വിശ്വമാനവികതയുടെ ഓർമപ്പെരുന്നാൾ

മക്കയിൽ വിശുദ്ധ ഹജ്ജ്കർമം നടക്കുമ്പോൾ ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾ ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. വിശ്വമാനവികതയുടെയും സമസൃഷ്ടിസ്നേഹത്തിന്റെയും പ്രതീകമായ ഹജ്ജിനോടുള്ള ഐക്യദാർഢ്യം പെരുന്നാളാഘോഷത്തിൽ ദൃശ്യമാണ്. മനുഷ്യമനസ്സുകളെ കൂട്ടിയിണക്കാനും അവർക്കിടയിൽ സൗഹാർദവും സ്നേഹവും വളർത്തിയെടുക്കാനും വേണ്ടിയാണല്ലോ നാം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. എല്ലാ മതവിഭാഗങ്ങൾക്കും അവരുടേതായ ആഘോഷങ്ങളും ഉത്സവങ്ങളുമുണ്ട്. അവയെല്ലാം ചില ചരിത്രങ്ങളും ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും. ഹജ്ജും ബലിപെരുന്നാളും ചരിത്രപുരുഷനായ ഇബ്രാഹീം നബിയുടെ ജാജ്ജ്വലമായ ത്യാഗജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. മാനവരാശിയെ സന്മാർഗത്തിലേക്ക് നയിക്കാനായി എല്ലാ സമൂഹത്തിലേക്കും പ്രവാചകന്മാർ വന്നിട്ടുണ്ടെന്ന് ഖുറാൻ ഒന്നിലധികം സ്ഥലങ്ങളിൽ പറഞ്ഞിട്ടുണ്ട്. ആ പ്രവാചകന്മാരിൽ പ്രമുഖനാണ് ഇബ്രാഹീം അഥവാ അബ്രഹാം. അബ്രഹാംപ്രവാചകനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് യഹൂദരും ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും. മോശയും യേശുവും മുഹമ്മദും ഒരുപോലെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന മാതൃകാപുരുഷനാണ് ഇബ്രാഹീംനബി.

ഇബ്രാഹീം ഒരു പ്രസ്ഥാനമായിരുന്നുവെന്നും ലോകജനതയുടെ നേതാവായിരുന്നുവെന്നുമുള്ള ഖുറാനിന്റെ പ്രസ്താവന അബ്രഹാമിന്റെ അനുയായികളെന്നവകാശപ്പെടുന്ന വിവിധ മതവിഭാഗങ്ങൾക്കിടയിൽ സാഹോദര്യത്തിന്റെ സന്ദേശം പരത്തുമെന്നതുറപ്പാണ്. ഇബ്രാഹീമിനോട് പുത്രബലി നടത്തി ദൈവത്തിന്‌ സമർപ്പണം കാണിക്കാൻ പറഞ്ഞ സംഭവം ബലിപെരുന്നാളിന്റെ ആത്മാവും സത്തയുമായി വേണം മനസ്സിലാക്കാൻ. ബലിമൃഗത്തിന്റെ മാംസവും രക്തവുമല്ല, മറിച്ച് മനുഷ്യമനസ്സിലെ സൂക്ഷ്മതാബോധമാണ് ദൈവത്തിലേക്കെത്തുകയെന്നും ഖുറാൻ പറഞ്ഞിട്ടുണ്ട്. എല്ലാ സമൂഹങ്ങളിലും പ്രവാചകന്മാർ വന്നിട്ടുണ്ടെന്ന ഖുറാനിന്റെ പരാമർശം സഹസ്രാബ്ദങ്ങളുടെ ചരിത്രപാരമ്പര്യമുള്ള ഭാരതത്തിലും പ്രവാചകന്മാർ വന്നിട്ടുണ്ടാകുമെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. നോഹ (നൂഹ്) പ്രവാചകന്റെ പുത്രൻ യാഷിദ് കിഴക്കൻ രാജ്യത്തേക്ക് യാത്രപോയെന്നും ചരിത്രത്തിന്റെ പിൻബലത്തിൽ ഇന്ത്യയിലെ പ്രാചീനസമൂഹമായ ദ്രാവിഡന്മാർ യാഷിദിന്റെ സന്തതികളായിരിക്കുമെന്നും പല ചരിത്രപണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ബ്രാഹ്‌മണർ അബ്രഹാമിന്റെ പരമ്പരയിൽപ്പെട്ടവരാണെന്നും ചില പണ്ഡിതന്മാർ നിരീക്ഷിക്കുന്നുണ്ട്.

