പാപത്തിലേക്ക്‌ വഴുതുന്ന സിയാറത്ത്‌

നബി(സ) പറയുന്നു: ``നിങ്ങള്‍ സല്‍ക്കര്‍മങ്ങളുമായി മുന്നിടുക. ഇരുട്ടാര്‍ന്ന രാവിനെ പോലെയുള്ള നാശങ്ങള്‍ വരാനിരിക്കുന്നുണ്ട്‌. ഒരു മനുഷ്യന്‍ രാവിലെ മുഅ്‌മിനായിത്തീരുകയും വൈകുന്നേരം കാഫിറാവുകയും വൈകുന്നേരം മുഅ്‌മിനായിത്തീരുകയും രാവിലെ കാഫിറാവുകയും ചെയ്യുന്ന അവസ്ഥ വന്നെത്തുക തന്നെ ചെയ്യും. ഭൗതികമായ കാര്യത്തിനു വേണ്ടി അത്തരക്കാര്‍ തന്റെ ദീനിനെ വില്‌പനച്ചരക്കാക്കുന്നതാണ്‌'' (മുസ്‌ലിം).

 യാഥാസ്ഥിതിക വിഭാഗങ്ങള്‍ മുസ്‌ലിം സമുദായത്തെ നയിച്ചുകൊണ്ടിരിക്കുന്നത്‌ വിഗ്രഹാരാധനയെക്കാളും കടുത്ത ശിര്‍ക്കിലേക്കാണ്‌. ഹജ്ജും ഉംറയും കഴിഞ്ഞ്‌ അല്ലാഹുവിന്റെ കൃപയിലും കാരുണ്യത്തിലും വിശ്വാസമില്ലാത്തതിനാല്‍ അജ്‌മീര്‍ ദര്‍ഗ്ഗ സിയാറത്ത്‌ നടത്തി നാട്ടിലേക്ക്‌ മടങ്ങുന്ന യാഥാസ്ഥിതികര്‍ നിരവധിയാണ്‌!! എന്തുകൊണ്ടാണ്‌ ഇപ്രകാരം സംഭവിക്കുന്നത്‌? ശിര്‍ക്കിനോടുള്ള ഭ്രമവും അല്ലാഹുവിലുള്ള വിശ്വാസക്കുറവുമാണ്‌ പ്രധാന കാരണം. ഒരു വിഗ്രഹാരാധകനും സാക്ഷാല്‍ ദൈവത്തെക്കാള്‍ അവരുടെ വിഗ്രഹങ്ങള്‍ക്ക്‌ പ്രാമുഖ്യമോ സ്ഥാനമോ നല്‌കുന്നവരല്ല. കാരണം വിഗ്രഹങ്ങള്‍ സാക്ഷാല്‍ ദൈവത്തിങ്കല്‍ എത്തിപ്പെടാനുള്ള മധ്യവര്‍ത്തികളോ അവതാരങ്ങളോ ആയിട്ടാണ്‌ അവര്‍ കണക്കാക്കുന്നത്‌. അറഫയില്‍ വെച്ചുപോലും പ്രാര്‍ഥന നടത്തിയിട്ട്‌ ഉത്തരംകിട്ടുന്ന വിഷയത്തില്‍ നിരാശയിലാണ്ട യാഥാസ്ഥിതിക മുസ്‌ല്യാക്കളും അനുയായികളും മറ്റൊരു പ്രാര്‍ഥന നടത്താന്‍ വേണ്ടി അജ്‌മീര്‍ ദര്‍ഗ്ഗയിലൂടെ നാട്ടിലേക്കു മടങ്ങുമ്പോള്‍ ഒരു സാമാന്യവ്യക്തി ക്കു പോലും തിരിയാവുന്ന ഒരു കാര്യമുണ്ട്‌: ``അല്ലാഹുവിനെക്കാളും പടപ്പുകളോട്‌ കൃപയുള്ളത്‌ അജ്‌മീര്‍ ശൈഖിന്റെ നുരുമ്പിയ എല്ലുകള്‍ക്കാണോ?!

