ദൈവ പ്രീതിയിൽ സമ്പന്നനാവാം

"സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്‌. നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു. ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്ന പക്ഷം നാമവനെ നരകാഗ്നിയിലിട്ട് കരിക്കുന്നതാണ്‌. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു." [അദ്ധ്യായം 4 നിസാഅ് 29,30] 

വിശുദ്ധിയുടെ മതമാണ് ഇസ്‌ലാം. അല്ലാഹു പരിശുദ്ധനും വിശിഷ്ടമായതിനെ ഇഷ്ടപ്പെടുന്നവനുമാണ്. തന്റെ അടിമകളുടെ മനസ്സും ശരീരവും സമ്പത്തും ശുദ്ധമാവണമെന്ന് അല്ലാഹു ആവശ്യപ്പെടുന്നു. അതിനാൽ നിഷിദ്ധമാർഗ്ഗങ്ങളിലൂടെയുള്ള ധനസമ്പാദനത്തെ അവൻ നിരോധിച്ചിട്ടുണ്ട്‌. സത്യവിരുദ്ധവും മതനിയമത്തിൽ നിരുത്സാഹപ്പെടുത്തുന്നതുമായ എല്ലാ മാർഗ്ഗങ്ങളും നിഷിദ്ധ മാർഗ്ഗമാണ്. പരസ്പരം സംതൃപ്തമായ ക്രയവിക്രയങ്ങളിലൂടെ മാത്രമേ ഒരാളുടെ സമ്പത്ത്‌ മറ്റൊരാൾക്ക്‌ അനുവദനീയമാവുകയുള്ളൂ. കൂലി, ശമ്പളം, ദാനം, ലാഭം തുടങ്ങിയ രൂപത്തിൽ ഒരാൾക്ക്‌ മറ്റൊരാളിൽ നിന്ന് നിയമാനുസൃതമായ രീതിയിൽ ധനം ലഭിക്കാം. വാണിജ്യം, വ്യവസായം, തൊഴിൽ തുടങ്ങിയ ഇടപാടുകളിൽ ഒരാൾ ഇതരന്റെ ആവശ്യാർത്ഥം അധ്വാനിക്കുകയും ഇതരൻ ആ അധ്വാനത്തിനു പ്രതിഫലം നൽകുകയും ചെയ്യുന്നു. അതിനാൽ ഈ വിനിമയങ്ങൾ കച്ചവട ഇടപാടുകളുടെ പരിധിയിൽ വരുന്നു.

പരസ്പരം സംതൃപ്തി ഉണ്ടാകണമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമോ ചതിയോ ഈ ഇടപാടുകളിൽ കടന്നു വരരുത്‌. സ്ത്രീധനം, കൈക്കൂലി, പലിശ, കരിഞ്ചന്ത, മായം ചേർക്കൽ തുടങ്ങിയ ഇടപാടുകളിൽ പരസ്പര സംതൃപ്തി ഇല്ല. ചില നിർബന്ധിതാവസ്ഥകളാണവയ്ക്ക്‌ പിന്നിലുള്ളത്‌. ചൂതാട്ടം, ലോട്ടറി തുടങ്ങിയവയിലും ചിലരുടെ വ്യാമോഹങ്ങളും മറ്റു ചിലരുടെ മോഹഭംഗങ്ങളുമാണ് പ്രവർത്തിക്കുന്നത്‌. അതിനാൽ സുതാര്യവും നിയമാനുസൃതവുമല്ലാത്ത എല്ലാ ഇടപാടുകളും കുറ്റാർഹമാണ്. താൽക്കാലിക നേട്ടത്തിനു വേണ്ടി വളഞ്ഞ മാർഗ്ഗത്തിലൂടെ ധനം കൈക്കലാക്കുന്നവർ തങ്ങളെതന്നെ കൊന്ന് കളയുകയാണ് ചെയ്യുന്നത്‌. അഥവാ തങ്ങളുടെ ഭാവി അവർ അപകടത്തിലാക്കുന്നു. എന്നാൽ ഒരു വിശ്വാസി ഒരിക്കലും സ്വയം മരിക്കുന്നവനും മറ്റുള്ളവരെ കൊല്ലുന്നവനും ആവരുത്‌. അറിഞ്ഞുകൊണ്ട്‌ അപകടത്തിൽ പോയി ചാടുന്നവനാകരുത്‌ വിശ്വാസി. പരസ്പര സംതൃപ്തിയില്ലാത്ത ഇടപാടുകളിലൂടെ അവൻ എത്തിച്ചേരുന്നത്‌ കത്തിയാളുന്ന നരകാഗ്നിയിലായിരിക്കും.

നമ്മുടെ ഭാവി അപകടം നിറഞ്ഞതാവാതിരിക്കാൻ കാരുണ്യവാനായ അല്ലാഹു ഇക്കാര്യം നമ്മെ ഓർമ്മപ്പെടുത്തുന്നു. കാര്യങ്ങൾ മനസ്സിലായിട്ടും അന്യായമായ പാത പിന്തുടർന്ന് ഹറാം തീനികളായി മുന്നോട്ട്‌ പോയാൽ കല്ലും മനുഷ്യരും ഇന്ധനമായ നരകാഗ്നിയാണ് അവരുടെ സങ്കേതം. എല്ലാം സൃഷ്ടിച്ച്‌ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന സർവ്വശക്തനായ അല്ലാഹുവിന് ധിക്കാരികളെ ശിക്ഷിക്കുന്നത്‌ ഒട്ടും പ്രയാസമുള്ള കാര്യമല്ല എന്നോർക്കുക.

 by അബ്ദു സലഫി @ പുടവ മാസിക