ഏകദൈവവിശ്വാസം, പരലോകവിശ്വാസം, ധർമനിഷ്ഠ എന്നിവയിലൂന്നിനിൽക്കുന്ന എല്ലാ വേദഗ്രന്ഥങ്ങളും ദൈവികമായിരിക്കുമെന്നതിനാൽ ഭാരതീയ തത്ത്വശാസ്ത്രങ്ങളുടെ അടിസ്ഥാനസിദ്ധാന്തങ്ങളും സെമിറ്റിക് മതഗ്രന്ഥങ്ങളും ഒരേ സ്രോതസ്സിൽനിന്നുള്ള പ്രകാശകിരണങ്ങളായിവേണം മനസ്സിലാക്കാൻ. മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ കലഹിക്കുന്ന സമൂഹങ്ങൾ പ്രവാചകദൗത്യത്തിന്റെ ഈ ഐകരൂപ്യം അറിഞ്ഞേ മതിയാവൂ. മതാന്ധതയാൽ ഭീകരതയിലേക്കും തീവ്രവാദത്തിലേക്കും തിരിയുന്നവർ മനസ്സിലാക്കണം, മതം ഒരിക്കലും സംഘർഷത്തിനു കൂട്ടുനിൽക്കുകയില്ലെന്നും മതം സമന്വയത്തിന്റെ പാതയാണ്‌ ആഗ്രഹിക്കുന്നതെന്നും.

ഇബ്രാഹീം, ഭാര്യ ഹാജറ, മകൻ ഇസ്മാഈൽ ഈ മൂന്നു മഹാന്മാരുടെയും ജീവിതത്തിന്റെ തിളങ്ങുന്ന ചിത്രങ്ങൾ ഹജ്ജിലും പെരുന്നാളിലുമുടനീളം കാണാം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഹാജിമാരുടെ അറഫാസംഗമം. ക്രിസ്‌ത്വബ്ധം 623 മാർച്ച് 6-ന് വെള്ളിയാഴ്ച (ഹിജ്റ 632 ദുൽഹജ്ജ് 9) മുഹമ്മദ് നബിയുടെ ചരിത്രപ്രസിദ്ധമായ അവസാന പ്രഭാഷണം നടന്നത് മക്കയിലെ അറഫാ മൈതാനത്തുവെച്ചാണ്. അന്ന് ഒരു ലക്ഷത്തോളംവരുന്ന തീർഥാടകർ അവിടെ ധ്യാനനിരതരായി സമ്മേളിച്ചിട്ടുണ്ടായിരുന്നു. മനുഷ്യസമൂഹത്തെ അഭിസംബോധനചെയ്തുകൊണ്ട് നബി ആരംഭിച്ചു. ‘‘മനുഷ്യരെല്ലാം ആദ്യപിതാവായ ആദമിന്റെ മക്കളാണ് ആദമാകട്ടെ മണ്ണിൽനിന്നു സൃഷ്ടിക്കപ്പെട്ടൻ, അതിനാൽ അറിയുക. ഒരു അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല’’. മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന എല്ലാവിധ വിവേചനങ്ങളെയും ഉച്ചനീചത്വങ്ങളെയും വിപാടനം ചെയ്യാനുള്ള ശക്തമായ ആഹ്വാനമായിരുന്നു ആ പ്രഖ്യാപനം. ജാതി-മത-വർണ-വർഗ വ്യത്യാസങ്ങളുടെ പേരിൽ മനുഷ്യർ പരസ്പരം കലഹിക്കുന്ന സമകാലീന സമൂഹത്തിൽ മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ സന്തതികളാണെന്ന പ്രഖ്യാപനത്തിന് വലിയ പ്രസക്തിയുണ്ട്. വസുധൈവകുടുംബകമെന്ന ഭാരതീയദർശനത്തിന്റെ ആശയംതന്നെയായിരുന്നു അത്. പരസ്പരസ്നേഹവും ബഹുമാനവും വിട്ടുവീഴ്ചയുമാണല്ലോ ഭദ്രമായ സാമൂഹികജീവിതത്തിന്റെ ആണിക്കല്ലുകൾ. അതുകൊണ്ടുതന്നെ എല്ലാവരും ഒരുമയിൽ കഴിയണമെന്നും പരസ്പരം കഴുത്തറുക്കുന്ന സാഹചര്യമുണ്ടാകരുതെന്നും നബി അനുചരന്മാരെ ഉണർത്തിയിരുന്നു. 

