ദൗത്യം ഓഡിറ്റ് ചെയ്യുക

വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ച യുവതയുടെ ചരിത്രങ്ങളില്‍ ധാരാളം സമാനതകള്‍ കാണാം. തിന്മകള്‍ക്കെതിരില്‍ ചോദ്യങ്ങളുയര്‍ത്തി, നന്മയുടെ പക്ഷത്ത് ആത്മാര്‍പ്പണം ചെയ്ത ആദര്‍ശയൗവനത്തിന്റെ ചരിത്രമാണത്. അവര്‍ ചോദ്യം ചെയ്തത് സാധാരണക്കാരെയോ അബലരെയോ അല്ല, ജീവിച്ചുവളരുന്ന നാട്ടിലെ രാജാക്കന്മാരെയായിരുന്നു. തഖ്‌യാനൂസ് രാജാവും നുംറൂദും. ഇടര്‍ച്ചയോ പതര്‍ച്ചയോ ഇല്ലാതെ കഹ്ഫിലെ യുവാക്കളും യുവാവായ ഇബ്‌റാഹീം നബി(അ)യും അചഞ്ചലമായി പോരാടി. ഇത്തരം സംഭവങ്ങളെ പരിചയപ്പെടുത്തുന്ന ഖുര്‍ആനിക ശൈലിയും ചിന്തോദ്ദീപകമാണ്. ശിര്‍ക്കിനെതിരില്‍ പോരാടിയ മഹാന്മാരുടെ പേരുകള്‍ക്ക് പകരം ദൗത്യനിര്‍വഹണ സന്ദര്‍ഭമാണ് അവരിലേക്ക് ചേര്‍ത്തുവെച്ചത്. സമിഅ്‌നാ ഫതന്‍ (21:60) ഒരു യുവാവിനെ ഞങ്ങള്‍ കേട്ടു പരിചയിച്ചിട്ടുണ്ട്. ഇന്ന ഹും ഫിത്‌യതുന്‍ (18:10) 'അവര്‍ യുവാക്കളായിരുന്നു.' മനുഷ്യായുസ്സിലെ വിവിധ ഘട്ടങ്ങളിലെ 'ദൗത്യ'ത്തെ അങ്ങനെ ക്രിയാത്മകമാക്കണമെന്ന സാമൂഹ്യബോധനം കൂടി ഈ പ്രഖ്യാപനങ്ങളിലുണ്ട്. യുവത്വം കരുത്തുള്ളതാണ്. ശരീരത്തിനും മനസ്സിനും ആര്‍ജവം നല്കുന്നതാണ് (30:54). അതിനാല്‍ അവര്‍ ചോദ്യങ്ങളുന്നയിച്ചു. രാജാവിനോടുള്ള ചോദ്യം പക്ഷേ, ആത്യന്തികമായി തങ്ങളോട് തന്നെയായിരുന്നു. ദൗത്യനിര്‍വഹണത്തിന്റെ വീര്യം ചോരാതിരിക്കാന്‍ ആവര്‍ത്തിച്ച് ചോദ്യം ചെയ്തുകൊണ്ടിരുന്നു. സൃഷ്ടി പൂജക്കെതിരില്‍, വിഗ്രഹാരാധനക്കെതിരില്‍ ഏകദൈവ വിശ്വാസം പ്രബോധനം ചെയ്യുകയെന്ന ദൗത്യ നിര്‍വഹണത്തെ നിര്‍ഭയം നിര്‍വഹിക്കുകയായിരുന്നു. അതാണ് മാതൃകയും. (5:54, 33:39)

