ആത്മഹത്യ : പരാജിതന്റെ പോംവഴി

പരാജിതന്റെ പോംവഴിയാണ് സ്വയംഹത്യ. സ്വപ്‌നങ്ങള്‍ വീണടിയുന്നവന്റെ സ്വപ്നമാണത് . വിശ്വാസത്തകര്ച്ചയും ആദര്‍ശരാഹിത്യവും സൃഷ്ടിച്ച അപകടകരമായ പരിണാമങ്ങളിലൊന്ന്.

ആത്മഹത്യയെ കണിശമായി നിരോധിക്കുന്നുണ്ട് ഇസ്‌ലാം. ആത്മഹത്യയെ വ്യക്തമായും എതിര്‍ക്കുന്ന വചനം : "വിശ്വസിച്ചവരേ, നിങ്ങളുടെ മുതലുകള്‍ നിഷിദ്ധമാര്‍ഗത്തിലൂടെ പരസ്പരം ഭക്ഷിക്കരുത്. ഉഭയസമ്മതത്തോടെയുള്ള വിനിമയമായിരിക്കണം. നിങ്ങള്‍ നിങ്ങളെത്തന്നെ വധിക്കരുത്. അല്ലാഹു നിങ്ങളോട് കരുണയുള്ളവനാണെന്ന് ഗാഡമായി അറിയുക" [4 :29]. മരണം ആഗ്രഹിക്കാന്‍ പാടില്ലെന്ന് തിരുനബി (സ) പറയുന്നു : "നിങ്ങളാരും മരണം ആഗ്രഹിക്കുകയോ അതിനുവേണ്ടി പ്രാര്‍ഥിക്കുകയോ ചെയ്യരുത്. മരണത്തോടെ കര്‍മ്മങ്ങള്‍ നിലച്ചുപോകും. ദീര്‍ഘായുസ്സ്കൊണ്ട് സത്യവിശ്വാസിയുടെ നന്മ വര്‍ദ്ധിക്കുകയേ ഉള്ളൂ".

ആത്മഹത്യ ചെയ്തവരുടെ പരലോക ജീവിതത്തെക്കുറിച്ചു തിരുനബി (സ) വിവരിക്കുന്നതിങ്ങ നെ : "മലമുകളില്‍ നിന്നും താഴേക്കു ചാടി ആത്മഹത്യ നടത്തിയവന്‍ നരകത്തിലും കീഴ്പ്പോട്ട് ചാടിക്കൊണ്ടിരിക്കും. വിഷം കഴിച്ചു ആത്മഹത്യ ചെയ്യുന്നവന്‍ നരകത്തിലും വിഷം കഴിച്ചുകൊണ്ടിരിക്കും. ആയുധം കൊണ്ട് ആത്മഹത്യ ചെയ്തവന്‍ നരകത്തിലും അത് ചെയ്തുകൊണ്ടിരിക്കും". ആത്മഹത്യ ചെയ്തവന്‍ സ്വര്‍ഗ്ഗഗന്ധം അനുഭവിക്കില്ലെന്നും നബി (സ) പറയുന്നു.

ആത്മഹത്യ ചെയ്തയാളുടെ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കാമെന്നും അയാള്‍ക്ക്‌ വേണ്ടി മയ്യിത്ത്നമസ്കാരം നിര്‍വഹിക്കാമെന്നും ഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നു. നബി (സ) അങ്ങനെ നമസ്കരിച്ചിട്ടില്ലെന്നു ചില റിപ്പോര്‍ട്ടുകളുണ്ട്. ആ പ്രവൃത്തിയോടുള്ള വെറുപ്പ്‌ പ്രകടിപ്പിക്കാനാണ് അങ്ങനെ ചെയ്തതെന്നു പണ്ഡിതന്‍മാര്‍ പറയുന്നു. ആത്മഹത്യ ചെയ്തതിന്‍റെ കാരണങ്ങള്‍ വിലയിരുത്തിയാണ് അങ്ങനെ ചെയ്തവരുടെ പ്രതിഫലം നിര്‍ണ്ണയിക്കുന്നതെന്നാണ് ശിആ വിശ്വാസം. ജൂത, ക്രിസ്തു മതങ്ങള്‍ ആത്മഹത്യയെ കണിശമായി വിലക്കുന്നുണ്ടെങ്കിലും അവര്‍ക്ക് സ്വാധീനമുള്ള രാജ്യങ്ങളില്‍ ആത്മഹത്യക്ക് കുറവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തനിക്കുമുന്നിലെ ജീവിതം ദുര്‍ഘടമാകുമ്പോള്‍ ഈ ജീവിതം അവസാനിപ്പിച്ചാല്‍ രക്ഷപ്പെടാമെന്ന ചിന്തയാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്. ജീവിതത്തിന്‍റെ അവസാനം മരണമാണെന്ന വിശ്വാസമാണ് ഇതിന്‍റെ കാരണം. എന്നാല്‍ വിശ്വാസം ഒരു പരിധിവരെ ആത്മഹത്യയെ തടയുന്നു.

