സന്മാര്‍ഗത്തില്‍ തുടരുക

ഞങ്ങളുടെ നാഥാ! നീ ഞങ്ങളെ സന്മാര്‍ഗത്തിലാക്കിയ ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കല്ലേ. നിന്റെ കാരുണ്യം നീ ഞങ്ങള്‍ക്ക്‌ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യുദാരന്‍ തന്നെയാണല്ലോ?"(ഖുര്‍ആന്‍ 3:8)

 ഹിദായത്ത്‌ ലഭിക്കുക അഥവാ സന്മാര്‍ഗപാതയും വിജയവീഥിയും തിരിച്ചറിഞ്ഞ്‌ അതിലൂടെ നീങ്ങാന്‍ കഴിയുക എന്നതാണ്‌ ഒരാള്‍ക്ക്‌ ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം. മനുഷ്യന്റെ ശാശ്വത വിജയത്തിന്റെ വഴി സ്രഷ്‌ടാവായ നാഥന്‍ തന്നെ തന്റെ ദൂതന്മാരിലൂടെ ഇവിടെ വരച്ചുകാണിച്ചിട്ടുണ്ട്‌. സന്മാര്‍ഗപാത പിന്തുടര്‍ന്നാലുള്ള മഹത്തായ നേട്ടങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്‌. തുറന്ന മനസ്സോടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക്‌ എളുപ്പത്തില്‍ എത്തിച്ചേരാവുന്നതാണ്‌ സ്വര്‍ഗപാത. അല്ലാഹുവിലും അന്ത്യദിനത്തിലും തുടങ്ങി, അദൃശ്യവും അഭൗതികവുമായ കാര്യങ്ങളിലുള്ള വിശ്വാസം ഈ വഴിയില്‍ പ്രധാനപ്പെട്ട ഒന്നാണ്‌.

മനസ്സാണ്‌ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദു. എന്നാല്‍ മനുഷ്യന്റെ ആജന്മ ശത്രുവായ പിശാച്‌ അവന്റെ മനസ്സില്‍ ദുര്‍മന്ത്രങ്ങളും ദുഷ്‌ചിന്തകളും വളര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. സത്യസരണിയില്‍ നിന്ന്‌ അവനെ അടര്‍ത്തിമാറ്റാനും ശാശ്വത പരാജയത്തിലേക്ക്‌ നയിക്കാനും അവന്‍ പണിയെടുത്തുകൊണ്ടേയിരിക്കുന്നു. പിശാചിന്റെ ദുര്‍മന്ത്രണങ്ങളെ ചെറുക്കാനുള്ള ഇച്ഛാശക്തിക്കായി ഓരോ വിശ്വാസിയും കഠിനശ്രമം നടത്തേണ്ടതുണ്ട്‌. ഒപ്പം സര്‍വ ശക്തനായ നാഥനോട്‌ സഹായത്തിനായി അപേക്ഷിച്ചുകൊണ്ടിരിക്കുകയും വേണം. “നാഥാ ഞങ്ങളുടെ മനസ്സുകളെ നീ സന്മാര്‍ഗത്തില്‍ നിന്നും വഴിമാറ്റരുതേ” എന്ന്‌ പ്രാര്‍ഥിക്കുക. നബി(സ)യുടെ പ്രാര്‍ഥനകളില്‍ ഇങ്ങനെ കാണാം: “ഹൃദയങ്ങളെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന നാഥാ എന്റെ ഹൃദയത്തെ നീ നിന്റെ മതത്തില്‍ ഉറപ്പിച്ചുനിര്‍ത്തേണമേ.” മറ്റൊരു പ്രാര്‍ഥന ഇങ്ങനെയാണ്‌: “ഹൃദയങ്ങളെ പലതിലേക്കും തിരിച്ചുവിടുന്ന നാഥാ എന്റെ മനസിനെ നീ നിന്റെ അനുസരണത്തിലേക്ക്‌ തിരിച്ചുവിടേണമേ.”

`ഖല്‍ബ്‌’ എന്ന പദമാണ്‌ ഹൃദയം എന്ന്‌ വിവക്ഷിക്കപ്പെടാറുള്ളത്‌. സ്ഥിരതയില്ലാതെ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നത്‌ എന്നാണ്‌ ഖല്‍ബിന്റെ ഭാഷാര്‍ഥം. വേഗത കൂടിയതും നിമിഷനേരം കൊണ്ട്‌ അനേകം കാര്യങ്ങള്‍ മിന്നിമറയുന്നതുമാണ്‌ മനസ്സ്‌. അതിശക്തമായ ഈമാനാണ്‌ മനസ്സിന്‌ കരുത്ത്‌ പകരുന്നത്‌. സന്മാര്‍ഗ പാത മനസ്സിലാക്കിയാല്‍ അതുള്‍ക്കൊള്ളാനും അതില്‍ ഉറച്ചു നില്‌ക്കാനും ശ്രമിക്കേണ്ടത്‌ ഓരോരുത്തരുടെയും ഒഴിച്ചുകൂടാനാവാത്ത ബാധ്യതയത്രെ.

കാരുണ്യവാനായ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ്‌ നമുക്ക്‌ എല്ലാ നേട്ടങ്ങളും ലഭിക്കുന്നത്‌. അതിനാല്‍ അവന്റെ കാരുണ്യത്തിനായി നിരന്തരം കൈനീട്ടി യാചിക്കുക എന്നത്‌ വിശ്വാസിയുടെ ശീലമായിരിക്കണം. അത്യുദാരനായ അല്ലാഹു കാരുണ്യത്തിന്റെ നിറകുടമാണ്‌. ഔദാര്യത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപവും അല്ലാഹു മാത്രമാണ്‌. മനസ്സില്‍ കുടിയേറുന്ന അവിശ്വാസവും കാപട്യവും മനസ്സില്‍ നിന്ന്‌ `ഹിദായത്തി’നെ നീക്കം ചെയ്‌തുകൊണ്ടിരിക്കും. അതിനാല്‍ വിശ്വാസത്തില്‍ പുഴുക്കുത്തുകള്‍ വരാതെ അല്ലാഹു അറിയിച്ച പാതയിലൂടെ, വക്രതയില്ലാതെ മുന്നേറാന്‍ ശ്രമിക്കുകയും അത്‌ സാധ്യമാകുന്നതിന്നായി നിരന്തരം പരിശ്രമിക്കുകയും ചെയ്യുക.

 by അബ്ദു സലഫി @ പുടവ മാസിക