ദഅ്‌വത്തും വിചാരശുദ്ധിയും

ആകാശ ഭൂമികള്‍ക്കിടയില്‍ വിലപ്പെട്ട കര്‍മം നിര്‍വഹിക്കുന്നവരാണ്‌ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ അഥവാ പ്രബോധകര്‍.അത്‌ സത്യ സന്ധമായ രീതിയില്‍ പൂര്‍ത്തീകരിക്കപ്പെടുകയും ഫലം സാക്ഷാത്‌ക്കരിക്കപ്പെടുകയും ചെയ്‌താല്‍ തീര്‍ച്ചയായും ഈ ലോകവും അതിലുള്ളതിനേക്കാളും നന്മയാണെന്നാണ്‌ പ്രവാചകന്‍ പഠിപ്പിച്ചത്‌.

എന്നാല്‍ അത്‌ ലോകമാന്യത്തിന്നും പ്രശസ്‌തിക്കും മറ്റു താല്‌പര്യങ്ങള്‍ക്കും വേണ്ടിയാണെങ്കില്‍ ഫലം ചെയ്‌താലും ഇല്ലെങ്കിലും പ്രസ്‌തുത വ്യക്തി വന്‍ ശിക്ഷക്കും നിന്ദ്യതക്കും പരലോകത്ത്‌ വിധേയമാകും. `ജനങ്ങള്‍ അവരുടെ ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ പുനര്‍ജീവിപ്പിക്കപ്പെടുക' എന്ന്‌ പ്രവാചക വചനം (ഇബ്‌നുമാജ). വിചാര വിശുദ്ധിയുടെ കര്‍മങ്ങളിലെ സ്വാധീനവും സാന്നിധ്യവും പ്രവര്‍ത്തകര്‍, പ്രബോധകര്‍ ഉറപ്പുവരുത്തേണ്ടതാണ്‌. ഒരു കര്‍മത്തിന്റെ മതവിധിയും ധാര്‍മിക മൂല്യവും പാരത്രിക പ്രതിഫലവും അത്‌ ചെയ്യുന്നവന്റെ ഉദ്ദേശ്യത്തിന്നനുസരിച്ചായിരിക്കുമെന്ന്‌ ഏത്‌ കര്‍മം നിര്‍വഹിക്കുമ്പോഴും ഓര്‍മയിലുണ്ടായിരിക്കുകയും സംശുദ്ധ വിചാരവുമായി പ്രവര്‍ത്തനങ്ങളെ ബന്ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യണം. അപ്പോള്‍ മാത്രമേ നമ്മുടെ കര്‍മങ്ങള്‍ നമുക്കനുകൂലമായി സാക്ഷിയാവുകയുള്ളൂ.

ഇമാം സുയൂത്വി(റ) പറയുന്നു: ``പണ്ഡിതന്മാര്‍ പറയുന്നു: വിചാരം പ്രവര്‍ത്തനത്തെ ബാധിക്കും. ഒരേ രൂപത്തിലുള്ള ഒരു പ്രവര്‍ത്തനം തന്നെ ഒരുവേള ഹറാമും (നിഷിദ്ധവും) ഹലാലും (അനുവദനീയവും) ആകുന്നു. മൃഗത്തെ അല്ലാഹുവിന്ന്‌ വേണ്ടി അറുത്താല്‍ അത്‌ അനുവദനീയവും അല്ലാഹുവല്ലാത്തവര്‍ക്ക്‌ വേണ്ടി അറുക്കുമ്പോള്‍ അത്‌ ഹറാമും ആകുന്നു'' നിര്‍ണായക ഘടകം ഇവിടെ വിചാരമാണ്‌.

