അമൂല്യ നിധി

ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും സൂക്ഷ്മാര്‍ഥത്തില്‍പോലും ഏറ്റക്കുറച്ചിലില്ലാതെ അല്ലാഹു നല്‍കിയ അമൂല്യ നിധിയാണ് സമയം. എല്ലാവര്‍ക്കും ഒരു ദിവസം 24 മണിക്കൂര്‍ മാത്രം. യഥാര്‍ഥത്തില്‍ ഓരോ നിമിഷങ്ങളും അവ ലഭ്യമാവുമ്പോള്‍ മാത്രമേ നമ്മുടെ ആയുസ്സിനോട് ചേരുന്നുള്ളൂ. അതിനാല്‍ ഓരോ നാനോ നിമിഷങ്ങളും നമ്മുടെ ജീവിതത്തില്‍ അല്ലാഹുവിന്റെ മഹോന്നത സമ്മാനം(പ്രസന്റ്) ആണ്. തിരിച്ചുപിടിക്കാനോ പുന:സൃഷ്ടിക്കാനോ കഴിയാത്ത ഈ പ്രപഞ്ചത്തിലെ അമൂല്യ വസ്തുവാണ് സമയം. എന്നാല്‍ ഈ അമൂല്യാവസ്ഥ നമുക്ക് ബോധ്യപ്പടുന്നത് അവസാന മണിക്കൂറുകളില്‍ മാത്രം. ജീവിതത്തിലേക്ക് തിരിച്ചുനടക്കാനാവില്ലെന്ന് ബോധ്യപ്പെടുമ്പോഴാണ് ലഭ്യമായ സമയത്തെക്കുറിച്ച ആശങ്കയും അല്പംകൂടി ആയുസ്സിലേക്ക് ചേര്‍ന്നെങ്കിലെന്ന പ്രതീക്ഷയും സജീവമാകുന്നത്.

 കലണ്ടറുകള്‍ ഒട്ടും ആശങ്കയില്ലാതെ നാം പുതുക്കുന്നു. ഡയരികളില്‍ പേജുകള്‍ നിസ്സങ്കോചം മറിച്ചിടുന്നു. ആയുസ്സില്‍നിന്നും നഷ്ടപ്പെട്ടതും കര്‍മതലത്തിലേക്ക് ചേര്‍ത്തുവെച്ചതും എത്രയെന്ന് ഓരോ പേജും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. സമയത്തെ ഓഡിറ്റിന് വിധേയമാക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സമയത്തെ ആസൂത്രണം ചെയ്ത് ഫലപ്രദമയി വിനിയോഗിക്കുന്നതിന് കൃത്യവും ചിട്ടയാര്‍ന്നതുമായ ക്രമീകരണങ്ങള്‍ ഉണ്ടാവണം. പണം വീണ്ടും വീണ്ടെടുക്കാം. സമയ മോ? അപരന്റെ സമയത്തിന് വില കല്പിക്കണം. സമയനഷ്ടം അപരാധമായി തിരിച്ചറിയണം. ആയുസ്സിനെ സ്വയം കൊല്ലുന്നതും സമയം വെറുതെ നശിപ്പിക്കുന്നതും സമാനഗൗരവത്തില്‍ കാണണം. സമയമില്ലെന്ന് പരാതിപ്പെടുമ്പോള്‍ അല്ലാഹുവിന്റെ നടപടിക്രമങ്ങളിലാണ് ഒരാള്‍ ചോദ്യം ഉന്നയിക്കുന്നത്. എനിക്ക് ആവശ്യമുള്ളത്ര സമയം സ്രഷ്ടാവ് പ്രദാനം ചെയ്തില്ലെന്നാണ് ഓരോ പരാതിയിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നതെന്ന് നാം ചിന്തിക്കാറുണ്ടോ?

 അന്ത്യനാളില്‍, അപരാധികള്‍ തങ്ങള്‍ അല്‍പം സമയം മാത്രമേ ഭൂമിയില്‍ കഴിച്ചുകൂട്ടിയിട്ടുള്ളുവെന്ന് പറയുമെന്ന് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. സമയ ത്തിന്റെ അനുഭവതലം പരലോകവുമായി തട്ടിച്ചുനോക്കുമ്പോള്‍ അത്രമേല്‍ ചെറുതായിരിക്കും- കണ്ണ് ചിമ്മി തുറക്കുന്ന നിമിഷങ്ങള്‍ മാത്രം. നമ്മുടെ ദൗത്യനിര്‍വഹണങ്ങള്‍ക്കായി നിശ്ചയിച്ച് നിജപ്പെടുത്തിയ അതിനിസ്സാരമായ നിമിഷാര്‍ദ്ധങ്ങള്‍ അലസമായി കഴിച്ചുകൂട്ടുമ്പോള്‍ തിരിച്ചെടുക്കാനാവാത്ത നഷ്ടമാണ് ഇഹ-പര ലോകത്ത് അനുഭവിക്കാനുള്ളതെന്ന് ഗ്രഹിക്കണം. പരലോക വിചാരണയില്‍ സമയം കണിശമായി പരിശോധിക്കുന്നുണ്ട്. യുവതയുടെ സമയ വിനിയോഗം പ്രത്യേകിച്ചും. ദയാലുവായ സ്രഷ്ടാവിന്റെ മഹാദാനമായ സമയം, കണ്ണും കാതും ജാഗ്രതയോടെ തുറന്നുവെച്ച് ഫലപ്രദമായി വിനിയോഗിക്കാത്തവര്‍ക്ക് കാലം മാപ്പ് നല്കില്ല. ദൗത്യത്തിന്റെ വിപുലത കാരണം സ്വയം പകുത്ത് നല്കാനാവാതെ സാഹസപ്പെടുന്നവന്റെ മുന്നില്‍, നാം ഉറങ്ങിയും ഗൗരവമായി സമീപിക്കാതെയും 'സമയത്തെ' (exess) അധികമായി തോന്നുന്നുവെങ്കില്‍, ആദ്യത്തെ വ്യക്തി മര്‍ദിതന് സമാനമാണ്. അവന്റെ പ്രാര്‍ഥനയെ നാം ഭയപ്പെടുക.

 By  ജാബിര്‍ അമാനി @ ശബാബ് വാരിക