വ്രതം: പകരമാകില്ല, മറ്റൊന്നും

റമസാനിലെ വ്രതാനുഷ്ഠാനത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ല. പ്രവാചകാനുചരൻ അബൂഉമാമ ഒരിക്കൽ ചോദിച്ചു:‘പ്രവാചകരേ! എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന ഒരു കർമം പറഞ്ഞു തരൂ’. പ്രവാചകൻ:‘നീ വ്രതമനുഷ്ഠിക്കുക, അതിന് തുല്യമായി മാറ്റൊന്നില്ല’. അനുചരൻ വീണ്ടും: ‘മറ്റൊരു കർമം പറഞ്ഞു തരൂ’. പ്രവാചകൻ: ‘നോമ്പെടുക്കൂ അതിനെക്കാൾ നല്ലതൊന്ന് വേറെയില്ല’. അനുചരൻ: ‘മറ്റൊന്നു കൂടി പറഞ്ഞു തരൂ’. മൂന്നാമതും പ്രവാചകൻ ആവർത്തിച്ചു: ‘വ്രതമനുഷ്ഠിക്കൂ, അതിന് പകരം വയ്ക്കാൻ മറ്റൊന്നില്ല’. ഇതാണ് വ്രതാനുഷ്ഠാനത്തിന്റെ മഹത്വം.

മറ്റാർക്കും കണ്ടെത്താനാവാത്ത വിധം കുറ്റകൃത്യങ്ങൾ സ്വകാര്യവത്കരിക്കപ്പെട്ട ലോകമാണ് നമ്മുടേത്. സ്വകാര്യതകളിലെ പോരായ്മകൾ മറച്ചുപിടിച്ച് മറ്റൊരു മുഖവുമായാണ് മനുഷ്യരിലധികവും പുറത്തിറങ്ങുന്നത്. ഏത് ദുർമോഹവും നിമിഷവേഗം കൊണ്ട് കൈവരിക്കാനും എത്രയും നിഗൂഢമാക്കാനും വളരെ എളുപ്പം. ചീഞ്ഞുനാറുന്ന പാപങ്ങളുടെ സ്വകാര്യലോകത്തെയാണ് റമസാൻ കാര്യമായി ചികിത്സിക്കുന്നത്. അവിടെയുള്ള അഴുക്കിനെ അകറ്റുകയും ശീലങ്ങളെ മാറ്റുകയും മോഹങ്ങളെ മെരുക്കുകയും ചെയ്തുകൊണ്ട് അകവും പുറവും ശുദ്ധമാക്കി പൂർണവിശുദ്ധിയോടെ ജീവിക്കാൻ പരിശീലിപ്പിക്കുന്നു. ഭക്തിയും ശുദ്ധിയും പരസ്യമെന്നതിലേറെ രഹസ്യമാണല്ലോ! അതാണ് വ്രതാനുഷ്ഠാനത്തിന്റെ അന്തസ്സാരവും ചൈതന്യവും.

‘നന്മ ചെയ്യുക, പ്രചരിപ്പിക്കുക; തിന്മ വർജിക്കുക, അത് പ്രതിരോധിക്കുക’ എന്നതാണ് ഇസ്‌ലാമിക ആശയങ്ങളുടെ ആകെത്തുക. തിന്മ ഉപേക്ഷിക്കുന്നതിനെക്കാൾ എളുപ്പമാണ് നന്മ ചെയ്യൽ. ആരാധനാ കർമങ്ങൾ, ദാനധർമങ്ങൾ, ഖുർആൻ പാരായണം, രോഗികളെ സന്ദർശിക്കൽ തുടങ്ങിയവയെല്ലാം എളുപ്പമാണ്. അത്ര എളുപ്പമല്ല, നാവിനെ സൂക്ഷിക്കലും കണ്ണിനെ നിയന്ത്രിക്കലും കോപം അടക്കലും. ഇതിനു കൂടുതൽ അധ്വാനവും ശ്രമവും ആവശ്യമാണ്. അനുവദനീയമായ ഭക്ഷണവും പാനീയങ്ങളും പോലും നിശ്ചിത സമയത്തേക്കു വേണ്ടെന്നുവച്ച് ശക്തമായ പരിശീലനം നൽകി, നിഷിദ്ധമായതിലേക്ക് അടുക്കാതിരിക്കുവാനുള്ള വഴിയൊരുക്കുകയാണ് റമസാൻ വ്രതം.

 by എം.സ്വലാഹുദ്ദീൻ മദനി @ മനോരമ ദിനപത്രം