ഒരു പൂവും നുള്ളാതിരിക്കുക

"വെള്ളത്താമാരപോല്‍ വിശുദ്ധി വഴിയും
സ്ത്രീ ചിത്തമേ, മാനസം
പൊള്ളുമ്പോള്‍ അമൃതം തെളിച്ചു തടവും
സല്‍ സാന്ത്വന സ്വരൂപമേ"
[ചങ്ങമ്പുഴ]

സ്ത്രീ, പുരുഷന് ഇണയും തുണയുമാണ്. സാന്ത്വനവും ചൂടും തണുപ്പുമകറ്റുന്ന വസ്ത്രമാണ്. അവനെ എപ്പോഴും മനസ്സില്‍ പേറിക്കഴിയുന്നവള്‍.> അവന്‍റെ സൌഖ്യത്തിനു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ചവള്‍.> പരിക്ഷീണനായി വീട്ടിലെത്തുന്ന പുരുഷനെ സമാശ്വാസത്തിന്‍റെ പൂമെത്തായിലേക്കാനയിക്കുന്നവള്‍> സ്തീ വീടിന്‍റെ വിളക്കാണ്. അമ്മയെന്ന മഹനീയപദവി നല്‍കി ദൈവം അവളെ ആദരിച്ചിരിക്കുന്നു. സ്വര്‍ഗം മാതാവിന്‍റെ കാല്‍ക്കീഴിലാണ്. പുരുഷനും സ്ത്രീക്കും തുല്ല്യസ്ഥാനമാണ് സൃഷ്ടാവിങ്കലുള്ളത്. സല്‍കര്‍മ്മങ്ങള്‍ ചെയ്തു ദൈവത്തിന്‍റെ സാമീപ്യം നേടുന്നതിലും പുണ്യം ആര്‍ജിക്കുന്നതിലും അവര്‍ തമ്മില്‍ ഒരു വിവേചനവുമില്ല. അവകാശങ്ങളിലും കടമകളിലും തുല്യര്‍ തന്നെ.

സ്ത്രീ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണെങ്കിലും പ്രായോഗിക ജീവിതത്തില്‍ പലപ്പോഴും അവളുടെ അനുഭവം മറിച്ചാണ്. പുരുഷന്‍റെ പീഡനത്തിനിരയായിക്കൊണ്ടിരിക്കുന്ന സ്ത്രീകളുടെ കദന കഥകള്‍ വാര്‍ത്തകളില്‍ നിറയാത്ത ദിവസങ്ങളില്ല! മാനസികമായും ശാരീരികമായും സ്ത്രീ നാനാഭാഗത്ത് നിന്നും ദ്രോഹിക്കപ്പെടുന്നു. ഭര്‍ത്താവില്‍ നിന്നും സ്നേഹം ലഭിക്കാതെ തീ തിന്നു ജീവിതം തള്ളിനീക്കുന്ന എത്ര ഹതഭാഗ്യകള്‍!, ഭര്‍തൃമാതാവിന്‍റെയും ഭര്‍തൃസഹോദരിയു ടെയും പീഡനങ്ങളില്‍ നിന്നുള്ള മോചനത്തിന് ആത്മഹത്യയെ ആശ്രയിക്കുന്നവരെത്ര! പണത്തിന്‍റെയും പണ്ടത്തിന്‍റെയും പേരില്‍ എത്രയോ നിര്‍ഭാഗ്യവതികള്‍ ശിക്ഷിക്കപ്പെടുന്നു!

സ്ത്രീയുടെ മാനത്തിനു ഒരു വിലയും കല്‍പ്പിക്കപ്പെടുന്നില്ല. ബലപ്രയോഗത്താലും പ്രലോഭനത്താലും അവളുടെ ദാരിദ്ര്യാവസ്ഥയെ ചൂഷണം ചെയ്തും സൗഹൃദം ദുരുപയോഗം ചെയ്തും സ്ത്രീകളുടെ ചാരിത്ര്യം കളങ്കപ്പെടുത്തുന്നു. കൂട്ടബലാത്സംഗ വാര്‍ത്തകള്‍ സര്‍വസാധാരണമായക്കഴിഞ്ഞു. ഭക്തികേന്ദ്രങ്ങളെന്ന് പറയപ്പെടുന്ന പല ആശ്രമങ്ങളിലും മ0ങ്ങളിലും സ്ത്രീക്ക് രക്ഷയില്ലാതായിരിക്കുന്നു.