എല്ലാവിധ ചൂഷണത്തിന്റെയും മാർഗങ്ങളെ എരിച്ചുകളയാനുള്ള സന്ദേശമായിരുന്നു ആ മഹാപ്രഭാഷണത്തിൽ നിറഞ്ഞുനിന്നിരുന്നത്. കടംവാങ്ങുന്ന പാവങ്ങളെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന പലിശ നിരോധിക്കുകയായിരുന്നു നബി. ‘‘ഇന്നിവിടെവെച്ച് ഞാനിതാ പലിശയിടപാടുകൾ ചവിട്ടിത്താഴ്ത്തുന്നു. ഇനി ആരും പലിശവാങ്ങരുത്‌, കൊടുക്കരുത്.’’ ആ പ്രഖ്യാപനം അപ്പോൾത്തന്നെ നടപ്പാക്കുകയായിരുന്നു അദ്ദേഹം. ഇതൊരു അപ്രായോഗികമായ കല്പനയായിരുന്നില്ല. നബിയുടെ കുടുംബക്കാർക്ക് കിട്ടേണ്ട പലിശ ഇനി ആരും നൽകേണ്ടതില്ലെന്ന പ്രഖ്യാപനത്തിലൂടെ അദ്ദേഹമത് നടപ്പാക്കി. ദൈവത്തിനും മനുഷ്യർക്കുമിടയിൽ ഉയർന്നുവരുന്ന ഇടത്തട്ടുകേന്ദ്രങ്ങൾക്കെതിരെയുള്ള ശക്തമായ നിലപാടും നബി പ്രഖ്യാപിച്ചു. ചൂഷകരായ ആൾദൈവങ്ങളും ദിവ്യന്മാരുമില്ലാത്ത കൃത്യവും വ്യക്തവുമായ വിശ്വാസമായ തൗഹീദിന്റെ നാനാവശങ്ങളും തന്റെ പ്രഭാഷണങ്ങളിൽ അദ്ദേഹം ഉൾപ്പെടുത്തി. സ്രഷ്ടാവായ ദൈവമല്ലാതെ ആരാധ്യനില്ലാ എന്ന വിളംബരത്തിലൂടെ വിശ്വാസത്തിന്റെ പേരിലുള്ള സർവചൂഷണങ്ങളും അവസാനിപ്പിക്കാനും കേവലം ഇരുപത്തിമൂന്ന് വർഷക്കാലംകൊണ്ട് നബിക്ക് സാധിച്ചു.