"മരണമാണ് നല്ലതെങ്കില്‍ എനിക്ക് മരണം, ജീവിതമാണ് ഗുണമെങ്കില്‍ ജീവിതം" എന്ന് പ്രാര്‍ഥിക്കാനാണ് നബി (സ)യുടെ നിര്‍ദേശം. കടുത്ത മനോവേദനകള്‍ തളര്ത്തുമ്പോള്‍ അവരോടു നിര്‍ദേശിക്കപ്പെട്ടതാണത്. പ്രാര്‍ത്ഥനക്കും ആത്മനിര്‍ദേശങ്ങള്‍ക്കും (ഓട്ടോ സജഷന്‍സ്) വളരെയധികം പ്രാധാന്യമുണ്ട് ഇസ്‌ലാമില്‍.

ആത്മഹത്യയെ തടയാനുള്ള അന്വേഷണങ്ങള്‍ ഇന്നും പൂര്‍ണതയില്‍ എത്തിയിട്ടില്ല. ശക്തമായ നിയമങ്ങള്‍ക്കു തടയാനാകുന്നതല്ല ഇത്. മരിച്ചുകഴിഞ്ഞ വ്യക്തിക്ക് ശിക്ഷകൊണ്ട് കാര്യമില്ലല്ലോ. എന്നാല്‍ മരിച്ചുകഴിഞ്ഞാലും അനുഭവിക്കുന്ന ശിക്ഷയെക്കുറിച്ചാണ് ഇസ്‌ലാം താക്കീത് നല്‍കുന്നത്. ഈ വിശ്വാസം മൂലമാകാം, ഇസ്ലാമിക രാജ്യങ്ങളില്‍ ആത്മഹത്യാപ്രവണത ഏറ്റവും കുറഞ്ഞു കാണുന്നത്.

സമൂഹബന്ധങ്ങളുടെയും കുടുംബജീവിതത്തിന്‍റെയും നാഗരികതയുടെയും പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിയാണ് സാമൂഹ്യശാസ്ത്രം ആത്മഹത്യയെ കാണുന്നത്.

ദൈവവിശ്വാസം ശക്തമായ പോംവഴി

ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ് ദൈവവിശ്വാസം. എതുവിധമുള്ള നിറംമാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചാലും പിടിച്ചുനില്‍ക്കാനുള്ള ഉള്‍ക്കരുത്ത് പ്രദാനം ചെയ്യുകയാണത്. അല്ലാഹുവില്‍ നിന്നുള്ള യാതൊന്നും നിങ്ങള്‍ക്ക് വരാതെ സംരക്ഷിക്കാന്‍ എനിക്കാവില്ല എന്ന് യൂസുഫ് പ്രവാചകന്‍ (അ) പറയുന്നതായി ഖുര്‍ആനിലുണ്ട്. ജീവിതത്തെ യാഥാര്‍ത്യബോധത്തോടെ കാണുന്ന രീതിയാണത്. അനിഷ്ടകരമായ അനുഭവങ്ങളിലും ആദര്‍ശശക്തിയോടെ നിലയുറപ്പിക്കാനാകണം. അധീനതയില്‍ യാതൊന്നുമില്ലാത്ത ശൂന്യനാണ് താനെന്ന ബോധമാണ് ദൈവവിശ്വാസത്തിന്‍റെ സദ്ഫലങ്ങളില്‍ പ്രധാനം. അല്ലാഹു വിചാരിച്ചതെന്തോ അത് സംഭവിച്ചു. അവന്‍ വേണ്ടെന്നു വെച്ചതെന്തോ അത് സംഭവിച്ചില്ല. ഇത് നബി (സ) പതിവാക്കിയ മന്ത്രമായിരുന്നു. ചിലതൊന്നും ലഭിക്കില്ലെന്നും ചിലതൊന്നും ലഭിക്കാതിരിക്കില്ലെന്നുമുള്ള ഉറപ്പാണിത്. അനുഭവിക്കുന്നതെല്ലാം തനിക്കു മാത്രമായി അല്ലാഹു വിധിച്ചതാണെന്നും അല്ലാഹു ഏറ്റവും വലിയ കാരുണ്യവാന്‍ തന്നെയാണെന്നുമുള്ള തീര്‍ച്ച, അത്യസാധാരണമായ നിര്‍ഭയത്വമാണ് നല്‍കുന്നത്. ഈ നിര്‍ഭയത്വം സത്യവിശ്വാസിയുടെ മൂലധനമാണ്. സ്വയം തീര്‍ച്ചപ്പെടുത്തിയ ഇഷ്ടാനിഷ്ടങ്ങളെ ഒട്ടും പരിഗണിക്കാതെ സര്‍വലോക രക്ഷിതാവിന്‍റെ ഇഷ്ടങ്ങളെ തിരിച്ചറിയുമ്പോള്‍ മാത്രം ലഭിക്കുന്ന സൌഭാഗ്യമാണിത്.

by പി എം എ ഗഫൂര്‍ @ അത്തൌഹീദ് ദ്വൈമാസിക