കുതന്ത്രക്കാർക്ക്‌ നാശം

"ദുഷിച്ച തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതാരോ അവര്‍ക്ക് കഠിനശിക്ഷയുണ്ട്‌. അത്തരക്കാരുടെ തന്ത്രം നാശമടയുക തന്നെ ചെയ്യും." [അദ്ധ്യായം 35 ഫാത്വിർ 10]

ഉപായങ്ങളും കാപട്യങ്ങളും പ്രയോഗിച്ചു നടത്തപ്പെടുന്ന എല്ലാ കുതന്ത്രങ്ങളും കുറ്റകരവും ആക്ഷേപകരവും തന്നെ.  എന്നാൽ അത്‌ കടുത്തതും ദുഷ്ടതരവുമാകുമ്പോൾ കൂടുതൽ ശിക്ഷാർഹമായിത്തീരുന്നതാണ്. മാത്രമല്ല അത്‌ അതിന്റെ കർത്താക്കളിൽ തന്നെ തിരിച്ചടിച്ച്‌ നാശമായി കലാശിക്കുകയും ചെയ്യും.

നബി (സ)യെ കൊലപ്പെടുത്തുകയോ പിടിച്ചു ബന്ധനത്തിലാക്കുകയോ നാടുകടത്തി വിടുകയോ ചെയ്യാൻ ഖുറൈശികൾ ദാറുന്നതുവത്തിൽ വെച്ച്‌ ഗൂഢാലോചന നടത്തി. അതിനായി രാത്രി വീടു വളഞ്ഞു. ഇതുപോലുള്ള പല ഉദാഹരണങ്ങളും അവയുടെ അനന്തര ഫലങ്ങളും അന്നും ഇന്നും ചരിത്രത്തിൽ ധാരാളം കാണാവുന്നതാണ്. അതെ, കഠിന കുതന്ത്രം അതിന്റെ ആൾക്കാരിൽ തന്നെ പിണയുന്നതായിരിക്കും.

✍🏻അമാനി മൗലവി