കെട്ടുകഥകളും ഇസ്ലാമും

അധിക മതങ്ങളും സംസ്‌കാരങ്ങളും നിലനില്‌ക്കുന്നത്‌ ഐതിഹ്യങ്ങളുടെയും കെട്ടുകഥകളുടെയും പിന്‍ബലത്തിലാണ്‌. ഇസ്‌ലാം മാത്രമേ ഇതിന്നപവാദമായുള്ളൂ. എന്നാല്‍ ഖുര്‍ആനും ശരിയായ സുന്നത്തും മാറ്റിനിര്‍ത്തി ഇസ്‌ലാമിനെ പഠിപ്പിക്കാന്‍ ശ്രമിച്ചാല്‍, ഇസ്‌ലാം വെറും കെട്ടുകഥകളും ഐതിഹ്യങ്ങളുമാണെന്ന്‌ ചിലര്‍ക്കെങ്കിലും തോന്നാനിടയുണ്ട്‌. പഴയകാലത്തെ വയദ്വുകളില്‍ മുന്തിയ സ്ഥാനം കെട്ടുകഥകള്‍ക്കായിരുന്നു. ആരെയും അമ്പരപ്പിക്കുന്ന കഥകള്‍ പറഞ്ഞ്‌ പണ്ഡിതന്മാര്‍ സമുദായത്തെ രസിപ്പിക്കാറുണ്ടായിരുന്നു. ഇങ്ങനെ വിസ്‌മയകരമായ കഥകള്‍ പറഞ്ഞു ജനമനസ്സുകളില്‍ കയറിക്കൂടാന്‍ കഴിവുള്ള പണ്ഡിതന്മാരെക്കാള്‍ പ്രസിദ്ധി മറ്റൊരാള്‍ക്കും ലഭിക്കാറുണ്ടായിരുന്നില്ല. കെട്ടുകഥകളോട്‌ സാമ്യമുള്ളതും വിസ്‌മയകരവുമായ ചരിത്രകഥകള്‍ വളരെ അപൂര്‍വമാണ്‌. പാതിരാപ്രസംഗം തൊഴിലാക്കിയ പണ്ഡിതന്മാര്‍ക്ക്‌ കെട്ടുകഥകള്‍ പഠിക്കാന്‍ പല ഗ്രന്ഥങ്ങളും അറബി ഭാഷയിലുണ്ട്‌. തുഹ്‌ഫതുല്‍ വാഇദ്വീന്‍ എന്ന ഗ്രന്ഥമാണ്‌ ഇതില്‍ പ്രധാനം. അതില്‍ വിസ്‌മയകരമായ കഥകള്‍ ധാരാളമുണ്ട്‌. കൂട്ടത്തില്‍ സത്യമായ ചരിത്രകഥകളുമുണ്ട്‌. അല്‍ഫുലൈല വലൈല എന്ന അറബിക്കഥ വളരെ പ്രസിദ്ധമാണ്‌. ജനങ്ങളില്‍ അത്‌ നേടിയ സ്വാധീനം നിമിത്തമാണ്‌ നിരവധി ഭാഷകളിലേക്ക്‌ ആ പുസ്‌തകം വിവര്‍ത്തനം ചെയ്യപ്പെട്ടത്‌.

