ശപഥം നന്മയെ തടയരുത്

"ബോധപൂര്‍വ്വമല്ലാതെ വെറുതെ പറഞ്ഞുപോകുന്ന ശപഥവാക്കുകള്‍ മൂലം അല്ലാഹു നിങ്ങളെ പിടികൂടുന്നതല്ല. പക്ഷെ, നിങ്ങള്‍ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു" (അദ്ധ്യായം 2 ബഖറ 225) 

മനുഷ്യരുടെ സൃഷ്ടാവായ അല്ലാഹുവാണ് മനുഷ്യ മനസ്സിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ അറിയുന്നവന്‍. ഏതു കാര്യവും ചെയ്യുമ്പോഴും 'ഉള്ളിലിരുപ്പ്' എന്താണെന്ന് കൃത്യമായി അറിയുന്നവനാകുന്നു അല്ലാഹു. ബാഹ്യമായ പ്രവര്‍ത്തനവും ഭാവവും നോക്കിയല്ല, മനസ്സിന്‍റെ യഥാര്‍ത്ഥനില നോക്കിയാണ് അല്ലാഹു പ്രവര്‍ത്തനങ്ങളെ സ്വീകരിക്കുന്നതും പ്രതിഫലം നല്‍കുന്നതും ശിക്ഷ വിധിക്കുന്നതും. മനപ്പൂര്‍വമല്ലാതെ അബദ്ധത്തില്‍ പറയുന്നതും ചെയ്യുന്നതും കാരുണ്യവാനായ അല്ലാഹുവിന്‍റെ മുമ്പില്‍ മാപ്പര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങളാണ്. അതേസമയം ബോധപൂര്‍വം ചെയ്യുന്നവയെ അവന്‍ കാണാതിരിക്കുകയോ പിടികൂടാതിരിക്കുകയോ ചെയ്യുകയുമില്ല.

 ഏതു കാര്യത്തെക്കുറിച്ചും ഞാനത് ചെയ്യും; ചെയ്യില്ല എന്നെല്ലാം അല്ലാഹുവില്‍ സത്യംചെയ്തു പറയല്‍ അറബികളുടെ ശീലമായിരുന്നു. സത്യലംഘനം തെറ്റായതിനാല്‍, മുമ്പൊരു സത്യം ചെയ്തുപോയി എന്നത് കൊണ്ടുമാത്രം പല നല്ലകാര്യങ്ങളും ഉപേക്ഷിക്കുന്ന സ്ഥിതിവിശേഷവും അവരില്‍ കാണാമായിരുന്നു. അതിനാല്‍ ശപഥം സല്‍കര്‍മ്മങ്ങള്‍ക്ക് തടസ്സമാകരുതെന്നു അല്ലാഹു പ്രത്യേകം ഉണര്‍ത്തുന്നുണ്ട്. "അല്ലാഹുവെ - അവന്റെപേരില്‍ നിങ്ങള്‍ ശപഥം ചെയ്തു പോയി എന്ന കാരണത്താല്‍ - നന്‍മ ചെയ്യുന്നതിനോ ധര്‍മ്മം പാലിക്കുന്നതിനോ ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നതിനോ നിങ്ങള്‍ ഒരു തടസ്സമാക്കി വെക്കരുത്‌. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു" (അദ്ധ്യായം 2 ബഖറ 224)

 കൂടുതല്‍ ഉത്തമവും മനുഷ്യര്‍ക്ക് ഉപകാര പ്രദവുമായ ഒരു കാര്യം നിര്‍വഹിക്കുന്നതിന്, നേരത്തെ ചെയ്തുപോയ പ്രതിജ്ഞ ലംഘിക്കുന്നതിനു വിരോധമില്ലെന്നാണ് ഇവിടെ അല്ലാഹു ഉണര്‍ത്തുന്നത്. നബി (സ) പറഞ്ഞു : "ഒരാള്‍ ഒരു കാര്യത്തെപ്പറ്റി സത്യം ചെയ്തിട്ട്, അതിനേക്കാള്‍ ഉത്തമം മറ്റൊന്നായിരുന്നുവെന്ന് കണ്ടാല്‍, അവന്‍ അവന്‍റെ സത്യത്തിനു പ്രായശ്ചിത്തം നല്‍കുകയും ആ ഉത്തമമായ കാര്യം ചെയ്യുകയും ചെയ്തു കൊള്ളട്ടെ" [ബുഖാരി, മുസ്‌ലിം]

 ബോധപൂര്‍വം ചെയ്ത സത്യം ലംഘിക്കുന്നതായാല്‍ പ്രായശ്ചിത്തമായി പത്ത് അഗതികള്‍ക്ക് ഭക്ഷണമോ വസ്ത്രമോ നല്‍കുകയോ ഒരടിമയെ മോചിപ്പിക്കുകയോ മൂന്നു ദിവസം നോമ്പെടുക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ (മാഇദ 93) സൂചിപ്പിക്കുന്നു. സത്യം ചെയ്യുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും, സത്യം ചെയ്യുകയാണെങ്കില്‍ അത് അല്ലാഹുവിനെ മുന്‍നിര്‍ത്തി മാത്രമേ ആകാവൂ എന്ന് നിര്‍ബന്ധം പിടിക്കുന്നുണ്ട്. ശപഥം ചെയ്‌താല്‍ അത് പാലിക്കാതിരിക്കുന്നത് കുറ്റകരമാണെന്ന് പ്രത്യേകം ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു.

 by അബ്ദു സലഫി @ പുടവ മാസിക