 തൊഴിലാളികളോടും അടിമകളോടുമുള്ള മാന്യമായ പെരുമാറ്റവും ആ പ്രഭാഷണത്തിൽ വിഷയീഭവിച്ചു. ആറാം നൂറ്റാണ്ടിലെ വലിയൊരു സാമൂഹികപ്രശ്നമായിരുന്ന അടിമവ്യവസ്ഥ ഘട്ടംഘട്ടമായി ഇല്ലായ്മചെയ്യാൻ പ്രവാചകന്റെ ക്രമപ്രവൃദ്ധമായ പ്രവർത്തനങ്ങളാൽ സാധ്യമായി. അടിമകളെ മോചിപ്പിക്കാൻ ഉപദേശിക്കുക മാത്രമല്ല വിവിധ കുറ്റങ്ങൾക്ക് പ്രായശ്ചിത്തമായി അടിമമോചനം നിർബ ന്ധമാക്കി. അടിമമോചനം വലിയ പുണ്യകർമമായി വിളംബരംചെയ്തു. അതോടെ നിരവധി അടിമകൾ സ്വതന്ത്രരായി. പിന്നെയും അവശേഷിച്ച അടിമകൾക്ക് മറ്റുള്ളവരെപ്പോലെയുള്ള മനുഷ്യാവശ്യങ്ങൾ ഉറപ്പുവരുത്തി. അടിമകൾ നമ്മുടെ സഹോദരന്മാരാണെന്നും അവരെ കൂടെയിരുത്തി ആഹാരം കഴിക്കണമെന്നും നബി ഉപദേശിച്ചു. ലോകത്തുനടന്ന ഏറ്റവും വലിയ പന്തിഭോജനവും അടിമത്ത വിമോചനപ്രഖ്യാപനവുമായിരുന്നു അത്. തൊഴിലാളിയുടെ വേതനം അവന്റെ വിയർപ്പുവറ്റുന്നതിനുമുമ്പായി നൽകണമെന്നു പഠിപ്പിച്ച മുഹമ്മദ് നബി ക്രമേണ തൊഴിലാളികൾക്കും കഷ്ടപ്പെടുന്നവർക്കും ഏറെ പ്രിയപ്പെട്ടവനായിത്തീർന്നു.

 ഹജ്ജ് കർമത്തിന്റെ വലിയൊരു പ്രത്യേകതയാണ് അതിൽ പ്രകടമായിക്കാണുന്ന സ്ത്രീസാന്നിധ്യം. എക്കാലത്തും ഹജ്ജിൽ സ്ത്രീകളുണ്ട്. മുസ്‌ലിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മക്ക, മദീന, ജറുസലേം പള്ളികളിൽ പണ്ടുമുതലേ സ്ത്രീകൾക്കും രാപകൽ പ്രവേശനവും ആരാധനയ്ക്കുള്ള അനുവാദവുമുണ്ട്. അറഫയിൽ കൂടിയ സ്ത്രീകളുടെ സാന്നിധ്യത്തിൽ പുരുഷന്മാരെ നബി ഓർമിപ്പിച്ചു. ‘‘സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ ദൈവത്തെ സൂക്ഷിക്കുക’’ എന്ന്. മരണസമയത്ത് നബിനൽകിയ ഉപദേശത്തിലും സ്ത്രീകളുടെ അവകാശവും സ്ത്രീസുരക്ഷയും ഓർമിപ്പിച്ചിട്ടുണ്ട്. സ്ത്രീസുരക്ഷയ്ക്ക് പുരുഷന്മാർ മാന്യന്മാരാവുകയല്ലാതെ വേറെ എളുപ്പമാർഗമൊന്നുമില്ലെന്ന ആശയമാണ് പ്രസ്തുത നബിവചനത്തിൽ കാണുന്നത്.

