ഇസ്‌ലാം: സമര്‍പ്പണത്തിലൂടെ സമാധാനം

ഉമര്‍(റ) പറയുന്നു: ``ഞങ്ങള്‍ ഒരു ദിവസം പ്രവാചക സവിധത്തില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ കറുത്ത മുടിയുള്ള ശുഭ്രവസ്‌ത്രധാരിയായ ഒരാള്‍ അവിടെ പ്രത്യക്ഷപ്പെട്ടു. യാത്ര ചെയ്‌തുവന്ന അടയാളങ്ങളൊന്നും അദ്ദേഹത്തില്‍ കാണപ്പെട്ടിരുന്നില്ല. ഞങ്ങള്‍ക്കാര്‍ക്കും അദ്ദേഹത്തെ പരിചയവുമില്ല. തന്റെ കാല്‍മുട്ടുകള്‍ പ്രവാചകന്റെ കാല്‍മുട്ടിനോട്‌ ചേര്‍ത്തുവെച്ച്‌ തന്റെ കൈപടം കാല്‍തുടമേല്‍ വെച്ച്‌ അദ്ദേഹം പ്രവാചകനോട്‌ ചേര്‍ന്നിരുന്നു. എന്നിട്ടദ്ദേഹം ചോദിച്ചു: `മുഹമ്മദേ, ഇസ്‌ലാം എന്താണെന്ന്‌ താങ്കളെനിക്ക്‌ പറഞ്ഞുതരൂ.' അപ്പോള്‍ പ്രവാചകന്‍ ഇപ്രകാരം പറഞ്ഞുകൊടുത്തു: `അല്ലാഹുവല്ലാതെ വേറെ ആരാധ്യനില്ലെന്ന്‌ നീ സാക്ഷ്യം വഹിക്കുക, മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാണെന്നും. നീ നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത്‌ കൊടുക്കുകയും ചെയ്യുക. റമദാനില്‍ നോമ്പനുഷ്‌ഠിക്കുകയും ഹജ്ജിന്‌ പോകാന്‍ സാധിക്കുമെങ്കില്‍ കഅ്‌ബയിലെത്തി ഹജ്ജ്‌ നിര്‍വഹിക്കുകയും ചെയ്യുക.' അപ്പോള്‍ അദ്ദേഹം പറഞ്ഞു: താങ്കള്‍ സത്യമാണ്‌ പറഞ്ഞത്‌. ഇത്‌ കണ്ട്‌ ഞങ്ങള്‍ അത്ഭുതപ്പെട്ടു. അദ്ദേഹം തന്നെ ചോദിക്കുകയും അദ്ദേഹം തന്നെ സത്യപ്പെടുത്തുകയും ചെയ്യുന്നു.'' (മുസ്‌ലിം)

മുസ്‌ലിം ഉദ്ധരിച്ച ദീര്‍ഘമായ ഈ ഹദീസിന്നൊടുവില്‍ പ്രവാചക സവിധത്തില്‍ വന്ന അപരിചിതന്‍ അല്ലാഹുവിനാല്‍ നിയോഗിതനായ ജിബ്‌രീല്‍ എന്ന മലക്കാണെന്ന്‌ നബി(സ) വിശദീകരിക്കുന്ന ഭാഗമുണ്ട്‌. ഏറെ ഉദ്ധരിക്കപ്പെടുകയും പലര്‍ക്കും സുപരിചിതവുമായ ഈ ഹദീസില്‍ ഇസ്‌ലാമിന്റെ പാഠങ്ങളാണ്‌ ഹ്രസ്വമായും എന്നാല്‍ സമഗ്രമായും പഠിപ്പിക്കപ്പെടുന്നത്‌. ഇസ്‌ലാമിന്റെ പ്രവിശാലമായ മേഖലകളെ വിശകലനം ചെയ്യുന്ന വേറെയും ധാരാളം ഹദീസുകളുണ്ട്‌. എന്നാല്‍ അവയുടെയെല്ലാം ആകെത്തുകയും അടിസ്ഥാന തത്ത്വങ്ങളുമാണ്‌ മുകളിലുദ്ധരിച്ച ഹദീസിലെ പ്രതിപാദ്യ വിഷയം. ഇസ്‌ലാമിനെ ഒരു കെട്ടിടത്തോടുപമിക്കുകയാണെങ്കില്‍- പ്രവാചകന്‍(സ) തന്നെ ഒരിക്കല്‍ അപ്രകാരം ഉപമിച്ചിട്ടുണ്ട്‌- അതിന്റെ അഞ്ചുതൂണുകളാണ്‌ ജിബ്‌രീലിന്റെ വിവരണത്തില്‍ പരാമര്‍ശിച്ച അഞ്ചുകാര്യങ്ങള്‍.

