ജിന്ന് എന്ന സൃഷ്ടി

മനുഷ്യന്‍റെ കേള്‍വിശക്തിക്കും കാഴ്ചശക്തിക്കും ബുദ്ധിശക്തിക്കും പരിമിതികളും പരിധികളുമുണ്ട്. തന്‍റെ കഴിവുകളെക്കുറിച്ച് മനുഷ്യന്‍ ബോധവാനായിരിക്കണം. അതോടൊപ്പം തന്‍റെ ദുര്‍ബലതയെക്കുറിച്ചും ശരിയായ ധാരണയുണ്ടായിരിക്കണം. ഈ ഭൂമിയിലെ ഒരു നിസ്സാര ജീവിയാണ് പുല്‍ച്ചാടി. മനുഷ്യര്‍ക്ക്‌ കേള്‍ക്കാന്‍ സാധിക്കാത്ത ചില ശബ്ദങ്ങള്‍ പുല്‍ച്ചാടികള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്നു. നമ്മുടെ കണ്ണുകള്‍ക്ക്‌ കാണുവാന്‍ സാധിക്കാത്ത പല പ്രകാശരശ്മികളും നമ്മുടെ ശിരസ്സിനു മുകളിലൂടെ കടന്നു പോവുന്നുണ്ട്. നമ്മുടെ ബുദ്ധിക്കു കടന്നു ചെല്ലാന്‍ സാധിക്കാത്ത ധാരാളം മേഖലകളുമുണ്ട്.

പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു : " ഐഹികജീവിതത്തില്‍ നിന്ന് പ്രത്യക്ഷമായത് അവര്‍ മനസ്സിലാക്കുന്നു" [30 :7].

"അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല" [17 :85].

"ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌" [4 :28]. ഈ ദുര്‍ബലത അവന്‍റെ ബുദ്ധിക്കും കാഴ്ചക്കും കേള്‍വിക്കുമുണ്ട്.

"അതല്ല, മനുഷ്യന് അവന്‍ മോഹിച്ചതെല്ലാം ലഭിക്കുന്നുണ്ടോ?" [53 :24]

"ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷിയാകുകയും അതിനു പുറമെ ഏഴു സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്‍റെ വചനങ്ങള്‍ എഴുതിത്തീരുകയില്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു" [31 :27].

ഇമാം റാസി (റ) എഴുതുന്നു : "അല്ലാഹുവിന്‍റെ സൃഷ്ടിപ്പിലുള്ള അത്ഭുതങ്ങള്‍ അവസാനിക്കുകയില്ല" [രാശി 13 :157].

ജിന്നും പ്രപഞ്ചവും

ഈ പ്രപഞ്ചത്തില്‍ കോടിക്കണക്കിനു ജീവികളുണ്ട്. അവയില്‍ നഗ്നമായ കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കുന്നവയുണ്ട്. ചിലത് ശാസ്ത്രീയ ഉപകരണങ്ങളുടെ സഹായത്താല്‍ കാണാന്‍ സാധിക്കുന്നവയാണ്. ഒരു തുള്ളി ശുക്ലം നമ്മുടെ നഗ്നമായ കണ്ണുകള്‍കൊണ്ട് നോക്കിയാല്‍ അതില്‍ യാതൊരു ജീവികളെയും കാണാന്‍ സാധ്യമല്ല. എന്നാല്‍ ശാസ്ത്രീയ ഉപകരണങ്ങള്‍ ഉപയോഗിച്ച് നോക്കിയാല്‍ കോടിക്കണക്കിനു ജീവനുള്ള ബീജങ്ങള്‍ കാണാന്‍ സാധിക്കും.