 പ്രബോധന മേഖലയിലെ വലിയ കാര്യം തന്നെയാണ്‌ പ്രാര്‍ഥനയ്‌ക്കും പ്രബോധനത്തിനുമുള്ള പള്ളിനിര്‍മാണം. എന്നാല്‍ ഇവിടെ നിര്‍മാണ താല്‌പര്യവും വിചാരവും വ്യതിചലിച്ചാല്‍ പ്രസ്‌തുത കര്‍മത്തിന്‌ ഒരു വിലയും കല്‌പിക്കപ്പെടുന്നതല്ല. കാരണം പള്ളിനിര്‍മാണവുമായി ബന്ധപ്പെട്ട പ്രവാചക വചനം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്‌. ``അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട്‌ ആരെങ്കിലും പള്ളി പണിതാല്‍ അല്ലാഹു അവന്‌ സ്വര്‍ഗത്തിലൊരു ഭവനം പണിയും'' ഇവിടെ `അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട്‌' പള്ളി പണിയുന്നവര്‍ക്കാണ്‌ പ്രതിഫലം. പള്ളി നിര്‍മിക്കുന്ന എല്ലാവര്‍ക്കുമല്ല എന്ന കാര്യം ശ്രദ്ധേയമാണ്‌. ദ്രോഹവും തിന്മയുമുദ്ദേശിച്ചുകൊണ്ടുണ്ടാക്കപ്പെട്ട (പ്രവാചകന്റെ കാലത്തെ ഒരു പള്ളിയെ (മസ്‌ജിദുള്ളിറാര്‍) സംബന്ധിച്ച്‌ പ്രതികൂലമായാണ്‌ ഖുര്‍ആന്‍ പ്രതികരിക്കുന്നത്‌ (ഖുര്‍ആന്‍ 9:107,108). എന്തെന്നാല്‍ ഈ പള്ളി നിര്‍മാണത്തിന്റെ താല്‌പര്യം തിന്‍മയായിരുന്നു, ശത്രുതയായിരുന്നു. മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിര്‍മാണത്തിലെ വിചാര വിശുദ്ധി ഇവിടെ ഓര്‍മിപ്പിക്കപ്പെടേണ്ടതാണ്‌.

ഇബ്‌നു അജ്‌ലാന്‍ പറയുന്നു: കര്‍മം മൂന്ന്‌ കാര്യങ്ങളാലല്ലാതെ നന്നാവുകയില്ല (1) ഭയഭക്തി (തഖ്‌വ), (2) നല്ല ഉദ്ദേശ്യം (3) മതപരമായുള്ള അനുവദനീയത. വിചാര വിശുദ്ധി കര്‍മം ചെയ്യുന്നവനും അവന്റെ സ്രഷ്‌ടാവും മാത്രം തിരിച്ചറിയുന്ന കാര്യമാണ്‌. കര്‍മം കാണുന്നവര്‍ക്കും അനുഭവിക്കുന്നവര്‍ക്കും അത്‌ മനസ്സിലാകണമെന്നില്ല. ``(നബിയേ) പറയുക, നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്‌ നിങ്ങള്‍ മറച്ചുവെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അറിയുന്നതാണ്‌.'' (ഖുര്‍ആന്‍ 3:29)

പള്ളിയിലെ മുഅദ്ദിനുകളുടെയും (ബാങ്ക്‌ വിളിക്കുന്നവര്‍) ഇമാമുമാരുടെയും, ശബ്‌ദസൗന്ദര്യം ജനങ്ങളില്‍ എളുപ്പത്തില്‍ സ്വാധീനമുണ്ടാക്കുന്നതാണ്‌. ബാങ്കുവിളി എന്ന പുണ്യകര്‍മവും ഇമാമത്ത എന്ന ഉന്നത പദവിയും അല്ലാഹുവിന്റെ പ്രീതി ലഭിക്കുന്ന വലിയ കര്‍മങ്ങളാണെങ്കിലും അത്‌ നിര്‍വഹിക്കുന്നവരുടെ വിചാര വിശുദ്ധിക്കനുസരിച്ച്‌ കുറ്റം ലഭിക്കാനും സാധ്യതയുണ്ട്‌.