രണ്ട്‌ സാക്ഷ്യവാക്യം അംഗീകരിക്കുന്നതോടെ നിയമപരമായി ഒരാള്‍ മുസ്‌ലിമായി എന്ന്‌ പറയാം. അഥവാ നിയമപരമായ, ഇസ്‌ലാമിലേക്കുള്ള പ്രവേശന കവാടമാണ്‌ ഈ സാക്ഷ്യവാക്യങ്ങള്‍. സാക്ഷ്യവാക്യമുച്ചരിച്ച്‌ ഇസ്‌ലാമിലേക്ക്‌ പ്രവേശിക്കുന്നതിലൂടെ ഇസ്‌ലാമിലെ മറ്റു കാര്യങ്ങള്‍ സ്വാഭാവികമായും നിര്‍ബന്ധമാവുകയാണ്‌. ഇവിടെ എണ്ണിപ്പറഞ്ഞ സുപ്രധാനമായ കര്‍മാനുഷ്‌ഠാനങ്ങള്‍ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളെയും സമഗ്രമായി സ്‌പര്‍ശിക്കുന്ന സ്വഭാവ സംസ്‌കാരങ്ങളും ഇസ്‌ലാമിന്റെ വിവരവൃത്തത്തില്‍ പെടുന്നു. `മറ്റു മുസ്‌ലിംകള്‍ തന്റെ കൈ കൊണ്ടും നാവുകൊണ്ടുമുള്ള ഉപദ്രവത്തില്‍ നിന്ന്‌ രക്ഷപ്പെടുന്നവനാരോ അവനാണ്‌ മുസ്‌ലിം' എന്ന ബുഖാരി ഉദ്ധരിച്ച നബിവചനം ഇതിലേക്ക്‌ വെളിച്ചം വീശുന്നതാണ്‌.

അബ്‌ദുല്ലാഹിബ്‌നു ഉമറില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ``ഒരാള്‍ പ്രവാചക സവിധത്തില്‍ വന്ന്‌ ഇസ്‌ലാമില്‍ ഏറ്റവും ഉത്തമമായിട്ടുള്ളത്‌ ഏതാണെന്ന്‌ ചോദിച്ചപ്പോള്‍ നബി(സ) പ്രതികരിച്ചതിപ്രകാരമാണ്‌. മറ്റുള്ളവര്‍ക്ക്‌ ഭക്ഷണം നല്‌കലും അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും സലാം പറയലുമാണ്‌.'' ഹുദൈഫ(റ)യുടെ പ്രസിദ്ധമായ ഒരു വാചകം ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നു: ``സമര്‍പ്പണം, നമസ്‌കാരം, സകാത്ത്‌, ധര്‍മസമരം, റമദാന്‍ വ്രതം, ഹജ്ജ്‌ നിര്‍വഹണം, നന്മ ഉപദേശിക്കല്‍, തിന്മവിരോധിക്കല്‍ ഇങ്ങനെ ഇസ്‌ലാം എട്ട്‌ ഓഹരികളാകുന്നു. ഇതില്‍ ഏതെങ്കിലുമൊരു ഓഹരിയെ നിരാകരിച്ചവന്‍ പരാജയപ്പെട്ടു.'' നിഷിദ്ധകാര്യങ്ങളില്‍ നിന്ന്‌ വിട്ടകന്ന്‌ നില്‌ക്കുകയെന്നതും ഇസ്‌ലാമിന്റെ വിശകലന പരിധിയില്‍ പെടുന്നതാണ്‌. ഒരു മനുഷ്യന്റെ ഇസ്‌ലാമിക നന്മയില്‍ പെട്ടതാണ്‌ തനിക്ക്‌ ഗുണപരമല്ലാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കുകയെന്നത്‌ എന്ന നബിവചനം പ്രസിദ്ധമാണല്ലോ.