ഈ പ്രപഞ്ചത്തില്‍ പല ശക്തികളുമുണ്ട്. വിദ്യുച്ഛക്തി, കാന്തികശക്തി തുടങ്ങിയവ നമ്മുടെ കണ്ണുകള്‍കൊണ്ടും ആധുനിക ഉപകരങ്ങള്‍കൊണ്ടും കാണുവാന്‍ സാധ്യമല്ല. ചില സ്വഭാവങ്ങള്‍ കൊണ്ടും അടയാളങ്ങള്‍ കൊണ്ടുമാണ് നാം ഇവയുടെ അസ്ത്വിത്വം മനസ്സിലാക്കുന്നത്. എന്നാല്‍ പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും പ്രസ്താവിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ചില സൃഷ്ടികളില്‍ നാം വിശ്വസിക്കുന്നുണ്ട്. മലക്കുകള്‍, ജിന്നുകള്‍ എന്നിവ ഇവയില്‍ പെടുന്നു. ദൈവത്തെ നമുക്ക് കാണാന്‍ കഴിയില്ല. എന്നാല്‍ അവന്‍റെ സൃഷ്ടിജാലങ്ങളെപ്പറ്റി ആലോചിക്കുവാന്‍ തയ്യാറായാല്‍ ദൈവത്തിന്‍റെ അസ്ത്വിത്വം മനസ്സിലാക്കാനാകും. നമ്മുടെ ശരീരത്തിലുള്ള അത്ഭുതങ്ങള്‍, വാനലോകത്തുള്ള അത്ഭുതങ്ങള്‍ ഇവയെല്ലാം അല്ലാഹുവിനെ കണ്ടെത്താനുള്ള വ്യക്തമായ തെളിവുകളാണ്.

പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു : "നാം അവര്‍ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവരുടെ ശരീരങ്ങളിലും ദിക്കുകളിലും കാണിച്ചു കൊടുക്കും. തീര്‍ച്ചയായും അവന്‍ സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകുന്നത് വരെ " [ഫുസ്സിലത്ത് 53].

"ദൃഡമായി വിശ്വസിക്കുന്നവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്; നിങ്ങളുടെ ശരീരങ്ങളിലും. എന്നിട്ട് നിങ്ങള്‍ ചിന്തിക്കുന്നില്ലയോ?" [51 :20 ,21].

അതായത് അല്ലാഹുവില്‍ വിശ്വസിക്കുവാന്‍ മാത്രമല്ല, ദൃഡമായി വിശ്വസിക്കുവാന്‍ തന്നെ ഈ പ്രപഞ്ചത്തിലും മനുഷ്യ ശരീരത്തിനകത്ത്പോലും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. ഈ ദൃഷ്ടാന്തങ്ങളിലൂടെ ദൈവത്തിന്‍റെ അസ്ത്വിത്വം നമുക്ക് ഗ്രഹിക്കാം. എന്നാല്‍ മലക്കുകള്‍, ജിന്നുകള്‍ മുതലായവയുടെ അസ്ത്വിത്വം ഈ പ്രപഞ്ചത്തിലുള്ള അത്ഭുതങ്ങളിലൂടെ കണ്ടെത്തുവാന്‍ സാധ്യമല്ല. പ്രത്യുത പ്രവാചകന്മാരുടെ അറിയിപ്പും വേദഗ്രന്ഥങ്ങളുടെ പ്രസ്താവനകളും മാത്രമാണ് മലക്കുകളിലും ജിന്നുകളിളുമുള്ള വിശ്വാസത്തിന്‍റെ അടിത്തറ. അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കല്‍ മനുഷ്യര്‍ക്ക്‌ അനിവാര്യമാണ്. മലക്കുകളിലുള്ള വിശ്വാസം ഈമാന്‍ കാര്യങ്ങളില്‍പെട്ട ഒരു കാര്യമാണല്ലോ.