കഥ ഇത് മാത്രമാണോ? മറ്റൊരു വശത്ത് സ്ത്രീയുടെ ജന്മം ഒരു ശാപമായി കരുതി ഭ്രൂണാവസ്ഥയില്‍ തന്നെ അവള്‍ നശിപ്പിക്കപ്പെടുന്നു. വര്‍ഷത്തില്‍ എത്ര ലക്ഷം ഭ്രൂണഹത്യകളാണ് ലോകത്ത് നടക്കുന്നത്! സ്ത്രീ ആധുനികതയുടെയും പുരോഗതിയുടെയും പാതയില്‍ ഏറെ മുന്നോട്ട് പോയി എന്നത് വാസ്തവം തന്നെ. അതോടൊപ്പം അവള്‍ ഇത്രയും അപമാനിക്കപ്പെട്ട ഒരു കാലം ചരിത്രത്തിലുണ്ടായിട്ടില്ല എന്നതും ചേര്‍ത്ത് വായിക്കണം. ഇന്നത്തെ പെണ്‍ ഭ്രൂണഹത്യ പതിനാലു നൂറ്റാണ്ടു മുമ്പ് അറേബ്യയിലുണ്ടായിരുന്ന പെണ്‍ ശിശുഹത്യയുടെ തുടര്‍ച്ചപോലെയാണ്. പെണ്‍ശിശുക്കളെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന അന്നത്തെ അവസ്ഥയുടെ ചിത്രം ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു : "പെണ്‍കുഞ്ഞു ജനിച്ചു എന്നു അവരില്‍ ഒരാള്‍ക്ക് സന്തോഷവാര്‍ത്ത അറിയിച്ചാല്‍ അവന്‍റെ മുഖം കരുത്തിരുണ്ടി രുന്നു. അവന്‍ സങ്കടവും കോപവും കടിച്ച്ചിര ക്കുന്നു. ഈ സന്തോഷ വാര്‍ത്തയുടെ വിഷമം കാരണം അവന്‍ ജനങ്ങളില്‍ നിന്നും ഒളിച്ചു കഴിയുന്നു. അപമാനം സഹിച്ചു ഇതിനെ വളര്‍ത്തുകയോ അതോ മണ്ണില്‍ കുഴിച്ചു മൂടുകയോ? എന്ത് വേണമെന്ന ആലോചനയാണ്!" പക്ഷെ, പ്രവാചകന്‍ (സ)യുടെ ബോധ വല്‍ക്കരണ ത്തിലൂടെ സ്ത്രീയുടെ ജന്മം ഒരു സൌഭാഗ്യവും അനുഗ്രഹവു മായി മാറി. അവള്‍ ആദരിക്കപ്പെട്ടു.

ലൈംഗിക പീഡനത്തിനുള്ള ശാശ്വതപരിഹാരം സദാചാര ബോധം മനസ്സില്‍ ശക്തിപ്പെടുത്തുകയാണ്. ദൈവം കാണുകയും അറിയുകയും ചെയ്യുമെന്ന ഭായമാണത്‌. ഇത് മനുഷ്യനിലുണ്ടാക്കുന്ന മാറ്റത്തിന് പ്രവാചകന്‍ (സ) തന്നെ വിവരിച്ചു തന്ന ഒരു അനുഭവ കഥ പറയാം : ഒരു യുവതി കടുത്ത ദാരിദ്ര്യത്തില്‍ അകപ്പെട്ടു. സഹായമഭ്യര്‍ത്തിച്ചു അവള്‍ തന്‍റെ ബന്ധുവായ യുവാവിനെ സമീപിച്ചു. ഒരു നിബന്ധനയോടെ അയാള്‍ സഹായിക്കാന്‍ തയാറായി. അവളുടെ ശരീരം അയാള്‍ക്ക്‌ കാഴ്ച വെക്കണം. ആ വിശാമാവസ്ഥയില്‍ അതിനു സമ്മതിക്കുകയല്ലാതെ അവള്‍ക്ക് നിവൃത്തിയില്ലായിരുന്നു. അവര്‍ രതിക്കൊരുങ്ങി. പാപത്തില്‍ വീഴാന്‍ ഒരു നിമിഷം മാത്രം. അപ്പോള്‍ അവളില്‍ നിന്നും അപേക്ഷയുയാര്‍ന്നു ; "ഹേ, മനുഷ്യാ, ദൈവത്തെ ഭയപ്പെടൂ! അന്യായമായി കന്യകാത്വം നശിപ്പിക്കരുത്". യുവാവ് അപ്പോള്‍ ദൈവത്തെയോര്‍ത്തു. പിന്നെ അയാള്‍ എല്ലാം ഉപേക്ഷിച്ചു എഴുനേറ്റോടി. ജനങ്ങളില്‍ യഥാര്‍ത്ഥ ദൈവശക്തിയും മനുഷ്യസ്നേഹവും വളര്‍ത്തുകയാണ് സ്ത്രീപീഡനങ്ങള്‍ അവസാനിപ്പിക്കാനുള്ള മാര്‍ഗം.

by മുഹമ്മദ്‌ കുട്ടശ്ശേരി @ ജീവിതം സന്തോഷപ്രദമാകാന്‍ from യുവത ബുക്ക്‌ ഹൌസ്