ദാരിദ്ര്യം നിമിത്തം സന്താനങ്ങളെ കൊല്ലരുത്‌

"ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്‌. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്‌". [അദ്ധ്യായം 6 അൻആം 151]

ദാരിദ്ര്യം നിമിത്തം സന്താനങ്ങളെ കൊല്ലരുത്‌. മനുഷ്യവധം തന്നെ ഒരു മഹാപാപം. അതു സ്വന്തം മക്കളെയാകുമ്പോൾ അതിന്റെ ക്രൂരത കൂടുതലാവുന്നു. അത്‌ ദാരിദ്ര്യഭയം നിമിത്തം കൂടിയാകുമ്പോഴോ?! സകല ജീവികൾക്കും ആഹാരം നൽകുന്നതാണെന്ന് അല്ലാഹു ഏറ്റിട്ടുള്ള ബാധ്യത അവൻ നിർവ്വഹിക്കുമെന്നതിലുള്ള വിശ്വാസക്കുറവ്‌, ആഹാരകാര്യങ്ങളുടെ നിയന്ത്രണമെല്ലാം തന്റെ കൈക്കു മാത്രമാണ് നടക്കുന്നതെന്ന മിഥ്യാബോധം, അല്ലാഹു നൽകുന്ന പരീക്ഷണങ്ങളിൽ ക്ഷമ കൈകൊള്ളുവാൻ തയ്യാറില്ലായ്മ, സ്വന്തം മക്കളെ കൊലപ്പെടുത്തിയിട്ടെങ്കിലും സ്വന്തം ജീവിതം സുഖകരമാക്കണമെന്നുള്ള ദുർമ്മോഹം ഇതൊക്കെയാണ് ഇതിന്റെ പിന്നിലുള്ള പ്രേരണകൾ. വാസ്തവത്തിൽ ആ വധിക്കപ്പെടുന്ന മക്കൾക്ക്‌ മാത്രമല്ല ആ ക്രൂരകൃത്യം ചെയ്യുന്ന മാതാപിതാക്കൾക്കു തന്നെയും ആഹാരം നൽകുന്നത്‌ അല്ലാഹുവാകുന്നു. ഒരുപക്ഷേ, ആ വധിക്കപ്പെട്ട കുട്ടി ജീവിച്ചിരുന്നെങ്കിലായിരിക്കും അവരുടെ ജീവിതം കൂടുതൽ ധന്യമായിത്തീരുക. നേരെമറിച്ച്‌ ആ കുട്ടിയെ വധിച്ചതിനു ശേഷം ദാരിദ്ര്യം കൂടുതൽ ഉണ്ടാകാനും സാധ്യതയുണ്ട്‌. ഇതൊക്കെയാണ് 'നാമത്രെ നിങ്ങൾക്കും അവർക്കും ആഹാരം നൽകുന്നത്‌ ' എന്ന ആയത്തിന്റെ സൂചനകൾ.

 ഇബ്നു മസ്‌ഊദ്‌ (റ) പറയുന്നു : പാപങ്ങളിൽ വെച്ച്‌ ഏറ്റവും വലിയ പാപം ഏതാണെന്ന് ഞാൻ നബി (സ)യോട്‌ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു : "നിന്നെ സൃഷ്ടിച്ചത്‌ അല്ലാഹുവായിരിക്കെ നീ അവന്നു സമന്മാരെ ഏർപ്പെടുത്തലാണ്". പിന്നെ ഏതാണെന്ന് ഞാൻ ചോദിച്ചു. അവിടുന്ന് പറഞ്ഞു : "നിന്റെ കുട്ടി നിന്നോടൊപ്പം ഭക്ഷണം കഴിക്കുന്നതിനെ ഭയന്ന് നീ അതിനെ കൊല ചെയ്യലാണ്". പിന്നെ ഏതാണെന്ന് ഞാൻ ചോദിച്ചു. അവിടുന്ന് പറഞ്ഞു : "നിന്റെ അയൽകാരന്റെ ഭാര്യയുമായി നീ വ്യഭിചാരത്തിൽ ഏർപ്പെടലാണ്" . പിന്നീടു നബി (സ) സൂറത്തു ഫുർഖാനിലെ 68ആം വചനം "അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും" ഓതി. [ബുഖാരി,മുസ്‌ലിം]

By മുഹമ്മദ്‌ അമാനി മൗലവി @ ഖുർആൻ വിവരണം