അല്ലാഹുവുമായുള്ള ഒരു വ്യക്തിയുടെ നേരിട്ടുള്ള സംഭാഷണമായ നമസ്‌കാരത്തിന്‌ മഹല്ലിലെ ആളുകള്‍ക്ക്‌ നേതൃത്വം നല്‌കുന്നവരാണ്‌ പള്ളി ഇമാമുമാര്‍. നല്ല ശബ്‌ദ സൗന്ദര്യത്തോടെ വ്യക്തമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഇമാമുമാര്‍ക്ക്‌ തങ്ങളുടെ പാരായണം ജനങ്ങളില്‍ സ്വാധീനം ചെലുത്തുവാനും അവരെ ഖുര്‍ആനിലേക്കും ഈമാനിക ചിന്തയിലേക്കും ആകൃഷ്‌ടരാക്കുവാനും കഴിയുമ്പോള്‍ അവര്‍ക്ക്‌ മുറിഞ്ഞ്‌പോകാത്ത പുണ്യം ലഭിക്കും. എന്നാല്‍ തന്റെ പാരായണ സൗകുമാര്യത്തിലൂടെ ജനങ്ങളിലെ സ്വാധീനവും പ്രശസ്‌തിയും ആഗ്രഹിക്കുമ്പോള്‍ ഖുര്‍ആന്‍ പാരായണങ്ങള്‍ അദ്ദേഹത്തിനെതിരായ സാക്ഷികളായി മാറുന്നതാണ്‌.

പ്രഭാഷകര്‍ ആളുകളില്‍ സ്വാധീനം സൃഷ്‌ടിക്കാനും ജനങ്ങളെ മാറ്റുവാനും കഴിവുള്ളവരാണ്‌. വിജ്ഞാനംകൊണ്ടും അവതരണ ശൈലികൊണ്ടും സമൂഹത്തില്‍ മാറ്റമുണ്ടാകുമ്പോള്‍ പടച്ചവന്‍ അവരെ കൂടുതല്‍ ശക്തിപ്പെടുത്തുകയും അനുഗ്രഹിക്കുകയും പവിത്രമാക്കുകയും ചെയ്യും. അവര്‍ നിലയ്‌ക്കാത്ത നന്മയുടെ പ്രവാഹം സൃഷ്‌ടിച്ച കാരണം പരലോകത്ത്‌ നല്ല പ്രതിഫലം നല്‌കപ്പെടുകയും ചെയ്യും. എന്നാല്‍ പേരും പെരുമയും ആഗ്രഹിക്കുകയും അവതരണ മികവില്‍ അഹങ്കരിക്കുകയും ചെയ്‌താല്‍ അവരുടെ പ്രഭാഷണങ്ങള്‍ പരലോകത്തവര്‍ക്കെതിരെയുള്ള പ്രഖ്യാപനങ്ങളാകും.

മഹത്‌ ദൗത്യം നിര്‍വഹിക്കുന്ന പ്രവര്‍ത്തകര്‍, പ്രഭാഷകര്‍, പ്രബോധകര്‍, ഇഹലോക ജീവിത സമയത്തിലധികവും നന്മകള്‍ക്കുവേണ്ടി ചെലവഴിക്കുന്നവരും ത്യാഗം അനുഭവിക്കുന്നവരുമായിരിക്കെ, തീര്‍ച്ചയായും ഇതെല്ലാം അവരുടെ നാളെയുടെ ജീവിതത്തിലേക്കൊരു മുതല്‍ക്കൂട്ടായിരിക്കണം. അതിന്നുവേണ്ടി വിചാര വിശുദ്ധിയും ആത്മാര്‍ഥതയും പ്രവര്‍ത്തനങ്ങളിലുടനീളം ഉണ്ടായിരിക്കാന്‍ ഉറപ്പുവരുത്തേണ്ടതാണ്‌. അല്ലാഹു പറയുന്നു: ``ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട്‌ അതിന്നുവേണ്ടി അതിന്റേതായ തക്കതായ പരിശ്രമം നടത്തുകയും ചെയ്‌താല്‍ അവരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും''(ഖുര്‍ആന്‍ 17:19)

by സയ്യിദ്‌ അബ്‌ദുര്‍റഹ്‌മാന്‍ @ ശബാബ്