവസ്ഥയിലാണ്‌. നബി(സ)യുടെ കല്‌പനയും പ്രോത്സാഹനവും ആ വിഷയത്തിൽ വന്നതിനാൽ താടിവെച്ചവന്‌ അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുന്നതാണ്‌. താടി വളർത്താൻ കൽപിച്ച ഹദീസും മുടിക്ക്‌ ചായം കൊടുക്കാൻ കൽപിച്ച ഹദീസും ഒരേ പദവിയിലുള്ളതും രണ്ടും സ്വഹാബികളോടായി നബി(സ) പറഞ്ഞതും ഇമാം ബുഖാരി റിപ്പോർട്ടു ചെയ്‌തിട്ടുള്ളതാണ്‌. ഇബ്‌നുഉമർ (റ) നബി(സ) പറഞ്ഞതായി പ്രസ്‌താവിച്ചു: ``നിങ്ങൾ ബഹുദൈവ വിശ്വാസികൾക്ക്‌ വിരുദ്ധരാവുക. താടി സമ്പൂർണമാക്കുക.'' (ബുഖാരി). നബി(സ) പറഞ്ഞതായി അബൂഹുറയ്‌റ(റ) പ്രസ്‌താവിച്ചു: ``നിശ്ചയമായും യഹൂദികളും നസ്വാറാക്കളും മുടിക്ക്‌ ചായം കൊടുക്കാറില്ല. നിങ്ങൾ (ചായംകൊടുത്ത്‌) അവർക്കെതിരാകണം'' (ബുഖാരി). ഈ രണ്ടു ഹദീസുകളും ഒരേ നിലയിലുള്ളതാണ്‌. ഒന്നാമത്തെ ഹദീസില്‍ മുശ്‌രിക്കുകൾക്ക്‌ വിരുദ്ധമായി താടി വളർത്താനും രണ്ടാമത്തെ ഹദീസില്‍ യഹൂദീ-നസ്വാറാക്കൾക്കു വിരുദ്ധരായി മുടിക്ക്‌ ചായംകൊടുക്കാനും കൽപിക്കുന്നു.

രണ്ടു കൽപനകളും നിർബന്ധമായ കൽപനകളല്ലെന്ന്‌ രണ്ടാമത്തെ ഹദീസിന്റെ വ്യാഖ്യാനം പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയും. ഇബ്‌നുഹജർ (റ) രേഖപ്പെടുത്തുന്നു: ``അലി(റ) ഉബയ്യുബ്‌നു കഅ്‌ബ്‌(റ), സലമതുബ്‌നുല്‍ അക്‌വഅ്‌(റ), അനസ്‌(റ) എന്നിവരും ഒരു സംഘം സ്വഹാബികളും മുടിക്ക്‌ ചായംപൂശുക എന്നത്‌ ഒഴിവാക്കിയിരുന്നു'' (ഫത്‌ഹുല്‍ബാരി 13:359). യഹൂദീ നസ്വാറാക്കാള്‍ക്കു വിരുദ്ധമായി നിങ്ങൾ മുടിക്ക്‌ ചായം കൊടുക്കണം എന്ന ബുഖാരിയുടെ ഹദീസ്‌ നിർബന്ധ കൽപനയല്ലെന്ന്‌ ഇതിൽനിന്ന്‌ മനസ്സിലാക്കാം. മറിച്ച്‌ മുസ്‌ലിംകളെ തിരിച്ചറിയാനുള്ള ഒരു പ്രോത്സഹനം എന്ന നിലയിൽ പറഞ്ഞതാണ്‌. നിർബന്ധമായിരുന്നെങ്കിൽ മേൽപറഞ്ഞ സ്വഹാബിമാർ ചായം കൊടുക്കൽ ഒഴിവാക്കുമായിരുന്നില്ല. അതേ വിധി തന്നെയാണ്‌ ബുഖാരിയുടെ മുശ്‌രിക്കുകൾക്ക്‌ വിരുദ്ധമായി നിങ്ങൾ താടി സമ്പൂർണമാക്കണം എന്നുപറഞ്ഞ ഹദീസിനുമുള്ളത്‌. താടി വടിച്ചുകളയൽ ഹറമാണെങ്കിൽ മുടിക്ക്‌ ചായം കൊടുക്കാതിരിക്കലും ഹറാമാകണം. കാരണം നബി(സ)യുടെ കൽപന മുടിക്ക്‌ ചായം കൊടുക്കാനാണ്‌. മേൽ ഹദീസിനെ വിശദീകരിച്ചുകൊണ്ട്‌ ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തുന്നു: ``ഇയാദ്വ്‌ (റ) പ്രസ്‌താവിച്ചു: താടി വടിച്ചുകളയലും ഇല്ലായ്‌മ ചെയ്യലും കറാഹത്താണ്‌ (ഉത്തമമല്ലാത്തത്‌)'' (ഫത്‌ഹുല്‍ബാരി 13:351). ശാഫിഇ മദ്‌ഹബിൽ കറാഹത്തിന്‌ ഉത്തമമല്ല എന്നർഥമാണ്‌. അഥവാ സുന്നത്തിനെതിരാണ്‌ എന്നു മാത്രം. അപ്പോൾ താടി വടിച്ചുകളയൽ ഹറാമല്ല എന്നാണ്‌ ഇബ്‌നുഹജർ (റ) ഉദ്ധരിക്കുന്നത്‌.