അല്ലാഹുവിനെ ഏകാരാധ്യനായ സംരക്ഷകനായും മുഹമ്മദ്‌ നബിയെ ദൈവദൂതനായും അംഗീകരിക്കുക വഴി അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിതമനസ്‌കനായി ജീവിതത്തെ തദനുസാരം ക്രമപ്പെടുത്താമെന്ന്‌ പ്രഖ്യാപിക്കപ്പെടുകയാണ്‌. ഈ പ്രഖ്യാപനത്തിന്റെ പ്രായോഗികമായ അനുഷ്‌ഠാന രൂപങ്ങളാണ്‌ നമസ്‌കാരവും സകാത്തും വ്രതവും ഹജ്ജും. ഇസ്‌ലാമിലെ ഈ നാല്‌ അനുഷ്‌ഠാനങ്ങളും സമര്‍പ്പിത മനസ്‌കനായ ഒരു മുസ്‌ലിമിന്റെ പരസ്യമായ അടയാളങ്ങളാണ്‌. ഇവയില്‍ ചിലത്‌ ശരീര പ്രധാനമാണെങ്കില്‍ (നമസ്‌കാരവും നോമ്പും ഉദാഹരണം) ചിലത്‌ സാമ്പത്തിക പ്രധാനമാണ്‌. (സകാത്ത്‌ ഉദാഹരണം) യാത്രാ പ്രധാനമായവയും ഇതിലുണ്ട്‌. ഹജ്ജ്‌ ഉദാഹരണം.

ഒരു മുസ്‌ലിം തന്റെ ശരീരവും സമ്പത്തും ത്യാഗപരിശ്രമങ്ങളും സര്‍വശക്തനായ അല്ലാഹുവിന്റെ പ്രീതിനേടാനായി സമര്‍പ്പിക്കണമെന്ന്‌ ഇസ്‌ലാം കാര്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ഇപ്രകാരം പൂര്‍ണ സംതൃപ്‌തിയോടെ ജീവിതത്തെ അല്ലാഹുവിന്നുവേണ്ടി സമര്‍പ്പിക്കുന്ന ഒരു മുസ്‌ലിം മറ്റാര്‍ക്കും അനുഭവിക്കാന്‍ സാധിക്കാത്ത സമാധാനവും സംതൃപ്‌തിയും ജീവിതത്തില്‍ അനുഭവിക്കുന്നു. സച്ചരിതരായ സ്വഹാബികള്‍ സമര്‍പ്പണത്തിലൂടെ സമാധാനം എന്ന ഇസ്‌ലാമിന്റെ വാഗ്‌ദാനം സ്വജീവിതത്തില്‍ സ്വാംശീകരിച്ച ഭാഗ്യവാന്മാരായിരുന്നു. സമര്‍പ്പണം, സമാധാനം എന്നീ ദ്വിമാന അര്‍ഥതലങ്ങളെ ഉള്‍ക്കൊള്ളുന്ന പദമാണ്‌ ഇസ്‌ലാം എന്നത്‌ ഏറെ ശ്രദ്ധേയവുമാണ്‌. ഇസ്‌ലാമിക ജീവിതം നയിക്കുക എന്നാല്‍ സമാധാനത്തിന്റെ സത്യവാക്യം തിരിച്ചറിയുക എന്നാണര്‍ഥം. അല്ലാഹു പറയുന്നത്‌ കാണുക: ``അല്ലാഹു സമാധാനത്തിന്റെ ഭവനത്തിലേക്കാണ്‌ ക്ഷണിക്കുന്നത്‌. അവനുദ്ദേശിക്കുന്നവരെ അവന്‍ ചൊവ്വായ വഴിയിലേക്ക്‌ നയിക്കുകയും ചെയ്യുന്നു.'' (യൂനുസ്‌ 25)

by കെ പി എസ് ഫാറൂഖി @ ശബാബ് വാരിക