മാനവികൈക്യവും സമസൃഷ്ടിസ്നേഹവും വിളിച്ചോതുന്ന അറഫാസംഗമം സമത്വത്തിന്റെ വിളംബരംകൂടിയാണ്. ഉന്നതനും താഴ്ന്നവനുമെന്ന വ്യത്യാസമില്ലാതെയാണ് മുപ്പത് ലക്ഷത്തോളം തീർഥാടകർ ഹജ്ജ്‌വേളയിൽ അറഫയിൽ സമ്മേളിക്കുന്നത്. ഒരേവേഷമാണെല്ലാവർക്കും. ആർക്കും സ്ഥിരതാമസം സാധ്യമല്ലാത്ത ഈ ഭൂമിയിൽ ഒരു യാത്രക്കാരനെപ്പോലെ താത്‌കാലിക തമ്പുകളിലാണ് അറഫയിലും മിനായിലും ഹാജിമാർ കഴിഞ്ഞുകൂടുന്നത്. മുസ്‌ദലിഫയിൽ രാപാർക്കുന്നത് വെറും മണൽപ്പരപ്പിൽ, മുകളിൽ ഒരു മറയുമില്ലാതെ വിശാലമായ ആകാശത്തിന്റെ ചുവട്ടിലാണ് ആ ഒരു രാത്രി മുഴുവൻ വിശ്വാസികൾ അവിടെ താമസിക്കുന്നത്. എല്ലാവരും ദൈവത്തിന്റെ സ്തുതിഗീതങ്ങൾ വാഴ്ത്തുന്നു. പ്രാർഥിക്കുന്നു. ലാളിത്യവും വിനയവുമാണ് ഹജ്ജ് വേളയിലെ ഈ പ്രത്യേക ജീവിതരീതിയിൽനിന്നു നേടിയെടുക്കാവുന്ന സദ്ഗുണങ്ങൾ. വർഗവർണഭാഷാ വ്യത്യാസങ്ങളില്ലാതെ മനുഷ്യരൊന്നാണെന്ന യാഥാർഥ്യം അനുഭവിച്ചറിയുകയാണവർ ഹജ്ജിന്റെ രാപലുകളിൽ. ഉള്ളത് പങ്കുവെച്ചും പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ഒന്നിച്ചുകഴിയുന്ന ദിനരാത്രങ്ങൾ.

പെരുന്നാൾ സുദിനത്തിൽ ആലപിക്കുന്ന തക്ബീർ ധ്വനികളുടെ അർഥം ദൈവമാണ് ഏറ്റവും വലിയവൻ (അല്ലാഹു അക്ബർ) എന്നാണ്. അല്ലാഹു ആണ് ഏറ്റവും വലിയവനെങ്കിൽ വലിപ്പം സ്ഥാപിക്കാനായി മനുഷ്യർ തമ്മിൽ മത്സരിക്കേണ്ടതില്ല. മനുഷ്യരെല്ലാം ചെറിയവരാണ്. ദൈവമാണ് വലിയവൻ. ശാന്തതയും സമാധാനവുമാണല്ലോ മതത്തിന്റെ ലക്ഷ്യവും വഴിയും. എന്നാൽ, ഭീകരന്മാർ ദുരുപയോഗം ചെയ്യുന്നതും മതത്തെത്തന്നെ. ഭീകരതയും തീവ്രവാദവും മതമല്ലെന്ന് നാമൊന്നിച്ച് പറഞ്ഞേ മതിയാവൂ. ഐ.എസ്സും മതങ്ങളുടെ പേരിൽ പ്രത്യക്ഷപ്പെടുന്ന മറ്റു ഭീകരസംഘങ്ങളും മതവിരുദ്ധമാണെന്നകാര്യത്തിൽ സംശയമില്ല. ഈ നാടിനെ സമാധാനപ്രദേശമാക്കേണമേയെന്നും നാട്ടിൽ സുഭിക്ഷതയും ക്ഷേമവും വരുത്തേണമേ എന്നും പ്രാർഥിച്ച ഇബ്രാഹിം നബിയുടെ പ്രാർഥനയ്ക്ക് ഇന്ന് കൂടുതൽ പ്രസക്തിയുണ്ട്. ആ മഹാപ്രവാചകന്റെ ജീവിതശേഷിപ്പുകൾ തുടിച്ചുനിൽക്കുന്ന ഹജ്ജ്‌വേളയിലും ബലിപെരുന്നാളിലും നമുക്കും അതിനായി പ്രാർഥിക്കാം.

By ഹുസൈൻ മടവൂർ @ മാതൃഭൂമി ദിനപത്രം