സത്യവിശ്വാസികളേ, നിങ്ങൾ വിശ്വസിക്കുക

"സത്യവിശ്വാസികളേ, അല്ലാഹുവിലും, അവന്‍റെ ദൂതനിലും, അവന്‍റെ ദൂതന്ന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും, അവന്‍റെ ഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്‍മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു." [അദ്ധ്യായം 4 നിസാ 136]  

ചില അടിസ്ഥാന കാര്യങ്ങളിൽ വിശ്വസിക്കുന്നവരാണ് സത്യവിശ്വാസികൾ. പ്രപഞ്ച സ്രഷ്ടാവായ നാഥന്റെ അസ്തിത്വത്തെയും ഏകത്വത്തെയും അംഗീകരിക്കലാണ് അവയിൽ ഏറ്റവും മുഖ്യമായത്. വരാനിരിക്കുന്ന പരലോകത്തെയും ദൈവത്താൽ നിയുക്തരായ പ്രവാചകന്മാരെയും അവർക്ക് ദൈവം നൽകിയ വേദഗ്രന്ഥങ്ങളേയും ദൈവത്തിന്റെ പ്രത്യേക സൃഷ്ടികളായ മലക്കുകളെയും അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോഴാണ് സത്യവിശ്വാസം പൂർണമാകുന്നത്. എന്നാൽ വിശ്വാസം കേവലം പ്രഖ്യാപനത്തിൽ പോരാ. ആ വിശ്വാസത്തിനനുസൃതമായ ഒരു ജീവിതം മറ്റുള്ളവർക്ക് കൂടി ദൃശ്യമാവുമ്പോഴാണ് അത് യാഥാർഥ്യമായിത്തത്തീരുന്നത്. ശഹാദത്ത് എന്നത് സാക്ഷിത്വമാണ്. തന്റെ വിശ്വാസം മറ്റുള്ളവർക്ക് ബോധ്യപ്പെടേണ്ടത് തന്റെ പ്രവർത്തനങ്ങൾക്ക് അവർ സാക്ഷിയായിക്കൊണ്ടാണ്.

 പടച്ചവനെയും പരലോകത്തേയും അംഗീകരിക്കുന്ന ഒരാളിൽ നിന്ന് പടച്ചവനിഷ്ടമില്ലാത്തതോ പരലോക ശിക്ഷക്ക് പാത്രമായേക്കാവുന്നതോ ആയ പ്രവർത്തനങ്ങൾ കാണാൻ പ്രയാസമാണ്. എന്നാൽ വിശ്വാസം പ്രഖ്യാപിക്കുകയും എന്നിട്ട് അതനുസൃതമായ പ്രവൃത്തികൾ കാഴ്ചവെക്കുകയും ചെയ്യാത്തവരോട് ഖുർ ആന്റെ ആഹ്വാനം വളരെ ശ്രദ്ധേയമാണ്. "സത്യവിശ്വാസികളേ, നിങ്ങൾ വിശ്വസിക്കുക" എന്ന പ്രയോഗം വളരെ ചിന്താർഹമാണ്. വിശ്വസിക്കുന്ന കാര്യം ഹൃദയംഗമമായി വിശ്വസിക്കുകയും പൂർണ ഗൗരവത്തോടെയും നിഷ്കർഷതയോടെയും പാലിക്കുകയും ചെയ്യേണ്ടതുണ്ട്. പരസ്യമായി അല്ലാഹുവിനേയും അദൃശ്യകാര്യങ്ങളെയും നിഷേധിക്കുന്നില്ലെങ്കിലും മനസ്സ് കോണ്ടോ പ്രവൃത്തി കോണ്ടോ നിഷേധിക്കുന്നവർ ധാരാളമാണ്. അങ്ങനെ അവിശ്വസിക്കുന്നവർ ബഹുദൂരം പിഴച്ചുപോയിരിക്കുന്നുവെന്ന് അല്ലാഹു ഓർമപ്പെടുത്തുന്നു.

 by ബ്ദു സലഫി @ പുടവ മാസിക