103 സൂറത്തുല്‍ അസ്വര്‍ (കാലം)

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

1. وَالْعَصْرِ : കാലത്തെ കൊണ്ട് സത്യം.

2. إِنَّ الْإِنسَانَ لَفِي خُسْرٍ : തീര്‍ച്ചയായും മനുഷ്യര്‍ നഷ്ടത്തില്‍ തന്നെയാണ്.

വ്യാഖ്യാനം : കാലം എന്നതുകൊണ്ട് ഉദേശിക്കുന്നത് താഴെ വിവരിക്കുന്നവയാണ്.

1. മനുഷ്യജീവിതത്തില്‍ കഴിഞ്ഞുപോയ വയസ്സുകള്‍ : ഈ വയസ്സുകള്‍ മനുഷ്യര്‍ക്ക്‌ നഷ്ടമാണ്. ഓരോ ദിവസവും മുന്നോട്ടു പോകുമ്പോള്‍ മനുഷ്യര്‍ അവന്റെ വാര്ധക്യത്തെയും മരണത്തെയും സമീപിക്കുകയാണ്. ആര്‍ക്കും ഭൂമിയുടെ കറക്കത്തെ പിന്നോട്ട് ചലിപ്പിച്ചു അവ തിരിച്ചുകൊണ്ട് വരാന്‍ സാധ്യമല്ല. ഇതില്‍ ചന്ദ്രനിലും ചൊവ്വയിലും ഇറങ്ങിയവരും വയലില്‍ ഇറങ്ങി പണിയെടുക്കുന്നവനും തുല്യമാണ്.

2. ഭൌതികലോകം : ഭൌതിക ലോകത്ത് ധാരാളം അത്ഭുത പ്രതിഭാസങ്ങള്‍ അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ അധര്‍മ്മകാരികള്‍ നഷ്ടത്തിലാണെന്നതിനു വ്യക്തമായ രേഖയാണ്.

3. ലോകചരിത്രം : അധര്‍മകാരികള്‍ നഷ്ടത്തിലാണെന്നതിനു ലോക ചരിത്രവും സാക്ഷിയാണ്.

4. പകലിന്റെ അന്ത്യം : പകല്‍ അസ്തമിക്കുന്നത് പോലെ എല്ലാ വ്യക്തികളും മരണപ്പെടും. അവന്‍ സമ്പാദിച്ചതെല്ലാം നഷ്ടപ്പെടും.

5. പരലോകത്തില്‍ എല്ലാവരും നഷ്ടത്തിലാണ്.

**********************************************

3. إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ : വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ടിക്കുകയും പരസ്പരം സത്യം കൊണ്ട് അനുശാസിക്കുകയും പരസ്പരം ക്ഷമകൊണ്ട് അനുശാസിക്കുകയും ചെയ്യുന്നവരൊഴികെ.

വ്യാഖ്യാനം :

1. ഈ നാല് സ്വഭാവമുള്ള സ്ത്രീപുരുഷന്മാര്‍ക്ക് അവരുടെ ജീവിതത്തില്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന വയസ്സുകള്‍ ഒരിക്കലും നഷ്ടത്തിലാകുന്നില്ല.'എന്റെ നല്ലകാലം കഴിഞ്ഞു പോയല്ലോ എന്ന് വിചാരിച്ചു ദുഖിക്കേണ്ടതില്ല. മരണത്തിനും വാര്‍ധക്യത്തിനും അവരുടെ പുരോഗതിയെ തടയുവാന്‍ സാധ്യമല്ല. ഒരു വിത്ത് നശിക്കുമ്പോള്‍ ചെടിയാകുന്നത് പോലെ പുരോഗതി പ്രാപിച്ച മറ്റൊരു ജീവിതത്തിലേക്കുള്ള താല്‍കാലിക നാശം മാത്രമാണ് അവര്‍ക്കുള്ളത്. ഒരു പുഴു ചിത്രശലഭമാകുന്നതുപോലെ.

2. ഈ നാല് സ്വഭാവങ്ങള്‍ മാത്രമാണ് പരലോകത്തെ നഷ്ടത്തില്‍ നിന്നും മനുഷ്യനെ രക്ഷപ്പെടുത്തുക.

3. വിശ്വാസത്തോടൊപ്പം പുണ്യകര്‍മ്മം അനുഷ്ടിക്കണം. ഇത് സ്വന്തം പ്രശ്നമാണ്. ഇത്രമാത്രം മതിയാവുകയില്ല. നാം മനസ്സിലാക്കിയ സത്യം (ആണും പെണ്ണും) മറ്റുള്ളവരോട് പറയണം. അതുമൂലം ഉണ്ടാകുന്ന വിമര്‍ശനം നാം സഹിക്കണം.

4. മനുഷ്യരെ അല്ലാഹു നരകത്തിനു വേണ്ടി നിര്‍ബന്ധിതരായി സൃഷ്ടിക്കുന്നില്ല. നരകത്തില്‍ നിന്നും മോചിതരാകുന്നതിനു അല്ലാഹുവിന്റെ വിധി മനുഷ്യര്‍ക്ക്‌ പ്രതിബന്ധവാകുന്നുമില്ല.

5. വിശ്വാസം മനുഷ്യര്‍ക്ക്‌ ഉണ്ടായാല്‍ ഈലോകത്തെ പ്രതിസന്ധികള്‍ വരെ തട്ടിമാറ്റുവാന്‍ സാധിക്കും. മാനസികമായി അവനെ നശിപ്പിക്കുവാന്‍ യാതൊരു ഭൌതിക പ്രശ്നത്തിനും സാധ്യമല്ല. ദൈവവിശ്വാസം ഇല്ലാത്തപക്ഷം ശാസ്ത്രം പഠിച്ചവനും ആത്മഹത്യ ചെയ്യും. ഭൌതിക പ്രശ്നങ്ങള്‍ അവനെ മാനസികരോഗിയാക്കും.

by അബ്ദുസ്സലാം സുല്ലമി @ ഖുര്‍ആനിന്റെ വെളിച്ചം