അധികാരവും ജനസേവനവും

ജനസേവനം ദൗത്യമായി പ്രവര്‍ത്തിക്കുന്ന എതൊരു ഭരണാധികാരിക്കും ജനങ്ങളോട് ഹൃദയബന്ധം നിലനിര്‍ത്താന്‍ കഴിയും. അത് അവരില്‍ നിന്നുള്ള അനുസരണമായും പ്രാര്‍ഥനയായും അയാള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും. നബി(സ) പറയുന്നു: ”നിങ്ങളുടെ നേതാക്കന്മാരില്‍ നല്ലവര്‍, നിങ്ങള്‍ സ്‌നേഹിക്കുകയും നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങള്‍ അവര്‍ക്കു വേണ്ടിയും അവര്‍ നിങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുകയും ചെയ്യുന്നവരാണ്. നിങ്ങളുടെ നേതാക്കന്മാരില്‍ മോശമായവര്‍, നിങ്ങള്‍ വെറുക്കുകയും നിങ്ങളെ വെറുക്കുകയും നിങ്ങള്‍ ശപിക്കുകയും നിങ്ങളെ ശപിക്കുകയും ചെയ്യുന്നവരാണ്.” (മുസ്‌ലിം).

തനിക്ക് ലഭിച്ച അധികാരം ദുരുപയോഗപ്പെടുത്തുകയോ അത് ഉപയോഗിച്ച് ആളുകള്‍ക്ക് പ്രയാസങ്ങളുണ്ടാക്കുകയോ ചെയ്യുന്നവര്‍ കരുതിയിരിക്കുക. നബിയുടെ പ്രാര്‍ഥന ഈ വിഷയത്തില്‍ ഗൗരവമേറിയതാണ്: ”അല്ലാഹുവേ, എന്റെ സമുദായത്തിന്റെ എന്തെങ്കിലും കാര്യം ഒരാള്‍ ഏറ്റെടുത്തിട്ട് അവരെ പ്രയാസപ്പെടുത്തിയാല്‍ അത്തരക്കാരെ നീയും പ്രയാസപ്പെടുത്തേണമേ. അവരുടെ കാര്യങ്ങള്‍ ഏറ്റെടുത്തവര്‍ അവരോട് സൗമ്യമായി വര്‍ത്തിക്കുകയാണെങ്കില്‍ നീയും അവരോട് സൗമ്യത കാണിക്കേണമേ.” (മുസ്‌ലിം).

അധികാരമേല്‍ക്കുന്നവര്‍ക്ക് ഉണ്ടാകേണ്ട ജനസേവന താല്പര്യം എങ്ങനെയായിരിക്കണമെന്ന് ഉമര്‍(റ) വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് കൂഫയിലേക്ക് അയക്കേണ്ട ഗവര്‍ണര്‍ ആരായിരിക്കണമെന്ന ചര്‍ച്ച നടന്നു. മുതിര്‍ന്ന സ്വഹാബിമാര്‍ പലരെയും നിര്‍ദേശിച്ചു. ഉമര്‍ അതൊന്നും അംഗീകരിച്ചില്ല. താങ്കള്‍ ആരെയാണ് കാണുന്നത്? അവര്‍ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി: ”ഞാനുദ്ദേശിക്കുന്ന വ്യക്തിക്ക് ഒരേയൊരു യോഗ്യത മാത്രമുണ്ടായാല്‍ മതി. ഭരണമേറ്റെടുത്ത് അയാള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, അവരില്‍ ഒരാളെപ്പോലെ കഴിയണം. ഭരണമില്ലാതെ അവര്‍ക്കിടയില്‍ കഴിയുമ്പോള്‍, അയാള്‍ ഒരു ഭരണാധികാരിയെപ്പോലെ പ്രവര്‍ത്തിക്കണം.”

സ്‌നേഹവും പ്രാര്‍ഥനയും പങ്കുവെച്ച് ഭരണാധികാരിയുടെയും ജനങ്ങളുടെയും ഇടയിലുള്ള ഇത്തരം ബന്ധങ്ങള്‍ നാട്ടിലുണ്ടാകുമ്പോഴാണ് ഭരണം ഫലപ്രദവും പ്രത്യുല്‍പന്നപരവുമാകുന്നത്. അധികാരമേറ്റെടുക്കുന്നതോടെ ജനങ്ങളുമായുള്ള ഇടപെടലുകളില്‍ സമൂല മാറ്റമുണ്ടാകേണ്ടതുണ്ട്. കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി സമഭാവത്തില്‍ ജനങ്ങളെ സമീപിക്കുമ്പോള്‍ മാത്രമേ തന്റെ ബാധ്യത പൂര്‍ണമായി നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ. ഓരോരുത്തര്‍ക്കും തന്നില്‍ നിന്ന് ലഭിക്കേണ്ട പരിഗണന എങ്ങനെയായിരിക്കണമെന്ന് ആദ്യകാല മുസ്‌ലിം ഭരണചരിത്രം വ്യക്തമാക്കുന്നുണ്ട്. ഉമര്‍ബിന്‍ അബ്ദുല്‍അസീസ്(റ) ഭരണമേറ്റെടുത്തപ്പോള്‍ തനിക്കാവശ്യമായ ഭരണ രൂപരേഖ നല്‍കാന്‍ സാലിം(റ)നോട് നിര്‍ദേശിച്ചു. അദ്ദേഹം പറഞ്ഞു: "താങ്കള്‍ ജനങ്ങളെ പിതാവിന്റെയും മകന്റെയും സഹോദരന്റെയും സ്ഥാനത്ത് കാണുക. പിതൃതുല്യരായുള്ളവരോട് പുണ്യം ചെയ്യുക. സഹോദരസ്ഥാനത്തുള്ളവര്‍ക്ക് സുരക്ഷ നല്‍കുക, മക്കളുടെ സ്ഥാനത്തുള്ളവരോട് കാരുണ്യവും വാത്സല്യവും പുലര്‍ത്തുക.” തന്റെ കൈകളിലെത്തുന്ന അധികാരം ഒരു ദിവസത്തേക്കാണെങ്കിലും അതിലൂടെ ജനങ്ങളെ കയ്യിലെടുക്കുന്ന സേവകനാകാന്‍ കഴിഞ്ഞാല്‍ ഭരണാധികാരികള്‍ അനശ്വരമായി ജനഹൃദയങ്ങളില്‍ ജീവിക്കും.

By ഡോ. ജമാലുദ്ദീന്‍ ഫാറൂഖി @ ശബാബ് വാരിക