സാമ്പത്തിക വിനിമയ രംഗത്ത് ഓഡിറ്റിംഗ് സര്‍വസാധാരണമാണ്. അവയുടെ കൃത്യതക്കും കണിശതക്കും നാം ശ്രദ്ധിക്കാറുണ്ട്. സ്വജീവിതത്തിലും ഒരു പരിധി വരെ സാമ്പത്തിക ചിട്ടയും ക്രമീകരണവും വരുത്തുന്നവരാണ് നമ്മില്‍ അധിക പേരും. ദൈനംദിന കാര്യങ്ങള്‍ രേഖപ്പെടുത്തുന്നവരും കുറവല്ല. എന്നാല്‍ യഥാര്‍ഥത്തില്‍ നമ്മുടെ ജയാപചയങ്ങളെ ആത്യന്തികമായി നിശ്ചയിക്കുന്ന 'ദൗത്യ'ത്തെ ആരാണ് ഓഡിറ്റ് ചെയ്തിട്ടുള്ളത്? 'പരലോക വിചാരണക്ക് മുന്‍പ് സ്വയം വിചാരം വേണം' എന്നതിന്റെ താല്പര്യമാണ് ഇത്. മൂല്യനിര്‍ണയവും സംശോധനയും അപഗ്രഥനങ്ങളും ശാസ്ത്രീയമായി പുരോഗതി പ്രാപിച്ച കാലത്തും നാം ഇക്കാര്യത്തില്‍ അലസത പുലര്‍ത്തുന്നു. നാഥന്‍ നമ്മെ ഏല്പിച്ചതും (22:78) നാം ഏറ്റെടുത്തതുമായ ദൗത്യങ്ങളുടെ കോളവും നിര്‍വഹണത്തിന്റെ കോളവും പരസ്പരം പൊരുത്തമുള്ളതാണോ? എന്തെങ്കിലും ചെയ്തതിലെ ആശ്വാസമല്ല, ചെയ്യാവുന്നത് നിര്‍വഹിച്ചിട്ടുണ്ടോ എന്ന ആകുലതയാണ് ഒരു യുവാവില്‍ ഉണ്ടാകേണ്ടത്. 'ഇത്രയെങ്കിലും ആയല്ലോ' എന്ന അലസ യുക്തിയല്ല. 'ഞാന്‍ എന്ത് ചെയ്തു എന്നതല്ല, എനിക്ക് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമായിരുന്നു' എന്ന് തിരിച്ചറിയണം. 'അടങ്ങിയിരുന്ന് ആരാധനയില്‍ മുഴുകി ജീവിക്കുന്നവനല്ല, സമൂഹത്തിന്റെ തുടിപ്പുകളിലേക്ക് പകലന്തികളില്‍ പോരാടി ജയിക്കുന്നവനാണ് ശരിയായ വിശ്വാസി' (ബുഖാരി) എന്ന നബി വചനം നമ്മെ ഉള്ളുണര്‍ത്തേണ്ടതുണ്ട്. ഒരു മാസത്തെ ഇഅ്തികാഫിനെക്കാള്‍ പുണ്യകരമായത് ആവശ്യം തേടിവരുന്നവന്റെ സഹായിയായി പുറപ്പെടലാണെന്ന ഇബ്‌നുഅബ്ബാസിന്റെ(റ) വാക്കുകള്‍ആദര്‍ശ പ്രവര്‍ത്തകര്‍ക്ക് കരുത്തുപകരുന്നു. മതജീവിതത്തില്‍ മാതൃകയാവുന്നതോടൊപ്പം ദൗത്യങ്ങള്‍ക്ക് 'ജീവന്‍' നല്കുമ്പോഴാണ് ആദര്‍ശയൗവനം സാര്‍ഥകമാവുന്നത് (7:157). ചുറ്റുപാടുകള്‍ പരിശോധിക്കുക. നമ്മുടെ ഇടം നമുക്കവിടങ്ങളില്‍ കാണാം. മതത്തിന്റെ മഹിത സന്ദേശം ഗുണകാംക്ഷയോടെ കൈമാറേണ്ടവര്‍, ഇസ്‌ലാമിന്റെ കര്‍മതലം സജീവമാക്കേണ്ടത്, ആത്മീയതയെ 'നാട്ടുവൈദ്യമാക്കി' മതത്തെ മലിനപ്പെടുത്തിയവര്‍, പരിരക്ഷ തേടുന്ന പരിസ്ഥിതി, തണലേകേണ്ട അശരണര്‍, കൈത്താങ്ങാവേണ്ട അനാഥര്‍... നീയും നിന്റെ കുടുംബവും.

സുഹൃത്തേ നമ്മുടെ ദൗത്യമേഖല ചെറുതല്ല. ക്ഷുഭിത യൗവ്വനം, സമരോത്സുക യൗവ്വനം എന്നൊന്നും ഇന്ന് ആരേയും വിശേഷിപ്പിക്കാനാവുന്നില്ല. 'വിരല്‍ മുറിച്ച്' സത്യത്തിന്റെ പക്ഷത്ത് നില്ക്കുന്നത് പോയിട്ട് വിരലുയര്‍ത്താന്‍ പോലും വാക്കുകള്‍ മുന്നോട്ട് വരുന്നില്ല. സ്മാര്‍ട്ട് ഫോണില്‍ തള്ളവിരല്‍ കൊണ്ട് അക്ഷരങ്ങള്‍ അടുക്കി 'ചാറ്റു'മ്പോള്‍ താന്‍ ബോധപൂര്‍വം മടക്കി പൂഴ്ത്തി വെച്ചത് ഉശിരുള്ള തന്റെ 'ചൂണ്ടുവിരലാ'ണെന്ന് നാം നാം മറക്കുന്നു! ദൗത്യം ഓഡിറ്റ് ചെയ്യുമ്പോഴാണ് ചോദ്യങ്ങള്‍ ജനിക്കുന്നത്. തന്നോടും സമൂഹത്തോടും കുറേ ചോദ്യങ്ങള്‍. ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് എന്റെ 'ദൗത്യം'. ഇരുട്ടുകള്‍ അടിസ്ഥാനമില്ലാത്തതാണത്. പ്രകാശം പരക്കുമ്പോള്‍ വിട്ടൊഴിയുന്ന പ്രതിഭാസം. ആ പ്രകാശമാണ് നെഞ്ചിലേറ്റേണ്ടത് (7:157). 'വത്തബഉന്നൂറല്ലദീ ഉന്‍സില മഅഹു'.. കൂര്‍പ്പിക്കും തോറും മുനയൊടിയാത്ത അകക്കാമ്പുള്ള പെന്‍സിലുപോലെ, കട്ടപിടിച്ച തിന്മയുടെ ഇരുട്ടുകള്‍ക്കെതിരില്‍ മുനയൊടിയാത്ത ആദര്‍ശവുമായി പൊരുതുക. അതാണ് യുവത്വം.

By  ജാബിര്‍ അമാനി @ ശബാബ് വാരിക