 ഹറാമിന്റെയും ഹലാലിന്റെയും വിഷയത്തിൽ ഒരിക്കലും പണ്ഡിതാഭിപ്രായം സ്വീകരിക്കാൻ ഖുർആനും സുന്നത്തും അനുവദിക്കുന്നില്ല. കാരണം ഹലാലും ഹാറാമും വേർതിരിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥം വിശുദ്ധഖുർആനും നബിചര്യയുമാണ്‌. അല്ലാഹു പറയുന്നു: ``തീർച്ചയായും നിങ്ങളുടെ മേൽനിഷിദ്ധമാക്കിയതെല്ലാം നിങ്ങൾക്ക്‌ വിശദീകരിച്ചുതന്നിട്ടുണ്ട്‌'' (അൻആം 119). നബി(സ) പറയുന്നു: ``അനുവദനീയം എന്നത്‌ അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ അനുവദിച്ചിട്ടുള്ളവയാണ്‌. നിഷിദ്ധം എന്നത്‌ അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ നിഷിദ്ധമാക്കിയിട്ടുള്ളവയാണ്‌. ഹലാലോ ഹറാമോ എന്ന വിഷയത്തിൽ അവൻ നിശ്ശബ്‌ദത പാലിച്ച കാര്യങ്ങൾ നിങ്ങൾക്കവൻ വിട്ടുവീഴ്‌ച ചെയ്‌തുതന്നിരിക്കുന്നു.'' (തിർമിദി, ഇബ്‌നുമാജ, ഹാകിം) അല്ലാഹു ഒരു കാര്യം ഹലാലാക്കുകയോ ഹറാമാക്കുകയോ ചെയ്‌താൽ അത്‌ വിശുദ്ധ ഖുർആനിലുണ്ടാകും എന്നാണ്‌ അല്ലാഹുവും റസൂലും പഠിപ്പിക്കുന്നത്‌. താടിയെ സംബന്ധിച്ച്‌ വിശുദ്ധ ഖുർആനിൽ വന്ന പരാമർശം മൂസാനബി(അ) ഹാറൂന്‍ നബി(അ)യുടെ താടിയും തലയും പിടിച്ചുവലിച്ച സംഭവം മാത്രമാണ്‌ (സൂറതുത്ത്വാഹ). അല്ലാതെ താടി നിർബന്ധമാണെന്നോ അതെടുത്തു കളയൽ നിഷിദ്ധമാണെന്നോ ഖുര്‍ആനിൽ ഒരിടത്തുമില്ല. തെളിവില്ലാതെ ഹറാമും ഹലാലുമാക്കുന്നതിനെ അല്ലാഹു ശക്തിയുക്തം എതിർക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ``നിങ്ങളുടെ നാവുകൾ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇത്‌ ഹലാലാണ്‌, ഇത്‌ ഹറാമാണ്‌ എന്നിങ്ങനെ നിങ്ങൾ നുണ പറയരുത്‌. നിങ്ങൾ അല്ലാഹുവിന്റെ പേരിൽ നുണ കെട്ടിച്ചമക്കാൻ വേണ്ടിയത്രെ ഇത്‌. തീർച്ചയായും അല്ലാഹുവിന്റെ പേരിൽ നുണകെട്ടിച്ചമയ്‌ക്കുന്നവർ വിജയിക്കുകയില്ല.'' (നഹ്‌ല്‍ 116)

താടി വളർത്തൽ നിർബന്ധമാണെന്നും അത്‌ വടിച്ചുകളയൽ നിഷിദ്ധമാണെന്നുമുള്ള വാദം മുസ്‌ലിംകളിൽ ബഹുഭൂരിപക്ഷവും അംഗീകരിക്കാത്തത്‌ അതിന്‌ വ്യക്തമായ രേഖയില്ലാത്തതുകൊണ്ടാണ്‌. താടി വളർത്തൽ പ്രബലമായ സുന്നത്തോ സാധാരണ സുന്നത്തോ ആയിട്ടുള്ള നിലയിലാണ്‌ മുസ്‌ലിംകൾ പരിഗണിച്ചുവരുന്നത്‌. ഹറാമാണെങ്കിൽ താടിയില്ലാത്തവന്റെ നമസ്‌കാരം പോലും അല്ലാഹു സ്വീകരിക്കുന്നതല്ല. കാരണം ലഹരി ഉപയോഗിച്ചും സ്വർണചെയിൻ അണിഞ്ഞും നമസ്‌കരിക്കുന്ന പുരുഷന്റെ നമസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ലല്ലോ. താടി നിർണായകമാക്കി തീവ്രത പുലർത്തലും താടിയിൽ ഒന്നുമില്ല എന്നു പറഞ്ഞു നിസ്സാരപ്പെടുത്തലും ദീനിന്‌ ഗുണകരമല്ല. നബി(സ)യുടെ എല്ലാ കല്‌പനകളും നിർബന്ധമോ, വിരുദ്ധം പ്രവർത്തിക്കൽ ഹറാമോ അല്ല.

 By പി കെ മൊയ്‌തീൻ സുല്ലമി