അഗ്നിയില്‍ നിന്ന്

മലക്കുകളെ സൃഷ്ടിച്ചത് ഏതു വസ്തുവില്‍ നിന്നാണെന്നു പരിശുദ്ധ ഖുര്‍ആനില്‍ വിവരിക്കുന്നില്ല. പ്രകാശത്തില്‍ നിന്നാണെന്നു ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ ജിന്നിന്‍റെ സൃഷ്ടിപ്പ് അഗ്നിയില്‍ നിന്നാണെന്നു ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ പ്രസ്താവിക്കുന്നു. അതിനാല്‍ മലക്കുകളില്‍ വിശ്വസിക്കുന്ന ഒരു മുസ്ലിമിന് അല്ലാഹുവിന്‍റെ സൃഷ്ടികളായ ജിന്നുകളുടെ അസ്ത്വിത്വത്തെ നിഷേധിക്കുവാന്‍ ഒരിക്കലും സാധ്യമല്ല. പരിശുദ്ധ ഖുര്‍ആനില്‍ പറയുന്നു : "അതിനു മുമ്പ് (മനുഷ്യ സൃഷ്ടിപ്പിനു) ജിന്നിനെ അത്യുഷ്ണമുള്ള അഗ്നി ജ്വാലയില്‍ നിന്ന് നാം സൃഷ്ടിച്ചു" [15 :27].

"തീയുടെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന് ജിന്നിനെയും അവന്‍ സൃഷ്ടിച്ചു" [55 :15].

"നിങ്ങള്‍ ആദമിന് സുജൂദ് ചെയ്യുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക), അവര്‍ സുജൂദ് ചെയ്തു; ഇബ്'ലീസ് ഒഴികെ. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്‍റെ രക്ഷിതാവിന്‍റെ കല്പന അവന്‍ ധിക്കരിച്ചു" [18 :50].

അവന്‍ (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സുജൂദ് ചെയ്യാതിരിക്കാന്‍ നിനക്കെന്ത് തടസ്സമായിരുന്നു ? അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ് സൃഷ്ടിച്ചത്‌. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നും. [7 :12]

ജിന്നിന്‍റെ പ്രകൃതി

അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ പ്രധാനമായും രണ്ടു വിഭാഗമാണ് എന്നാണ് ഖുര്‍ആനിന്‍റെ അധ്യാപനത്തില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നത്‌. ഇച്ചാശക്തിയും സ്വതന്ത്രമായ ഉദ്ദേശ്യവും കഴിവും അല്ലാഹു നല്‍കിയവയാണ് ഒന്ന്. ഇച്ചാ ശക്തിയും സ്വതന്ത്രമായ ഉദ്ദേശ്യവും ഇല്ലാതെ അല്ലാഹുവിന്‍റെ പ്രാപഞ്ചിക വ്യവസ്ഥക്ക് വിധേയ മായി ചാലിക്കുന്നവയാണ് മറ്റൊന്ന്. അതില്‍ പെട്ടവരാണ് മലക്കുകള്‍.

പരിശുദ്ധ ഖുര്‍ ആന്‍ പറയുന്നു : "അപ്പോള്‍ അല്ലാഹുവിന്‍റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്‌? (വാസ്തവത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന്ന് കീഴ്പെട്ടിരിക്കുകയാണ്‌. അവനിലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നതും" [3 :83].

"അല്ലാഹുവിന്നാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത്‌. സ്വമനസ്സോടെയും നിര്‍ബന്ധിതരായിട്ടും. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും അവരുടെ നിഴലുകളും (അവന്ന് പ്രണാമം ചെയ്യുന്നു.)" [13 :15].

സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, പര്‍വതങ്ങള്‍ പോലെയുള്ള അചേതന വസ്തുക്കള്‍, മൃഗങ്ങള്‍, പക്ഷികള്‍, സസ്യങ്ങള്‍, മറ്റുള്ള ജീവികള്‍ ഇവയെല്ലാം അല്ലാഹുവിനു നിര്‍ബന്ധിതമായ നിലക്ക് സാഷ്ടാംഗം ചെയ്യുന്നവയുമാണ്. അതാണ്‌ അല്ലാഹു അവയ്ക്ക് നല്‍കിയ പ്രകൃതം. എന്നാല്‍ സ്വമനസ്സാല്‍ അല്ലാഹുവിനു കീഴ്പ്പെട്ടവരും സാഷ്ടാംഗം ചെയ്യുന്നവരും എന്ന വിഭാഗത്തില്‍ പ്രവേശിക്കുക മനുഷ്യരും ജിന്ന് വര്‍ഗവുമാണ്. ഈ രണ്ടു വിഭാഗത്തിനും അല്ലാഹുവിന്‍റെ കല്പനകള്‍ അനുസരിക്കുവാനും ധിക്കരിക്കുവാനും ഇച്ചയും സ്വാതന്ത്ര്യവും കഴിവുമുണ്ട്.