 എന്നാല്‍ ഇസ്‌ലാമിനെ പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതും അത്ഭുതകഥകളില്‍ കൂടിയല്ല. പ്രമാണങ്ങളുടെയും യുക്തിയുടെയും അടിസ്ഥാനങ്ങളിലായിരിക്കണം. ഐതിഹ്യങ്ങള്‍ക്ക്‌ ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ല. ഇത്തരം കെട്ടുകഥകളില്‍ നിന്ന്‌ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മോചിപ്പിക്കല്‍ പണ്ഡിതന്മാരുടെ ബാധ്യതയാണ്‌. മനുഷ്യര്‍ കെട്ടിയുണ്ടാക്കിയ ദുര്‍ബല കഥകള്‍ ചില ഉപദേശികളും വയളന്മാരായ കഥാകാരന്മാരും ജീവിതമാര്‍ഗമായി കാണുകയും അങ്ങനെ പൊതുജനങ്ങളെ കോരിത്തരിപ്പിക്കുന്ന കഥകള്‍ പറഞ്ഞു അവരുടെ സമ്പത്ത്‌ ചൂഷണം നടത്തുകയും ചെയ്യുന്ന സമ്പ്രദായം അടുത്ത കാലം വരെ നമ്മുടെ ഇടയിലുമുണ്ടായിരുന്നു. ഇത്തരം കഥകള്‍ പറഞ്ഞ്‌ ജനങ്ങളെയും അവരുടെ സമ്പത്തിനെയും വ ശീകരിക്കുന്ന പണ്ഡിതന്മാരെപ്പറ്റി ഇമാം സുയൂത്വി തന്റെ അത്തദ്‌രീബ്‌ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ``കെട്ടുകഥകള്‍ നിര്‍മിക്കുന്നവര്‍ വിവിധ തരക്കാരുണ്ട്‌. അതില്‍ ഒരു വിഭാഗം കഥകള്‍ പറഞ്ഞു പണം സമ്പാദിക്കുന്നവരും അത്‌ ഉപജീവനമാര്‍ഗമായി സ്വീകരിച്ചവരുമാണ്‌. ഉദാ: അബൂസഊദുല്‍ മദാഇനി' (അത്തദ്‌രീബ്‌ 1:286). ഇബ്‌നുസ്സലാഹ്‌ പറഞ്ഞു: ഹദീസ്‌ കെട്ടിച്ചമയ്‌ക്കുന്നവര്‍ പല വിഭാഗങ്ങളുണ്ട്‌. അവരില്‍ ഏറ്റവും അപകടകാരികള്‍ ഭൗതിക വിരക്തിയിലേക്ക്‌ ചേര്‍ക്കപ്പെട്ടവരാണ്‌. അവര്‍ ജനങ്ങളെ നന്നാക്കുന്നതില്‍ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട്‌ ഹദീസുകള്‍ കെട്ടിയുണ്ടാക്കി. അവര്‍ ജനങ്ങളില്‍ വിശ്വസ്‌തരായതു കൊണ്ടും ജനങ്ങള്‍ അവരെ ആശ്രയിക്കുന്നതു കൊണ്ടും ജനങ്ങള്‍ അതെല്ലാം സ്വീകരിച്ചുവന്നു. പിന്നീട്‌ പ്രഗത്ഭരായ ഹദീസ്‌ പണ്ഡിതന്മാര്‍ രംഗത്തുവരികയും അവര്‍ കേടുവരുത്തിയത്‌ വ്യക്തമാക്കുകയും അതിലെ ന്യൂനത മായ്‌ച്ചുകളയുകയും ചെയ്‌തു. (ഉലൂമുല്‍ ഹദീസ്‌ 213)

പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഫളാഇലുല്‍ അഅ്‌മാല്‍ എന്ന നിലക്ക്‌ ഇത്തരം ദുര്‍ബല കഥകള്‍ ഉദ്ധരിക്കുന്നത്‌ സൂക്ഷിക്കണം. ഇമാം ഹാഫിള്‌ബ്‌നു ഹജര്‍ പറഞ്ഞു: വിധിവിലക്കുകളിലും അമലുകളുടെ ശ്രേഷ്‌ഠതയിലും ഹദീസുകൊണ്ട്‌ അമല്‍ ചെയ്യല്‍ ഒരുപോലെയാണ്‌. ഇവയെല്ലാം ശരീഅത്ത്‌ നിയമങ്ങള്‍ തന്നെയാണ്‌. (തബ്‌യീനുല്‍ അജബ്‌ 26) ദുര്‍ബലമായ ഹദീസുദ്ധരിക്കുന്നവര്‍ തൗബ ചെയ്‌തു മടങ്ങണം എന്നാണ്‌ ഇമാം ദഹബിയുടെ അഭിപ്രായം. അത്‌ ഫളാഇലുല്‍ അഅ്‌മാലിലും മറ്റു ശരീഅത്ത്‌ നിയമങ്ങളിലും ഒരുപോലെ തന്നെയാണ്‌. ഇബ്‌നു അബീഹാതിം പറയുന്നു: എന്റെ പിതാവ്‌ മസ്‌റൂഹിനെ പറ്റി അദ്ദേഹത്തോട്‌ (ദഹബിയോട്‌) ചോദിക്കുകയും മസ്‌റൂഹിന്റെ ചില ഹദീസുകള്‍ അദ്ദേഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്‌തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ബാത്വിലായ ഹദീസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ തൗബ ചെയ്യണം. ഇത്‌ സൗരിയില്‍ നിന്ന്‌ ഉദ്ധരിച്ചിട്ടുണ്ട്‌. ഇമാം ദഹബി പറഞ്ഞു: അല്ലാഹുവിനെ തന്നെയാണ്‌ സത്യം. ഇത്‌ തന്നെയാണ്‌ സത്യം. സ്വഹീഹ്‌ അല്ലാത്ത ഹദീസ്‌ ഉദ്ധരിക്കുന്നവരെല്ലാം തൗബ ചെയ്യണം അല്ലെങ്കില്‍ (ദുര്‍ബലത) തുറന്നുകാട്ടണം (അല്‍മീസാന്‍ 4:97).

 എങ്ങനെ തൗബ ചെയ്യാതിരിക്കും? ഏറ്റവും സ്വഹീഹ്‌ ആയ മുതവാതിറിനോടടുത്തു നില്‌ക്കുന്ന ഹദീസില്‍ ഇങ്ങനെ വന്നിരിക്കുന്നു: സലമതുബ്‌നു അക്‌വഅ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു: നബി(സ) പറയുന്നത്‌ ഞാന്‍ കേട്ടു. ഞാന്‍ പറയാത്ത കാര്യം ഞാന്‍ പറഞ്ഞതായി ആരെങ്കിലും പറഞ്ഞാല്‍ അവന്‍ നരകത്തില്‍ ഒരു ഇരിപ്പിടം ഒരുക്കിവെക്കട്ടെ. (ബുഖാരി) ഇങ്ങനെ മുസ്‌ലിംകളില്‍ വളരെ പ്രചാരത്തിലുള്ളതും പണ്ഡിതന്മാര്‍ സാധാരണയായി ഉദ്ധരിക്കാറുള്ളതുമായ ചില കഥകളുടെ സ്ഥിതി നാം മനസ്സിലാക്കേണ്ടതുണ്ട്‌. സത്യങ്ങള്‍ മാത്രം മനസ്സിലാക്കിയാല്‍ പോരാ, അസത്യങ്ങളും മനസ്സിലാക്കണം. എന്നാല്‍ മാത്രമേ അതില്‍ നിന്ന്‌ മാറിനില്‌ക്കാന്‍ സാധിക്കുകയുള്ളൂ. ഹുദൈഫത്‌ബ്‌നുല്‍ യമാന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു: ജനങ്ങള്‍ റസൂലിനോട്‌(സ) നല്ല കാര്യങ്ങളെപ്പറ്റിയാണ്‌ ചോദിക്കാറ്‌. എന്നാല്‍ ഞാന്‍ ചീത്ത കാര്യങ്ങളെപ്പറ്റിയാണ്‌ ചോദിക്കാറുള്ളത്‌. കാരണം ഞാന്‍ അതില്‍ ചെന്നുവീഴാതിരിക്കാന്‍. (ബുഖാരി, മുസ്‌ലിം)

by എ അബ്‌ദുല്‍ഹമീദ്‌ മദീനി @ ശബാബ്