പ്രതിഫലനാളിന്റെ ഉടമസ്ഥന്‍

“ആകാശ ഭൂമുകളിലുള്ളതെല്ലാം അല്ലാഹുവിന്റെതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത്‌ നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചുവെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട്‌ കണക്ക്‌ ചോദിക്കുക തന്നെ ചെയ്യും. എന്നിട്ടവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ പൊറുത്തുകൊടുക്കുകയും അവനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു. (വി.ഖു 2:284)

അനന്ത വിശാലമാണ്‌ ലോകം. വാനലോകവും ഭൂലോകവും അസംഖ്യം ജീവജാലങ്ങളാലും അചേതന വസ്‌തുക്കളാലും നിറഞ്ഞുനില്‍ക്കുന്നു. പ്രപഞ്ചത്തിലെ അണു മുതല്‍ ഗാലക്‌സി വരെയുള്ള എല്ലാ വസ്‌തുക്കളും കൃത്യമായ പ്ലാനിംഗ്‌ സഹിതം സൃഷ്‌ടിക്കപ്പെട്ടവയാണ്‌. അനേക കോടി സചേതന അചേതന വസ്‌തുക്കളില്‍ വളരെ കുറച്ച്‌ മാത്രമേ മനുഷ്യന്റെ അറിവിന്റെ പരിധിയില്‍ വരുന്നുള്ളൂ. മനുഷ്യര്‍ ആര്‍ജിച്ച വിജ്ഞാനത്തിന്റെ പതിന്മടങ്ങ്‌ കൂടുതലാണ്‌ അവന്‌ അജ്ഞാതമായ കാര്യങ്ങള്‍. ആകാശ ഭൂമികളുടെയും അതിലെ മുഴുവന്‍ വസ്‌തുക്കളുടെയും ഉടമസ്ഥതാവകാശം അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാണ്‌. സര്‍വശക്തനും രാജാധിരാജനുമായ ഒരു രക്ഷിതാവിന്‌ മാത്രമേ ഇവ മുഴുവന്‍ കൈകാര്യം ചെയ്യാന്‍ കഴിയൂ. രഹസ്യവും പരസ്യവും ഭൂതവും ഭാവിയും അറിയാന്‍ കഴിവുള്ളവനാണ്‌ സാക്ഷാല്‍ രക്ഷിതാവ്‌. അല്ലാഹുവിന്റെ അറിവില്‍ പെടാതെ ഒരു അണുവിനും നിലനില്‍പില്ല. നാം രഹസ്യമായി ചെയ്യുന്നതും പരസ്യപ്പെടുത്തുന്നതും കൃത്യമായി അറിയുന്ന അല്ലാഹു നമ്മുടെ കര്‍മങ്ങളെ അതിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു. സുകൃതവാന്മാര്‍ക്ക്‌ സ്വര്‍ഗവും ധിക്കാരികള്‍ക്കും ദുര്‍വൃത്തര്‍ക്കും കഠിന ശിക്ഷയും നല്‍കാനുള്ള അധികാരവും ഉള്ളവനാണ്‌ അവന്‍.

നന്മയ്‌ക്ക്‌ പ്രതിഫലവും തിന്മയ്‌ക്ക്‌ ശിക്ഷയും നല്‍കുക എന്നത്‌ നീതിയുടെ തേട്ടമാണ്‌. എന്നാല്‍ കാരുണ്യവാനായ അല്ലാഹു തിന്മ ചെയ്‌തവര്‍ക്ക്‌ വീണ്ടും നന്നാവാന്‍ അവസരം നല്‍കുന്നു. അവര്‍ക്ക്‌ പശ്ചാത്താപ മനസ്സുണ്ടെങ്കില്‍ അവരെ സ്‌നേഹപൂര്‍വം സ്വീകരിക്കാനും അവര്‍ക്ക്‌ മാപ്പ്‌ നല്‍കാനും അല്ലാഹുവിന്‌ സന്തോഷമേയുള്ളൂ. നന്മ ചെയ്യുന്നവര്‍ക്ക്‌ കൂടുതല്‍ പ്രതിഫലം അധികമായി നല്‍കുന്നവനാണ്‌ അല്ലാഹു. അതേസമയം, തെറ്റുകള്‍ക്ക്‌ അതിന്റെ ശിക്ഷമാത്രമേ വിധിക്കുന്നുള്ളൂ. സര്‍വശക്തനും എല്ലാ അധിഹകാരങ്ങളുടെയും ഉടമയുമായതിനാല്‍ അല്ലാഹുവിന്‌ മാത്രമഹാണ്‌ രക്ഷാ ശിക്ഷകള്‍ നടപ്പാക്കാന്‍ കഴിയുക. ആയതിനാല്‍ നാം അല്ലാഹഹുവിന്റെ അടിമകളാണെന്നും നമ്മുടെ ഉടമസ്ഥതയിലുള്ളതെല്ലാം യഥാര്‍ര്‍ഹഥത്തില്‍ അല്ലാഹുവിന്റെതാണെന്നും മനസ്സിലാക്കി അവന്റെ നിയമാവലിഹകള്‍ പാലിച്ച്‌ ജീവിക്കലാണ്‌ നമ്മുടെ വിജയപാത.

by അബ്ദു സലഫി @ പുടവ മാസിക