നേതൃത്വം ചോദിച്ചു വാങ്ങരുത്


മോഹങ്ങളും ആഗ്രഹങ്ങളും മനുഷ്യന്റെ കൂടപ്പിറപ്പുകളാണ്. എന്തൊക്കെ ആഗ്രഹങ്ങളും മോഹങ്ങളുമാണ് നമുക്കുള്ളത്? നാം ആഗ്രഹിക്കുന്നതും മോഹിക്കുന്നതുമൊക്കെ നമുക്ക് നന്മയായിക്കൊള്ളണമെന്നില്ല. പലതും നമ്മെ നാശത്തിലും നഷ്ടത്തിലുമാക്കാറുണ്ട്. സമ്പത്ത് മോഹിക്കുന്നവര്‍ , സംബന്ധം മോഹിക്കുന്നവര്‍ , സ്ഥാനമാനങ്ങളും പദവികളും ആഗ്രഹിക്കുന്നവര്‍ , നേതൃത്വവും മറ്റു നേട്ടങ്ങളും മോഹിക്കുന്നവര്‍ , അതില്‍ ഉറച്ചു നില്‍ക്കുന്നവര്‍ ഇങ്ങനെ എന്തെല്ലാം താല്പര്യങ്ങളും ആഗ്രഹങ്ങളുമാണ് നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്.

നാം വിശ്വാസികളാണ്. നമ്മുടെ കര്‍മ്മങ്ങള്‍ക്ക് വിലക്കുകളും വിധികളുമുണ്ട്. ചിലത് ചെയ്യാം. മറ്റു ചിലത് നമുക്ക് ചെയ്തുകൂടാ. ആഗ്രഹങ്ങള്‍ക്കും മോഹങ്ങള്‍ക്കും ഇതുപോലെ വിധികളും വിലക്കുകളുമുണ്ട്. എന്തും ആഗ്രഹിക്കുവാനും മോഹിക്കുവാനും നമുക്ക് അനുവാദമില്ല. വിലക്കുകളില്‍ ബന്ധിതമാണ് വിശ്വാസികളുടെ ജീവിതം. ഇമാം ബുഖാരി ഉദ്ധരിച്ച സഹീഹായ ഒരു നബിവചനം ഇവിടെ ഓര്‍ക്കാം. അബ്ദുറഹ്മാനുബ്നു സമുറയില്‍ നിന്നും നിവേദനം : നബി (സ) പറഞ്ഞു : "ഓ അബ്ദുറഹ്മാനുബ്നു സമുറാ, നേതൃത്വം നീ ആവശ്യപ്പെടരുത്. ആവശ്യപ്പെട്ടതിന്റെ പേരില്‍ നിനക്കതു നല്‍കപ്പെട്ടാല്‍ നീ അതിനു അപ്രാപ്തനായിത്തീരും. ചോദിക്കാതെ നിനക്കതു നല്‍കപ്പെട്ടാല്‍ നിനക്കതില്‍ സഹായം ലഭിക്കും. നീ ഒരു കാര്യത്തില്‍ സത്യം ചെയ്തുറച്ചു. അതിനേക്കാള്‍ ഉത്തമമായാത് കണ്ടാല്‍ അത് സ്വീകരിച്ചു നേരത്തെ ചെയ്തുപോയ സത്യത്തിനു പ്രായശ്ചിത്തം ചെയ്യുക."

നമുക്കാശ്വാസവും അഭിമാനവും നല്കുന്നതാണീ വാക്കുകള്‍ . പ്രവാചകനല്ലാതെ മറ്റാരുണ്ട് ഇത് നമ്മെ ഉപദേശിക്കുവാനും ഉണര്‍ത്തുവാനും? അല്ലാഹുവേ, നിനക്കാണ് സര്‍വ്വസ്തുതിയും. നേതൃത്വമെന്നത് ചോദിച്ചു വാങ്ങേണ്ടതോ ചോദിച്ചുവരുന്നവര്‍ക്ക് നല്‍കേണ്ടതോ ചോദിച്ചുവാങ്ങിക്കൊടുക്കേണ്ടതോ അല്ല. എങ്കില്‍ അതെത്ര മ്ലേച്ചം! അങ്ങനെ വന്നാല്‍ അതിനു അയാള്‍ അപ്രാപ്തനായിത്തീരുമെന്ന പ്രവാചകവചനം എത്ര സത്യമാണ്! മിക്കപ്പോഴും നേതൃത്വനിരയില്‍കാണുന്ന അപ്രാപ്തി ഇതിനാല്‍ അനുഭവപ്പെട്ടതല്ലേ?

അഅ'റാബിയായ ഒരാള്‍ പ്രവാചകസന്നിധിയില്‍ വച്ച് അന്ത്യദിനത്തിന്റെ അടയാളങ്ങള്‍ ചോദിച്ചപ്പോള്‍ പ്രവാചകന്‍ (സ നല്‍കിയ മറുപടി 'വിശ്വാസ്യത നഷ്ടപ്പെടുകയും അര്‍ഹതയില്ലാത്തവര്‍ അംഗീകരിക്കപ്പെടുകയും ചെയ്‌താല്‍' എന്നായിരുന്നു. അര്‍ഹതയില്ലാത്തവര്‍ പദവികള്‍ ചോദിച്ചുവാങ്ങുക വഴി ഏതൊക്കെ മേഘലകളിലാണ് നാമിന്നു നാശം വിതച്ചുകൊണ്ടിരിക്കുന്നത്.

സഹോദരങ്ങളെ, ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവനാഗ്രഹിക്കാതെ അവനില്‍ വിശ്വസിചേല്‍പ്പിക്കപ്പെടുന്ന ഒരമാനത്താണ് നേതൃത്വമെന്നത്. സ്ഥാനാര്‍ഥി എന്ന പദംപോലും വിശ്വാസത്തോട് യോജിച്ചതല്ല. പ്രയോഗാധിക്യത്താല്‍ അര്‍ത്ഥവും ആശയവും നഷ്ടപ്പെട്ട ഒന്നാണത്.

ഉപരിസൂചിത തിരുവചനം നമ്മുടെ മനസ്സുകള്‍ക്കാശ്വാസവും കര്‍മ്മങ്ങള്‍ക്ക് ആശ്രയവുമായിത്തീരട്ടെ. "നേതൃത്വം നീ ആവശ്യപ്പെടരുത്......" എത്ര സത്യമാണീ വാക്ക്. അല്ലാഹുവേ, ഈ സത്യത്തില്‍ ഞങ്ങളെ നീ ജീവിപ്പിക്കേണമേ, ഞങ്ങളുടെ മനസ്സുകള്‍ക്ക് ആശ്വാസവും സമാധാനവും നീ നല്‍കേണമേ, നീയാണ് രക്ഷ, നിന്നില്‍നിന്നാണ് സമാധാനം.

by സഈദ് ഫാറൂഖി @ ഹദീസ് ചിന്തകള്‍ from യുവത ബുക്ക്‌ഹൗസ്