പ്രപഞ്ചനാഥനില്‍ ഭരമേല്‍പിക്കുക

പറയുക, സമസ്‌താധികാരങ്ങളുടെയും ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ ആധിപത്യം നല്‍കുന്നു. നീ ഇച്ഛിക്കുന്നവരില്‍നിന്ന്‌ അത്‌ നീ നീക്കിക്കളയുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരെ നീ നിന്ദ്യരാക്കുന്നു. സൗഭാഗ്യങ്ങളഖിലം നിന്റെ കൈവശമാണ്‌. നിശ്ചയം നീ സകല കാര്യങ്ങള്‍ക്കും കഴിവുള്ളവനാണ്‌” (വി.ഖു 3:26)

ഒരു മുസ്‌ലിമിന്റെ യഥാര്‍ഥ വിശ്വാസപ്രഖ്യാപനമാണിത്‌. അതോടൊപ്പം ഒരു പ്രാര്‍ഥനയും. മനുഷ്യര്‍ക്കിടയില്‍ ഒട്ടേറെ വൈവിധ്യങ്ങളുണ്ട്‌. സമ്പത്തിലും അധികാരത്തിലും ഇത്‌ പ്രകടമായിക്കാണാം. എല്ലാവരും ഒരേ നിലവാരത്തിലും രൂപത്തിലുമല്ല ഇവിടെ ജീവിക്കുന്നത്‌. പ്രപഞ്ച സ്രഷ്‌ടാവായ അല്ലാഹുവിന്റെ ഇടപെടലും നിയന്ത്രണവും പൂര്‍ണമായും മനുഷ്യന്റെ ഈ വൈവിധ്യങ്ങളിലുണ്ട്‌. പ്രവാചകത്വവും പ്രതാപവും അധികാരവുമൊക്കെ തങ്ങള്‍ക്ക്‌ മാത്രം അവകാശപ്പെട്ടതാണെന്ന്‌ കരുതിയ ജൂതന്മാര്‍ മുമ്പ്‌ ജീവിച്ചിരിക്കുന്നു. ദീര്‍ഘനാള്‍ ജനങ്ങളെ അടക്കിഭരിച്ച ചില ക്രൂരന്മാരായ ഭരണാധികാരികള്‍ക്കും തങ്ങള്‍ മാത്രമാണ്‌ അധികാരം കൈയാളാന്‍ കരുത്തര്‍ എന്ന ചിന്തയുണ്ടായിരുന്നു. സത്യനിഷേധവും ധിക്കാരവും അതിന്റെ തുടര്‍ച്ചയായി അവര്‍ പ്രകടിപ്പിച്ചിരുന്നു. ഇതിനുള്ള ഒരു മറുപടി ഈ വചനത്തിലുണ്ട്‌. സത്യവിശ്വാസം സ്വീകരിച്ച്‌, സൂക്ഷ്‌മത പുലര്‍ത്തി ജീവിച്ചിട്ടും ഭൗതികജീവിതത്തില്‍ കഷ്‌ടപ്പാടുകള്‍ ഉണ്ടാകുന്നുവല്ലോ എന്ന ചിന്ത ചില ദുര്‍ബല വിശ്വാസികളിലും കടന്നുവരാന്‍ തുടങ്ങി. അല്ലാഹുവിന്‌ ഇഷ്‌ടപ്പെട്ടവരാണ്‌ നിങ്ങളെങ്കില്‍ എങ്ങനെ നിങ്ങള്‍ക്ക്‌ ദുരിതങ്ങള്‍ വരും എന്ന്‌ അഹങ്കാരികളായ നിഷേധികള്‍ ചോദിക്കുകയും ചെയ്‌തിരുന്നു.

എന്നാല്‍ ഭൗതിക ജീവിതത്തില്‍ എല്ലാ അധികാരവും പ്രതാപവും നിന്ദ്യതയും ഒക്കെ അല്ലാഹു പരീക്ഷണാര്‍ഥം നല്‍കുന്നതാണ്‌. വിശ്വാസികള്‍ക്ക്‌ ഇവിടുത്തെ ജീവിതമല്ല പ്രധാനം. അത്‌ ഒരു പരീക്ഷണം മാത്രമാണ്‌. ഇവിടെ എന്ത്‌ ലഭിച്ചാലും അത്‌ യാഥാര്‍ഥ്യബോധത്തോടെ മാത്രമേ വിശ്വാസികള്‍ കൈകാര്യം ചെയ്യുകയുള്ളൂ. സുഖങ്ങളില്‍ മതിമറക്കാതെ നന്ദി ചെയ്‌തും ദുഖങ്ങളില്‍ തളരാതെ ക്ഷമിച്ചും അവര്‍ മുന്നോട്ട്‌ നീങ്ങും. എല്ലാ കഴിവുകളുടെയും അധികാരങ്ങളുടെയും വിതരണ കേന്ദ്രമായ അല്ലാഹുവിന്റെ തീരുമാനങ്ങളിലും വിഭജനങ്ങളിലും പൂര്‍ണവിശ്വാസവും സംതൃപ്‌തിയും വെച്ച്‌ പുലര്‍ത്തി, അവനോട്‌ പ്രാര്‍ഥിച്ചും അവനിലുള്ള പ്രതീക്ഷ നിലനിര്‍ത്തിയും മുന്നോട്ട്‌ നീങ്ങുന്നവനാണ്‌ യഥാര്‍ഥ വിശ്വാസി. എല്ലാ നന്മകളുടെയും സൗഭാഗ്യങ്ങളുടെയും യഥാര്‍ഥ ഉടമ അല്ലാഹുവാണ്‌. ഇതംഗീകരിക്കുകയും അതിന്നായി അവനോട്‌ നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുക എന്നതാണ്‌ വിശ്വാസിയുടെ സ്വഭാവം.

by അബ്ദു സലഫി @ പുടവ മാസിക