 ദര്‍ഗകളില്‍ ചെന്ന്‌ മരണപ്പെട്ടുപോയവരോട്‌ `ഇസ്‌തിഗാസ' നടത്തല്‍ കൊടിയ ശിര്‍ക്കും കുഫ്‌റുമാണെന്ന്‌ അല്ലാഹുവും റസൂലും സലഫുകളായ പണ്ഡിതമഹത്തുക്കളും സംയത്തിന്നിടയില്ലാത്തവിധം പഠിപ്പിച്ചിട്ടുണ്ട്‌. ഇത്തരം ദര്‍ഗകളിലേക്കോ മറ്റേതെങ്കിലും കേന്ദ്രങ്ങളിലേക്കോ പുണ്യം ഉദ്ദേശിച്ചുകൊണ്ട്‌ യാത്രപുറപ്പെടല്‍ പോലും ഹറാമാണെന്നാണ്‌ റസൂല്‍ പഠിപ്പിച്ചത്‌: ``മൂന്ന്‌ പള്ളികളിലേക്കല്ലാതെ നിങ്ങള്‍ (പുണ്യംതേടി) യാത്ര കെട്ടിപ്പുറപ്പെടരുത്‌. മസ്‌ജിദുല്‍ ഹറാം, എന്റെ പള്ളി (മദീന), മസ്‌ജിദുല്‍ അഖ്‌സ്വാ എന്നിവയാണവ'' (ബുഖാരി, മുസ്‌ലിം, അബൂദാവൂദ്‌). മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ``എന്റെ ഈ പള്ളിയില്‍ നടത്തുന്ന നമസ്‌കാരത്തിന്‌ മറ്റുള്ള പള്ളികളില്‍ നമസ്‌കരിക്കുന്നതിനെക്കാള്‍ ആയിരം മടങ്ങ്‌ പ്രതിഫലമുണ്ട്‌. എന്നാല്‍ മസ്‌ജിദുല്‍ഹറാം അതില്‍ നിന്നൊഴിവാണ്‌. അതില്‍ ഒരു വഖ്‌ത്ത്‌ നമസ്‌കരിക്കുന്നവന്‌ ഒരു ലക്ഷം മടങ്ങ്‌ പ്രതിഫലമുണ്ട്‌'' (അഹ്‌മദ്‌).

മേല്‍പറഞ്ഞ മൂന്ന്‌ പള്ളികളിലേക്കു മാത്രമേ പ്രത്യേകം പുണ്യം ഉദ്ദേശിച്ചുകൊണ്ട്‌ യാത്ര പുറപ്പെടാവൂ. അല്ലാത്ത സ്ഥലങ്ങളിലേക്കോ പള്ളികളിലേക്കോ പുണ്യയാത്ര നടത്തല്‍ നിഷിദ്ധമാണ്‌. ``ഖസ്‌അത്ത്‌(റ) പറയുന്നു: ``ഞാന്‍ ഇബ്‌നുഉമറിന്റെ(റ) അടുക്കല്‍ ചെന്ന്‌ പറഞ്ഞു: ഞാന്‍ ത്വൂരിസീനാമല സന്ദര്‍ശിക്കാനുദ്ദേശിക്കുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: മൂന്ന്‌ പള്ളികളിലേക്കു മാത്രമേ (പുണ്യംതേടി) യാത്ര പുറപ്പെടാവൂ. ത്വൂരിസീനാമ മലയിലേക്കുള്ള യാത്ര നീ ഉപേക്ഷിക്കുക'' (അഹ്‌മദ്‌).

 ഇമാം സ്വന്‍ആനി ബുലൂഗുല്‍മറാമില്‍ പറയുന്നു: ``മേല്‍പറഞ്ഞ മൂന്നു പള്ളികളിലേക്കല്ലാതെ, അത്‌ പുണ്യസ്ഥലങ്ങളായിരുന്നാലും, ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയിട്ടുള്ളവരായിരുന്നാലും പ്രത്യേകം പുണ്യം ഉദ്ദേശിച്ചുകൊണ്ട്‌ അത്തരം സ്ഥലങ്ങളിലേക്കോ വ്യക്തികളിലോക്കോ യാത്രയ്‌ക്ക്‌ ഒരുങ്ങി പുറപ്പെടല്‍ നിഷിദ്ധമാണ്‌'' (സുബ്‌ലുസ്സലാം)

 ബൈദ്വാവി പറയുന്നു: ``മേല്‍ പറയപ്പെട്ട മൂന്നു പള്ളികളൊഴിച്ച്‌ മറ്റെല്ലാ പള്ളികളും ശ്രേഷ്‌ഠതയിലും പദവിയിലും തുല്യമായതിനാല്‍, ആ മൂന്നു പള്ളികളൊഴിച്ച്‌ പുണ്യം ഉദ്ദേശിച്ചുകൊണ്ട്‌ യാത്ര പുറപ്പെടല്‍ നിഷ്‌ഫലവും പാഴ്‌വേലയും നിരോധിക്കപ്പെട്ടതുമാണ്‌.്‌'' (സര്‍ഖാനി, ശറഹുമുവത്വ 1:224)

 മുവത്വയുടെ വിശദീകരണത്തില്‍ ഇമാം സുബ്‌കിയുടെ പ്രസ്‌താവന ശ്രദ്ധിക്കുക: ``മേല്‍ പറഞ്ഞ മൂന്നു പള്ളികള്‍ ഒഴിച്ച്‌ പുണ്യം ഉദ്ദേശിച്ചുകൊണ്ട്‌ യാത്ര പുറപ്പെടാവുന്ന ഒരു സ്ഥലവും ഈ ഭൂമുഖത്തില്ല. അവകളല്ലാത്ത മറ്റു പള്ളികളിലേക്ക്‌ പുണ്യം ഉദ്ദേശിച്ചുകൊണ്ട്‌ യാത്ര കെട്ടിപ്പുറപ്പെടാന്‍ പാടുള്ളതല്ല. എന്നാല്‍ വിദ്യനേടാനോ ജിഹാദിന്റെ ആവശ്യാര്‍ഥമോ അത്തരം സ്ഥലങ്ങളിലേക്ക്‌ യാത്ര പോകുന്നതില്‍ വിരോധമില്ല.'' (സര്‍ഖാനി: ശറഹുമുവത്വ: 1/224). 

അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളെക്കാള്‍ യാഥാസ്ഥിതികര്‍ പവിത്രത നല്‌കിപ്പോരുന്നത്‌ ശവകുടീരങ്ങള്‍ക്കാണ്‌. അല്ലാഹുവിന്റെ ഭവനങ്ങളില്‍ വെച്ച്‌ പ്രാര്‍ഥിക്കുമ്പോള്‍ ഒരിറ്റു കണ്ണുനീര്‍ പൊഴിക്കാത്തവര്‍ ജാറത്തിലും ദര്‍ഗയിലും പ്രാര്‍ഥിക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ ഈറനണിയുന്നു. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ സമുന്നത പണ്ഡിതന്‍ എന്നൊക്കെ പറഞ്ഞു യാഥാസ്ഥിതികര്‍ പുകഴ്‌ത്തിപ്പറയാറുള്ള ഇമാം റാസി, ഖബ്‌റാളിയോട്‌ ഇസ്‌തിഗാസ ചെയ്യുന്നതു പോയിട്ട്‌, ഖബ്‌റാളി തന്റെ പ്രശ്‌നം അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യും എന്ന വിശ്വാസത്തോടെ ഖബ്‌റിനെ ബഹുമാനിക്കുന്നതു പോലും വിഗ്രഹാരാധനക്കു തുല്യമാണെന്നു പ്രസ്‌താവിച്ചിട്ടുണ്ട്‌.

സൂറത്ത്‌ യൂനുസ്‌ 18-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസിയുടെ പ്രസ്‌താവന ശ്രദ്ധിക്കുക: ``ഖബ്‌റാളി അല്ലാഹുവിങ്കല്‍ തനിക്കു വേണ്ടി ശുപാര്‍ശ ചെയ്യും എന്ന വിശ്വാസത്തോടു കൂടി ഒരുപാട്‌ സൃഷ്‌ടികള്‍ മഹാന്മാരുടെ ഖബ്‌റുകളെ ആദരിക്കുന്നതില്‍ മുഴുകിയിരിക്കുന്നു. എന്നാല്‍ ഈ കാലഘട്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ വസ്‌തുത വിഗ്രഹാരാധനക്കു തുല്യമാണ്‌'' (തഫ്‌സീറുല്‍കബീര്‍, യൂനുസ്‌ 18)

 എന്നാല്‍ മരണപ്പെട്ടവരെ അനാദരിക്കണമെന്നോ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ പാടില്ലെന്നോ ആര്‍ക്കും വാദമില്ല. മരണപ്പെട്ടവരെ ദുഷിക്കുന്നതും അനാദരിക്കുന്നതും ഇസ്‌ലാമില്‍ കുറ്റകരമാണ്‌. മരണപ്പെട്ടവരോട്‌ ആദരവാകാം, ആരാധന പാടില്ല. യാഥാസ്ഥിതികര്‍ ചെയ്യുന്നത്‌ ആദരവല്ല, മറിച്ച്‌ ആരാധനയാണ്‌. ഖബറുകള്‍ സന്ദര്‍ശിക്കുന്നതും ഖബറാളികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതും സുന്നത്താണ്‌. അവര്‍ക്കുവേണ്ടി പ്രാര്‍ഥന നടത്തണം. അവരോട്‌ പ്രാര്‍ഥിക്കരുത്‌. അത്‌ ശിര്‍ക്കാണ്‌. അതിന്‌ അജ്‌മീറും ഏര്‍വാടിയും മമ്പുറവും തെരഞ്ഞെടുക്കേണ്ടതില്ല. സ്വന്തം നാട്ടില്‍ മറവുചെയ്യപ്പെട്ട കുടുംബക്കാര്‍, അയല്‍വാസികള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ ഖബറുകള്‍ സന്ദര്‍ശിച്ചാലും സുന്നത്ത്‌ ലഭിക്കും. ഏര്‍വാടിയിലേക്കും മറ്റും സിയാറത്ത്‌ ടൂര്‍ സംഘടിപ്പിക്കുന്നത്‌ അവിടെ ചെന്ന്‌ ഖബ്‌റുകള്‍ സന്ദര്‍ശിക്കാനോ അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനോ അല്ല. മറിച്ച്‌, അവരോട്‌ പ്രാര്‍ഥിക്കാനും അല്ലാഹുവും റസൂലും നിരോധിച്ച മറ്റു കാര്യങ്ങള്‍ ചെയ്യാനുമാണ്‌. അത്‌ അല്ലാഹു നിരോധിച്ചതും പൊറുക്കാത്ത പാപവുമാണ്‌.

 by മൊയ്‌തീന്‍ സുല്ലമി കുഴിപ്പുറം @ ശബാബ് വാരിക