ആദമിന് സുജൂദ് ചെയ്യുവാന്‍ അല്ലാഹു കല്‍പ്പിച്ചപ്പോള്‍ മലക്കുകള്‍ എല്ലാം തന്നെ സുജൂദ് ചെയ്യുകയും ഇബ്'ലീസ് വിസമ്മതിക്കുകയും അഹങ്കരിക്കുകയും ചെയ്തുവെന്ന് പ്രസ്താവിച്ച ശേഷം അതിന്‍റെ ഒരു കാരണമായി അല്ലാഹു പ്രസ്താവിച്ചത് അവന്‍ ജിന്ന് വര്‍ഗത്തില്‍ പെട്ടവനായിരുന്നുവെന്നാണ്. ജിന്നുകള്‍ക്ക്‌ ശിക്ഷയും രക്ഷയുമുണ്ടെന്നു അല്ലാഹു പറഞ്ഞതില്‍ നിന്നും, അവരിലേക്ക്‌ പ്രവാചകന്മാരെ നിയോഗിച്ചുവെന്നു അല്ലാഹു വിവരിക്കുന്നതില്‍ നിന്നും, മനുഷ്യരെപ്പോലെത്തന്നെ നന്മയും തിന്മയും തെരെഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും ബുദ്ധിയും കഴിവും അവര്‍ക്കുണ്ടെന്നു വ്യക്തമാകുന്നു.

"ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരികയും ഈ ദിവസത്തെ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തുകൊണ്ട് നിങ്ങളില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വരികയുണ്ടായില്ലേ? അവര്‍ പറഞ്ഞു: ഞങ്ങളിതാ ഞങ്ങള്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിച്ചിരിക്കുന്നു. ഐഹികജീവിതം അവരെ വഞ്ചിച്ചു കളഞ്ഞു. തങ്ങള്‍ സത്യനിഷേധികളായിരുന്നു വെന്ന് സ്വദേഹങ്ങള്‍ക്കെതിരായി തന്നെ അവര്‍ സാക്ഷ്യം വഹിച്ചു" [6 :130].

ജിന്നുകള്‍ തന്നെ പറഞ്ഞതായി പരിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു. "ഞങ്ങളാകട്ടെ, ഞങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തന്‍മാരുണ്ട്‌. അതില്‍ താഴെയുള്ളവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഞങ്ങള്‍ വിഭിന്ന മാര്‍ഗങ്ങളായിതീര്‍ന്നിരിക്കുന്നു" [72 :11]. "ഞങ്ങളുടെ കൂട്ടത്തില്‍ കീഴ്പെട്ടു ജീവിക്കുന്നവരുണ്ട്‌. അനീതി പ്രവര്‍ത്തിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. എന്നാല്‍ ആര്‍ കീഴ്പെട്ടിരിക്കുന്നുവോ അത്തരക്കാര്‍ സന്‍മാര്‍ഗം അവലംബിച്ചിരിക്കുന്നു" [72 :14].

ജിന്ന് വര്‍ഗത്തില്‍ പെട്ട സത്യനിഷേധികളായ വിഭാഗത്തിനാണ് ശൈത്വാന്‍ (പിശാച്), ഇബ്'ലീസ് എന്നെല്ലാം പറയുന്നത്. ഇബ്'ലീസും ശൈത്വാനും ഒന്ന് തന്നെയാണ്. ഒരു വിഭാഗത്തിനുള്ള രണ്ടു നാമങ്ങള്‍ മാത്രം. മനുഷ്യരിലുള്‍പ്പെട്ട സത്യനിഷേധികള്‍ക്കും അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്കും ശൈത്വാന്‍ എന്ന് പറയും.

by അബ്ദുസ്സലാം സുല്ലമി @ ജിന്ന്,പിശാച്,സിഹ്'ര്‍ from യുവത ബുക്സ്